Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുതലസൂപ്പ് മുതൽ ഈനാംപേച്ചി സ്റ്റൂവരെ; പട്ടിയും പാമ്പും അണ്ണാനും കീരിയും വവ്വാലും തൊട്ട് പ്രാണിയെും പുഴുവിനെയും തിന്നുന്ന ജനതയും മാറുന്നു; ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക്; ഇത്തരക്കാരെ കൈയോടെ പിടികൂടാൻ രാജ്യത്തെമ്പാടും മിന്നൽ പരിശോധന; ഒറ്റ ദിവസംകൊണ്ട് പിടികൂടിയത് നാൽപ്പതിനായിരത്തോളം മൃഗങ്ങളെ; സസ്യഭക്ഷണത്തിലേക്ക് നീങ്ങാനും കാമ്പയിൻ; കൊറോണ ഭീതിയിൽ ചൈനയും വെജിറ്റേറിയൻ ആവുമോ?

മുതലസൂപ്പ് മുതൽ ഈനാംപേച്ചി സ്റ്റൂവരെ; പട്ടിയും പാമ്പും അണ്ണാനും കീരിയും വവ്വാലും തൊട്ട് പ്രാണിയെും പുഴുവിനെയും തിന്നുന്ന ജനതയും മാറുന്നു; ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക്; ഇത്തരക്കാരെ കൈയോടെ പിടികൂടാൻ രാജ്യത്തെമ്പാടും മിന്നൽ പരിശോധന; ഒറ്റ ദിവസംകൊണ്ട് പിടികൂടിയത് നാൽപ്പതിനായിരത്തോളം മൃഗങ്ങളെ; സസ്യഭക്ഷണത്തിലേക്ക് നീങ്ങാനും കാമ്പയിൻ; കൊറോണ ഭീതിയിൽ ചൈനയും വെജിറ്റേറിയൻ ആവുമോ?

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്ങ്: മുതലസൂപ്പ് മുതൽ ഈനാംപേച്ചി സ്റ്റൂവരെ. പട്ടിയും പാമ്പും അണ്ണാനും കീരിയും വവ്വാലും തൊട്ട് തരിച്ചുകടിക്കാത്ത എന്തിനെയും തിന്നുന്നവർ ആയിരുന്നു ചൈനക്കാർ. എന്തിന് പ്രാണിമുതൽ പുഴുവരെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവസ്തുക്കളാണ്. എന്നാൽ കൊറോണയെന്ന ഭീകര വൈറസ് ചൈനയുടെ ഭക്ഷണ സംസ്‌ക്കാരത്തിലും കാര്യമായ മാറ്റം വരുത്തുകയാണ്. കൊറോണ വന്നത് വന്യ മൃഗങ്ങളിൽനിന്നാണെന്ന് നിഗമനം ഉയർന്നതോടെ വന്യമൃഗങ്ങളെ പിടിക്കുകയോ വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ചൈനീസ് സർക്കാർ നിരോധിച്ചരിക്കയാണ്. ഇതിനായി നടത്തിയ കർശന പരിശോധനയിൽ ഒറ്റദിവസം കൊണ്ട് നാൽപ്പതിനായിരം വന്യമൃഗങ്ങളെയാണ് പടികൂടിയത്. അതിനിടെ ശക്തമായ വെജിറ്റേറിയൻ വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്. നിലവിൽ ചൈനീസ് ജനസംഖ്യയിൽ 17 ശതമാനം സസ്യഭുക്കുകൾ ആണ്. പുതിയ ഭീതിയുടെ പശ്ചാത്തലത്തിൽ ശക്തമായ കാമ്പയനുമായി വെജിറ്റേറയൻ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പൂർണ്ണ വെജിറ്റേറിയൻ ആവൂ ആരോഗ്യം സംരക്ഷിക്കൂ എന്നാണ് ചൈനയിൽ ഉയരുന്നു പുതിയ കാമ്പയിൻ. അതായത് വർഷങ്ങളായി പിന്തുടരുന്ന ചൈനയുടെ ഭക്ഷണ സംസ്‌ക്കാരണം ഒരു സുക്ഷ്മ ജീവികാരണം മാറിമറിയുമെന്ന് ഉറപ്പാണ്.

എന്നാൽ ശാസ്ത്രീയമായി നോക്കുമ്പോൾ ഇതിൽ കഥയൊന്നുമില്ലെന്നാണ് പ്രമുഖ ഡയറ്റീഷ്യന്മാർ അടക്കം പറയുന്നത്. മിശ്രഭുക്കായ മനുഷ്യന് ഏറ്റവും വേണ്ടത് ആ രീതിയിലുള്ള ഭക്ഷണം തന്നെയാണ്. മാംസഭക്ഷണം അമിതമാവാതെ നോക്കുകയും ആവശ്യത്തിന് ഇലക്കറികളും പച്ചക്കറികളും ഒപ്പം ഉപയോഗിക്കുകയുമാണ് ആരോഗ്യകരമായ ഭക്ഷണ രീതി. മാത്രമല്ല, മാസംഭക്ഷണം ആവശ്യത്തിന് വേവിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യുന്നതാണ് പ്രശ്നമാകുന്നതെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. 5നല്ലവണ്ണം വേവിക്കാത്ത പന്നിമാസം തൊട്ട് വവ്വാലിറച്ചി വരെ നിരവധി അസുഖങ്ങൾക്ക് കാരണമാകും. 50 ഡിഗ്രിയിൽ കൂടതലുള്ള ചൂടിൽ ഒരു വൈറസും നിൽക്കില്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല സസ്യഭക്ഷണം മാത്രം കഴിക്കുന്നത് വിറ്റാമിൻ കുറവ് പോലുള്ള മറ്റ് പല രോഗങ്ങൾക്കും കാരണമാവുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കൊറോണ ഭീതിക്കുമുന്നിൽ ഇതൊന്നും ഫലവത്താവുന്നില്ല. വവ്വാലിനെയും പാമ്പിനെയും തിന്നതുകൊണ്ടാണ് കൊറോണപോലുള്ള വൈറസുകൾ പൊട്ടിപ്പുറപ്പെട്ടതെന്ന ഭീതിയും പ്രചാരണവും ആളുകളുടെ മനസ്സുമാറ്റുമെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല ചൈനയെപ്പോലുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള വിശാലമായ ഒരു രാജ്യത്തിന്റെ പട്ടിണിമാറ്റിയത് അതിന്റെ ഭക്ഷണ ശീലം തന്നെയാണെന്ന് യുവാൻ ഹരാരിയെപ്പോലുള്ള നരവംശശാസ്ത്രജ്ഞന്മാർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലങ്ങളുടെ ട്രയൽ ആൻഡ് എറർ മെത്തേഡിലൂടെ തങ്ങളുടെ അതിജീവനത്തിന് ഏറ്റവും ഉതകുന്ന രീതിയിലാണ് ഒരു ജനത അതിന്റെ ഭക്ഷണ സംസ്‌ക്കാരം രൂപപ്പെടുത്തുന്നത്. പടിഞ്ഞാറൻ ചൈനയിലൊക്കെ പ്രാണികളെയും പൂഴുക്കളെയും തിന്നുന്ന ഗ്രോത്രമനുഷ്യൻ അങ്ങനെയാണ് പട്ടിണി മരണത്തെ അതിജീവിച്ചത്. അന്നൊന്നും ഇതുപോലെ വൈറസ് ബാധയെക്കുറിച്ച് കേട്ടിട്ടില്ല. മാത്രമല്ല വൈറസും ബാക്ടീരിയുമൊക്കെ ഓരോകാലത്തും റാൻഡമായി ലോകത്ത്് പൊട്ടിപ്പുറപ്പെടാറുണ്ട്. ഇത് ഭക്ഷണ ശീലവുമായി ബന്ധമില്ല. പക്ഷേ ഈ ശാസ്ത്രീയ വിചാരങ്ങളൊന്നും ഭീതിയിൽ ഇല്ലാതാവുകയാണ്.

മൃഗങ്ങൾ മനുഷ്യനുവേണ്ടി മാത്രം ജീവിക്കുന്നവ

ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കയാണ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ചൈനയിലെ പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് ശക്തമായ തിരച്ചിലാണ് നടത്തുന്നത്. വീടുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മാർക്കറ്റുകൾ എന്നു വേണ്ട രാജ്യത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്ന തിരക്കിലാണ് ഇവർ. വന്യമൃഗങ്ങളെ പിടിക്കുകയോ വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നവരെ കൈയോടെ പിടികൂടാനാണ് ഈ മിന്നൽ പരിശോധന. 700 ഓളം പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തത്. കൊറോണ വൈറസ് നിർദാക്ഷണ്യം രാജ്യത്തെ ജനങ്ങളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുമ്പോൾ ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പരിശോധനയും അറസ്റ്റും.ചത്തതും അല്ലാത്തതുമായ 40,000ത്തിൽ അധികം മൃഗങ്ങളെയാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ അണ്ണാൻ, പന്നി, കീരി എന്നിവയും ഉൾപ്പെടും. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിനും മൃഗങ്ങളുടെ തോലും മറ്റും മരുന്നുകൾക്കും മറ്റുമായി ഉപയോഗിക്കുന്നതിനുള്ള ചൈനീസ് ജനതയുടെ അഭിരുചിയെ, വർഷങ്ങളായി പിൻതുടർന്നു വന്ന ഭക്ഷണസംസ്‌കാരത്തെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാനാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്, അതിനി കൊറോണയുമായി എത്രയൊക്കെ ബന്ധമുണ്ടെന്ന് പറഞ്ഞാലും.

'ആളുകൾ വന്യജീവികളെ വാങ്ങാൻ ഇഷ്ടപ്പെടുന്നു. അതിനെ ഭക്ഷിക്കാനും മറ്റുള്ളവർക്ക് സമ്മാനമായി നൽകാനും ഉപയോഗിക്കുന്നു. കാരണം അവ സമ്മാനമായി നൽകുന്നത് ആഢ്യത്വത്തിന്റെ ഭാഗമായി കണക്കാക്കുന്നു' മുതലയുടെയും മാനുകളുടെയും ഇറച്ചി വൻ തോതിൽ ഫ്രീസറിൽ സൂക്ഷിച്ച് വിൽക്കുന്ന ഗോങ് എന്ന വ്യാപാരി പറയുന്നു. മൃഗങ്ങളെ വിൽക്കുന്നതിലുള്ള താൽക്കാലിക വിലക്ക് മാറിക്കിട്ടാൻ കാത്തിരിക്കുന്നവരുമുണ്ട്. വന്യജീവികൾ ചൈനീസ് സംസ്‌കാരത്തെയും അവരുടെ നിത്യജീവിതത്തെയും എത്രത്തോളം സ്വാധീനിച്ചെന്ന് ഇത് വ്യക്തമാക്കുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ച സാഹചര്യത്തിൽ ജനുവരിയിലാണ് മത്സ്യമാംസങ്ങൾ വിൽക്കുന്ന ചന്തകൾക്ക് വിലക്കേർപ്പെടുത്തിയത്. വവ്വാലുകളിൽ നിന്ന് ഈനാംപേച്ചികൾ വഴിയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പന്നി, ഉടുമ്പ് എന്നിവയിൽ നിന്നും പടർന്നതാകാമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വുഹാനിലെ കടൽഭക്ഷ്യ ഇനങ്ങൾ വിൽക്കുന്ന മാർക്കറ്റുകളുമായി ബന്ധപ്പെട്ടവർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ വവ്വാൽ, പാമ്പ്, വെരുക് തുടങ്ങി നിരവധി വന്യജീവികളുടെ വിൽപന നടന്നിരുന്നു. തുടർന്നാണ് ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഇത്തരത്തിൽ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള അങ്ങാടികളെല്ലാം താൽക്കാലികമായി അടച്ചുപൂട്ടാൻ ജനുവരിയിൽ സർക്കാർ ഉത്തരവിടുന്നത്. എന്നാൽ ചൈനയിൽ ആഴത്തിൽ വേരുറച്ച ഭക്ഷണ സംസ്‌കാരത്തെ അത്ര പെട്ടെന്ന് തുടച്ചുമാറ്റാനാവില്ലെന്നാണ് ഇപ്പോൾ നടന്ന പൊലീസ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. 'ഭൂരിപക്ഷം ആളുകളുടെയും കണ്ണിൽ മൃഗങ്ങൾ മനുഷ്യനു വേണ്ടി മാത്രം ജീവിക്കുന്നവയാണ്, അല്ലാതെ അവ മനുഷ്യനൊപ്പം ഭൂമി പങ്കിടുന്നവയല്ല', ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷകനായിരുന്ന വാങ് സോങ്ങിന്റെ വാക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.

ഇതാദ്യമായല്ല ചൈനയിലെ മത്സ്യമാംസ വിപണന കേന്ദ്രങ്ങൾ ഒരു ചോദ്യചിഹ്നമായി ഉയരുന്നത്. 2003 ൽ സാർസ് വൈറസ് പടർന്നു പിടിച്ചപ്പോഴും അത് വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്നതെന്ന വാദം ഉയർന്നു വന്നിരുന്നു. എന്നാൽ സാർസിനേക്കാൾ ഇരട്ടിയായി മരണസംഖ്യ ഉയരുമ്പോളും അത് മൃഗങ്ങളിൽ നിന്നാണ് പടരുന്നതെന്ന് പ്രാഥമിക നിഗമനത്തിൽ എത്തിയപ്പോഴും ഭക്ഷണശീലത്തെ കുറിച്ച് പറയുമ്പോൾ ആളുകൾ ഇപ്പോഴും രണ്ടു തട്ടിലാണ്. താൽക്കാലികമായുള്ള അടച്ചുപൂട്ടലുകൾ പോലും വൻ വാഗ്വാദങ്ങൾക്കാണ് ഇടവരുത്തുന്നത്. ചൈനയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 1770 ഓളം ആളുകളാണ് മരിച്ചത്. 70,000 ത്തോളം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വന്യജീവി വിൽപ്പനയിലുടെ ചൈന നേടിയത് കോടികൾ

വന്യജീവി വിൽപനയിലൂടെ കിട്ടുന്ന വരുമാനവും ഇത് നിർത്തലാക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്നോട്ടുവലിക്കുന്നുണ്ട്. ഇപ്പോൾ വൈറസ് ബാധ പിടിച്ചുകെട്ടാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് സർക്കാർ മറ്റു വഴികളില്ലാതെ ഈ തീരുമാനത്തിൽ എത്തിയതും. 2006 ൽ വന്യജിവി വിൽപനയിലൂടെ 20 ബില്യൺ ഡോളറായിരുന്നു ആകെ ലഭിച്ച വരുമാനം. വന്യജീവികളുടെ ഉപയോഗത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാന വനംവകുപ്പാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതിന് മറപിടിച്ച് അനധികൃത വന്യജിവി വേട്ട ഉയരുന്നുണ്ടെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്.

മരുന്നുകളിലും ഭക്ഷണമായും ഉപയോഗിക്കാനാണ് അനധകൃത വേട്ട. അനധികൃത വന്യജീവി വ്യാപാരത്തിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രവും ചൈനയാണെന്നാണ് പരിസ്ഥിതി സംഘങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും. അനധികൃതമായാണ് വുഹാനിലെ ഹ്വാനൻ മാംസമാർക്കറ്റിൽ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നത്. മുതല മുതൽ കൊവാലയുയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. ഇവിടെനിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് പടർന്നതെന്നതെന്നും പഠനങ്ങളുണ്ടായിരുന്നു.

അതേസമയം, കൊറോണ വൈറസ് പടർന്നു പിടിച്ചത് അനധികൃത വിപണിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരിസ്ഥിതി അന്വേഷണ ഏജൻസി(ഇഐഎ) വ്യക്തമാക്കുന്നത്. രോഗം വരുമ്പോൾ ഒറ്റമൂലികൾ തേടിപോകുന്ന മനുഷ്യന്റെ സഹജസ്വഭാവമാണ് ഇവിടെയും കച്ചവടമായത്. കണ്ടാമൃഗത്തിന്റെ കൊമ്പ് കോറോണയ്ക്കുള്ള ഉത്തമ ചികിത്സയെന്ന് പറഞ്ഞാണ് വിൽപ്പന നടക്കുന്നതും.

കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയ്ത്ത് 62 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയും കൂടുതൽ പ്രതിസന്ധിയിലേക്ക് വഴുതി വീണു. ചൈനയിലെ വ്യവസായിക ഉത്പ്പാദനത്തിൽ കൊറോണ വൈറസ് ബാധ മൂലം അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലിയിരുത്തൽ. ഇത് മൂലം ചൈനീസ് കറൻസിയായ യുവാൻ 1.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മാത്രമല്ല ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തിൽ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണു.അതേസമയം ലോകത്തിന്റെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബും, ഉത്പ്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

ചൈനയിൽ ശക്തമായ യാത്ര വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും, ഉത്പ്പാദന വളർച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ ഒന്നടങ്കം ഇപ്പോൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘർഷങ്ങളേക്കാൾ വലിയ ഭീതിയാണ് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് മൂലം ഇപ്പോൾ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളർച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഇപ്പോൾ രൂപപ്പെട്ടുവരുന്നുണ്ട്.അതായത് ചൈനയും ലോകവും കൊറോണക്ക് മുമ്പെന്നും ശേഷമെന്നും നിലയിൽ രണ്ടായി വിഭജിക്കപ്പെടുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP