Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർമ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ ചെളിയിൽ കാളക്ക് പിറകെ നൂറുമീറ്റർ ഓടിയത് ലോക റെക്കോർഡായ 9.55 സെക്കന്റിൽ; കർണാടകയിലെ പരമ്പരാഗത കാളപ്പൂട്ട് മത്സരമായ കമ്പാലയിൽ കണ്ടത് അത്യപുർവ പ്രതിഭയെ; ലോക റെക്കാർഡിനേക്കാൾ ഉയരത്തിൽ ചാടാൻ കഴിയുന്ന കളരി അഭ്യാസികളും തുഴച്ചിലുകാരും അമ്പയ്ത്തുകാരും ഒക്കെ ഉണ്ടായിട്ടും ഇന്ത്യ സ്പോർടസിൽ വട്ടപൂജ്യമാകുന്നത് എന്തുകൊണ്ട്; ഉസൈൻ ബോൾട്ടിനേക്കാൾ 'വേഗത്തിൽ' ഓടാൻ കഴിയുന്ന ഇന്ത്യാക്കാരൻ രാജ്യത്തിന്റെ അഭിമാനമാവുമോ?

നിർമ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ ചെളിയിൽ കാളക്ക് പിറകെ നൂറുമീറ്റർ ഓടിയത് ലോക റെക്കോർഡായ 9.55 സെക്കന്റിൽ; കർണാടകയിലെ പരമ്പരാഗത കാളപ്പൂട്ട് മത്സരമായ കമ്പാലയിൽ കണ്ടത് അത്യപുർവ പ്രതിഭയെ; ലോക റെക്കാർഡിനേക്കാൾ ഉയരത്തിൽ ചാടാൻ കഴിയുന്ന കളരി അഭ്യാസികളും തുഴച്ചിലുകാരും അമ്പയ്ത്തുകാരും ഒക്കെ ഉണ്ടായിട്ടും ഇന്ത്യ സ്പോർടസിൽ വട്ടപൂജ്യമാകുന്നത് എന്തുകൊണ്ട്; ഉസൈൻ ബോൾട്ടിനേക്കാൾ 'വേഗത്തിൽ' ഓടാൻ കഴിയുന്ന ഇന്ത്യാക്കാരൻ രാജ്യത്തിന്റെ അഭിമാനമാവുമോ?

എം മാധവദാസ്

ബംഗലൂരു: ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ഇന്ത്യാക്കാരൻ! കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ എന്ന 28കാരനാണ് ഈ ബഹുമതിയുമാല സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. 100 മീറ്റർ വെറും 9.55 സെക്കന്റിൽ ശ്രീനിവാസ ഗൗഡ ഓടിയെത്തിയത്. അതും ചെളിയിലൂടെ കാളയോടൊപ്പം. ലോക മാധ്യമമായ ബിബിസിപോലും റിപ്പോർട്ട് ചെയ്തതോടെ, കഴിവുണ്ടായിട്ടും ഇന്ത്യയിൽ എന്തൂകൊണ്ട് ഓട്ടക്കാർ ഉയർന്നുവരുന്നില്ല എന്ന ചോദ്യമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്.

സ്‌കില്ലുകൾ ഉള്ള പതിനായിരക്കണക്കിന് ആളുകൾ ഇന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ടായിട്ടും അവരെയൊന്നും എന്തുകൊണ്ട് അധികൃതർക്ക് കണ്ടെത്താനാവുന്നില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 130 കോടി ജനങ്ങളുന്ന ഒരു രാജ്യം അത്ലറ്റിക്സിൽ ഒരു ഓട്ടുമെഡൽപോലും കിട്ടാതെ അപമാനിതരായി മടുങ്ങുന്നത് ഒളിമ്പിക്സിലൊക്കെ കാണുന്ന പതിവ് കാഴ്്ചയാണ്. ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ആളുകൾ നമ്മുടെ ഗ്രാമങ്ങളിൽപോലും ഉള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് ഓർക്കണം. ശ്രീനിവാസ ഗൗഡയെ പരിശീലനത്തിന് അയക്കണമെന്നും, ഇനിയും സമയം വൈകിയിട്ടുമില്ലെന്നുമുള്ള മുറവിളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉയരുന്നത്.

കർണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പാല എന്ന് വിളിക്കുന്ന കാളപൂട്ട് മത്സരത്തിലാണ് ശ്രീനിവാസ ഗൗഡ മിന്നും പ്രകടനം കാഴ്ചവെച്ചത്. മൊത്തം 142.5 മീറ്റർ 13.62 സെക്കന്റിനുള്ളിൽ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. കമ്പാലയുടെ പ്രധാന കേന്ദ്രമായ ദക്ഷിണകന്നഡയിലെ ഉഡുപ്പിയിലായിരുന്നു ഗൗഡയുടെ മത്സരം.12 കമ്പാലകളിൽ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകൾ നേടിയെന്ന് റഫറിയായ വിജയകുമാർ കംഗിനാമനെ പറയുന്നു. നിർമ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വർഷമായി കമ്പാല മത്സരത്തിൽ സജീവമാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന താരമായി ഇദ്ദേഹം വളർന്നു. ഒരു മത്സരത്തിൽ വിജയിച്ചാൽ 1-2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. 2009ലാണ് ഉസൈൻ ബോൾട്ട് റെക്കോഡ് സ്ഥാപിച്ചത്. ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ 9.58 സെക്കന്റ് കൊണ്ട് ഓടി തീർത്താണ് ബോൾട്ട് റെക്കോർഡ് സ്ഥാപിച്ചത്. അതേസമയം, ശ്രീനിവാസ് ഗൗഡയുടെ വേഗം കാളകളുടെ സഹായത്തോടെയായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം.

ശ്രീനിവാസ ഗൗഡയെപ്പോയുള്ളവർക്ക് കൃത്യമായ പരിശീലനവും മത്സര പരിചയവും നൽകിയാൽ ലോക റെക്കോഡ് സ്ഥാപിക്കുന്ന ഓട്ടക്കാർ ഇന്ത്യക്കുണ്ടാകുമെന്ന് നിരവധി കോണുകളിൽ നിന്ന് അഭിപ്രായമുയർന്നു.

കമ്പാലകളിൽ പൊടിയുന്നത് ലക്ഷങ്ങൾ

പ്രാദേശിക ഭാഷയായ തുളുവിൽ 'നെല്ല് വളരുന്ന ചെളി വയൽ' എന്നാണ് കമ്പാല എന്ന വാക്കിന്റെ അർഥം. കർണാടകയിലെ ഒരു പരമ്പരാഗത കായിക വിനോദമാണിത്. തമിഴ്‌നാട്ടിലെ ജല്ലിക്കട്ടുപോലെ തന്നെ. ലക്ഷങ്ങളാണ് ഇതിൽ വാതുവെപ്പും മറ്റുമായി പൊടിയുന്നത്. അക്രമങ്ങളും കത്തിക്കുത്തുമൊക്കെ ഇതിന്റെ ഭാഗമായി ഇടക്കിടെ ഉണ്ടാവാറുമുണ്ട്. പ്രത്യേകരീതിയിൽ വളർത്തുന്ന കാളകൾക്കും എരുമകൾക്കും ലക്ഷങ്ങൾ വിലയുമുണ്ട്. വ്യാപകമായി കമസമാധാന പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും നാട്ടുകാരുടെ ജനകീയ ഉൽസവം തന്നെയാണ് കമ്പാല. രണ്ട് എരുമകളേയോ കാളകളേയോ ഒന്നിച്ച് ചേർത്ത് 132 മീറ്റർ അല്ലെങ്കിൽ 142 മീറ്റർ വരുന്ന വയലിലെ ചളിയിലുടെ ഓടിക്കയാണ് ഈ മൽസരത്തിൽ സാധാരണ ചെയ്യുന്നത്. ഇങ്ങനെ പിറകിൽ കാളകളെയും തെളിച്ച് ഓടിയ ഗൗഡയാണ് ഇപ്പോൾ താരമായത്. നേരത്തെ അന്താരാഷ്ട്ര മൃഗസംരക്ഷണ ഗ്രൂപ്പുകളിൽ നിന്ന് ശക്തമായ വിമർശനം കമ്പാലകൾക്കെതിരെ ഉയർന്നിരുന്നു. മൃഗ പീഡനമാണ് പ്രധാനമായും പരാതിക്ക് ഇടയാക്കിയത്. വേഗത്തിൽ ഓടനായി കാളകളുടെ പൃഷ്ഠത്തിൽ മുളകരച്ച് തേക്കുന്നതും ക്രൂരമായി മർദിക്കുന്നതും അടക്കമുള്ള സംഭവങ്ങളുടെ വീഡിയോയും മൃഗസ്നേഹികൾ ഉയർത്തിക്കാട്ടിയിരുന്നു.

2014 ൽ ഇന്ത്യയിലെ സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ചത് ഇവിടെയും ബാധിച്ചു. കമ്പാല നിർത്തിവെക്കാൻ കർണാടക സംസ്ഥാന കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്പോൾ ക്രൂരതകൾ എല്ലാം ഒഴിവാക്കി പരമാവധി മൃഗ സൗഹാർപരമായാണ് കമ്പാല നടക്കുന്നതെന്നാണ് സംഘാടകർ പറയുന്ന്. എരുമയെ അനാവശ്യമായി മൃഗത്തെ ഉപദ്രവിക്കാതെ മാനുഷികമായ രീതിയിൽ കൈകാര്യം ചെയ്യാമെന്ന് ഇപ്പോൾ തെളിക്കാരെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ഇപ്പോഴത്തെ താരം ഗൗഡ അടക്കമുള്ളവർ ഈ കോഴ്സിൽ പങ്കെടുത്തവർ ആണ്. 2018 ൽ സംസ്ഥാനം കമ്പാല മൽസരങ്ങളെ വീണ്ടും പങ്കെടുക്കാൻ കോടതി നുവദിച്ചുവെങ്കിലും നിരവധി നിബന്ധനകൾ പുറപ്പെടുവിച്ചു. ചാട്ടവാറടി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ അങ്ങനെയാണ് വന്നത്. പക്ഷേ കമ്പാലയെ ഇപ്പോഴും ഭീഷണിയിലാണ്. നിയമവിരുദ്ധമാണെന്ന് വാദിച്ച് അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനകൾ സുപ്രീം കോടതിയിൽ ഒരു ഹർജി നൽകിയിട്ടുണ്ട്. അതായത് കമ്പാല നിരോധനം അടഞ്ഞ അധ്യായമല്ലെന്ന് ചുരുക്കം.

പരിസ്ഥിതി സംഘടനകളും മനുഷ്യവകാശ സംഘടനകളുമൊക്കെ എപ്പോഴും വിമർശിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് കമ്പാലയെക്കൊണ്ട് ഒരു ഗുണം ഉണ്ടായതെന്ന് സാമൂഹിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കഴിവുണ്ട്; ഇനി വേണ്ടത് പരിശീലനം

അതേസമയം അടിസ്ഥാനപരമായി സ്‌കിൽ ഉണ്ട്് എന്നതിന്റെ തെളിവാണ് ഇതെന്നും ഇദ്ദേഹത്തെ നന്നായി പരിശീലിപ്പിച്ച് എടുത്താൽ മികച്ച ഓട്ടക്കാരനാക്കി മാറ്റാൻ കഴിയുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ചെറുപ്പത്തിലെ ശ്രീനിവാസ ഗൗഡയുടെ ഓട്ടത്തിലുള്ള കഴിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ മറ്റൊരു ഉസൈൻ ബോൾട്ടിനെ നമുക്ക് സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രശസ്ത കോച്ച് ബ്രഹ്മാനന്ദ ഭാസ്‌ക്കർ കന്നഡയിലെ ചാനലുകൾക്ക് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി. ചെറുപ്പത്തിലേ ടാലന്റുകൾ കണ്ടെത്തുന്നതിൽ നാം പരാജയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യക്കാരുടെ സഹജമായ ഇൻഹിബിഷൻ പ്രശ്നം കൗൺസിലിങിലൂടെയും പരിശീലനത്തിലൂടെയും പരിഹരിച്ചാൽ, ഇദ്ദേഹം രാജ്യത്തിന് ഒരു മുതൽക്കൂട്ടാവുമെന്നാണ് മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ ബഞ്ചമിൻ പീറ്റർ എഴുതിയത്.

അതയാത് ശ്രീനിവാസ ഗൗഡക്ക് ബോൾട്ടിനെക്കോൾ വേഗത്തിൽ ഓടാൻ കഴിയണമെങ്കിൽ മുന്നിൽ ഒരു കാളയും ചെളിയും വേണം. സ്്റ്റേഡിയവും ആൾക്കൂട്ടവും കണ്ടാൽ അയാൾ ചിലപ്പോൾ സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന സാധാരണക്കാരനായി മാറും. അതിന് ചിട്ടയായ പരിശീലനം കൊടുക്കണം. മറ്റൊന്ന് വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടതാണ്. കാളപൂട്ടിലും ജല്ലിക്കട്ടിലും മുന്നോടിയായി നടക്കുന്ന പൂജകളും മറ്റും, മൽസരാർഥിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഇതുമായി ഒന്നും യാതൊരു ബന്ധവുമില്ലാത്ത തീർത്തും ഒരു സ്പോർട്സ് ഇനത്തിലേക്ക് ഇയാളെ പറിച്ചു നടുമ്പോൾ അതേ റിസൾട്ട് പ്രതീക്ഷക്കാൻ കഴിയില്ല. പക്ഷേ ചിട്ടയായ പരിശീലനത്തിലുടെ ഒന്ന് ശ്രമിച്ചുനോക്കാമെന്നും ഡോ ബഞ്ചമിൻ ചൂണ്ടിക്കാട്ടുന്നു.

ഇത് അടിസ്ഥാനപരമായ 'ഇന്ത്യൻ മൂന്നാലോക പ്രശ്നം' എന്നാണ് ഡോ ബഞ്ചമിൻ അടിവരയിടുന്നത്. മൂന്നാംലോക കോംപ്ലക്സ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. അതായത് നമുക്ക് ലോക റെക്കാർഡിനേക്കാൾ ഉയരത്തിൽ ചാടാൻ കഴിയുന്ന കളരി അഭ്യാസികൾ ഉണ്ട്. പക്ഷേ അത് ഒരു സ്പോർട്സ് ഇവന്റാക്കി ചെയ്യാന അവർക്ക് കഴിയില്ല. ലോകത്തിൽ ഏറ്റവും വേഗതയിൽ വഞ്ചിതുഴയാൻ കഴിയുന്നവരും അമ്പ എയ്യാൻ കഴിയുന്നവരും ഇന്ത്യയിൽ ആയിരിക്കും. പക്ഷേ അവരെയൊന്നും കണ്ടെത്താനും ഒരു കായിക ഇനത്തിലേക്ക് വികസിപ്പിക്കാനും രാജ്യത്തിന് കഴിയുന്നില്ല. പാരമ്പര്യം വിശ്വാസം തുടങ്ങിയ പല ഘടകങ്ങളിൽപ്പെട്ട് ആധുനികതയോടെ പുറം തിരിഞ്ഞു നിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ ഇനിയും വെളിച്ചം എത്തിയിട്ടില്ലെന്നും ഡോ ബഞ്ചമിൻ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ മറ്റുപല പ്രമുഖരും ചൂണ്ടിക്കാട്ടുന്ന കാര്യം, ഏത് കാര്യത്തിനും ഏറ്റവും അടിസ്ഥാനപരമായി വേണ്ട സ്‌കിൽ എന്ന ഗുണത്തെക്കുറിച്ച് തന്നെയാണ്. ചെളിയിൽ നഗ്നപാദനായി ഈ രീതിയിൽ 'പറക്കാൻ' ഒരാൾക്ക് കഴിയുന്നെങ്കിൽ അയാളുടെ യഥാർഥ കഴിവ് എന്തായിരിക്കും. ചിട്ടയായ പരിശീലനം കിട്ടിയിരുന്നെങ്കിൽ അദ്ദേഹം ലോകത്തിന് ഒരു മുതൽക്കൂട്ട് ആവില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ അടക്കമുള്ള യുവജനങ്ങൾ ചോദിക്കുന്നത്. എന്തായാലും ശ്രീനിവാസ ഗൗഡയെ ഓട്ട പരിശീലനത്തിന് അയക്കണം എന്നാണ് നവമാധ്യമങ്ങളിൽ മുറവിളി ഉയരുന്നത്. പക്ഷേ കർണ്ണാടക സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഈ വിവാദങ്ങൾ എല്ലാം നടക്കുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്, കാള താരമാക്കിയ ശ്രീനിവാസ ഗൗഡ. കാളപ്പൂട്ടല്ലാതെ ഓട്ടവും ചാട്ടവും ഒന്നും തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP