Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമലംഘനം കണ്ടെത്താൻ ദേശീയ പാതകളിൽ സ്ഥാപിച്ച ക്യാമറകളിൽ പകുതി മാത്രമാണ് പ്രവർത്തിക്കുന്നത്; മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 143 ക്യാമറകളിൽ 64 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; യഥാസമയം അറ്റക്കുറ്റപ്പണികൾ നടത്തേണ്ട കെൽട്രോൺ കടമ നിർവ്വഹിക്കുന്നില്ലെന്നും ആക്ഷേപം

നിയമലംഘനം കണ്ടെത്താൻ ദേശീയ പാതകളിൽ സ്ഥാപിച്ച ക്യാമറകളിൽ പകുതി മാത്രമാണ് പ്രവർത്തിക്കുന്നത്; മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 143 ക്യാമറകളിൽ 64 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; യഥാസമയം അറ്റക്കുറ്റപ്പണികൾ നടത്തേണ്ട കെൽട്രോൺ കടമ നിർവ്വഹിക്കുന്നില്ലെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമലംഘനം കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പകുതിയധികം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമ ലംഘനം കണ്ടെത്തുന്നതിനായി സ്ഥാപിച്ച 143 ക്യാമറകളിൽ 64 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ബാക്കി എഴുപത്തി ഒൻപത് ക്യാമറകളും പൂർണമായും പ്രവർത്തനരഹിതമായ അവസ്ഥയിലാണാണെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. അമിത വേഗത, ട്രാഫിക് സിഗ്‌നലുകൾ പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അങ്ങനെ ഉള്ള സാഹചര്യത്തിൽ കേടായവ ഉടൻ തന്നെ പ്രവർത്തന ക്ഷമമാക്കാൻ മന്ത്രി കെൽട്രോണിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്യാമറകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താനുള്ള ചുമതല കെൽട്രോണിനാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് അതിന്റെ പരിമിതികൾ ഉള്ളതിനാൽ യഥാ സമയം ക്യാമറകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നു പരക്കെ ആക്ഷേപം മുൻപും ഉയർന്നിരുന്നു. മാസങ്ങൾക്കു മുൻപ് പത്രപ്രവർത്തകനായ കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതിന് കാരണം മിക്ക നിരീക്ഷണ ക്യാമറകളും പ്രവർത്തന രഹിതമായതു കൊണ്ടായിരുന്നു.

റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ മോണിറ്റർ ചെയ്യുന്നതിലും മോട്ടോർ വാഹന വകുപ്പ് വീഴ്ച വരുത്തുന്നുണ്ട്. എന്നാണ് മറ്റൊരു പരാതി. നിലവിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാലും അതിൽ പിഴയീടാക്കി നോട്ടീസ് അയക്കുന്നതിലും വകുപ്പ് വീഴ്ച വരുത്തുന്നുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടാണ് ഓരോരുത്തർക്കും നോട്ടീസ് ലഭിക്കുന്നത് എന്നാണ് പരക്കെ ഉള്ള ആക്ഷേപം. നോട്ടീസ് ലഭിച്ചാലും പിഴയടക്കുന്നതിന് പലരും തയ്യാറാവില്ല അങ്ങനെ ഉള്ള സാഹചര്യത്തിൽ കോടതി വഴി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണം. എന്നാൽ ബന്ധപ്പെട്ട ഫയലുകൾ നീക്കുന്നതിലും നടപടികൾ സ്വീകരിക്കുന്നതിനും വകുപ്പ് കാലതാമസം വരുത്തുന്നു.

നിയമലംഘനം കണ്ടുപിടിച്ചാൽ അക്കാര്യം വാഹന ഉടമയെ എസ് എം എസ് വഴി അറിയിക്കണമെന്ന രീതിയും അതോടൊപ്പം സിഗ്‌നലുകളും ട്രാഫിക് നിർദ്ദേശങ്ങളും പാലിക്കുന്നതിനുള്ള ബോർഡുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണമെന്ന നിർദ്ദേശങ്ങളും വകുപ്പ് അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല. പാതയോരങ്ങളിൽ രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ കത്തിയാൽ മാത്രമേ ക്യാമറകൾ കാര്യക്ഷമമായി പ്രവർത്തിക്കു എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. എന്നാൽ തെരുവ് വിളക്കുകൾ കത്തിക്കുന്നതിൽ വൈദ്യുത ബോർഡിന്റെ ഭാഗത്തുനിന്ന് നിരന്തരമായ വീഴ്ചയാണുണ്ടാകുന്നതെന്നും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പരാതിപ്പെടുന്നുണ്ട്.

വാഹനാപകടങ്ങൾ ഉണ്ടാകാതെ നോക്കുന്നതിന് റോഡ് സുരക്ഷാ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും പൊലീസും മോട്ടോർ വാഹന വകുപ്പും തമ്മിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നു നിർദ്ദേശമുണ്ടെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളിൽ 63 ശതമാനവും ഇരുചക്ര വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.2018 നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം ഇരു ചക്രവാഹന അപകടങ്ങളിൽ 6 ശതമാനം വർധനവുണ്ടായി.

ഇരുചക്ര വാഹനങ്ങൾ എണ്ണത്തിൽ കൂടുതലായതും ട്രാഫിക് നിയമലംഘനങ്ങളുമാണ് അപകടത്തിൽ വർധിക്കാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു. അതെ സമയം കഴിഞ്ഞ വർഷം ട്രാഫിക് സിഗ്‌നലുകളിൽ മാത്രമുണ്ടായത്. 1227 അപകടങ്ങളാണ്. ട്രാഫിക് സിഗ്നലുകൾ രാത്രികാലത്തു അണക്കുന്നത് മൂലം അപകടങ്ങൾ വർധിക്കുന്നതായും മന്ത്രി അറിയിച്ചു. 132 പേരാണ് സിഗ്‌നലുകളിൽ മരിച്ചത്. വൺവേ തെറ്റിച്ചു ഓടിച്ചുള്ള അപകടങ്ങളിൽ 2018 ൽ മരിച്ചത് 115 പേരാണെന്നും എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP