Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ പേരിലുള്ള സ്വത്ത് തന്ത്രപൂർവം കൈക്കലാക്കിയ ശേഷം ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന് ആരോപിച്ച വീട്ടമ്മ പെരുവഴിയിൽ; തന്നെ ഭർത്താവ് ഉപേക്ഷിച്ചത് വ്യാജപരാതി നൽകിയെന്നും തമ്മനം സ്വദേശി ലിസി ജോർജിയ; കടത്തിണ്ണയിൽ അഭയം പ്രാപിച്ച ലിസിയുടെ ദുര്യോഗം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെ ഇടപെട്ട് വനിതാ കമ്മീഷൻ; കേസെടുത്ത് അന്വേഷിക്കാനും നിർദ്ദേശം

അമ്മയുടെ പേരിലുള്ള സ്വത്ത് തന്ത്രപൂർവം കൈക്കലാക്കിയ ശേഷം ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന് ആരോപിച്ച വീട്ടമ്മ പെരുവഴിയിൽ; തന്നെ ഭർത്താവ് ഉപേക്ഷിച്ചത് വ്യാജപരാതി നൽകിയെന്നും തമ്മനം സ്വദേശി ലിസി ജോർജിയ; കടത്തിണ്ണയിൽ അഭയം പ്രാപിച്ച ലിസിയുടെ ദുര്യോഗം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെ ഇടപെട്ട് വനിതാ കമ്മീഷൻ; കേസെടുത്ത് അന്വേഷിക്കാനും നിർദ്ദേശം

ആർ പീയൂഷ്

കൊച്ചി: സ്വത്ത് കൈക്കലാക്കി ഭർത്താവ് വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നാരോപിച്ച് വീട്ടമ്മ കടതിണ്ണയിൽ അഭയം പ്രാപിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തമ്മനം പുതിയ റോഡ് കരിപ്പാട്ട് വീട്ടിൽ ലിസി ജോർജ്ജിയയെ കോടതിയുടെ ഉത്തരവ് പ്രകാരം ഭർത്താവ് ഇറക്കിവിട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ഈ വാർത്ത വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ ശ്രദ്ധയിൽപ്പെടുകയും സംഭവത്തിൽ കേസെടുക്കുകയുമായിരുന്നു. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു.

ഞായറാഴ്ചയാണ് സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജ പരാതി നൽകി കോടതിയുടെ അനുമതിയോടെ മുൻ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയതായി ആരോപിച്ച് വീട്ടമ്മ കടത്തിണ്ണയിൽ അഭയം പ്രാപിച്ചത്. ലിസിയും ഭർത്താവ് ജോസഫും ദാമ്പത്യ ബന്ധത്തിലെ വിള്ളലുകൾ മൂലം പുതിയ റോഡിലെ വീട്ടിൽ മുകളിലും താഴെയുമായി ജീവിച്ചു വരികയായിരുന്നു. ഇതിനിടയിൽ ലിസി തനിക്ക് വിവാഹ മോചനം വേണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതേ സമയം ജോസഫും ഭാര്യ തന്നെ ശല്യം ചെയ്യുന്നു എന്നും സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയുന്നില്ല എന്നും കാട്ടി കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഇരുവർക്കും വിവാഹ മോചനം നൽകുകയും ലിസിയോട് കോടതി വീട്ടിൽ നിന്നും മാർച്ച് ഒന്നാംതീയതിക്ക് മുൻപ് ഇറങ്ങണം എന്നും അറിയിച്ചത്. ഇതോടെയാണ് ലിസി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.

എന്നാൽ ജോസഫ് നൽകിയ പരാതിയിൽ പറയുന്നത് വ്യാജമാണെന്നാണ് ലിസി പറയുന്നത്. തനിക്ക് മാനസിക രോഗമുണ്ടെന്നും മറ്റും പറഞ്ഞ് പരത്തി തന്നെ നാണം കെടുത്തുകയാണ്. ലിസിയുടെ മാതാവ് ട്രീസാ ഫ്രാൻസിസ് ഇഷ്ടദാനമായി ലിസിക്ക് നൽകിയ സ്ഥലം തന്ത്ര പൂർവ്വം കൈക്കലാക്കിയതിന് ശേഷം ബന്ധം വേർപെടുത്തുകയായിരുന്നു എന്നാണ് ലിസി പറയുന്നത്. തന്റെ പേരിലുണ്ടായിരുന്ന ഭൂമി കൈക്കലാക്കിയ ശേഷം 15 സെന്റ് സ്ഥലം വിൽക്കുകയായിരുന്നു. പിന്നീട് എഴര സെന്റുള്ള വീടും പറമ്പും സ്വന്തം പേരിലാക്കിയ ശേഷം വലിയ ഉപദ്രവമായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. പാലാരി വട്ടം പൊലീസും അപമര്യാദയായി പെരുമാറി എന്നും ലിസി ആരോപിക്കുന്നുണ്ട്.

എന്നാൽ പാലാരിവട്ടം പൊലീസ് പറയുന്നത് ലിസി ഭർത്താവിനെയും മകളെയും ജീവിക്കാൻ സമ്മതിച്ചിരുന്നില്ല എന്നും അതിനാലാണ് കോടതിയിൽ കേസിന് പോയി ഇവർക്കെതിരായ വിധി ജോസഫ് സമ്പാദിച്ചത് എന്നുമാണ്. കോടതി വീട്ടിൽ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് മറ്റെങ്ങും പോകാൻ വഴിയില്ലാത്തതിനാലായിരുന്നു കടതിണ്ണയിൽ കിടക്കേണ്ടി വന്നത്. പിങ്ക് പൊലീസിനെയാണ് നാട്ടുകാർ ആദ്യം വിവരം അറിയിച്ചത്. പൊലീസ് എത്തി വീട്ടമ്മയോട് വിവരം തിരക്കി അറിഞ്ഞു. വീട്ടിലെക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോൾ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് നാട്ടുകാർ കൂടി ഇടപെട്ടതോടെയാണ് ലിസി വീട്ടിലേക്ക് പോകാൻ തയ്യാറായത്. ലിസിയെ വീട്ടിലാക്കി പൊലീസ് തിരിച്ചു പോയെങ്കിലും കോടതി ഉത്തരവ് ഉള്ളതിനാൽ അവിടെ നിൽക്കാൻ കഴിയില്ല. വീട്ടിൽ നിന്നിറങ്ങിയാൽ മറ്റെങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. അതിനാൽ വീണ്ടും ലിസി തെരുവിലേക്ക് ഇറങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ ഇടപെട്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP