Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോടെത്തിയ കെ. സുരേന്ദ്രന് ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ: എതിരേറ്റത് ജയ് വിളിച്ചും പൂക്കൾ വിതറിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ; സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് യുവമോർച്ചയുടെ അധ്യക്ഷനായതോടെ; ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയിൽവാസം; തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി സജ്ജമാവുന്ന സാഹചര്യത്തിൽ ബിജെപിയുടെ പുതിയ അധ്യക്ഷൻ എത്തുമ്പോൾ

തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോടെത്തിയ കെ. സുരേന്ദ്രന് ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ: എതിരേറ്റത് ജയ് വിളിച്ചും പൂക്കൾ വിതറിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ; സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് യുവമോർച്ചയുടെ അധ്യക്ഷനായതോടെ; ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയിൽവാസം; തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി സജ്ജമാവുന്ന സാഹചര്യത്തിൽ ബിജെപിയുടെ പുതിയ അധ്യക്ഷൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്ത വിവരമറിഞ്ഞ് ബിജെപി പ്രവർത്തകർ വൻ ആവേശത്തിലായിരുന്നെങ്കിലും ഉള്ളിയേരി ദാസൻ എൻജിനീയറിങ് കോളജിനു സമീപത്തെ കുന്നുമ്മൽ വീട്ടിൽ അമിത വലിയ ആഹ്ലാദപ്രകടനങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ. കുന്നുമ്മൽ വീട്ടിൽ ഇന്നലെയും പതിവുകൾക്ക് മാറ്റമില്ലായിരുന്നു. കെ. സുരേന്ദ്രൻ എന്ന ഈ വീടിന്റെ ഗൃഹനാഥനാണ് ബിജെപിയെ കേരളത്തിൽ നയിക്കുക.

ഈ പ്രഖ്യാപനത്തിന്റെ അലയൊലികളൊന്നും കുന്നുമ്മൽ വീടിനെ ബാധിച്ചിട്ടില്ല താനും. നാട്ടിലെ സുരേന്ദ്രന്റെ സഹപ്രവർത്തകർ ആവേശത്തോടെ എത്തിയപ്പോഴാണ് വീട് തിരക്കിലേക്കും ആഘോഷത്തിമർപ്പിലേക്കും കടന്നതും. ചാനൽ വാർത്തയിലൂടെ ഭാര്യ ഷീബ ഭർത്താവിന്റെ സ്ഥാനകയറ്റത്തെ കുറിച്ച് അറിയുന്നതും. എന്നാൽ വീട്ടിൽ എത്തിയ പ്രവർത്തകരുടെ നിർബന്ധത്തിലാണ് ലഡു വിതരണം ചെയ്തതും. സംഘടനാ പ്രവർത്തനത്തിനായാലും എത്ര തിരക്കിലാണെങ്കിലും കുടുംബത്തിനായി കെ. സുരേന്ദ്രൻ സാധാരണ കുടുംബനാഥനായി മാറുമെന്ന് ഷീബ പറയുന്നു.

വീട്ടുപറമ്പിലെ കൃഷിയെയും തൊഴുത്തിലെ പശുക്കളേയും പരിചരിക്കുന്ന നാട്ടിൻപുറത്തെ കുടുംബനാഥന്റെ പതിവുകളിലേക്ക് സുരേന്ദ്രന്റെ തിരക്കുകൾ മാറും. അതുപോലെ എത്ര തിരക്കുണ്ടായാലും അധികം ദിവസം വീട്ട് വിട്ട് നിൽക്കില്ലെന്ന് ഭാര്യ ഷീബ പറയുന്നു. വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിലാണെങ്കിൽ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. ലാന്റ് ഫോണാണ് വീട്ടിൽ ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് വിളിക്കും അതാണ് പതിവ്. തെരഞ്ഞെടുപ്പ് കാലമൊഴിച്ചാൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സമയത്താണ് കൂടുതൽ ദിവസം വീട്ടിൽ നിന്ന് വിട്ടുനിന്നത്. ആ സമയങ്ങളിൽ കുറച്ചു വിഷമം തോന്നിയിരുന്നു. എന്നാൽ സുരേന്ദ്രന്റെ സഹപ്രവർത്തകർ പകർന്നുതന്ന ആത്മവിശ്വാസവും കേരളത്തിലൊട്ടാകെയുള്ള അയ്യപ്പഭക്തർ നൽകിയ സ്‌നേഹപ്രകടനവും കണ്ടപ്പോൾ മനസിലെ വേദന അകന്നതായി ഷീബ വ്യക്തമാക്കുന്നു.

പത്തനംതിട്ട തെരെഞ്ഞടുപ്പ് പ്രചാരണ സമയത്താണ് സുരേന്ദ്രനെ ജനങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഏറെ ആഴത്തിൽ മനസിലായത്. വീട്ടുകാർക്ക് നഷ്ടപ്പെടുന്നുണ്ടെങ്കിലും നാട്ടുകാർക്ക് ആ സമയം ഉപയോഗപ്പെടുന്നുവെന്ന തിരിച്ചറിവ് ഏറെ സന്തോഷകരമായിരുന്നു. നാടൊന്നാകെ സുരേന്ദ്രനൊപ്പമുണ്ടെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അതെല്ലാം. കാസർകോട് തെരഞ്ഞെടുപ്പിൽ 89 വോട്ടിന് തോറ്റപ്പോൾ തനിക്ക് വിഷമം തോന്നിയിരുന്നു. എന്നാൽ അതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നാണ് സുരേന്ദ്രൻ പറയാറെന്ന് ഭാര്യ ഷീബ പറയുന്നു.

ഷീബയും മകൾ ഗായത്രിയും സുരേന്ദ്രന്റെ സഹോദരിമാരും ഷീബയുടെ അച്ഛൻ കണാരനുമാണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. മകൻ കെ.എസ്. ഹരികൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. പത്തനംതിട്ടയിലായിരുന്ന സുരേന്ദ്രനെ വാർത്തയറിഞ്ഞയുടൻ ഷീബ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സുരേന്ദ്രൻ തിരിച്ചു വിളിക്കുമ്പോഴേയ്ക്കും പ്രദേശത്തെ ബിജെപി പ്രവർത്തകരും അവിടെയെത്തി. പ്രവർത്തകരുടെ നിർബന്ധം കാരണം മധുരം വിതരണം ചെയ്യുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായാലും കുന്നുമ്മൽ വീട്ടിലെത്തിയാൽ അദ്ദേഹം സാധാരണ കുടുംബനാഥനാവുമെന്ന് ഷീബ പറഞ്ഞുവെക്കുന്നു. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയത് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പ്രദേശത്തെ ബിജെപി പ്രവർത്തകർ. നാട്ടിലെത്തുന്ന പാർട്ടി വൻസ്വീകരണം നൽകാനാണ് ആലോചിക്കുന്നത്.

ഇത് ആഘോഷിക്കേണ്ട സന്തോഷമാണെന്ന് സന്തോഷകരമായ നിമിഷങ്ങളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവനും പറഞ്ഞു. കെ.സുരേന്ദ്രൻ സംഘടനയെ സംസ്ഥാനതലത്തിൽ മുന്നിൽനിന്നു നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം സ്വന്തം ജില്ലയായ കോഴിക്കോടിന് പ്രത്യേക പരിഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജീവൻ പറഞ്ഞു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണു ഡൽഹിയിൽ കെ സുരേന്ദ്രന്റെ അധ്യക്ഷ പ്രഖ്യാപനം നടത്തിയത്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പാർട്ടിയെ ശക്തമായി മുന്നോട്ടു നയിക്കുമെന്നും അവസരം ഫലപ്രദമായി വിനിയോഗിക്കുമെന്നും ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. പി.എസ്.ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ച ശേഷം മാസങ്ങളായി ഒഴിഞ്ഞുകിടന്ന അധ്യക്ഷ പദവിയിലേക്കാണു സുരേന്ദ്രൻ എത്തുന്നതെന്ന് ഏറെ പ്രത്യേകതയും ഉണ്ട്.

1970 മാർച്ച് 10ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി ജനനം. ഗുരുവായൂരപ്പൻ കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ സുരേന്ദ്രൻ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു. കോവളം കൊട്ടാരം, കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ്, ടോട്ടൽ ഫോർ യു, മലബാർ സിമന്റ്‌സ്, സോളർ തുടങ്ങിയ അഴിമതികൾക്കെതിരെ സമരം നയിച്ചു.

യുവമോർച്ചയിൽനിന്നു ബിജെപിയിലെത്തിയ അദ്ദേഹം ലോക്‌സഭയിലേക്കു കാസർകോട് മണ്ഡലത്തിൽനിന്ന് രണ്ടു തവണയും നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നു രണ്ടു തവണയും മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണു പരാജയപ്പെട്ടത്. ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയിൽവാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രൻ. ഇത് ഒരു വിഭാഗം വിശ്വാസികളിൽ വലിയ സ്വാധീനമുണ്ടാക്കി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംത്തിട്ട മണ്ഡലത്തിൽ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രൻ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി സജ്ജമാവുന്ന സാഹചര്യത്തിൽ കൂടിയാണ് മികച്ച സംഘാടകൻ കൂടിയായ സുരേന്ദ്രൻ, പാർട്ടിയുടെ അദ്ധ്യക്ഷ പദത്തിലേക്ക് നിയുക്തനാവുന്നത് എന്നതും ശ്രദ്ധേയമാണ്. ഭാര്യ: ഷീബ, മകൻ ഹരികൃഷ്ണൻ ബിടെക് ബിരുദധാരിയാണ്. മകൾ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP