Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടികുത്തി വാണ ഗ്രൂപ്പ് പോരിനൊടുവിൽ സുരേന്ദ്രന് നറുക്ക് വീണത് ജനസമ്മതിയുടെ ലേബലിൽ; മന്ത്രി സ്ഥാനം ഉറപ്പിച്ച വി.മുരളീധരൻ പ്രസിഡന്റ് പദവിയും സ്വന്തം ഗ്രൂപ്പിന് ഉറപ്പിച്ചപ്പോൾ ക്ഷീണമാകുന്നത് ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെയും സ്വന്തം ഗ്രൂപ്പിൽ നിന്ന് ഉറപ്പിച്ച പി.കെ.കൃഷ്ണദാസിന് തന്നെ: ഒരിക്കലും തീരാത്ത ഗ്രൂപ്പ് വൈരം കൊടികുത്തി വാഴുന്ന ബിജെപിയിൽ മുരളീധരപക്ഷം വീണ്ടും ജയിക്കുമ്പോൾ

കൊടികുത്തി വാണ ഗ്രൂപ്പ് പോരിനൊടുവിൽ സുരേന്ദ്രന് നറുക്ക് വീണത് ജനസമ്മതിയുടെ ലേബലിൽ; മന്ത്രി സ്ഥാനം ഉറപ്പിച്ച വി.മുരളീധരൻ പ്രസിഡന്റ് പദവിയും സ്വന്തം ഗ്രൂപ്പിന് ഉറപ്പിച്ചപ്പോൾ ക്ഷീണമാകുന്നത് ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെയും സ്വന്തം ഗ്രൂപ്പിൽ നിന്ന് ഉറപ്പിച്ച പി.കെ.കൃഷ്ണദാസിന് തന്നെ: ഒരിക്കലും തീരാത്ത ഗ്രൂപ്പ് വൈരം കൊടികുത്തി വാഴുന്ന ബിജെപിയിൽ മുരളീധരപക്ഷം വീണ്ടും ജയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയിൽ ഗ്രൂപ്പുകളില്ല, കോർഗ്രൂപ്പുമാത്രമേയുള്ളുവെന്നാണ് പാർട്ടി അദ്ധ്യക്ഷ പദവി കിട്ടിയതിന് പിന്നാലെ കെ.സുരേന്ദ്രന്റെ പ്രതികരണം. പാർട്ടിയിലെ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുമെന്ന പ്രഖ്യാപനവും പാർട്ടി അണികളെ ഉത്സുകരാക്കും. എന്നാൽ, ഗ്രൂപ്പുകളില്ല എന്ന വാചകം സുരേന്ദ്രൻ പോലും വിശ്വസിക്കുന്നുണ്ടാവില്ല. പുതിയ അദ്ധ്യക്ഷനെ ചൊല്ലി പാർട്ടിയിൽ ചേരിപ്പോര് തുടങ്ങിയിട്ട് നാളെത്രയായി. ഉദാഹരണത്തിന് പാർട്ടി അദ്ധ്യക്ഷനെ തീരുമാനിക്കാൻ കഴിഞ്ഞ നവംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റി, കോർ കമ്മിറ്റി യോഗങ്ങൾ ചേരിപ്പോരിനെ ചൊല്ലി മാറ്റിവയ്‌ക്കേണ്ടി വന്നത് വാർത്തയായിരുന്നു. പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതിനെ തുടർന്ന് ഒഴിഞ്ഞ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താൻ സാധിക്കാതെ ഉഴലുകയായിരുന്നു പാർട്ടി നേതൃത്വം. പല ഗ്രൂപ്പുകളും പല പേരുകൾ മുന്നോട്ടു വെച്ചതോടെ ബിജെപിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായി. സമവായ ചർച്ചകൾക്കായി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഭാരവാഹി, കോർ കമ്മിറ്റി യോഗങ്ങൾ വിളിച്ചെങ്കിലും ഒരുതരത്തിലുള്ള യോജിപ്പും ഉണ്ടാവില്ലെന്ന് മനസ്സിലായതോടെ മാറ്റി വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ ആർഎസ്എസ നേതൃത്വത്തിന് സന്തോഷിനോടുള്ള എതിർപ്പും ഒരുകാരണമായി എന്ന കാര്യം മറന്നുകൂടാ. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവുമെന്ന് പ്രതീക്ഷിച്ച കുമ്മനം രാജശേഖരനെ അവസാന നിമിഷം ഒഴിവാക്കിയതിൽ ആർ.എസ്.എസിന് നീരസമുണ്ടായിരുന്നു. ഏതായാലും കേന്ദ്ര മന്ത്രി വി.മുരളീധരൻ ഒരുഭാഗത്ത് ശക്തമായി നിലയുറപ്പിച്ചതോടെ, കെ.സുരേന്ദ്രന് നറുക്ക് വീണിരിക്കുകയാണ്. ബി.എൽ സന്തോഷിന്റെ പിന്തുണയും മുരളീധരന്റെ നോമിനിക്കായിരുന്നു.

നേരത്തെ ഗ്രൂപ്പുപോര് രൂക്ഷമായതിനെ തുടർന്ന് നാല് ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റി വച്ചിരുന്നു. എറണാകുളം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനമാണ് മാറ്റിയത്. 11 ജില്ലകളും കൃഷ്ണദാസ്-എം ടി രമേശ് പക്ഷത്തിനാണെന്നാണ് അവകാശവാദം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ അഭിപ്രായവോട്ടെുപ്പിൽ എം ടി രമേശിനും എ എൻ രാധാകൃഷ്ണനുമായിരുന്നു മേൽക്കൈ. മൂന്നാം സ്ഥാനമേ കെ സുരേന്ദ്രന് ലഭിച്ചുള്ളൂ. എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ എന്നിവരെയാണ് കൃഷ്ണദാസ്- ആർഎസ്എസ് പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് . വി മുരളീധരൻ കെ സുരേന്ദ്രന്റെ പേര് മാത്രമാണ് നിർദ്ദേശിച്ചത്.കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ പേരുകൾ ഉയർന്നുവന്നെങ്കിലും ഒടുവിൽ എം ടി രമേശ്, കെ സുരേന്ദ്രൻ എന്ന പേരുകൾ മാത്രമാണ് പരിഗണനയിലുണ്ടായിരുന്നത്.

സുരേന്ദ്രന്റെ ഗ്രാഫ് ഉയർത്തിയത് ശബരിമല സമരം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ പെട്ടെന്ന് മിസോറാം ഗവർണറാക്കിയപ്പോൾ പകരം കെ.സുരേന്ദ്രനായിരുന്നു അമിത്ഷായുടെ മനസിൽ. എന്നാൽ, സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വത്തിന്റെ താൽപര്യക്കുറവ് തടസ്സമായി. ഇടക്കാലത്ത് വി.മുരളീധരനും ആർഎസ്എസിനോട് അകന്നു. ഇതോടെ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയായി മികച്ച പ്രകടനം നടത്തിയ പി.എസ്.ശ്രീധരൻ പിള്ളയെ പ്രസിഡന്റാക്കി. എന്നാൽ, ശബരിമല സമരം അടക്കം കൈയിൽ വന്നിട്ടും ശ്രീധരൻ പിള്ളയ്ക്ക് വേണ്ടത്ര ശോഭിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയാവുകയും ചെയ്തു.

ശബരിമല യുവതീപ്രവേശനത്തിന് എതിരായ സമരവും ഇടതു സർക്കാർ ജയിലിൽ അടച്ചതുമെല്ലാം സുരേന്ദ്രന്റെ ഗ്രാഫുയർത്തി. 22 ദിവസമാണ് അദ്ദേഹം ജയിലിൽ കിടന്നത്. ഇത് ഒരു വിഭാഗം വിശ്വാസികളിൽ വലിയ സ്വാധീനമുണ്ടാക്കി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംത്തിട്ട മണ്ഡലത്തിൽ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രൻ തന്നെ മാറ്റിനിർത്താനാവില്ലെന്ന് തെളിയിച്ചു. ഇതോടെ, ആർഎസ്എസിനും സുരേന്ദ്രനോടുള്ള അനിഷ്ടം കുറഞ്ഞു.
വി. മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ ഗ്രൂപ്പിന്റെ കേരളത്തിലെ പ്രധാന നേതാവായി മാറിയ സുരേന്ദ്രൻ ആർഎസ്എസ്സിനോട് അടുക്കാൻ ശ്രമിച്ചു. അല്ലെങ്കിൽ പിണക്കാതിരിക്കാൻ ശ്രമിച്ചു. മെഡിക്കൽ കോഴ വിവാദത്തിൽ കേരളത്തിലെ ബിജെപി ഒന്നടങ്കം എം ടി. രമേശ് നിരപരാധിയാണ് എന്ന വാദത്തിലുറച്ചാണ് നിന്നെങ്കിലും പാർലമെന്റിൽ ഈ വിഷയം ഉയർന്നുവന്നത് രമേശിന്റെ ഇമേജിന് മങ്ങലേൽപ്പിച്ചു. ഇതും സുരേന്ദ്രനെ തുണച്ചു.

ഏതായാലും എം ടി.രമേശിനെയും ഗ്രൂപ്പുകളിൽ ഒന്നും പെടാത്ത ശോഭ സുരേന്ദ്രനെയും മാറ്റി നിർത്തി കെ.സുരേന്ദ്രനെ പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുകയാണ് അമിത് ഷായും കൂട്ടരും. പത്തുവർഷം തുടർച്ചയായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ സുരേന്ദ്രനെ തേടി പുതിയ ദൗത്യമെത്തുമ്പോൾ വലിയ വെല്ലുവിളിയും ഗ്രൂപ്പുപോരിന്റെ മുറിവുണക്കലാണ്. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെയും തങ്ങളുടെ ഗ്രൂപ്പിൽ നിന്ന് ഉറപ്പിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രന്റെ വരവിനെ ഏതുരീതിയിൽ എടുക്കുമെന്നതും കണ്ടറിയണം. ഏതായാലും രണ്ടുതവണ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടമായ അദ്ധ്യക്ഷ പദവി തന്നെ തേടിയെത്തിയപ്പോൾ പാർട്ടിയിൽ ഗ്രൂപ്പുകളില്ല, കോർഗ്രൂപ്പേയുള്ളു എന്ന പരാമർശത്തിലൂടെ സുരേന്ദ്രൻ അനുരഞ്ജനത്തിന്റെ ആദ്യകൈ നീട്ടിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP