Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാറിന്റെ സമ്പദ് രംഗത്തിനു കരുത്തായി കരിപ്പൂരിൽനിന്ന് എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് വീണ്ടും ആരംഭിച്ചത് അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ സർക്കാർ ശ്രമങ്ങളാരംഭിച്ചതായി കേന്ദ്രമന്ത്രി

മലബാറിന്റെ സമ്പദ് രംഗത്തിനു കരുത്തായി കരിപ്പൂരിൽനിന്ന് എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് വീണ്ടും ആരംഭിച്ചത് അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം;  കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ സർക്കാർ ശ്രമങ്ങളാരംഭിച്ചതായി കേന്ദ്രമന്ത്രി

ജംഷാദ് മലപ്പുറം

മലപ്പുറം: അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് ആരംഭിച്ചു. 2015 ലാണ് എയർ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള സർവീസ് നിർത്തിയത്. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് ഇന്ന് കരിപ്പൂരിൽ സ്വീകരണം നൽകി. ആദ്യ വിമാനത്തിലെ ക്യാപ്റ്റൻ എൻ. എസ്. യാദവിനും യാത്രക്കാർക്കും ജീവനക്കാർക്കും കേന്ദ്ര വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ജിദ്ദയിൽ നിന്നു രാവിലെ 7.05ന് കരിപ്പൂരിലെത്തിയ വിമാനത്തിനു റൺവെയിൽ വിമാനത്താവള അഥോറിറ്റി വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്.

അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് എയർ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു സർവീസ് പുനരാരംഭിച്ചത്. 423 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജിദ്ദ സർവീസിനായി ഉപയോഗിക്കുന്നത്. 20 ടൺവരെ കാർഗോ കയറ്റുമതിക്കും സൗകര്യമുണ്ട്. ജിദ്ദയിൽ നിന്നു ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്നവിമാനം തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 7.05ന് കരിപ്പൂരിലെത്തും. ഇതേ ദിവസങ്ങളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് വിമാനം ജിദ്ദയിലെത്തും.

ജിദ്ദ കോഴിക്കോട് വ്യോമപാതയിൽ ജംബോ വിമാന സർവീസ് പുനരാരംഭിച്ചത് മലബാറിന്റെ സമ്പദ്രംഗത്തിനു കരുത്താവും. കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കൺവെയർ ബെൽറ്റ്, കസ്റ്റംസ് കൗണ്ടറുകൾ എന്നിവയുടെ കുറവു നികത്താൻ വ്യോമയാന വകുപ്പ് ഇടപെടൽ നടത്തി വരുകയാണെന്ന് മന്ത്രി വി.മുരളീധരൻ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പറഞ്ഞു. വിനോദ സഞ്ചാര മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടു പ്രത്യേക പരിഗണന നൽകുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെട്ടതായും മന്ത്രി പറഞ്ഞു. എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ, പി.വി. അബ്ദുൾ വഹാബ് വിമാനത്താവള ഡയറക്ടർ എ. ശ്രീനിവാസ റാവു, എയർ ഇന്ത്യ സോണൽ ജനറൽ മാനേജർ ഭുവനാ റാവു തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ താള വാദ്യങ്ങളും സ്വീകരണത്തിനു മാറ്റു പകർന്നു.

അതേ സമയം കഴിഞ്ഞ ദിവസം വ്യവസായിയും ജിദ്ദ നാഷണൽ ആശുപത്രി മാനേജിങ് ഡയറക്റ്ററുമായ വി.പി മുഹമ്മദലി ജിദ്ദയിലെ പ്രവാസികൾക്കായി സ്നേഹവിരുന്നൊരുക്കിയിരുന്നു. വിമാനത്തിലെ ആദ്യ യാത്രക്കാർ, എയർ ഇന്ത്യ ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ, കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള വിമാന സർവീസിനായി പരിശ്രമിച്ചവർ, മാധ്യമ പ്രവർത്തകർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ സേഹനഹവിരുന്നിൽ സംബന്ധിച്ചു. സർവീസ് പുനരാരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത എയർ ഇന്ത്യ സൗദി വെസ്റ്റേൺ റീജിയണൽ മാനേജർ പ്രഭു ചന്ദ്രൻ പറഞ്ഞു.

ആഴ്ചയിൽ രണ്ട് സർവ്വീസുള്ളത് നാലായി ഉയർത്താൻ ശ്രമിക്കുമെന്നും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ അനുവദിക്കുന്നതും, എക്കണോമി ക്ലാസിൽ 45 കിലോ വരെ ലഗേജുകളനുവദിക്കുന്നതും എയർ ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവ്വീസ് യാഥാർത്ഥ്യമാക്കാൻ പരിശ്രമിച്ചതിന് വി.പി മുഹമ്മദലിയെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. വിമാന സർവീസ് യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച മലബാർ ഡെവലപ്മെന്റ് ഫോറം പോലുള്ള കൂട്ടായ്മകൾക്കും മറ്റു രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകൾക്കും ജനപ്രതിനിധികൾക്കും അധ്യക്ഷ പ്രസംഗത്തിൽ വി.പി മുഹമ്മദലി നന്ദി അറിയിച്ചു. ടി.പി ഷുഹൈബ്, വി.പി ഷിയാസ്, അഷ്റഫ് പട്ടത്തിൽ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

എയർ ഇന്ത്യയുടെ ജിദ്ദ -കരിപ്പൂർ ജംബോ ബോയിങ് സർവ്വീസ് പുനരാരംഭിക്കുന്നതിൽ സന്തോഷമർപ്പിച്ച് എസ് വൈ എസ് ജില്ല കമ്മിറ്റി പെരിന്തൽമണ്ണയി അഭിവാദ്യ റാലിനടത്തി. കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ലയെന്ന ശീർഷകത്തിൽ ജില്ലയിൽ 6 മാസക്കാലം നീണ്ടു നിന്ന വ്യാപകമായ സമര പോരാട്ടങ്ങൾക്കൊടുവിൽ 2016 നവം: 3 ന് പതിനായിരങ്ങളെ അണിനിരത്തി നടത്തിയ എയർപോർട്ട് മാർച്ച് ഏറെ ശ്രദ്ധേയമായിരുന്നു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചയുടനെയെത്തിയ സൗദി എയർലൈൻസിലെ യാത്രക്കാരെ സ്വീകരിച്ച് കരിപ്പൂർ വിമാനത്താവള പരിസരത്ത് വിജയാരവം നടത്താനും എസ് വൈ എസിന് കഴിഞ്ഞു. അഭിവാദ്യറാലിക്ക് ഇ.കെ. മുഹമ്മദ് കോയ സഖാഫി, കെ.പി ജമാൽ കരുളായി, എ.പി ബശീർ ചെല്ലക്കൊടി , അസൈനാർ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീൻ സഖാഫി, സിദ്ധീഖ് സഖാഫി, വി.പി.എം ഇസ്ഹാഖ്, ശക്കിർ അരിമ്പ്ര, ഉമർ മുസ്ലിയാർ ചാലിയാർ, അബ്ദുറഹ്മാൻ കാരകുന്ന്. അബ്ദു റഹീം കരുവള്ളി നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP