Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടി അക്കൗണ്ടുകളും വർഗ-ബഹുജന സംഘടനകളുടെ അക്കൗണ്ടുകളും ദേശസാൽകൃത ബാങ്കുകളിൽ നിന്നും മാറ്റും; ക്ഷേമനിധി ബോർഡുകളുടെ കോടിക്കണക്കിന് രൂപയും കേരള ബാങ്കിലേക്ക് എത്തിക്കണമെന്നും നിർദ്ദേശം; നിക്ഷേപ സമാഹരണ യജ്ഞം പാർട്ടിതലത്തിൽ സംഘടിപ്പിക്കുന്നതും കൃത്യമായ ലക്ഷ്യത്തോടെ; സഹകരണ മേഖലയിലെ സ്വാധീനം കേരള ബാങ്കിനൊപ്പം വളർത്തൊനൊരുങ്ങി കൃത്യമായ പദ്ധതികളുമായി സിപിഎം

പാർട്ടി അക്കൗണ്ടുകളും വർഗ-ബഹുജന സംഘടനകളുടെ അക്കൗണ്ടുകളും ദേശസാൽകൃത ബാങ്കുകളിൽ നിന്നും മാറ്റും; ക്ഷേമനിധി ബോർഡുകളുടെ കോടിക്കണക്കിന് രൂപയും കേരള ബാങ്കിലേക്ക് എത്തിക്കണമെന്നും നിർദ്ദേശം; നിക്ഷേപ സമാഹരണ യജ്ഞം പാർട്ടിതലത്തിൽ സംഘടിപ്പിക്കുന്നതും കൃത്യമായ ലക്ഷ്യത്തോടെ; സഹകരണ മേഖലയിലെ സ്വാധീനം കേരള ബാങ്കിനൊപ്പം വളർത്തൊനൊരുങ്ങി കൃത്യമായ പദ്ധതികളുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ബാങ്കിലേക്ക് നിക്ഷേപം ആകർഷിക്കാൻ പ്രവർത്തകരോട് നിർദ്ദേശിച്ച് സിപിഎം. ഏപ്രിൽ ഒന്ന് മുതൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ജില്ലാ സെക്രട്ടറിമാർക്കുള്ള സർക്കുലറിൽ നിർദ്ദേശിക്കുന്നു. പാർട്ടി ഘടകങ്ങളുടെയും വർഗ-ബഹുജന സംഘടനകളുടെയും അക്കൗണ്ടുകൾ കേരള ബാങ്കിലേക്ക മാറ്റണം എന്നാണ് നിർദ്ദേശം. ജില്ലാ കമ്മിറ്റികളുടെ അക്കൗണ്ടുകൾ അടിയന്തിരമായി മാറ്റുകയും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകുയും ചെയ്യാനാണ് പാർട്ടി സർക്കുലർ പറയുന്നത്.

സിപിഎമ്മിന്റെ 14 ജില്ലാ കമ്മിറ്റികളുടേയും ബാങ്ക് അക്കൗണ്ടുകൾ ഇപ്പോൾ ഷെഡ്യൂൾഡ് ബാങ്കുകളിലും ദേശസാൽകൃത ബാങ്കുകളിലുമാണ്. ഇവ കേരള ബാങ്കിലേക്ക് മാറ്റാനാണ് ആലോചന. ഏപ്രിൽ ഒന്നുമുതൽ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ജില്ലാ സെക്രട്ടറിമാർക്ക് അയച്ച ആഭ്യന്തര സർക്കുലറിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. കോടികളുടെ നിക്ഷേപമുള്ളതാണ് സിപിഎമ്മിന്റെ വർഗ-ബഹുജന സംഘടനകളുടെ അക്കൗണ്ടുകൾ. വൻതുകയുടെ ക്രയവിക്രയം നടക്കുന്ന കെട്ടിട നിർമ്മാണ മേഖല, ഹെഡ്ലോഡ്, കള്ള് ചെത്ത് ക്ഷേമനിധി ബോർഡ് എന്നിവയുടെ ബാങ്ക് അക്കൗണ്ടുകൾ സഹകരണ മേഖലയിലല്ല.

നവംബറിൽ രൂപംകൊണ്ട കേരള ബാങ്കിൽ, മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലേയും സഹകരണ ബാങ്കുകൾ ഇതിനോടകം ലയിച്ചുകഴിഞ്ഞു. കേരള ബാങ്കിൽ ലയിക്കാതെ വിട്ടുനിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരേ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. യു.ഡി.എഫിന് സ്വാധീനമുള്ള മലപ്പുറം ഒഴികെയുള്ള സ്ഥലങ്ങളിൽ ലയനം പൂർത്തിയായി.

ഇടതു സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിൽ ഒന്നായാണ് കേരള ബാങ്കിനെ സിപിഎം. മുഖപത്രം വിശേഷിപ്പിച്ചത്. വായ്പാരംഗത്ത് നിലവിലുള്ള ത്രിതല സംവിധാനം ദ്വിതല സംവിധാനമാക്കി കുറയ്ക്കുകയും ജില്ലാ സഹകരണ ബാങ്കുകൾ ഇല്ലാതാവുകയും ചെയ്യുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് വളരാനുള്ള വലിയ അവസരമാണ് കേരള ബാങ്കിലൂടെ കൈവരുന്നത് എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. കേരളത്തിലെ സഹകരണ മേഖലയിൽ പാർട്ടിക്കുള്ള പാർട്ടിക്കുള്ള സ്വാധീനം കേരള ബാങ്കിന്റെ വരവോടെ കൂടുതൽ ശക്തമാകും എന്നാണ് സിപിഎം വിലയിരുത്തുന്നത്. ഗ്രാമീണസമ്പാദ്യമുൾപ്പെടെ സംസ്ഥാനത്തിലെ വിഭവങ്ങൾ പൂർണമായി നമ്മുെട സംസ്ഥാനത്ത് വിനിയോഗിക്കാൻ കഴിയും. ഇടപാടുകാർക്ക് കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കാനുംവായ്പപ്പലിശ നിരക്ക് കുറയ്ക്കുന്നതിനും മൈക്രോഫിനാൻസ് രംഗത്ത് കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ വരവ് സഹായകമാകും.

കേരള ബാങ്കിലൂടെ കൂടുതൽ കാർഷിക വായ്പ നൽകാൻ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽനിന്നും കൂടുതൽ പുനർവായ്പ ലഭിക്കും. ഇത് ഉത്പാദനമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ജില്ലാബാങ്ക് എന്ന തലം ഒഴിവാക്കുന്നതോടെ നബാർഡിൽനിന്ന് ലഭിക്കുന്ന പുനർവായ്പ കർഷകർക്ക് നിവലിലെ പലിശ നിരക്കിൽനിന്നും കുറച്ചുനൽകാനാകും. കാർഷികേതര വായ്പകളുടെ പലിശ നിരക്കും കുറയ്ക്കാനും സാധിക്കും.

കേരള ബാങ്ക് വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വർധിക്കുമെന്നാണ് പ്രതീക്ഷ. വിദേശനിക്ഷേപം ശേഖരിക്കാൻ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശനാണയ വിനിമയവും വ്യാപാരവും വർധിക്കും. പൊതുമേഖല, സ്വകാര്യമേഖല, ന്യൂ ജനറേഷൻ ബാങ്കുകൾ എന്നിവ കൈയടക്കിവെച്ചിരിക്കുന്ന എൻ.ആർ.ഐ. നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരളബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പവിതരണശേഷിയിൽ കുതിച്ചുചാട്ടമുണ്ടാകും.

കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി കേരള ബാങ്ക് മാറും. 2019 ജൂണിലെ എസ്.എൽ.ബി.സി. കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കേരളത്തിൽ 1216 ബ്രാഞ്ചുകളാണ് ഉള്ളത്. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്. എന്നാൽ, ഈ നിക്ഷേപത്തിന്റെ പകുതിയിലധികവും എൻ.ആർ.ഐ. നിക്ഷേപമാണ്. കേരളബാങ്കിന് തുടക്കത്തിൽ 825 ബ്രാഞ്ചുകൾ ഉണ്ടാകും. നിലവിൽ 65,000-ത്തിലധികം കോടിരൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ എൻ.ആർ.ഐ., നിക്ഷേപം നാമമാത്രമാണ്. എൻ.ആർ.ഐ. നിക്ഷേപമടക്കം സ്വീകരിക്കാൻ അനുതി ലഭിക്കുകയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ കേരളബാങ്ക് സേവനം ഗ്രാമീണ ജനതയിലേക്ക് എത്തിക്കാൻ കഴിയുകയും ചെയ്യുന്ന മുറയ്ക്ക് കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറും.

സംസ്ഥാന ജില്ലാ ബാങ്കുകൾക്ക് പുറമേ കേരളത്തിൽ 1625 പ്രാഥമികസംഘങ്ങളും 60 ലൈസൻസ്ഡ് അർബൻബാങ്കുകളുമുണ്ട്. ഇവയാണ് കേരളബാങ്കിന്റെ അംഗങ്ങൾ അല്ലെങ്കിൽ ഓഹരി ഉടമകളായി മാറുക. പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമായി 4500-ലധികം ബ്രാഞ്ചുകളുണ്ട്. ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോൾ ഉണ്ടാകുന്ന ബാങ്കിങ് ശൃംഖല സംസ്ഥാനത്തിന്റെ ബാങ്കിങ് ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാകും.

21 പൊതുമേഖലാ ബാങ്കുകളും ഒരു ഗ്രാമീൺ ബാങ്കും 19 സ്വകാര്യ, വാണിജ്യ ബാങ്കുകളും രണ്ട് സ്‌മോൾ ഫിനാൻസ് ബാങ്കുകളും ഉൾപ്പെടുന്ന കേരളത്തിലെ വാണിജ്യബാങ്കിങ് രംഗത്തിന് ബദലായി ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിച്ച് രൂപവത്കരിക്കുന്ന കേരള ബാങ്കിനും കേരള ബാങ്കിന്റെ അംഗങ്ങളാകുന്ന 1600-ലധികം വരുന്ന പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും സംസ്ഥാന താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ കഴിയും എന്നാണ് സിപിഎം വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP