Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് പറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളുമില്ല; വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പോലുമുള്ള സൗകര്യങ്ങളും ഒരുക്കുന്നില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം ആരംഭിച്ചത് ജനുവരി മാസത്തെ ശമ്പളം ഇതുവരെയും ലഭിക്കാതായതോടെ

ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് പറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളുമില്ല; വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പോലുമുള്ള സൗകര്യങ്ങളും ഒരുക്കുന്നില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം ആരംഭിച്ചത് ജനുവരി മാസത്തെ ശമ്പളം ഇതുവരെയും ലഭിക്കാതായതോടെ

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ അധികൃതരുടെ അനാസ്ഥയെ തുടർന്ന് സമരത്തിലേക്ക്. ശമ്പളം ലഭിക്കാത്തതും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് ജീവനക്കാരുടെ സമരത്തിന് പ്രധാന കാരണം. രണ്ട് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് സർക്കാർ സംരംഭമായ 108 ആംബുലൻസിലെ ജീവനക്കാർ സമരം ആരംഭിച്ചിരിക്കുന്നത്. 108 ആംബുലൻസിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന ജിവികെ കമ്പനി അധികൃതർ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്.

ജോലിയിൽ പ്രവേശിക്കുമ്പോൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് കമ്പനി നൽകിയ വാക്ക് പാലിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ജീവനക്കാർക്ക് വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ആവശ്യമായ യാതൊരു സൗകര്യങ്ങളും കമ്പനി ചെയ്ത് നൽകിയിട്ടില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.ശമ്പളം ലഭിക്കുന്നില്ലെന്ന് കാട്ടി ആരോഗ്യ വകുപ്പിനു അടക്കം ജീവനക്കാർ പരാതി നൽകിയിരുന്നു. ശമ്പളം ലഭിക്കാൻ ഇനിയും വൈകിയാൽ ആംബുലൻസ് സർവീസ് പൂർണമായി നിർത്തിവച്ച് വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.എന്നാൽ നോട്ടീസോ അറിയിപ്പോ നൽകാതെയാണ് സമരമെന്ന് 108 ആംബുലൻസ് അധികൃതർ പറഞ്ഞു.

ജനുവരി മാസത്തെ ശമ്പളം ലഭിക്കാൻ വൈകുന്നതോടെയാണ് മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയതെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നത്. ഓരോ മാസവും 21 മുതൽ അടുത്ത മാസം 20 വരെയാണ് 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള കാലാവധി കണക്കാക്കുന്നത്. ഡിസംബർ 21 മുതൽ ജനുവരി 20 വരെയുള്ള ശമ്പളമാണ് ഇപ്പോൾ ജീവനകാർക്ക് ലഭിക്കാൻ വൈകുന്നത്. സംസ്ഥാനത്ത് 108 ആംബുലൻസ് നടത്തിപ്പ് കരാർ എടുത്തിരിക്കുന്ന ജിവികെഇഎംആർഐ എന്ന കമ്പനിക്ക് ആംബുലൻസ് നടത്തിപ്പിന്റെ തുക സർക്കാരിൽ നിന്ന് ലഭിക്കാൻ വൈകുന്നതാണ് ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുന്നതെന്ന് ജീവനക്കാരുടെ ഭാഷ്യം. അധികൃതരുടെ ഭാഗത്തു നിന്ന് നിസ്സഹരണം തുടരുകയാണെങ്കിൽ പൂർണമായും എല്ലാ ജില്ലാ കളിലേക്കും സമരം വ്യാപിക്കുമെന്ന് ജീവനക്കാർ പറയുന്നത്. സെപ്റ്റംബർ 25 മുതലാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകൾ സേവനം ആരംഭിച്ചത്.

ആദ്യഘട്ടത്തിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ മാത്രമായിരുന്നു 108 ആംബുലൻസ് സർവീസ് ഉണ്ടായിരുന്നത് . തുടർന്ന് എല്ലാ ജില്ലകളിലേക്കും സർവീസ് വ്യാപിച്ചു. അതെ സമയം പ്രവർത്തനമാരംഭിച്ച നാലുമാസം കൊണ്ട് സംസ്ഥാന സർക്കാരിന്റെ ട്രോമാ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസുകൾ സഹായം ഒരുക്കിയത് ഇരുപത്തിയേഴായിരം പേർക്കാണ്

സെപ്റ്റംബർ 25 മുതൽ ജനുവരി 28 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 28,034 പേർക്കാണ് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ സാധിച്ചത്. ഇതിൽ 4,115 എണ്ണവും വാഹനാപകടങ്ങളിൽ പരുക്ക് പറ്റിയവരായിരുന്നു. ഡിസംബർ മാസമാണ് ഏറ്റവും അധികം ആളുകൾ 108 ആംബുലൻസുകളുടെ സേവനം തേടിയത്. 8152 ആളുകൾക്കാണ് ഡിസംബറിൽ 108 ആംബുലൻസിന്റെ സേവനം നൽകാൻ സാധിച്ചത്. ഡിസംബറിൽ മാത്രം 1156 വാഹനാപകടങ്ങളിൽ പരുക്ക് പറ്റിയവർക്കും 1052 ഗർഭിണികൾക്കും 108 ആംബുലൻസുകളുടെ സേവനം നൽകാനും സാധിച്ചു. അവശ്യ സർവീസായ സൗജന്യ ആംബുലൻസ് സേവനം പൂർണമായുംനിലക്കുന്നതോടെ ജനങ്ങൾ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP