Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്നലെ 37 ഡിഗ്രി കടന്നു; ഏതാനും ദിവസം കൂടി ചൂടു തുടരുമ്പോൾ വേനൽ മഴയ്ക്കുള്ള സാധ്യത അടുത്തൊന്നുമില്ല; ചൂട് കുത്തനെ ഉയർന്നതോടെ തരിശ് നിലങ്ങളും തോട്ടങ്ങളും തീ പിടുത്ത ഭീഷണിയിൽ; ജലസേചന സൗകര്യം കുറവുള്ള പാടശേഖരങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങി; നാലു ജില്ലകൾ ചുട്ടുപൊള്ളുമ്പോൾ പൂജ്യം ഡിഗ്രി താപനിലയിൽ തണുത്തുറഞ്ഞ് മൂന്നാർ

ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്നലെ 37 ഡിഗ്രി കടന്നു; ഏതാനും ദിവസം കൂടി ചൂടു തുടരുമ്പോൾ വേനൽ മഴയ്ക്കുള്ള സാധ്യത അടുത്തൊന്നുമില്ല; ചൂട് കുത്തനെ ഉയർന്നതോടെ തരിശ് നിലങ്ങളും തോട്ടങ്ങളും തീ പിടുത്ത ഭീഷണിയിൽ; ജലസേചന സൗകര്യം കുറവുള്ള പാടശേഖരങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങി; നാലു ജില്ലകൾ ചുട്ടുപൊള്ളുമ്പോൾ പൂജ്യം ഡിഗ്രി താപനിലയിൽ തണുത്തുറഞ്ഞ് മൂന്നാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നുx കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ചൂടു കൂടും. ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. കാലാവസ്ഥാ കേന്ദ്രത്തിന്റെ രേഖകൾ പ്രകാരം ഇന്നലെ ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൂട് 37 ഡിഗ്രി കടന്നു. ഏതാനും ദിവസം കൂടി ചൂടു തുടരുമെന്നാണു പ്രവചനം. വേനൽ മഴയ്ക്കുള്ള സാധ്യത അടുത്തൊന്നുമില്ല.

അതേസമയം ചൂട് കുത്തനെ ഉയർന്നതോടെ തരിശ് നിലങ്ങളും തോട്ടങ്ങളും തീ പിടുത്ത ഭീഷണിയിലാണ്. പലയിടങ്ങളിലും ചൂട് മുപ്പത്തിയേഴ് ഡിഗ്രി പിന്നിട്ടതോടെ വെയിലത്ത് ജോലിക്കിറങ്ങിയ തൊഴിലാളികളാണ് ഏറെ വലഞ്ഞത്. ജലസേചന സൗകര്യം കുറവുള്ള പാടശേഖരങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങി. കഴിഞ്ഞ നാല് ദിവസമായി മുപ്പത്തിയേഴ് ഡിഗ്രിയായിരുന്ന ചൂട് ജില്ലയിൽ പലയിടങ്ങളിലും വീണ്ടും ചൂട് ഉയർന്നു. രാവിലെ 11 മുതൽ മൂന്നു വരെ വെയിലത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം ഉണ്ടായിട്ടും തൊഴിലാളികൾ ഇത് അവഗണിച്ച് ജോലിക്കെത്തി. കുടകൾ ചൂടിയും, ഇടക്കിടെ വെള്ളത്തിൽ ഇറങ്ങി നിന്നുമാണ് തൊഴിലാളികൾ ചൂടിന്റെ കാഠിന്യം മറികടക്കുന്നത്.

ചൂട് കനത്തതോടെ പാടശേഖരങ്ങളിലും തോട്ടങ്ങളിലും തീപിടുത്തമുണ്ടായി. കോട്ടയം ഈരയിൽകടവിലെ തരിശ് പാടത്ത് പടർന്നു പിടിച്ച തീ മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രിക്കാനായത്. കഴിഞ്ഞ ദിവസവും ജില്ലയുടെ കിഴക്കൻ മേഖലയിലെ മലയോര പ്രദേശത്ത് തോട്ടങ്ങൾ കത്തിനശിച്ചിരുന്നു. രണ്ട് ദിവസം കൂടി ചൂട് ഇതേ നിലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇത് വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനില സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതാണ്. ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.

അതിനിടെ ഒരു വിശത്ത് ചൂടു കനക്കുമ്പോൾ തന്നെ മറുവശത്ത് മൂന്നാറിൽ താപനില കുറഞ്ഞു കൊണ്ടിരിക്കയാണ്. മൂന്നാറിൽ കുറഞ്ഞ താപനില വീണ്ടും പൂജ്യത്തിൽ എത്തിയിട്ടുണ്ട്. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര ലോവർ ഡിവിഷനിലാണ് ഇന്നലെ രാവിലെ താപനില പൂജ്യമായത്. ചെറുതായി മഞ്ഞുവീഴ്ചയുമുണ്ടായി. മൂന്നാർ ടൗണിൽ 5 ഡിഗ്രിയാണ് കുറഞ്ഞ താപനില. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയിൽ മൂന്നാറിൽ താപനില പൂജ്യത്തിലെത്തുന്നത് ആദ്യമാണ്.

ചൂടിനെ നേരിടുന്നതനായി ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ ചുവടെ...

ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.
നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, ജണഉ ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.
പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.
നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദ്ദേശിക്കുന്നു.
നിർജ്ജലീകരണം തടയാൻഛഞട ലായനി കുടിക്കാം.
വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP