Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയിൽ വൻ കൊഴിഞ്ഞുപോക്ക്; നാഗാലാന്റിലെ 22 നേതാക്കൾ പ്രതിപക്ഷ പാർട്ടിയിൽ ചേർന്നു; നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്ക് കൂടുതൽ നേതാക്കൾ എത്തുമെന്ന് പ്രസിഡന്റ് ഷർഹോസെലി ലിസിയറ്റ്‌സു

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയിൽ വൻ കൊഴിഞ്ഞുപോക്ക്; നാഗാലാന്റിലെ 22 നേതാക്കൾ പ്രതിപക്ഷ പാർട്ടിയിൽ ചേർന്നു; നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്ക് കൂടുതൽ നേതാക്കൾ എത്തുമെന്ന് പ്രസിഡന്റ് ഷർഹോസെലി ലിസിയറ്റ്‌സു

മറുനാടൻ മലയാളി ബ്യൂറോ

കൊഹിമ: പൗരത്വ നിയമഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ അടിത്തറയിളക്കുന്നു. പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് നാഗാലാന്റിൽ നിരവധി നേതാക്കളാണ് പാർട്ടി വിടുന്നത്. ബിജെപിയുടെ 22 നേതാക്കൾ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായ നാഗ പീപ്പിൾസ് ഫ്രണ്ടിൽ ചേർന്നു. ബിജെപിയുടെ നിയമകാര്യ കൺവീനർ തോഷി ലോങ്കുമർ, ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് മുകിബുർ റഹ്മാൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരാണ് പാർട്ടി വിട്ടത്.

ദിമാപൂരിൽ നടന്ന ചടങ്ങിൽ നാഗ പീപ്പിൾസ് ഫ്രണ്ട് പ്രസിഡന്റ് ഷർഹോസെലി ലിസിയറ്റ്‌സു ബിജെപി നേതാക്കളെ സ്വാഗതം ചെയ്തു. വരും ദിവസങ്ങളിൽ ബിജെപിയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേതാക്കൾ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തുവെന്നും തന്റെ പാർട്ടി നാഗാ ജനതയുടെ തനതായ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ലിസിയറ്റ്‌സു പറഞ്ഞു. ഭേദഗതി വരുത്തിയ പൗരത്വ നിയമം പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബാധിക്കുമെന്ന് ബിജെപി വിട്ട മുകിബുർ റഹ്മാൻ പറഞ്ഞു. ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാൻ നാഗ പീപ്പിൾസ് ഫ്രണ്ട് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബറിൽ നാഗാലാൻഡ് സർക്കാർ ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം ദിമാപൂർ ജില്ലയിൽ മുഴുവൻ പ്രാബല്യത്തിൽ വരുത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ''സംരക്ഷിത പ്രദേശങ്ങൾ'' എന്ന് നിർവചിച്ചിരിക്കുന്ന ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് പുറത്തുനിന്നുള്ളവർക്ക് ആവശ്യമായ ഒരു രേഖയാണ് ഈ പെർമിറ്റ്. ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം അരുണാചൽ പ്രദേശ്, മിസോറം, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മണിപ്പൂർ, അസമിലെ ചില മേഖലകൾ എന്നിവിടങ്ങളിലുണ്ട്. എന്നാൽ ഇന്നർ ലൈൻ പെർമിറ്റ് വ്യവസ്ഥകൾ, രേഖകളില്ലാത്ത കുടിയേറ്റക്കാരെ സംസ്ഥാനത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടയില്ലെന്ന് റഹ്മാൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP