Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാത്തിരിപ്പിന് അവസാനമായി; തോട്ടം - പുരയിടം പ്രശ്‌നത്തിനു പരിഹാരമായി അദാലത്ത്

കാത്തിരിപ്പിന് അവസാനമായി; തോട്ടം - പുരയിടം പ്രശ്‌നത്തിനു പരിഹാരമായി അദാലത്ത്

സ്വന്തം ലേഖകൻ

പാലാ: തോട്ടം - പുരയിടം പ്രശ്‌നംമൂലം ദുരിതത്തിലായവർക്ക് ആശ്വാസവുമായി പാലായിൽ അദാലത്ത് സംഘടിപ്പിച്ചു. കത്തീഡ്രൽപള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ഇന്നലെ 1027 പേർക്ക് തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ പുരയിടങ്ങളെ പുരയിടമായി പുനഃക്രമീകരിച്ചു കൊണ്ടുള്ള സർട്ടിഫിക്കേറ്റുകൾ നൽകി. ഈ സർട്ടിഫിക്കറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു വിനിയോഗിക്കാനാവും.ലാൻഡ് റവന്യൂ തഹസിൽദാരുടെ ഈ ഉത്തരവ് വില്ലേജ് ഓഫീസിൽ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരിലും കരം അടച്ച രസീതിലും പുരയിടമെന്ന് രേഖപ്പെടുത്തി നൽകും.

തുടർന്നു നടപടി ക്രമങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തി ബിടിആറിൽ ഉൾപ്പെടുത്തും. മുപ്പത്തിയഞ്ചു വർഷം മുമ്പ് റീ സർവ്വേ നടന്നപ്പോഴാണ് പുരയിടങ്ങളെ തോട്ടമായി രേഖപ്പെടുത്തിയത്. ഇതേത്തുടർന്നു കർഷകർ ഒറ്റയ്ക്കും കൂട്ടായും നിരവധി പരാതികൾ കൊടുത്തിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ലോൺ പോലും എടുക്കാൻ കഴിയാത്ത അവസ്ഥ വന്നു.

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പ് കാലത്ത് കർഷകർ ഇക്കാര്യം മാണി സി കാപ്പന്റെ ശ്രദ്ധയിൽപ്പെടുത്തി. മാണി സി കാപ്പൻ എം എൽ എ ആയ ശേഷം ആദ്യം ഇടപെട്ട വിഷയം തോട്ടം പുരയിടം പ്രശ്‌നമായിരുന്നു. ഇക്കാര്യം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. തുടർന്നു മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ആയി നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തി. എം എൽ എ മാരായ പി സി ജോർജ്, മോൻസ് ജോസഫ് എന്നിവരും പ്രശ്‌ന പരിഹാരത്തിനായി രംഗത്തുവന്നു.

മീനച്ചിൽ താലൂക്കിലെ 14 വില്ലേജുകളിലുള്ളവരുടെ പരാതികളിലാണ് ഇന്നലെ തീർപ്പുകൽപ്പിച്ചത്. ആകെ 4740 പേരാണ് അദാലത്തിൽ പരിഗണിക്കുന്നതിനായി വില്ലേജ്, താലൂക്ക് ഓഫീസുകൾ മുഖേന പരാതി നൽകിയത്. ഏറ്റവും കൂടുതൽ പരാതികൾ കൊണ്ടൂർ വില്ലേജിൽനിന്നായിരുന്നു -2767 പേർ. ഇവരിൽ 367 പേർക്ക് അദാലത്തിൽ ഉത്തരവ് ലഭിച്ചു.

ഭരണങ്ങാനം -59, ഈരാറ്റുപേട്ട- 69, കുറിച്ചിത്താനം- 31, ളാലം - 12, പൂഞ്ഞാർ-26, പൂവരണി-431, പുലിയന്നൂർ-20, തലനാട്-ആറ്, തലപ്പലം-ആറ് എന്നിങ്ങനെയാണ് തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം. പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ വേണമെന്ന് കണ്ടെത്തിയ 1382 അപേക്ഷകർക്ക് കത്തയച്ചിട്ടുണ്ട്. 436 അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്കായി മാറ്റി വച്ചിരിക്കുകയാണ്. റവന്യൂ വകുപ്പിന്റെ കൈവശമുള്ള പുതിയതും പഴയതുമായ രേഖകൾ പരിശോധിച്ച ശേഷമാകും അപേക്ഷകളിൽ തീർപ്പുകൽപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്കു സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്യും. അദാലത്തിൽ എം എൽ എ മാരായ മാണി സി കാപ്പൻ, പി സി ജോർജ്, മോൻസ് ജോസഫ് എന്നിവർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ പി കെ സുധീർബാബു, ആർ ഡി ഒ പ്രദീപ്കുമാർ ജി, തഹസീൽദാർ വി എം അഷറഫ്, ഭൂരേഖ തഹസീൽദാർ ഗീതാ എം എൻ തുടങ്ങിയവർ നേതൃത്വം നൽകി.

മികവിന്റെ വിജയം

പാലാ: തോട്ടം പുരയിടം അദാലത്ത് വിജയത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ മികവ്. മാണി സി കാപ്പൻ എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച ശേഷം സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നം പരിഹരിക്കാൻ കാലതാമസമെടുക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നു സമയബന്ധിതമായി നടപടിയെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിരുന്നു.

ഇതേത്തുടർന്ന് അപേക്ഷ സ്വീകരിക്കൽ, പരിശോധന, കത്തയയ്ക്കൽ തുടങ്ങിയ നിരവധി നടപടി ക്രമങ്ങൾ കഴിഞ്ഞ രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ഭഗീരഥപ്രയത്‌നം നടത്തി. ജില്ലാ കളക്ടർ പി കെ സുധീർബാബുവിന്റെ മേൽനോട്ടത്തിൽ ആർ ഡി ഓ പ്രദീപ്കുമാർ ജി, തഹസീൽദാർ വി എം അഷറഫ്, ഭൂരേഖ തഹസീൽദാർ ഗീത എം എൽ എന്നിവരുടെ നേതൃത്വത്തിൽ 75ഉദ്യോഗസ്ഥരാണ് ഇതിനായി പ്രവർത്തിച്ചത്.

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം;ആശ്വാസത്തിൽ സുധാകരനും കുടുംബവും

ജീവിത ദുരിതങ്ങൾക്കു നടുവിൽ ഭൂമിയുടെ രേഖ സംബന്ധിച്ച പ്രതിസന്ധിയിൽനിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് സുധാകരനും കുടുംബവും. മീനച്ചിൽ താലൂക്കിൽ റവന്യു വകുപ്പ് നടത്തിയ തോട്ടം - പുരയിടം അദാലത്താണ് തിടനാട് കൊണ്ടൂർ വില്ലേജിലെ പുളിച്ചമാക്കൽ സുധാകരന്റെയും കുടുാംബാംഗങ്ങളുടെയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചത്.

ടാപ്പിങ് തൊഴിലാളിയായ സുധാകരന്റേയും ഭാര്യ ലീലയുടേയും പേരിലുള്ള 10.6 ആർ വസ്തുവാണ് അദാലത്തിൽ പുരയിടമാക്കി കിട്ടിയത്. നേരത്തെ പുരയിടമായിരുന്ന വസ്തു റീസർവ്വേ കഴിഞ്ഞതോടെ രേഖകളിൽ തോട്ടമായി മാറുകയായിരുന്നു.

മൂന്ന് വർഷം മുൻപ് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ലീലയ്ക്ക് ജോലിക്ക് പോകാനാകുന്നില്ല. ഏകമകൻ ഷൈജു മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലാണ്. ഷൈജുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

ലീലയുടെയും മകന്റെയും ചികിത്സ നടത്തിയ ഇനത്തിൽ കുടുംബത്തിന് കടബാധ്യത ഏറെയുണ്ട്. തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വസ്തു ഈടുവച്ച് വായ്പ എടുക്കുന്നതിനുള്ള സാധ്യതയും ഇല്ലാതായി.

അദാലത്തിൽനിന്നു ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ വസ്തു പുരയിടമാകുന്നതോടെ ബാങ്ക് വായ്പ് എടുത്ത് സാമ്പത്തിക ബാധ്യത തീർക്കാനും വീട് നിർമ്മിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP