Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപിന്റെ ഒരു സമയമേ! ഒന്ന് ഇന്ത്യ വരെ വന്നു പോയാൽ 50 ലക്ഷം ആരാധകരെ അഭിസംബോധന ചെയ്യാം; ഒപ്പം 25,000 കോടി രൂപയുടെ കച്ചവടവും! കര-നാവികസേനകൾക്ക് യുഎസിൽ നിന്ന് 30 സായുധ ഹെലികോപ്റ്ററുകൾ വാങ്ങാൻ മോദി സർക്കാർ; അഹമ്മദാബാദിൽ ഒരുക്കുക പഴുതടച്ച സുരക്ഷ; ചേരികൾ മതിൽ കെട്ടി മറച്ച് ഒരുക്കങ്ങൾ തകൃതി; സന്ദർശനത്തിനായി ആവേശപൂർവം കാത്തിരിക്കുന്നുവെന്ന് ട്രംപിന്റെ ഭാര്യ മെലനിയയും; അമേരിക്കൻ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാൻ സിപിഎമ്മും

ട്രംപിന്റെ ഒരു സമയമേ! ഒന്ന് ഇന്ത്യ വരെ വന്നു പോയാൽ 50 ലക്ഷം ആരാധകരെ അഭിസംബോധന ചെയ്യാം; ഒപ്പം 25,000 കോടി രൂപയുടെ കച്ചവടവും! കര-നാവികസേനകൾക്ക് യുഎസിൽ നിന്ന് 30 സായുധ ഹെലികോപ്റ്ററുകൾ വാങ്ങാൻ മോദി സർക്കാർ; അഹമ്മദാബാദിൽ ഒരുക്കുക പഴുതടച്ച സുരക്ഷ; ചേരികൾ മതിൽ കെട്ടി മറച്ച് ഒരുക്കങ്ങൾ തകൃതി; സന്ദർശനത്തിനായി ആവേശപൂർവം കാത്തിരിക്കുന്നുവെന്ന് ട്രംപിന്റെ ഭാര്യ മെലനിയയും; അമേരിക്കൻ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാൻ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഇന്ത്യൻ സന്ദർശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളിൽ ട്രംപ് ഇന്ത്യയിലെത്തും, ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനാണ് ട്രംപ് എത്തുന്നത്. 'കഴിഞ്ഞ ദിവസം നടന്ന ഹംഷെയർ റാലിയിൽ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാൽ ഇന്ത്യയിൽ അൻപത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തിൽ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയിൽ പണിതീർന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ'. ട്രംപ് ചോദിക്കുന്നു. ആളുകളെ മാത്രമല്ല ഇന്ത്യയിൽ നിന്ന് അമേരിക്കയ്ക്ക് 25,000 കോടിയുടെ കച്ചവടവും ഉറപ്പിക്കാനാകും. അങ്ങനെ ട്രംപിന് ഇന്ത്യൻ സന്ദർശനം നൽകുന്നത് നല്ലകാലം തന്നെയാകും. ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കിൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലും ന്യൂഡൽഹിയിലുമാണ് ട്രംപ് സന്ദർശനം നടത്തുന്നത്.

ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോട് അനുബന്ധിച്ചു പ്രതിരോധ മേഖലയിൽ 25,000 കോടി രൂപയുടെ കരാർ ഒപ്പിടാൻ ഇരു രാജ്യങ്ങളും നടപടിയാരംഭിച്ചു. കരസേന, നാവികസേന എന്നിവയ്ക്കായി യുഎസിൽ നിന്ന് 30 സായുധ ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിനു വരും ദിവസങ്ങളിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി അന്തിമ അംഗീകാരം നൽകും. നാവികസേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും കരസേനയ്ക്കായി 6 എഎച്ച് 64ഇ അപ്പാച്ചി കോപ്റ്ററുകളുമാണ് ഇന്ത്യ വാങ്ങുന്നത്. സർക്കാരുകൾ തമ്മിലുള്ള കരാറിന്റെ ഭാഗമായി റോമിയോ കോപ്റ്ററുകൾ പല തവണയായി 5 വർഷത്തിനകം കിട്ടും. അപ്പാച്ചി കോപ്റ്ററുകൾ 3 വർഷത്തിനകവും. വ്യോമസേനയ്ക്ക് 22 അപ്പാച്ചി കോപ്റ്ററുകൾ ലഭ്യമാക്കാൻ 2015ൽ ഇരു രാജ്യങ്ങളും 13,952 കോടിയുടെ കരാർ ഒപ്പുവച്ചിരുന്നു. ഇതിൽ 8 എണ്ണം കഴിഞ്ഞ സെപ്റ്റംബറിൽ കിട്ടി. അങ്ങനെ ആളെ കാണാനും കച്ചവടം ഉറപ്പിക്കാനുമാണ് ട്രംപ് എത്തുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധത്തിനും തയ്യാറെടുക്കുന്നത്. ഏതായാലും ഇടതുപക്ഷം പ്രത്യക്ഷ സമരങ്ങൾ തന്നെ നടത്തും.

ട്രംപ് ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ദിവസം സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുമെന്ന് സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ട്രംപ് പര്യടനം നടക്കുന്നിടത്തെല്ലാം ഇടതു പാർട്ടി പ്രവർത്തകർ പ്രക്ഷോഭം നടത്തുമെന്ന് യെച്ചൂരി പറഞ്ഞു. ഡൽഹിയിലോ ഗുജറാത്തിലോ ആകാം ട്രംപ് വരുന്നത്, എന്നാൽ അവിടെയെല്ലാം പാർട്ടി പ്രവർത്തകർ തീർച്ചയായും പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളിൽ ആണ് പ്രതിഷേധം നടക്കുകയെന്നും സിപിഐ എം നേതാവ് പറഞ്ഞു.''ആദ്യം അമേരിക്ക മോദിയിൽ സമ്മർദ്ദം ചെലുത്തുന്നു , സിഎഎ, ആർട്ടിക്കിൾ 370, തുടങ്ങിയ വിഷയങ്ങളിൽ മോദിക്ക് പിന്തുണ നൽകുന്നത് വഴി അവർ നേടാൻ ആഗ്രഹിക്കുന്ന നേട്ടമാണ് ലഭിക്കുന്നത്. നമ്മുടെ സമ്പദ്വ്യവസ്ഥയെ പൂർണ്ണമായും അവർക്കായി തുറക്കാൻ മോദി വഴങ്ങുകയാണ്. അത് ഇന്ത്യയുടെ താൽപ്പര്യത്തിന് നിരക്കാത്തതാണ്. ഇതുകൂടാതെ, യുഎസ് സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനും യുഎസ് സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും നമ്മുടെ സ്വന്തം സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുന്നതിനും ആണ് കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നത് ,'' എന്നും യെച്ചൂരി പറഞ്ഞു.

അഹമ്മദാബാദ് മുഖം മിനുക്കുകയാണ്. യുഎസ് പ്രസിഡന്റ് 24 ന് ഇന്ത്യ സന്ദർശിക്കുമ്പോൾ ഒരു ചേരി പോലും ഇവിടെ കാണില്ല. ഇന്ത്യയുടെ അവികസിത പ്രദേശം ഡോണൾഡ് ട്രംപ് കാണാതിരിക്കാൻ മതിൽ കെട്ടാൻ ഉത്തരവിട്ടിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള വഴിയിൽ ചേരികൾ മറയ്ക്കാൻ 7 അടി ഉയരത്തിൽ 400 മീറ്റർ നീളത്തിലാണ് മതിൽ ഉയരുന്നത്. 24ന് മോദിയും ട്രംപും പങ്കെടുക്കുന്ന റോഡ് ഷോ ഈ വഴി കടന്നു പോകും. 200 ജോലിക്കാരാണ് രാപകലില്ലാതെ പണിയുന്നത്. 800 കുടുംബങ്ങളിലായി 2000ത്തിൽ അധികം ആളുകളാണ് ഈ ചേരിയിൽ താമസിക്കുന്നത്. ട്രംപിന്റെ സുരക്ഷ ഉറപ്പാക്കാനാണു മതിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ റോഡിന്റെ വീഥികളിലാകും ആളുകൾ തടിച്ചു കൂടുക. ഇതാണ് ട്രംപിന് മോദി നൽകിയിരിക്കുന്ന ഉറപ്പ്.

വിമാനത്താവളത്തിൽനിന്ന് ഇന്ദിരാബ്രിഡ്ജിലേക്കുള്ള റോഡരികിൽ താഴ്ന്നവരുമാനക്കാരുടെ അഞ്ഞൂറോളം കുടിലുകളും ചെറുവീടുകളുമുള്ള 'സരണിയാവാസ്' എന്ന ചേരിക്കു മുന്നിലാണ് രണ്ടുദിവസമായി മതിലിന്റെ പണി നടക്കുന്നത്. 600 മീറ്റർ നീളത്തിലും ഏഴടി ഉയരത്തിലും പണി പൂർത്തിയായാൽ റോഡിൽനിന്ന് ചേരി കാണാനാവില്ല. മതിലിന് മുന്നിൽ വളർച്ചയെത്തിയ ഈന്തപ്പനകളും നട്ടുപിടിപ്പിച്ച് സ്വാഭാവികത വരുത്തും. 2500-ഓളം ആളുകളാണ് ഈ ചേരിയിൽ വർഷങ്ങളായി താമസിക്കുന്നത്.

'സന്ദർശനത്തിനായി ആവേശപൂർവം കാത്തിരിക്കുന്നു'വെന്ന് ട്രംപിന്റെ ഭാര്യ മെലനിയ വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കാഴ്ചക്കാരെ നിറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽനിന്ന് കുട്ടികളെയും അദ്ധ്യാപകരെയും എത്തിക്കാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു. ചേരിക്കുമുന്നിൽ മതിൽ പണിയുന്നതിനെ എ.ഐ.സി.സി. വക്താവ് രൺദീപ് സുർജേവാല വിമർശിച്ചു. ''ഇതാണ് സാഹബിന്റെ ഗുജറാത്ത് മാതൃക. ഡെവലപ്മെന്റിന്റെപേരിൽ കവർ അപ്(മൂടി വെക്കൽ). പരാജയം മൂടിവച്ചാണ് ഇവർ ഇവിടെയെത്തിയത്...'' -അദ്ദേഹം പരിഹസിച്ചു. എന്നാൽ, അഹമ്മദാബാദിൽ ഇത് ആദ്യത്തെ നടപടിയല്ല. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിന് വിദേശ അതിഥികൾ വരുന്ന വഴിയരികിൽ മതിലുയർത്തിയിരുന്നു. അതിന് സമയം കിട്ടാത്തതിനാൽ കഴിഞ്ഞ വർഷം ആൾമറ കെട്ടിയിരുന്നു.

റിപ്പബ്ലിക് ദിനാഘോഷത്തിൽ ട്രംപിനെ പങ്കെടുപ്പിക്കാൻ നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന് ഒരു വർഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സന്ദർശനത്തിന് കളമൊരുങ്ങുന്നത്. യുഎസ് ഇറാൻ സംഘർഷ സാഹചര്യത്തിനിടെയാണ് ട്രംപിന്റെ ഇന്ത്യ സന്ദർശന നീക്കം. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ നയതന്ത്ര ചർച്ചകൾ നടത്തിവരുന്നതായി ജനുവരി 16 ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടർന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്.

'അമേരിക്ക - ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 24 മുതൽ 25 വരെ ട്രംപ് ന്യൂഡൽഹിയിലേക്ക് പോകുമെന്നും അഹമ്മദാബാദിൽ യാത്ര അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു. 'പ്രസിഡന്റ് ട്രംപ് ഫെബ്രുവരി 24 മുതൽ 25 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഇന്ത്യയിലേക്ക് പോകും. ഈ യാത്ര യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അമേരിക്കൻ, ഇന്ത്യൻ ജനതകൾ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യും,' വൈറ്റ് ഹൗസ് ട്വീറ്റിലൂടെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP