Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്റ്റേഡിയത്തിന് വേണ്ടി നൽകിയ കത്തിൽ പറയുന്നത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിന് സംഗീതനിശ എന്ന്; ആഷിഖ് അബു വിശദീകരിച്ചത് സർക്കാർ ഫണ്ട് ഉപയോഗിക്കാത്ത പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ പരിപാടിയെന്നും; പ്രളയത്തിലെ ദുരിതം മാർക്കറ്റ് ചെയ്ത പരിപാടി തട്ടിപ്പെന്ന സന്ദീപ് വാര്യരുടെ വാദത്തിൽ അന്വേഷണം; ആഷിഖ് അബുവിനും ബിജിബാലിനുമെതിരെ പൊലീസ് അന്വേഷണത്തിന് കളക്ടർ സുഹാസിന്റെ ഉത്തരവ്; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വെട്ടിൽ

സ്റ്റേഡിയത്തിന് വേണ്ടി നൽകിയ കത്തിൽ പറയുന്നത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിന് സംഗീതനിശ എന്ന്; ആഷിഖ് അബു വിശദീകരിച്ചത് സർക്കാർ ഫണ്ട് ഉപയോഗിക്കാത്ത പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ പരിപാടിയെന്നും; പ്രളയത്തിലെ ദുരിതം മാർക്കറ്റ് ചെയ്ത പരിപാടി തട്ടിപ്പെന്ന സന്ദീപ് വാര്യരുടെ വാദത്തിൽ അന്വേഷണം; ആഷിഖ് അബുവിനും ബിജിബാലിനുമെതിരെ പൊലീസ് അന്വേഷണത്തിന് കളക്ടർ സുഹാസിന്റെ ഉത്തരവ്; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വെട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന ആഷിഖ് അബുവിന്റെ വാദത്തെ തുടർന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ പൊലീസ് അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്. യുവമോർച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതി പരിഗണിച്ചാണ് അന്വേഷണത്തിന് കളക്ടർ സുഹാസ് ഉത്തരവിട്ടത്. കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരിയെന്ന് മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറി ബിജിബാൽ പറഞ്ഞിരുന്നു. ഇത് കളക്ടർ നിഷേധിച്ചു. ഇതിന് പിന്നാലെ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് ബിജി ബാൽ വിശദീകരിക്കുകയും ചെയ്തു. തൊട്ട് പിന്നാലെയാണ് പൊലീസ് അന്വേഷണത്തിനുള്ള കളക്ടറുടെ ഉത്തരവ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് കളക്ടർ പൊലീസിന് കൈമാറുന്നത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് മനസ്സിലാക്കിയാണ് ഇടപെടൽ. കൊച്ചി റേഞ്ച് ഐജിക്കും കമ്മീഷണർക്കുമാണ് പരാതി കൈമാറിയത്. അന്വേഷണം ഉൾപ്പെടെയുള്ള അനിവാര്യമായ നടപടികൾ വേണമെന്ന് പൊലീസിനോട് കളക്ടർ നിർദ്ദേശിച്ചിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിപാൽ നൽകിയ കത്ത് പുറത്തു വന്നിരുന്നു. താൻ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി കളക്ടർ എസ്.സുഹാസ്, ബിജിപാലിന് കത്തയച്ചു. ഇതിന് പിന്നാലെയാണ് കേസെടുക്കൽ. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. ഇതോടെ കണക്കുകളിലും മറ്റും ക്രിമിനൽ പരിശോധന നടക്കുന്ന അവസ്ഥ വരികയാണ്.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല സംഗീത പരിപാടി നടത്തിയതെന്നായിരുന്നു ആഷിഖ് അബു ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് വെള്ളിയാഴ്ച പണം കൈമാറിയ ചെക്കിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ടിക്കറ്റിലൂടെ കിട്ടിയ വരുമാനം സംഭാവന നൽകാൻ സംഘാടകർ തീരുമാനിച്ചതാണെന്നും സ്റ്റേഡിയം സൗജന്യമായി കിട്ടിയതിൽ തട്ടിപ്പില്ലെന്നുമാണ് ആഷിക് അബു അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുഹാസ് ഉത്തരവിട്ടത്.

അങ്ങനെയെങ്കിൽ സ്റ്റേഡിയത്തിന് അനുമതി വാങ്ങാൻ റീജിയണൽ സ്പോർട്സ് സെന്ററിനെ സംഘാടകർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപിയും രംഗത്തെത്തിയിരുന്നു. തെളിവായി സ്പോർട്സ് സെന്ററിന് ബിജിപാൽ നൽകിയ കത്തും പുറത്തുവിട്ടു. സ്പോർട്സ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് സമിതി പലതവണ തള്ളിയ അപേക്ഷ, മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലം അംഗീകരിക്കുകയായിരുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചിരുന്നു. പിന്നാലെയാണ് താൻ കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ രക്ഷാധികാരി അല്ലെന്ന് വ്യക്തമാക്കി കളക്ടർ എസ്.സുഹാസ് ബിജിപാലിന് കത്തയച്ചു.

അനുമതിയില്ലാതെ തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പും നൽകി. യുഡിഎഫും ബിജെപിയും വിഷയം ശക്തമായി ഏറ്റെടുക്കാനൊരുങ്ങവേ, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഘാടകർ കടുത്ത പ്രതിരോധത്തിലായി. ഇതിനൊപ്പമാണ് പൊലീസിനോട് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്. എന്നാൽ രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്ന് ബിജിബാൽ വ്യക്തമാക്കുന്നു. എല്ലാം സത്യസന്ധമായാണ് ചെയ്തത്. ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിട്ടാൽ മതിയല്ലോ. പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീർത്ത ശേഷം ഭാരവാഹികളുടെ കയ്യിൽ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടിൽ അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്നും ബിജിബാൽ പറയുന്നു.

കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പൂർണമായും സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണ് ഇതെന്നായിരുന്നു ആഷിഖ് അബുവിന്റെ വിശദീകരണം. സർക്കാർ ഫണ്ട് ഉപയോഗിക്കാത്ത, പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ പരിപാടി തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതായി എന്ത് അടിസ്ഥാനത്തിലാണ് ഹൈബി പറയുന്നത് കണ്ടെത്തിയ തട്ടിപ്പ് എന്താണെന്ന് അറിയാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അത് തെളിവുസഹിതം എല്ലാവരെയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്തുവിട്ട ചെക്കിന്റെ തിയതി ആരോപണം വന്നതിന് ശേഷമുള്ള 14.02.2020 ആണെന്ന് സന്ദീപ് വാര്യർ വിശദീകരിച്ചിരുന്നു. ഒക്ടോബർ 16ന് ബിജിബാൽ റീജനൽ സ്പോർട്സ് സെന്ററിന് നൽകിയ കത്തിൽ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീതനിശ എന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് ഹൈബി വിശദമാക്കി. ഇതോടെ തട്ടിപ്പ് വ്യക്തമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP