Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണശേഷം എന്റെ ശരീരം മെഡിക്കൽ കോളേജിന് തന്നെ; ഇനി പൂർത്തിയാക്കാനുള്ളത് ചില നടപടി ക്രമങ്ങൾ മാത്രം; മെഡിക്കൽ കോളേജിനു നൽകില്ലെന്ന തരത്തിൽ നടക്കുന്നത് വ്യാജപ്രചരണം; എന്റെ ശരീരം എങ്ങിനെയും മറ്റുള്ളവർക്ക് ഉപകാരമായിത്തീരണം; കന്യാസ്ത്രീകൾ ഏഴായിരം പേരുണ്ടെങ്കിൽ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചാൽ അത് പ്രയോജനം ചെയ്യുന്നത് 14000 പേർക്കാണ്; 'കർത്താവിന്റെ നാമത്തിൽ' പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട്

മരണശേഷം എന്റെ ശരീരം മെഡിക്കൽ കോളേജിന് തന്നെ; ഇനി പൂർത്തിയാക്കാനുള്ളത് ചില നടപടി ക്രമങ്ങൾ മാത്രം; മെഡിക്കൽ കോളേജിനു നൽകില്ലെന്ന തരത്തിൽ നടക്കുന്നത് വ്യാജപ്രചരണം; എന്റെ ശരീരം എങ്ങിനെയും മറ്റുള്ളവർക്ക് ഉപകാരമായിത്തീരണം; കന്യാസ്ത്രീകൾ ഏഴായിരം പേരുണ്ടെങ്കിൽ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചാൽ അത് പ്രയോജനം ചെയ്യുന്നത് 14000 പേർക്കാണ്; 'കർത്താവിന്റെ നാമത്തിൽ' പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ക്രൈസ്തവ സഭയ്ക്കുള്ളിൽ വിവാദം സൃഷ്ടിക്കുന്നവയാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പോരാട്ടങ്ങളും അഭിപ്രായങ്ങളും. ആത്മകഥയായ കർത്താവിന്റെ നാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ലൂസി കളപ്പുര സഭയ്ക്കുള്ളിലെ വിവാദ നായികയായി ചിത്രീകരിക്കപ്പെട്ടു. 'കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകരൂപത്തിൽ കുത്തിക്കെട്ടിയ സാധനം തികഞ്ഞ അശ്ലീലമാണെന്നും വൈദികരെയും സന്യസ്തരെയും കുറിച്ച് അതിലെഴുതിയിരിക്കുന്നതെല്ലാം വെറും വ്യക്തിപരമായ ഭാവനയാണെന്നുവരെ പുസ്തകത്തിന്നെതിരെ ഹൈക്കോടതിയിൽ വരെ സഭയുമായി ബന്ധപ്പെട്ടവർ ആരോപണങ്ങൾ ചൊരിഞ്ഞു. വിവാദ പരാമർശങ്ങളും സഭയ്ക്കുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക പീഡനങ്ങൾ അടക്കം തുറന്നെഴുതിയ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ചൂടപ്പം പോലെയാണ് വിറ്റുപോയത്. എഡിഷനുകളിൽ നിന്ന് എഡിഷനുകളിലേക്കാണ് പുസ്തകത്തിന്റെ സഞ്ചാരം പുരോഗമിക്കുന്നത്.

പുസ്തകം ഉയർത്തിയ വിവാദങ്ങളുടെ പൊടിപടലങ്ങൾ അടങ്ങാതിരിക്കുമ്പോൾ തന്നെയാണ് മരണശേഷം ശരീരം പള്ളിയിൽ അടക്കം ചെയ്യാതെ മെഡിക്കൽ കോളെജിനു വിട്ട് നൽകുമെന്നുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ തീരുമാനം ക്രൈസ്തവ സഭയ്ക്കുള്ളിൽ വിവാദം സൃഷ്ടിക്കുന്നത്. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റർ ലൂസികളപ്പുര നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളുകയും ചെയ്തിരുന്നു. കന്യാസ്ത്രീകൾ മരണശേഷം ശരീരം മെഡിക്കൽ കോളെജിനു വിട്ട് നൽകിയ ചരിത്രമില്ല. ഈ ചരിത്രം കൂടി തിരുത്താനാണ് ലൂസിയുടെ തീരുമാനം എന്ന് വന്നപ്പോൾ സിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് എരിവ് കൂടുകയും ചെയ്തു. ഇതോടെ സഭയുമായി ബന്ധപ്പെട്ടവർ ഈ പരാമർശം ലൂസിയുടെതല്ല ചിലർ സിസ്റ്റർ ലൂസിയുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നതാണ് എന്ന് ആരോപിച്ചു. എന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിനു നൽകാനുള്ളതല്ല. ഈ ശരീരം മെഡിക്കൽ കോളെജിനു നൽകാനുള്ള സമ്മതിപത്രം ഞാൻ തയ്യാറാക്കിവെച്ചിട്ടുണ്ട് എന്നാണ് സിസ്റ്റർ പറഞ്ഞിരുന്നത്. ഇത് സിസ്റ്റർ ലൂസിയുടെതല്ല വ്യാജ ആരോപണമാണ് എന്ന് വന്നതോടെയാണ് ഈ വ്യാജ പ്രചരണം നിഷേധിച്ചു കൊണ്ട് സിസ്റ്റർ ലൂസി രംഗത്ത് വന്നത്.

എന്റ ശരീരം മരണ ശേഷം മെഡിക്കൽ കോളെജിനു തന്നെ നൽകും. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി ശരീരം മാറട്ടെ. ശരീരം മെഡിക്കൽ കോളെജിനു നൽകുന്നതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. തനിക്കെതിരെ ഉയരുന്ന വ്യാജ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് സിസ്റ്റർ ലൂസി മറുനാടനോട് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ശക്തമായി സോഷ്യൽ മീഡിയകളിൽ ഉയർന്നതോടെയാണ് ആരോപണങ്ങൾ തള്ളി സിസ്റ്റർ രംഗത്ത് വന്നത്. മരണശേഷം ശരീരം മെഡിക്കൽ കോളെജിനു തന്നെ നൽകും എന്നുള്ളത് എന്റെ തീരുമാനമാണ്. അത് വ്യാജമല്ല. കുറച്ച് നടപടിക്രമങ്ങൾ ഇനിയും അതിനു ബാക്കിയുണ്ട്. എന്റെ മനസ്സിൽ നിന്നും വന്ന തീരുമാനമാണത്. ഞാൻ ഇപ്പോഴും കന്യാസ്ത്രീ തന്നെയാണ്.

ആ രീതികളിൽ നിന്നും ഞാനിപ്പോഴും വ്യതിചലിച്ചില്ല. മരണശേഷം ശരീരം മെഡിക്കൽ കോളെജിനു ദാനം ചെയ്യില്ല എന്ന് പറഞ്ഞു നടക്കുന്നത് വ്യാജ പ്രചാരണമാണ്. ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകും എന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ ശരീരം എങ്ങിനെയും മറ്റുള്ളവർക്ക് ഉപകാരമായിത്തീരണം. ചെറുപ്പം മുതലുള്ള ആഗ്രഹമാണിത്. കിഡ്‌നി ആരെക്കെങ്കിലും നൽകണം എന്നുള്ളത് മുൻപ് തീരുമാനിച്ചിരുന്നു. പക്ഷെ ചില കാരണങ്ങളാൽ അത് നടപ്പാക്കപ്പെട്ടില്ല. ഞങ്ങൾ കന്യാസ്ത്രീകൾ ഏഴായിരം പേരുണ്ടെങ്കിൽ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചാൽ അത് പ്രയോജനം ചെയ്യുന്നത് 14000 പേർക്കാണ്. എല്ലാവരും പറയുമ്പോൾ പറയും. പ്രസംഗിക്കുമ്പോൾ പ്രസംഗിക്കും. അല്ലാതെ പ്രാക്ടിക്കൽ ആയി ഒന്നുമില്ല. പക്ഷെ മരണാനന്തര ചടങ്ങിൽ പ്രാർത്ഥന വേണ്ടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. സഭയുടെ നടപടിക്രമങ്ങൾ വേണ്ടാ എന്നൊന്നും ഞാൻ പറഞ്ഞില്ല-സിസ്റ്റർ ലൂസി പറയുന്നു.

വിരമിക്കാൻ ഇനി ഒരു വർഷം മാത്രം ബാക്കിനിൽക്കുമ്പോൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സിസ്റ്റർ സഭയ്ക്കുള്ളിൽ നിന്നും നേരിടുന്നത്. സിസ്റ്ററിന്റെ രീതികൾ സഭയ്ക്കുള്ളിൽ കൊടുങ്കാറ്റ് ഉയർത്തിയപ്പോൾ എല്ലാത്തിനും കൃത്യമായ മറുപടി നൽകും സന്യാസ വസ്ത്രത്തിൽ തന്നെ തുടരുകയായിരുന്നു സിസ്റ്റർ ലൂസി. സിസ്റ്റർ ചെയ്ത തെറ്റുകൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് സിസ്റ്റർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. .. ''ഞാനൊരു കവിതയെഴുതി, ഭക്തിഗാന സി.ഡി. ഇറക്കി, ഡ്രൈവിങ് ലൈസൻസ് എടുത്തു, കാർ വാങ്ങി, ശമ്പളം സഭയ്ക്കു കൈമാറുന്നില്ല, ചുരിദാർ ധരിക്കാനിഷ്ടപ്പെടുന്നു, ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം ഏറ്റുവാങ്ങിയ കന്യാസ്ത്രീക്ക് പിന്തുണനൽകി, എന്റെ പത്രപ്രവർത്തകരായ പുരുഷസുഹൃത്തുക്കൾ കാണാൻ വന്നു. ഇതൊക്കെയാണ് എന്നെപ്പറ്റിയുള്ള ആരോപണങ്ങൾ''. സിസ്റ്റർ പറഞ്ഞിരുന്നു.

ആത്മകഥയിലെ തുറന്നെഴുത്ത് ഉയർത്തിയ വിവാദത്തിന്റെ പൊടിപടലങ്ങൾ ഇപ്പോഴും അടങ്ങിയിട്ടുമില്ല. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ പുസ്തകത്തിൽ വെളിപ്പെടുത്തിയത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു.

ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റർ ലൂസി ആരോപിക്കുന്നു. മഠത്തിൽനിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസികളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അയച്ച അപ്പീലിൽ എഫ്‌സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം കേരളത്തിൽ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതരുൾപ്പെട്ട കേസുകളും അക്കമിട്ടുനിരത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP