Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവാതിര 'മരിക്കാനൊരുങ്ങുന്നതായി' ശാസ്ത്രലോകം; ഈ നക്ഷത്രം കടന്നുപോകുന്നത് സ്‌ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെയെന്ന് ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് ഗ്വിനൻ; സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തിന്റെ സൂപ്പർനോവ സ്‌ഫോടനം പകൽ സമയത്തും വ്യക്തമായി കാണാനാവും; ചുവപ്പൻ നക്ഷത്രത്തിന്റെ സ്‌ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ

തിരുവാതിര 'മരിക്കാനൊരുങ്ങുന്നതായി' ശാസ്ത്രലോകം; ഈ നക്ഷത്രം കടന്നുപോകുന്നത് സ്‌ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെയെന്ന് ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് ഗ്വിനൻ; സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തിന്റെ സൂപ്പർനോവ സ്‌ഫോടനം പകൽ സമയത്തും വ്യക്തമായി കാണാനാവും; ചുവപ്പൻ നക്ഷത്രത്തിന്റെ സ്‌ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഓറിയോൺ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമായ തിരുവാതിര 'മരിക്കാനൊരുങ്ങുന്നതായി' ശാസ്ത്രലോകം. ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ബീറ്റൽജീസിന്റെ( തിരുവാതിര നക്ഷത്രം) പ്രകാശം മങ്ങിത്തുടങ്ങിയതായാണ് ഗവേഷണസൂചനകൾ വ്യക്തമാക്കുന്നത്. നക്ഷത്രസ്‌ഫോടനമുണ്ടാവുന്ന സൂപ്പർനോവ ഘട്ടത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണ് ബീറ്റൽജീസെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.

കഴിഞ്ഞ മാസങ്ങളിൽ പ്രകാശം കുറഞ്ഞതോടെ ഏറ്റവും വെളിച്ചമേറിയ നക്ഷത്രങ്ങളിൽ 12-ാമതായിരുന്ന ബീറ്റൽജീസ് 20-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഭൂമിയിൽ നിന്ന് 642.5 പ്രകാശ വർഷങ്ങൾക്കപ്പുറമാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുന്ന നക്ഷത്രസ്‌ഫോടനമായിരിക്കും ബീറ്റൽജീസിന്റേത്. വില്ലനോവ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് ഗ്വിനൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബീറ്റൽജീസ് സ്‌ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് വേണം കരുതാൻ. ഏകദേശം 430 ദിവസങ്ങൾ ബീറ്റൽജീസന്റെ സങ്കോച-വികാസത്തിനാവശ്യമെന്നാണ് ഗ്വിനന്റെ കണക്കുകൂട്ടൽ. ഇപ്പോൾ നക്ഷത്രം അതിന്റെ പകുതി കാലഘട്ടം കടന്നിട്ടുണ്ടാവുമെന്നും ഗ്വിനൻ പറയുന്നു. ഫെബ്രുവരി 21 ന് ബീറ്റൽജീസ് പ്രകാശം ഏറ്റവും കുറഞ്ഞ ഘട്ടത്തിലെത്തുമെന്നാണ് ഗ്വിനന്റെ അനുമാനം.

സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള ഈ നക്ഷത്രത്തിന്റെ സൂപ്പർനോവ സ്‌ഫോടനം പകൽ സമയത്ത് പോലും വ്യക്തമായി കാണാനാവും. സൂപ്പർനോവ സ്‌ഫോടനത്തെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും ഇന്റർനെറ്റ് ലോകത്തിൽ സജീവമായിക്കഴിഞ്ഞു. കണക്കുകൂട്ടലുകളിൽ പിഴവില്ലെങ്കിൽ ഈ ചുവപ്പൻ നക്ഷത്രത്തിന്റെ സ്‌ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്നാണ് പറയുന്നത്. .

തിരുവാതിര നക്ഷത്രം പൊട്ടിത്തെറിക്കുന്നതിനെ കുറിച്ച് നേരത്തെ ശാസ്ത്രകാരൻ ബൈജു രാജ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

വേട്ടക്കാരൻ നക്ഷത്രഗണത്തിലെ ഭീമൻ നക്ഷത്രമായ തിരുവാതിര ( Betelgeuse ) കഴിഞ്ഞ രണ്ടാഴ്ചയായി കുറച്ചു മങ്ങി എന്ന് അസ്ട്രോണമി ട്വീറ്റ് ചെയ്തു. ടെലഗ്രാമിലും ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്ന ഈ മങ്ങൽ തിരുവാതിര നക്ഷത്രത്തിന്റെ സൂപ്പർനോവ പൊട്ടിത്തെറിയുടെ ലക്ഷണം ആയിരിക്കുമോ?തിരുവാതിര നക്ഷത്രം 643 പ്രകാശവർഷം ദൂരെ ആണ്. അതുകൊണ്ട് 643 വർഷം മുൻപുള്ള തിരുവാതിരനക്ഷത്രത്തെ ആണ് സ്വാഭാവികമായും നാം ഇപ്പോൾ കാണുന്നത്. തിരുവാതിരയ്ക്കും അടുത്തായി കോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ട്. എന്നിരുന്നാലും തിരുവാതിരയുടെ വലിപ്പവും തിളക്കവും കാരണം നമുക്ക് അതിനെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ നക്ഷത്രമായി കാണാം.

തിരുവാതിരയെ നമ്മുടെ സൂര്യന്റെ സ്ഥാനത്തു വച്ചാൽ അതിന്റെ വലിപ്പം ചൊവ്വയും കടന്നു, വ്യാഴവും കടന്നു ഏതാണ്ട് ശനിയുടെ കുറച്ചു അടുത്തുവരെ എത്തും ! അത്ര വലുതാണ് ! നമ്മുടെ സൂര്യന്റെ ഏതാണ്ട് 12 മുതൽ 20 മടങ്ങുവരെ മാസ്സും ഉണ്ട് ! ഇത്ര മാസ്സ് ഉള്ളതുകാരണം ഇവയുടെ 'ജീവിതകാലം' കുറവായിരിക്കും. തിരുവാതിര പൊട്ടിത്തെറിച്ചാൽ സൂര്യനും, ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തെ ഏറ്റവും പ്രകാശമാനമായ വസ്തു ആയിരിക്കും.

പകൽ പോലും നമുക്ക് അതിനെ കാണുവാൻ സാധിക്കും ! പൊട്ടിത്തെറിച്ചു ഏതാണ്ട് ഒരു വർഷം കൊണ്ടായിരിക്കും അതിന്റെ പ്രകാശം മങ്ങി മങ്ങി കാണാൻ പറ്റാതാവുക. ഈ പൊട്ടിത്തെറി ഉണ്ടായാൽ അതിനടുത്തുള്ള സകലതും അൽപ്പാൽപ്പമായി തെളിഞ്ഞു ഒരു നെബുല ആയി ആയിരക്കണക്കിന് വർഷം ഭൂമിയിൽനിന്നു കാണുവാൻ പാകത്തിന് തെളിഞ്ഞു നിൽക്കും. ഇപ്പോൾ നാം കാണുന്ന ക്രാബ് നെബുല ഇങ്ങനെ ആണ് നാം കാണുന്നത്.

നക്ഷത്രത്തിന്റെ ഭീമമായ ഗ്രാവിറ്റിയിൽ അതിനു അകത്തേക്ക് ചുരുങ്ങുവാനുള്ള ബലം ഉണ്ടാവും. അതുപോലെ നക്ഷത്രത്തിന് അകത്തു നടക്കുന്ന ഫ്യൂഷൻ കാരണം പുറത്തേക്കുള്ള പ്രകാശമർദവും ഉണ്ടാവും. ഇവ രണ്ടും തുല്യവും, എതിരായും നിൽക്കുന്നത് കാരണമാണ് നക്ഷത്രം നമ്മൾ ഈ രൂപത്തിൽ കാണുന്നത്.

നക്ഷത്രത്തിന്റെ ജ്വലനം തുടങ്ങുന്നത് ഹൈഡ്രജൻ കൂടിച്ചേർന്നു ഹീലിയം ആവുമ്പോഴാണ്. പിന്നീട് കൂടുതൽ വലിയ മൂലകങ്ങളും ആവുന്നു. കാർബണും, നിയോണും, സിലിക്കോണും, അവസാനം ഇരുമ്പു വരെ ഫ്യൂഷൻ വഴി ഉണ്ടാവുന്നു. പിന്നീട് ഫ്യൂഷൻ ഉണ്ടാവില്ല. അതിനാൽ നക്ഷത്രത്തിനകത്തെ പുറത്തേക്കുള്ള തള്ളൽ നിൽക്കുകയും അകത്തേക്കുള്ള ഗ്രാവിറ്റി മുൻതൂക്കം നേടുകയും ചെയ്യും.

അങ്ങനെ നക്ഷത്രം അകത്തേക്ക് പെട്ടന്ന് ചുരുങ്ങുകയും, സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.തിരുവാതിര നക്ഷത്രം സൂപ്പർനോവയായി എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. പക്ഷെ അത് എപ്പോൾ എന്ന് ഒരു പിടുത്തവും ഇല്ല. ചിലപ്പോൾ ഇപ്പോൾ.. അല്ലെങ്കിൽ ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു.

ശ്രദ്ധിക്കുക: ഇവിടെ ' ഇപ്പോൾ' പറഞ്ഞത് നാം ഇവിടെനിന്നു കാണുന്ന ഇപ്പോൾ ആണ്. പക്ഷെ അത് 643 വർഷം മുൻപു തിരുവാതിര നക്ഷത്രത്തിൽ കഴിഞ്ഞ കാര്യം ആയിരിക്കും.ഇതുവരെ നമ്മുടെ ഗാലക്്സിയിൽ ഉണ്ടായിട്ടുള്ള ഏതൊരു സൂപ്പർനോവ സ്പോടനത്തെക്കാളും പതിന്മടങ്ങു അടുത്താണ് തിരുവാതിര. എന്നിരുന്നാലും ഭൂമിയിലെ ജീവജാലങ്ങളെ അത് കാര്യമായി ബാധിക്കില്ല എന്നാണ് കണക്കുകൂട്ടുന്നത്. തിരുവാതിര പൊട്ടിത്തെറിച്ചാൽ അതിന്റെ കേന്ദ്രം ഒരു ബ്‌ളാക്‌ഹോൾ ആയി മാറാൻ വളരെയധികം സാധ്യത ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP