Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം കാറോടിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിൽ; മദ്യത്തിന്റെ അളവു കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് മനഃപൂർവ്വം വൈകിപ്പിച്ചു; വഫയ്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത് മദ്യപിച്ചെന്നു മനസിലാക്കിയിട്ടും കാർ ശ്രീറാമിനു കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിന്; കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ബോധപൂർവം തെളിവു നശിപ്പിക്കാൻ ശ്രമിച്ചതായി കുറ്റപത്രം

ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം കാറോടിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിൽ; മദ്യത്തിന്റെ അളവു കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് മനഃപൂർവ്വം വൈകിപ്പിച്ചു; വഫയ്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത് മദ്യപിച്ചെന്നു മനസിലാക്കിയിട്ടും കാർ ശ്രീറാമിനു കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിന്; കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ബോധപൂർവം തെളിവു നശിപ്പിക്കാൻ ശ്രമിച്ചതായി കുറ്റപത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടം സംഭവിക്കുമ്പോൾ മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്‌സ് വാഗൺ വെന്റോ കാർ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലെന്ന് കുറ്റപത്രം. സംഭവം നടന്ന സമയം മുതൽ കുറ്റങ്ങൾ മറച്ചു വെക്കാനും തെളിവുകൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമൻ നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ശ്രീറാമിനോട് രക്തം പരിശോധനയ്ക്കായി എടുക്കുന്ന കാര്യം നഴ്‌സ് സൂചിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. ഇക്കാര്യം നഴ്‌സ് കേസ് ഷീറ്റിൽ രേഖപ്പെടുത്തി. രക്തത്തിലെ മദ്യത്തിന്റെ അളവു കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് മനഃപൂർവ്വം വൈകിപ്പിച്ചു തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ചെന്നു മനസിലാക്കിയിട്ടും കാർ ശ്രീറാമിനു കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിനാണ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫയ്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്.

അമിത വേഗതയിലെത്തിയ കാർ ബഷീറിന്റെ മോട്ടർ ബൈക്കിനെ ഇടിച്ചതിനുശേഷം 24.5 മീറ്റർ വലിച്ചിഴച്ചാണ് പബ്ലിക് ഓഫിസിന്റെ മതിലിൽ പോയി ഇടിച്ചു നിന്നത്. കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും കാർ അമിതവേഗത്തിലായിരുന്നെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഉറപ്പിച്ചത്. അമിത വേഗത്തിലുള്ള വാഹനം പെട്ടെന്ന് അപകടത്തിൽ പെടുമ്പോൾ വാഹനത്തിന്റെ ഡ്രൈവർക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരുക്കുകളാണു ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്നു മെഡിക്കൽ കോളജിൽ ശ്രീറാമിനെ ചികിത്സിച്ച ന്യൂറോളജി വിഭാഗം മേധാവി ചൂണ്ടിക്കാട്ടിയ കാര്യവും കുറ്റപത്രത്തിൽ പറയുന്നു.

അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നു മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനയ്ക്കു പുറമേ ബഷീറിന്റെ പോസ്റ്റ്‌മോർട്ടം പരിശോധനയുടെ ഫലവും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണു ഫൊറൻസിക് സംഘം ഈ നിഗമനത്തിലെത്തിയത്. അപകടസമയത്ത് കാർ നൂറിലേറെ കിലോമീറ്റർ വേഗത്തിലാണു സഞ്ചരിച്ചിരുന്നതെന്ന് മോട്ടർ വാഹന വിഭാഗവും റിപ്പോർട്ടു നൽകി. വെള്ളയമ്പലത്തുനിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും വാഹനം അമിതവേഗത്തിലായിരുന്നു എന്നു തെളിഞ്ഞു. കാറിന്റെ ബമ്പറിനും റേഡിയേറ്ററിനും ഇടയിൽ ഇംപാക്ട് ബീം ഫിറ്റ് ചെയ്തിട്ടുള്ളതിനാലാണ് ഇടിയുടെ ആഘാതമേൽക്കാതെ ശ്രീറാമും വഫയും രക്ഷപ്പെട്ടതെന്നു കാർ ഷോറൂമിലെ അസി. മാനേജർ നൽകിയ മൊഴിയിൽ പറയുന്നു.

കാർ അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായും അപകടത്തിനു സാക്ഷിയായിരുന്നവർ മൊഴി നൽകി. കാര്യമായ പരുക്കൊന്നുമില്ലാതിരുന്നിട്ടും തുടർചികിത്സക്കായി ജനറൽ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യണമെന്നു ശ്രീറാം ആവശ്യപ്പെട്ടു. പരിശോധനയിൽ ശ്രീറാമിനു മദ്യത്തിന്റെ മണം ഉണ്ടെന്നു ജനറൽ ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പൊലീസ് ക്രൈം എസ്ഐ മൊഴി നൽകിയ കാര്യവും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP