Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയലറ്റ് നിറമുള്ള സിൽക് ഷർട്ടിട്ട് സ്മാർട്ടായി; മന്ത്രജപത്തോടെ നിറഞ്ഞ മനസ്സുമായി മകന്റെ തലയിൽ കൈവച്ച് അനുഗ്രഹം നൽകൽ; ചക്രകസേരയിൽ കാറിൽ ഇരുന്ന് 96-ാം വയസ്സിൽ ഹൈക്കോടതിയിൽ എത്തിയത് മകൻ ജസ്റ്റീസായി മാറുന്ന സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ; എല്ലാ ആകുലതകളും മറന്ന് ഇളയ മകന്റെ നേട്ടം കൺകുളിർകെ കണ്ട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി; കേരളാ ഹൈക്കോടതി ജസ്റ്റീസായി പിവി കുഞ്ഞികൃഷ്ണൻ മാറുമ്പോൾ ക്രെഡിറ്റെല്ലാം അച്ഛന് തന്നെ

വയലറ്റ് നിറമുള്ള സിൽക് ഷർട്ടിട്ട് സ്മാർട്ടായി; മന്ത്രജപത്തോടെ നിറഞ്ഞ മനസ്സുമായി മകന്റെ തലയിൽ കൈവച്ച് അനുഗ്രഹം നൽകൽ; ചക്രകസേരയിൽ കാറിൽ ഇരുന്ന് 96-ാം വയസ്സിൽ ഹൈക്കോടതിയിൽ എത്തിയത് മകൻ ജസ്റ്റീസായി മാറുന്ന സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ; എല്ലാ ആകുലതകളും മറന്ന് ഇളയ മകന്റെ നേട്ടം കൺകുളിർകെ കണ്ട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി; കേരളാ ഹൈക്കോടതി ജസ്റ്റീസായി പിവി കുഞ്ഞികൃഷ്ണൻ മാറുമ്പോൾ ക്രെഡിറ്റെല്ലാം അച്ഛന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ മുത്തച്ഛനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ദേശാടനത്തിലൂടെ മലയാളിയെ കരയിപ്പിച്ച മുത്തച്ഛൻ. ഇപ്പോൾ പ്രായം 96. എങ്കിലും കഴിഞ്ഞ ദിവസം എല്ലാ ആകുലതകളും മറന്ന് നടൻ എറണാകുളത്ത് എത്തി. 96 വയസ്സിന്റെ വയ്യായ്കയും ദീർഘദൂര യാത്രയുടെ ക്ഷീണവും വകവയ്ക്കാതെയുള്ള യാത്ര. വയലറ്റ് നിറമുള്ള സിൽക്ക് ഷർട്ടിട്ട് രാവിലെത്തന്നെ അദ്ദേഹം സ്മാർട്ടായി. ഇളയമകൻ ഹൈക്കോടതി ജഡ്ജിയാകുന്നത് കൺകുളിർകെ കണ്ടു.

അച്ഛനെ ചക്രക്കസേരയിലിരുത്തി കാറിൽ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാൻ വടുതലയിലെ വീട്ടിൽനിന്നു പറപ്പെട്ടത്. നിറഞ്ഞമനസ്സോടെ മകന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ഓർമപ്പിശകിനിടയിലും മറക്കാത്ത മന്ത്രജപത്തോടെയുള്ള അനുഗ്രഹമേറ്റുവാങ്ങി മകൻ അച്ഛന്റെ കാൽക്കൽ നമസ്‌കരിച്ചു. അതിന് ശേഷമായിരുന്നു ഹൈക്കോടതിയിൽ എത്തിയത്. അച്ഛനെ മുന്നിൽ ഇരുത്തി സത്യപ്രതിജ്ഞ. അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ. ചിഫ് ജസ്റ്റിസ് കോടതി മുറിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ലക്ഷമി നാരായണൻ എന്നിവർ സംസാരിച്ചു.

'ദേശാടന'ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇളയമകനാണ് കുഞ്ഞി കൃഷ്ണൻ. ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലം. ആയിടയ്ക്കാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരി മരിച്ചത്. അതോടെ ഗണിതപഠനം നിർത്തി വല്യച്ഛന്റെ പാത പിന്തുടരാൻ നിർദ്ദേശം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേർന്നത്.

പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണു നിർദ്ദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം. അതും അംഗീകരിച്ചു. ഒടുവിൽ ഹൈക്കോടതി ജഡ്ജിയും. ഈ ചടങ്ങിൽ അച്ഛന് എത്താനായതിൽ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞാവേദിയിൽ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുൾപ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു. സഹോദരി ഭർത്താവാണ് കൈതപ്രം.

1989-ൽ അഭിഭാഷകനായി. 1993 മുതൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ് കുഞ്ഞികൃഷ്ണൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വൈദ്യുതി ബോർഡിന്റെയും സ്റ്റാൻഡിങ് കോൺസലായിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സുപ്രീംകോടതി കൊളീജിയം കുഞ്ഞികൃഷ്ണന്റെ നിയമനത്തിന് ശുപാർശചെയ്തത്. ഉത്തരവ് വൈകിയതോടെ 2019 ഫെബ്രുവരിയിൽ കൊളീജിയം ശുപാർശ ആവർത്തിച്ചു. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും പരേതയായ ലീല അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: നീത. മക്കൾ: സുമൻ കൃഷ്ണൻ, സുനയ്‌ന (ഇരുവരും വിദ്യാർത്ഥികൾ).

ജഡ്ജിയായി നിയമിതനാവാൻ കൊളീജിയം ശുപാർശ ചെയ്തിട്ടും നിയമനത്തിന് രണ്ടുവർഷം കാലതാമസം വന്നത് തന്നെ വേദനിപ്പിച്ചുവെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫുൾ കോർട്ട് റഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നിയമനം വൈകുന്നതിന്റെ കാരണം അറിയാതിരിക്കുകയും കൂടി ചെയ്യുമ്പോൾ ഈ രണ്ടു വർഷത്തെ കാത്തിരിപ്പ് അസ്വാസ്ഥ്യജനകമായിരുന്നു.''- അദ്ദേഹം പറഞ്ഞു. 2018 ഒക്ടോബറിൽ ആദ്യം സുപ്രീം കോടതി കൊളീജിയം ഇദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാൻ ശിപാർശ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് 2019 ഫെബ്രുവരിയിൽ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ നിയമന ഉത്തരവ് വന്നത്.

കേരള ഹൈക്കോടതി ജഡ്ജിയും ഇവിടെയും മറ്റു പല കോടതികളിലും ചീഫ് ജസ്റ്റിസും ആയിരുന്ന ജ.യു എൽ ഭട്ടിന്റെ ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങളും ജ. കുഞ്ഞികൃഷ്ണൻ പ്രസംഗത്തിൽ ഉദ്ധരിച്ചു..ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമായിരുന്നു എന്ന കാരണത്താൽ ഭട്ടിന്റെ മുൻസിഫ് നിയമനം സർക്കാർ തടഞ്ഞുവെച്ചിരുന്നു..അദ്ദേഹം അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. പിന്നീട് ജഡ്ജിയായ വി ആർ കൃഷ്ണയ്യർ ആയിരുന്നു വക്കീൽ. ഹൈക്കോടതി ഹർജി തള്ളി. അപ്പോഴും നിയമനം നൽകാത്തതിന്റെ കാരണം വ്യക്തമാക്കിയില്ല.

ഇക്കാര്യങ്ങൾ വിവരിച്ച ശേഷം രാഷ്ട്രീയം മാനദണ്ഡം ആക്കിയിരുന്നെങ്കിൽ എത്ര ജഡ്ജിമാരെ ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് നഷ്ടപ്പെടുമായിരുന്നു എന്ന് ഭട്ട് എഴുതുന്നുണ്ട് .ജ. വി ആർ കൃഷ്ണയ്യർ , ഒ ചിന്നപ്പ റെഡ്ഡി, തുടങ്ങി പി സുബ്രമണ്യൻ പോറ്റി, എം പി മേനോൻ എസ് കെ ഖാദർ,വി ശിവരാമൻ നായർ,സി എസ് രാജൻ, കെ ബാലകൃഷ്ണൻ നായർ, കെഎ അബ്ദുൽ ഗഫൂർ, കെ കെ ദിനേശൻ, വി കെ മോഹനൻ തുടങ്ങിയവർ ജഡ്ജി ആകും മുമ്പ് ഇടതുപക്ഷ ബന്ധം ഉള്ളവരായിരുന്നു. കെ ടി തോമസ്,പി ജാനകിയമ്മ, കെ കെ നരേന്ദ്രൻ തുടങ്ങിയവർ കോൺഗ്രസിനോട് ചായ് വ് ഉള്ളവരായിരുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് കേരള കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിരുന്നു.

ഇവരിൽ മിക്കവരും വിവേകശാലികളായ ഗംഭീര ജഡ്ജിമാരായിരുന്നു. സാമാന്യ ബോധവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അവർക്കുണ്ടായിരുന്നു. എടുക്കുന്ന സത്യപ്രതിജ്ഞയോടും ഭരണഘടന മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയും ഭരണഘടനാപരമായ കാഴ്ചപ്പാടുമാണ് ജഡ്ജിക്ക് വേണ്ടത്. ജഡ്ജിയാകും മുമ്പ് രാഷ്ട്രീയക്കാരെ അല്ലാതിരുന്ന പലരും ഇക്കാര്യങ്ങളിൽ പരാജയപ്പെട്ടിട്ടുമുണ്ടെന്ന ഭട്ടിന്റെ വരികൾ കുഞ്ഞികൃഷ്ണൻ ഉദ്ധരിച്ചു.രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട പലരുടെയും കേസുകളിൽ 'രാഷ്ട്രീയ പ്രവർത്തകനാണ്, രാഷ്ട്രീയ ബന്ധമുള്ളവരാണ്' എന്നത് ഒരു അയോഗ്യത അല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ കാര്യങ്ങളൊന്നും തന്റെ നിയമനവുമായി എന്തെങ്കിലും ബന്ധം ഉണ്ട് എന്നതുകൊണ്ട് ഉദ്ധരിക്കുന്നതല്ലെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.''ഞാൻ ഭരണഘടന സ്ഥാപനങ്ങളെ വിശ്വസിക്കുന്നു. എന്റെ നിയമനത്തിൽ ഉണ്ടായ കാലതാമസം സാധാരണമാണെന്നും ഭരണഘടനാപരമായ നിയമനങ്ങൾ നടത്തുമ്പോൾ നിയമന അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കരുതുകയും ചെയ്യുന്നു.''-അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP