Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ ആദ്യമായി ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫർ. വിദേശികളായ ദമ്പതികളാണ് പ്രകൃതിയോടിഴുകിച്ചേർന്ന ഫോട്ടോകൾക്ക് മോഡലുകളായത്. ഇത്തരമൊരു ഫോട്ടോഗ്രാഫി നിയോഗം പോലെയാണ് ആതിരയ്ക്ക് വന്നുചേർന്നത്.  ഡൽഹിയിൽ ഫോട്ടോഗ്രഫി പഠിച്ച ആതിര തന്റെ ഭർത്താവിന്റെ ദമ്പതികളെ മോഡലാക്കിയാണ് ഫോട്ടോ പർത്തിയത്. ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനും. കേരളം കാണാൻ എത്തിയ ഇവർ ഒരു മാസത്തോളം ആതിരയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു. ജാൻ എട്ടുമാസം ഗർഭിണിയാണ്.

വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവർ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ്. മരുന്നുകൾ കഴിക്കാറില്ല, ഗർഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്‌കാൻ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാൻ പോകുന്ന കുഞ്ഞിനോട് ഇരുവരും പുസ്തകം വായിച്ചു കേൾപ്പിക്കും താരാട്ട് പാട്ടുകൾ പാടും. കഥകൾ പറയും. അവരുടെ ആഗ്രഹം വീട്ടിൽ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പിൽ ന്യൂഡ് ഫോട്ടോഗ്രാഫിക്ക് തയാറാണോയെന്ന് ചോദിക്കേണ്ട താമസം യെസ് പറഞ്ഞെന്ന് ആതിര പ്രതികരിക്കുന്നത്.

എന്നാൽ വെല്ലുവിളികൾ അതിന്‌ശേഷമായിരുന്നു. ഇത്തരമൊരു ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല. ഒടുവിലാണ് കോഴിക്കോട് കോടഞ്ചേരി എന്ന സ്ഥലത്ത് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അവിടെ എന്റെ അമ്മയുടെ ചേച്ചിയുടെ വീടുണ്ട്. വീടിന്റെ പുറകിൽ പുഴയാണ്. തനി നാട്ടിൻപുറമാണ്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് എന്താണെന്ന് പോലും അറിയില്ല. അങ്ങനെയുള്ള ഒരു നാട്ടിൽ ന്യൂഡ് ഫോട്ടോഗ്രാഫി ചെയ്യുന്നത് വെല്ലുവിളി തന്നെയായിരുന്നു.

ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു. ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. കൂടുതൽ സമയം ഒന്നും നിൽക്കാതെ വേഗം അവർ സ്ഥലം വിട്ടു. ഫോട്ടോയെടുപ്പിന് ശേഷം ഞങ്ങൾ തിരികെ എന്റെ നാട്ടിലേക്ക് പോന്നു. അതിനുശേഷം പലരും ആന്റിയുടെ ഭർത്താവിനോട് നിങ്ങൾ ഇതിനൊക്കെ സമ്മതം പറഞ്ഞത് എന്തിനാണ്? നമ്മുടെ പുഴയിൽ വസ്ത്രം ധരിക്കാതെ ഇങ്ങനെയൊക്കെ ഫോട്ടോയെടുക്കാൻ അനുവദിക്കാമോ? സംസ്‌കാരത്തിന് യോജിച്ചതാണോ? എന്നൊക്കെ ചിലർ ചോദിച്ചു. ഫോട്ടോഷൂട്ടെന്ന് പറഞ്ഞപ്പോൾ ആന്റിയും ഭർത്താവും ഇത്രയും പ്രതീക്ഷിച്ചില്ല.

നമ്മുടെ നാട്ടിൽ എട്ടാം മാസത്തിലുള്ള ഗർഭിണി മൂന്നുമണിക്കൂറോളം വെള്ളത്തിൽ ഇറങ്ങിനിൽക്കുന്നത് ആലോചിക്കാൻ പോലും സാധിക്കില്ല. എന്നാൽ അത്തരം റിസ്‌കുകളൊന്നും ജാനിന് പ്രശ്‌നമേയായിരുന്നില്ല. പുഴയിലെ പാറയിലൂടെയൊക്കെ അനായാസമാണ് അവർ നടന്നത്. ഒരു ഫോട്ടോഗ്രാഫറെന്ന നിലയിൽ ഏറെ ആത്മസംതൃപ്തി തോന്നിയ ഒന്നാണ് ഈ ഫോട്ടോഷൂട്ട്. എന്റെ ഡ്രീം പ്രോജക്ട് എന്നുവേണമെങ്കിൽ പറയാം.

മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന ഒരു സന്ദർഭം വേറെയില്ല. എന്നാൽ മാതൃത്വത്തിലും സെക്‌സ് കാണുന്നവരുണ്ട്. ഈ ഫോട്ടോകൾ ഞാനൊരു ഗ്രൂപ്പിലിട്ടിരുന്നു. ഒരാൾ ഈ ഫോട്ടോ വൾഗറാണെന്ന് കാണിച്ച് ഫേസ്‌ബുക്കിന് മെസേജയച്ചു. ഇതേ തുടർന്ന് എന്റെ പേജ് ബാൻ ചെയ്തു. ഫേസ്‌ബുക്ക് ഫോട്ടോകൾ റിമൂവ് ചെയ്തു. ഒടുവിൽ അവരോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് എനിക്ക് എന്റെ പേജും ഫോട്ടോകൾ  പോസ്റ്റ് ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ പോസിറ്റീവും നെഗറ്റീവുമായ കമ്ന്റുകൾ വരുന്നുണ്ട്. എന്ത് തന്നെയായാലും ഞാൻ ഹാപ്പിയാണ്. എന്റെ ഭർത്താവും കുടുംബവും പൂർണ്ണപിന്തുണയുമായി ഒപ്പമുള്ളപ്പോൾ ഞാനെന്തിന് വിഷമിക്കണം. -  ആതിര പറയുന്നു.

ഡൽഹിയിൽ നിന്നാണ് ആതിര ഫോട്ടോഗ്രഫി പഠിച്ചത്. ഇപ്പോൾ വൈക്കത്ത് ഭർത്താവും കുഞ്ഞും കുടുംബവുമായി കഴിയുന്നു. രണ്ട് വർഷമായി ഫോട്ടോഗ്രഫി മേഖലയിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP