Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗർഭിണിയെന്ന വ്യാജേനെ വെള്ളവും ഭക്ഷണവും ചോദിച്ചു ക്ഷീണം അഭിനയിച്ചു വീട്ടിലെത്തും; ഉന്നം വെക്കുന്നത് പുരുഷന്മാർ ജോലിക്കു പോകുന്ന വീടുകൾ കണ്ടെത്തി പകൽ സ്ത്രീകൾ മാത്രമുള്ള വീടുകളെ; ഒപ്പമുള്ളത് സ്വന്തം കുട്ടികളും ആകില്ല; കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘങ്ങൾ വെറും വാട്‌സ് ആപ്പ് കഥ മാത്രമല്ല; തൊടുപുഴയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ആന്ധ്ര സ്വദേശിനി; ഗ്രാമീണ മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന നാടോടി സംഘങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ്

ഗർഭിണിയെന്ന വ്യാജേനെ വെള്ളവും ഭക്ഷണവും ചോദിച്ചു ക്ഷീണം അഭിനയിച്ചു വീട്ടിലെത്തും; ഉന്നം വെക്കുന്നത് പുരുഷന്മാർ ജോലിക്കു പോകുന്ന വീടുകൾ കണ്ടെത്തി പകൽ സ്ത്രീകൾ മാത്രമുള്ള വീടുകളെ; ഒപ്പമുള്ളത് സ്വന്തം കുട്ടികളും ആകില്ല; കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘങ്ങൾ വെറും വാട്‌സ് ആപ്പ് കഥ മാത്രമല്ല; തൊടുപുഴയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ആന്ധ്ര സ്വദേശിനി; ഗ്രാമീണ മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന നാടോടി സംഘങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും കവർച്ച നടത്തുകയും ചെയ്യുന്ന നാടോടി സംഘങ്ങൾ കേരളത്തിൽ വീണ്ടും തട്ടിപ്പിനായി സജീവമായി രംഗത്തിറങ്ങുന്നു. ഗർഭിണികളെന്ന വ്യാജേന എത്തിയാണ് ഇവർ കവർച്ചയും മറ്റും നടത്തുന്നത്. ഇത്തരം സംഘങ്ങൾ നാട്ടിൽ അങ്ങോളമിങ്ങോളം ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകുമെങ്കിലും ഇവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. തൊടുപുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ആന്ധ്ര ചിറ്റൂർ കോട്ടൂർ ഗ്രാമവാസി ഷമീം ബീവി (സുമയ്യ60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവർ നൽകിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളിൽ നിർത്തിയതിനു ശേഷം പൗഡർ എടുക്കാൻ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടിൽക്കയറിയത്. തിരിച്ചു വന്നപ്പോൾ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളിൽ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്.

മുത്തശ്ശിയും ബഹളം വച്ച് പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിർത്തി. പോർച്ചിൽ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളഞ്ഞെന്ന് പറയുന്നു. നാട്ടുകാർ ചേർന്ന് രണ്ടു കിലോമീറ്റർ അകലെ ഇടവെട്ടി ഭാഗത്ത് മറ്റൊരു വീട്ടിൽ നിന്നാണ് ഷമീം ബീവിയെ കണ്ടെത്തിയത്. അവിടെ സഹായം ചോദിച്ച് എത്തിയതായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി പൊലീസിൽ അറിയിച്ചു. തൊടുപുഴ സിഐ സജീവ് ചെറിയാൻ, എസ്‌ഐ എംപി.സാഗർ, വനിത സെൽ എസ്‌ഐ സീന എന്നിവരുടെ നേതൃത്വത്തിൽ ഷമീം ബീവിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ഇവർ കരിങ്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നു മൊബൈൽ ഫോണും കുറച്ച് പണവും കണ്ടെത്തി. ബോണറ്റിലേക്കു വീണതിനാൽ കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു. കാര്യമായ പരുക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇപ്പോൾ പൊലീസ് പരിശോധന ടൗണുകളിൽ കാര്യമായതിനാൽ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് നാടോടി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലോ റേഞ്ചിലും, ഹൈറേഞ്ചിലും നാടോടി സംഘങ്ങളുടെ വൻ സാന്നിധ്യമുണ്ട്. നാടോടി സംഘങ്ങളെക്കുറിച്ച് ജില്ലയിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. സമീപ കാലത്തായി ജില്ലയിലെ ഗ്രാമീണ മേഖലകളിലടക്കം ആന്ധ്രാ, തമിഴ്‌നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്നു വൻ തോതിലാണ് നാടോടി സംഘങ്ങൾ ജില്ലയിൽ തമ്പടിച്ചിരിക്കുന്നത്. ഓരോ സീസണുകളിലും ആക്രി സാധനങ്ങൾ പെറുക്കുന്നതിനും കരകൗശല വിൽപന, വീടുകളിൽ നിന്നും തുണി ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനുമാണ് നാടോടി സംഘം എത്തുന്നത്. ഇതിന്റെ മറവിൽ, വീടുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളടക്കം കടത്താൻ ശ്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ജില്ലയിൽ നാടോടി സംഘങ്ങൾ ഏറ്റവുമധികം തട്ടിപ്പിനിറങ്ങുന്നത് ഗർഭിണിയെന്ന വ്യാജേനയാണ്. പല വീടുകളിലും ക്ഷീണം അഭിനയിച്ച് എത്തും. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകും. ഇതിനു പുറമേ ഭക്ഷണവും നൽകും. ഇത്തരം മുതലെടുപ്പിനാണു ഗർഭിണിയുടെ വേഷം. പുരുഷന്മാർ ജോലിക്കു പോകുന്ന വീടുകൾ കണ്ടെത്തി പകൽ സ്ത്രീകൾ മാത്രം ഉള്ള വീടുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. സംസ്ഥാനത്തു നാടോടി സംഘങ്ങളിൽ നിന്നും കണ്ടെത്തിയ കുട്ടികളിൽ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളിൽ കടത്തിക്കൊണ്ട് വന്നതാണ്. ഇത്തരം സംഭവങ്ങളിൽ കുട്ടികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കുട്ടികളെ കൂടുതലായും ഭിക്ഷാടനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിച്ചതോടെ ഒന്നിലധികം കുട്ടികളുമായി നാടോടി സ്ത്രീകൾ വീടുകൾ കയറി ഇറങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളും വ്യാപകമാണ്.

ടൗൺ മേഖലകളിൽ പൊലീസ് പരിശോധന വ്യാപകമായതോടെ ഗ്രാമീണ മേഖലകളിലാണ് നാടോടി സംഘം തമ്പടിച്ചിരിക്കുന്നത്. ഹൈറേഞ്ച് മേഖലയിൽ പുലർച്ചെ തമിഴ്‌നാട്ടിൽ നിന്നും നാടോടികൾ എത്തും. വൈകിട്ട് തിരികെ മടങ്ങും. കമ്പം കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. നാടോടി സംഘങ്ങളെ കുറിച്ചു സംശയം തോന്നിയാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ കൈമാറാം. കൺട്രോൾ റൂമിലും (100) വിവരം അറിയിക്കാം.

പകലും, രാത്രിയിലും അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുകയും പൂട്ടിയെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുകയും ചെയ്യണം. വാതിലിന്റെ പിന്നിൽ ഇരുമ്പിന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജനൽ പാളികൾ രാത്രി അടച്ചിടുക, വീടിനു പുറത്തും അടുക്കള ഭാഗത്തും മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പൊലീസ് മുന്നോട്ടു വെക്കുന്നുണ്ട്.

കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ, ഗോവണി എന്നിവ വീടിനു പുറത്ത് സൂക്ഷിക്കരുതെന്നതും മറ്റൊരു സുപ്രധാന നിർദ്ദേശമാണ്. രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്, രാത്രികാലത്തുകൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽവാസികളെ വിവരം അറിയിക്കുകയും വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക, കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കാനും പൊലീസ് നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP