Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെറ്റില കർഷകർക്ക് വില്ലനായി അജ്ഞാത രോഗം; വെറ്റിലകൃഷികൾ വ്യാപകമായി നശിക്കുന്നതോടെ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷകർ; വെറ്റില ചുരുണ്ട് പുഴു കയറിയ നിലയിൽ അപൂർവരോഗം; കാലാവസ്ഥാ വ്യതിയാനമാകാമെന്ന് വെറ്റില കർഷകരും; ആനപ്പെട്ട-കൊങ്കൺ മേഖലയിൽ നശിച്ചത് എട്ട് വെറ്റിലതോട്ടങ്ങൾ; പ്രതിസന്ധിയിലായി മധ്യതിരുവിതാം കൂറിലെ വെറ്റില വ്യാപാരികൾ

ജോയി പുനലൂർ

പുനലൂർ:കിഴക്കൻ മലയോര മേഖലയിൽ അജ്ഞാതരോഗം ബാധിച്ച് വെറ്റിലക്കൃഷികൾ വ്യാപകമായി നശിക്കുന്നതു മൂലം കർഷകർ ആശങ്കയിൽ. കൊല്ലം ജില്ലയിലെ തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കലിൽ ആണ് രോഗം വെറ്റിലക്കൊടികളിൽ വ്യാപകമാകുന്നത്. രോഗം ബാധിച്ച് ആനപെട്ട-കോങ്കൽ നെടുംപച്ച മേഖലകളിലെ എട്ട് വെറ്റിലത്തോട്ടങ്ങൾ നശിച്ചു. വെറ്റില ചുരുളുന്നതാണ് രോഗ ലക്ഷണം.വെറ്റില്ലക്ക് അടിയിൽ സൂഷ്മ ജീവികളെയും കാണാം.

രോഗം ഒരുതവണ വന്ന് വെറ്റിലക്കൊടി നശിച്ച സ്ഥലത്ത് വീണ്ടും വെറ്റിലക്കൃഷി ചെയ്യാൻ കഴിയില്ല. ഇവിടെ കൃഷി നടത്തിയാൽ രോഗം വീണ്ടും ഉണ്ടാകും. മറ്റ് വിളകൾ കൃഷിചെയ്ത ശേഷം വർഷങ്ങൾ കഴിഞ്ഞ് മാത്രമേ ഇവിടെ വെറ്റിലക്കൃഷി നടത്താൻ കഴിയൂ എന്ന നിലയിലാണ്. കൂടിയ ആർദ്രതയും മൂടിക്കെട്ടിയ അന്തരീക്ഷവും പകൽസമയത്തെ കൂടിയ ചൂടുമാണ് രോഗത്തിന് കാരണമാകുന്നതെന്ന് പറയപ്പെടുന്നു.കൊട്ടാരക്കര കെ.വി.കെയിൽ വെറ്റില പരിശോധന നടത്തി എങ്കിലും രോഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല എന്നുള്ളതും കർഷകർക്ക് തിരിച്ചടിയായി .വെറ്റില കൃഷി ഇറക്കിയത് നഷ്ടത്തിലായി എന്ന് വെറ്റില കർഷകൻ ജോസ് ഡേവിഡ് പറയുന്നു.

അഞ്ചു മുതൽ ഒരേക്കർ വരെ സ്ഥലത്ത് വെറ്റിലക്കൃഷി ചെയ്യുന്ന നിരവധി കർഷകരാണ് ഈ മേഖലയിലുള്ളത്. ഇവരിൽ ഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം വെറ്റിലക്കൃഷി മാത്രമാണ്. ഒരു കെട്ട് വെറ്റിലയ്ക്ക് സാധാരണനിലയിൽ 20 മുതൽ 70 രൂപ വരെയാണ് വില. സീസണല്ലാത്ത സമയങ്ങളിൽ വില ഇതിലും കൂടും.

വർഷത്തിൽ മുഴുവൻ സമയവും ആഴ്ചയിൽ ഒരു തവണ വിളവെടുപ്പ് നടത്തുന്ന കൃഷിയാണിത്.പുനലൂർ ചന്തയിലാണ് വിപണനത്തിനായി കർഷകർ വെറ്റില എത്തിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് വാങ്ങുന്ന വെറ്റിലക്കച്ചവടക്കാർ തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലേക്കും പാക്കിസ്ഥാൻ, സിങ്കപ്പുർ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നുണ്ട്. തിരൂർ വെറ്റിലപോലെ മധ്യതിരുവിതാംകൂറിലെ വെറ്റിലയും മാർക്കറ്റിൽ ഏറെ പ്രിയമുള്ളതാണ്.

സർക്കാർ സ്ഥാപനമായ ഔഷധിയും മറ്റ് സ്വകാര്യ ഔഷധ നിർമ്മാതാക്കളും താംബൂല രസായന നിർമ്മാണത്തിനും മറ്റ് ഔഷധങ്ങളുടെ നിർമ്മാണത്തിനും ഇവിടെ നിന്ന് വെറ്റില വാങ്ങി ഉപയോഗിക്കുന്നുണ്ട്.മിത്രകുമിൾ നാശിനിയായ സ്യൂഡോമൊണസ് ഫ്‌ളറിസെൻസ് വെറ്റിലക്കൊടികളിൽ തളിച്ചും ട്രൈക്കോ ഡർമ വിറിഡേ ചേർത്ത് വേപ്പിൻപിണ്ണാക്കും ചാണകപ്പൊടിയും പ്രത്യേക അനുപാതത്തിൽ കലർത്തിയ വെറ്റിലക്കൊടികളുടെ ചുവട്ടിലിട്ടും രോഗത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് കർഷകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP