Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജാപൂരിൽ റോഡ് ഓപ്പണിങ്ങിന് പോകുമ്പോൾ പൊടുന്നനെ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണം; വേദനയിൽ പുളയുന്ന ലക്ഷ്മൺ റാവുവിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് ഓടിയെത്തി മുറിവ് കെട്ടിയ ചുണക്കുട്ടി; ആംബുലൻസിലേക്ക് എടുത്തുകൊണ്ട് ഓടിയത് ജീവൻ പണയം വച്ച്; വി.വി.വസന്തകുമാറിനെ സിആർപിഎഫിലെ കൂട്ടുകാർ വിളിക്കുന്നത് 'ഡെയർ ഡെവിൾ'; പുൽവാമയിൽ വീരമൃത്യുവരിച്ച ധീരജവാനെ രാജ്യം ഓർക്കുമ്പോൾ കണ്ണീർപൂക്കൾ അർപ്പിച്ച് വയനാട്ടുകാരും

ബിജാപൂരിൽ റോഡ് ഓപ്പണിങ്ങിന് പോകുമ്പോൾ പൊടുന്നനെ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണം; വേദനയിൽ പുളയുന്ന ലക്ഷ്മൺ റാവുവിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് ഓടിയെത്തി മുറിവ് കെട്ടിയ ചുണക്കുട്ടി; ആംബുലൻസിലേക്ക് എടുത്തുകൊണ്ട് ഓടിയത് ജീവൻ പണയം വച്ച്; വി.വി.വസന്തകുമാറിനെ സിആർപിഎഫിലെ കൂട്ടുകാർ വിളിക്കുന്നത് 'ഡെയർ ഡെവിൾ'; പുൽവാമയിൽ വീരമൃത്യുവരിച്ച ധീരജവാനെ രാജ്യം ഓർക്കുമ്പോൾ കണ്ണീർപൂക്കൾ അർപ്പിച്ച് വയനാട്ടുകാരും

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: അവൻ നിർഭയനായിരുന്നു. അവന്റെ പേരിലെ 'വി'കൾ എല്ലാം സൂചിപ്പിച്ചത് വിജയം, സിആർപിഎഫിലെ സഹപ്രവർത്തകർ ആ അതിസാഹസികനെ ഓർത്തെടുക്കുന്നത് അങ്ങനെയാണ്. വീരമൃത്യു വരിച്ച ധീരധവാൻ വി.വി.വസന്തകുമാർ. പുൽവാമയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച 40 ജവാന്മാരിലെ വയനാട്ടുകാരൻ. നാട്ടിൽനിന്നു മടങ്ങി ഒരാഴ്ച കഴിയും മുൻപാണു വസന്തകുമാർ മരിച്ചെന്ന സങ്കട വാർത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ അവധിയാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവിനെ പിന്നീട് വീട്ടുകാർ ചലനനമറ്റ നിലയിലാണ് കണ്ടത്. ആ കണ്ണീരോർമകൾ പങ്കുവച്ച് വയനാട് - കൽപ്പറ്റ വാഴക്കണ്ടിയിൽ ഇന്ന് അനുസ്മരണ സമ്മേളനം ചേർന്നു.

സഹപ്രവർത്തകർ 'ഡെയർ ഡെവിൾ' എന്ന് വസന്തകുമാറിനെ വിളിക്കുന്നത് വെറുതെയല്ല. 2018 ൽ നടന്ന ഒരുസംഭവം ഓർക്കുന്നു. മാവോയിസ്റ്റുകളുടെ സ്വാധീനമേഖലയായ ബിജാപൂരിലെ ഒരു ഓപ്പറേഷൻ. സിആർപിഎഫ് 85 ാം ബറ്റാലിയൻ അപ്പോൾ മാവോയിസ്റ്റുകളുമായി കടുത്ത പോരാട്ടത്തിൽ. വഴി സജ്ജമാക്കുന്ന സംഘത്തിൽ അംഗമായിരുന്നു വസന്ത. അങ്ങനെ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുഴിബോംബാക്രമണമുണ്ടായത്. സിആർപിഎഫ് ട്രൂപ്പറായ ലക്ഷ്മൺ റാവുവിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അദ്ദേഹത്തിന്റെ കാലുകൾ അറ്റുപോകുന്ന നിലയിലായിരുന്നു. സാധാരണഗതിയിൽ കുഴിബോംബാക്രമണമുണ്ടായാൽ ഉടൻ തന്നെ മാവോയിസ്റ്റുകൾ വെടിവയ്പ് തുടങ്ങും. ബാക്കിയുള്ള സംഘാംഗങ്ങൾ തിരിച്ചടിക്കാൻ വേണ്ടി ഒരുങ്ങുന്നതിനിടെ, വസന്ത വീണു കിടക്കുന്ന ആ ജവാന്റെ നേർക്ക് ഒറ്റയ്ക്ക് നീങ്ങി.

ലക്ഷ്മൺ റാവുവിന്റെ വാക്കുകൾ ഇങ്ങനെ: 'വസന്ത എന്റെ പിന്നിലാണ് നടന്നിരുന്നത്. കുഴിബോംബാക്രമണമുണ്ടായപ്പോൾ എനിക്ക് ഗുരുതര പരിക്കേറ്റു. രണ്ടുകാലുകളിൽ നിന്നും ചോര കുത്തിയൊലിക്കുകയായിരുന്നു. കടുത്ത വേദനയിൽ പുളഞ്ഞ എനിക്ക് വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ ജവാന്മാർ അതീവശ്രദ്ധയോടെയാണ് മുന്നോട്ട് നീങ്ങുക.. കാരണം എവിടെയാണ് കൂടുതൽ കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. എന്നാൽ, വസന്തകുമാർ അതിധീരമായി മുന്നോട്ട് നീങ്ങി. ജീവൻ പോലും പണയം വച്ച് അവൻ എന്റെ അടുത്തേക്ക് ചാടി. എന്റെ മുറിവ് യൂണിഫോം ഉപയോഗിച്ച് കെട്ടി. അങ്ങനെ മുറിവ് കെട്ടിയതുകൊണ്ടാണ് ചോര വാർന്ന് ഞാൻ മരിക്കാതിരിക്കാൻ കാരണം. എന്റെ ജീവന് അവനോട് കടപ്പെട്ടിരിക്കുന്നു.'

അതൊരു സാഹസിക പ്രവൃത്തി തന്നെയായിരുന്നു, സിആർപിഎഫ് 85 ബറ്റാലിയൻ കമാൻഡന്റ് സുധീർ കുമാർ ഓർക്കുന്നു.' അത്തരം സംഘർഷം നിറഞ്ഞ സാഹചര്യത്തിൽ, വസന്ത കുമാർ റാവുവിന് ഫസ്റ്റ് എയ്ഡ് നൽകി. പൊക്കിയെടുത്ത് ആംബുലൻസ് കിടക്കുന്നിടത്ത് വരെ ഓടി. റാവുവിന്റെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. എന്നിരുന്നാലും വസന്ത ആ ധീരത കാട്ടിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.'സിആർപിഎഫ് ഡയറക്ടർ ജനറലിനോട് പുരസ്‌കാരത്തിന് വേണ്ടി വസന്തയുടെ പേര് ശുപാർശ ചെയ്യുകയുണ്ടായി സുധീർ കുമാർ. ആ സംഭവത്തിന് ശേഷം ബറ്റാലിയനിലെ 'ഡെയർ ഡെവിൾ' എന്നാണ് വസന്തയെ എല്ലാവരും സ്‌നേഹപൂർവം വിളിച്ചിരുന്നത്.

ബിജാപൂരിലെ സേവനത്തിന് ശേഷം വസന്തയെ തെലങ്കാനയിലെ ഭദ്രാചലത്തിലേക്ക് മാറ്റി. പിന്നീട് ഹെഡ് കോൺസ്റ്റബിളായി പ്രമോഷനോടെ ശ്രീനഗറിലേക്കും. 'നമ്മൾ ആക്രമിക്കപ്പെടുമ്പോൾ നമ്മോടൊപ്പം ഉണ്ടാവാൻ ആഗ്രഹിക്കുന്ന ഒരാളാണ് വസന്ത. അവൻ സേനയ്ക്ക് ഒരു സ്വത്തായിരുന്നു', സുധീർ കുമാർ പറഞ്ഞു. അപ്പോൾ ലക്ഷ്മൺ റാവു ആവർത്തിക്കുന്നു..'ഞാൻ ജീവനോടെയിരിക്കുന്നത് അവൻ കാരണമാണ്.

2001ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകവേയാണ് ദാരുണാന്ത്യം സംഭവിച്ചത്. സിആർപിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമായിരുന്നു, വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വർഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു. നേരത്തെ പഞ്ചാബിൽ സേവനം അനുഷ്ഠിച്ചിരുന്ന വസന്തകുമാർ 2019 ഫെബ്രുവരി രണ്ടിന് നാട്ടിലെത്തിയിരുന്നു. എട്ടാം തീയതി വരെ നാട്ടിലുണ്ടായിരുന്ന വസന്തകുമാർ ഹവിൽദാർ ആയി സ്ഥാനക്കയറ്റം കിട്ടി പരിശീലനത്തിനാണ് പുൽവാമയിലേക്ക് പോയത്.

എങ്ങനെ മറക്കും ആ കുടുംബചിത്രം

തെലങ്കാനയിൽ ഭദ്രാചലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അവസാനമായി ആറ് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബത്തെ കൂട്ടി ബാണാസുര സാഗർ ഡാമിൽ ചെറിയൊരു യാത്ര. അപ്പോൾ എടുത്ത കുടുംബ ചിത്രം ദശലക്ഷകണക്കിന് ജനഹൃദയങ്ങളിൽ അവസാന ഓർമ്മ ചിത്രമാക്കിയാണ് വസന്തകുമാർ എന്ന ധീര ജവാൻ യാത്രയായത്. പുൽവാമയിലെത്തിയ വിവരം വീട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നു. പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ ഷീന പൂക്കോട് വെറ്ററിനറി കോളേജിൽ താൽക്കാലിക ജീവനക്കാരിയാണ്. മക്കൾ: അനാമിക, അമർദീപ്.

പട്ടികവർഗ്ഗ വിഭാഗത്തിലെ മുള്ളുക്കുറുമ വിഭാഗക്കാരാണ് വസന്തകുമാറിന്റെ കുടുംബം പൂക്കോട് വെറ്ററിനറി സർവകലാശാല പരിധിയിൽ സർക്കാർ നൽകിയ ഭൂമിയിലാണ് താമസം്. പിതാവ് രണ്ടുവർഷം മുമ്പേ മരിച്ചിരുന്നു. ഏകസഹോദരി വസുമിതയും അമ്മ ശാന്തയും വെറ്ററിനറി സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരിയായ ഭാര്യ ഷീനയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വസന്തകുമാർ.

പ്രണബ് കുമാർ മുഖർജി രാഷ്ട്രപതിയായിരിക്കെ ഒരു ചടങ്ങിനെത്തിയ അദ്ദേഹത്തോടൊപ്പം വസന്തകുമാർ നിൽക്കുന്ന ഫോട്ടോയുൾപ്പെടെ നിരവധി ചിത്രങ്ങളും മെഡലുകളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തിന് രണ്ട് മണിക്കൂർ മുമ്പ് വസന്തകുമാർ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. പുൽവാമയിൽ ചിന്തിയ ഓരോ തുള്ളി രക്തത്തിനും നാട്ടുകാർ ഇന്ന് തങ്ങളുടെ കണ്ണീർ പൂക്കൾ സമർപ്പിച്ചു. വാഴക്കണ്ടി തറവാട്ടിലായിരുന്നു പുഷ്പാർച്ചനയും അനുസ്മരണവും.

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ജമ്മുശ്രീനഗർ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറിൽ നിന്ന് 38 കിലോമീറ്റർ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. അവധി കഴിഞ്ഞ് നാട്ടിൽ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആർപിഎഫ് ജവാന്മാർ. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP