Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോസ്മല കാണാൻപോകുന്നതിനിടയിൽ കാട്ടുപോത്ത് ഓടിച്ച യുവാവ് 17 മണിക്കൂറിന് ശേഷം തിരികെ എത്തി; കൊടും കാറ്റിൽ അകപ്പെട്ടു പോയ സുമേഷ് നാട്ടിലെത്തിയത് കാട്ടിൽ കണ്ട കേബിൾ ലൈൻ പിന്തുടർന്ന്: ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിയേണ്ടി വന്ന ഭീതിതമായ അനുഭവം പങ്കുവെച്ച് യുവാവ്

റോസ്മല കാണാൻപോകുന്നതിനിടയിൽ കാട്ടുപോത്ത് ഓടിച്ച യുവാവ് 17 മണിക്കൂറിന് ശേഷം തിരികെ എത്തി; കൊടും കാറ്റിൽ അകപ്പെട്ടു പോയ സുമേഷ് നാട്ടിലെത്തിയത് കാട്ടിൽ കണ്ട കേബിൾ ലൈൻ പിന്തുടർന്ന്: ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിയേണ്ടി വന്ന ഭീതിതമായ അനുഭവം പങ്കുവെച്ച് യുവാവ്

സ്വന്തം ലേഖകൻ

തെന്മല: റോസ്മല കാണാൻപോകുന്നതിനിടയിൽ കാട്ടുപോത്ത് ഓടിച്ചതിനെ തുടർന്ന് കാട്ടിൽ അകപ്പെട്ടുപോയ യുവാവ് 17 മണിക്കൂറിനുശേഷം തിരികെയെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി കൊച്ചുപാറയിൽ സുമേഷാ(21)ണ് ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിച്ചു കൂട്ടിയ ശേഷം സുരക്ഷിതമായി തിരികെ എത്തിയത്. ഞായറാഴ്ച റോസ്മല കാണാൻ ബന്ധു അജേഷിനൊപ്പം ആര്യങ്കാവിലെത്തിയതായിരുന്നു അജേഷ്. മൂത്രമൊഴിക്കാൻ ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ കാട്ട് പോത്ത് ഓടിച്ചതിനെ തുടർന്ന് രാജാക്കൂപ്പ് ഭാഗത്ത് വെച്ച് വഴിതെറ്റി കാട്ടിലകപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഏഴരയോടെയാണ് സുമേഷ് കാട്ടിൽനിന്ന് സാഹസികമായി രക്ഷപ്പെട്ട് പുറത്തെത്തിയത്.

മൂത്രമൊഴിച്ച ശേഷം സമീപത്തെ തോടിനു മറുകരയിൽക്കണ്ട ഇടവഴിയിലൂടെ കുറച്ചു മുന്നോട്ടു നടന്നു. ഇതിനിടയിൽ ഒരുകൂട്ടം കാട്ടുപോത്തുകളുടെ മുുന്നിൽ ചെന്ന് പെട്ടത്. കാട്ടു പോത്തുകളെ കണ്ടതും ഭയന്ന് എങ്ങോട്ടാണെന്നില്ലാതെ ഓടി. ഇതിനിടയിൽ കാട്ടിൽ ചെന്നു പെട്ടു. ഇതോടെ എങ്ങോട്ടാണ് പോകേണ്ടതെന്ന് നിശ്ചയമില്ലാതായി. ഫോണിൽ റോഡിൽ നിൽക്കുന്ന അജേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്‌നൽ ഇല്ലായിരുന്നു. ഉച്ചത്തിൽ വിളിച്ചുനോക്കിയെങ്കിലും അജേഷ് കേട്ടില്ല. കാട്ടിലൂടെ കുറേ മുന്നോട്ടുനടന്നു. നേരം ഇരുട്ടിത്തുടങ്ങിയതോടെ വലിയ ഒരു മരത്തിൽക്കയറി. ഇതിനിടയിൽ കുറച്ച് റേഞ്ച് കിട്ടിയപ്പോൾ 112-ൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. നിൽക്കുന്ന സ്ഥലത്തിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തു. പൊലീസും വനംവകുപ്പുദ്യോഗസ്ഥരും മരത്തിന്റെ മുകളിൽക്കയറി പരിസരം വീക്ഷിക്കാൻ നിർദ്ദേശിച്ചു.

ഇടയ്ക്ക് ബന്ധുക്കളെയും വിളിച്ചിരുന്നു. എന്നാൽ അധികം വൈകാതെ മൊബൈൽ സ്വിച്ച് ഓഫായി. ഇതോടെ കാടിന് പുറത്തേക്ക് കടക്കാൻഡ മുന്നിൽ കണ്ട വഴിയും അസ്തമിച്ചു. ഇതിനിടയിൽ സമീപത്തുകണ്ട വലിയ മരത്തിന്റെ പൊത്തിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. ആരെങ്കിലും തിരഞ്ഞെത്തിയാൽ തിരിച്ചറിയാനായി ഷർട്ട് ഊരി സമീപത്തെ മരത്തിൽ കെട്ടിയിട്ടു. ശേഷം പൊത്തിൽ കയറി കൈയിലുണ്ടായിരുന്ന ജാക്കറ്റ് പുതച്ച് കിടന്നു. ഇതിനിടയിൽ ഏതോ വന്യമൃഗം പൊത്തിനു മുന്നിൽവന്നു. കമ്പെടുത്ത് എറിഞ്ഞ് അതിനെ ഓടിച്ചു. പിന്നെയും പൊത്തിൽക്കിടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായതിനാൽ മരത്തിനുമുകളിൽക്കയറി. നേരം പുലർന്നതോടെ മരത്തിൽനിന്നിറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു. ഇതിനിടയിൽ അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീർത്തു. കാട്ടിലൂടെ കേബിൾ ലൈൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. കേബിൾ ജനവാസമേഖലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ നടന്നതിനാൽ റോഡിനോട് ചേർന്ന ഭാഗത്ത് എത്തി.

സുമേഷിന്റെ ഫോൺ കിട്ടിയ ഉടൻ പൊലീസ് ടെലിക്കമ്യൂണിക്കേഷൻ വിഭാഗം നോഡൽ ഓഫീസർ മനോജ് എബ്രഹാം, ഇൻ-ചാർജ് സാബു, സി.പി.ഒ. അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ തെന്മല പൊലീസുമായി ബന്ധപ്പെട്ട് തിരച്ചിലിന് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് ആര്യങ്കാവ് വനംവകുപ്പുമായി ബന്ധപ്പടുകയും ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ സുമേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് തിരച്ചിലിന് തിരിച്ചടിയായി.

പുനലൂർ ഡെപ്യൂട്ടി തഹസിൽദാർ അഷറഫ്, കുളത്തൂപ്പുഴ വില്ലേജ് ഓഫീസർ ജയദേവൻ തുടങ്ങിവർ ചേർന്ന് ആരോഗ്യ പരിശോധനയ്ക്കായി തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. കാട്ടിൽ നടക്കുന്നതിനിടയിൽ കഴുത്തിൽ വള്ളിപ്പടർപ്പുകൾകൊണ്ട നിസ്സാരപരിക്കുകൾ മാത്രമാണ് സുമേഷിനുള്ളത്. ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം സുമേഷിനെ തെന്മല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശെന്തുരുണി വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ ബി.സജീവ്കുമാർ, ആര്യങ്കാവ് റേഞ്ച് ഓഫീസർ അബ്ജു കെ.അരുൺ തുടങ്ങിയവർ യുവാവിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കോട്ടയത്തുനിന്നെത്തിയ ബന്ധുക്കളോടോപ്പം സുമേഷിനെ വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP