Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളാറ്റിൽ നിന്നും അർദ്ധരാത്രി കക്കൂസ് മാലിന്യം എത്തിച്ചത് ടാങ്കർ ലോറിയിൽ; മാലിന്യ ലോറിക്ക് അകമ്പടിയായി ഷെവർലെ കാറിൽ ഫ്‌ളാറ്റ് ഉടമയും സംഘവും; കണ്ണീരു പോലെ തെളിഞ്ഞു ഒഴുകുന്ന നദിയെ എന്തിന് മലിനപ്പെടുത്താനുള്ള ശ്രമം പൊളിച്ചത് സമീപത്ത് ക്ഷേത്രോത്സവത്തിന് എത്തിയ നാട്ടുകാരുടെ ജാഗ്രത; കഠിനംകുളം കായലിൽ ഇനി എന്നും നിരീക്ഷണം

ഫ്‌ളാറ്റിൽ നിന്നും അർദ്ധരാത്രി കക്കൂസ് മാലിന്യം എത്തിച്ചത് ടാങ്കർ ലോറിയിൽ; മാലിന്യ ലോറിക്ക് അകമ്പടിയായി ഷെവർലെ കാറിൽ ഫ്‌ളാറ്റ് ഉടമയും സംഘവും; കണ്ണീരു പോലെ തെളിഞ്ഞു ഒഴുകുന്ന നദിയെ എന്തിന് മലിനപ്പെടുത്താനുള്ള ശ്രമം പൊളിച്ചത് സമീപത്ത് ക്ഷേത്രോത്സവത്തിന് എത്തിയ നാട്ടുകാരുടെ ജാഗ്രത; കഠിനംകുളം കായലിൽ ഇനി എന്നും നിരീക്ഷണം

എം മനോജ് കുമാർ

തിരുവനന്തപുരം: കഠിനംകുളം കായലിൽ കക്കൂസ് മാലിന്യം തടയാനുള്ള ശ്രമം കഠിനംകുളത്ത് നാട്ടുകാർ തടഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെയാണ് കക്കൂസ് മാലിന്യം ഒരു ടാങ്കറിൽ എത്തിച്ച് കായലിൽ തള്ളാനുള്ള ശ്രമം നടന്നത്. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായതിനാൽ പരിസരത്ത് ജനസാന്നിധ്യമുണ്ടായിരുന്നു. ഇതുകൊണ്ടാണ് മാലിന്യം കായലിൽ തള്ളാനുള്ള ശ്രമം പരാജയപ്പെട്ടത്. സമീപത്തെ ഫ്‌ളാറ്റിലുള്ള മാലിന്യമാണ് ലോറിയിൽ എത്തിച്ച് കായലിൽ തള്ളാൻ ശ്രമിച്ചത്. ലോറി കായലിനു സമീപമെത്തിയപ്പോൾ തന്നെ നാട്ടുകാർ ലോറി തടഞ്ഞു. ഇതോടെ തടഞ്ഞവരെ ആക്രമിച്ച് മാലിന്യം തള്ളാനുള്ള ശ്രമമാണ് ലോറിയിലെ ആളുകൾ നടത്തിയത്. ശബ്ദം കേട്ട് പരിസരത്ത് നിന്നും കൂടുതൽ ആളുകൾ എത്തിയതോടെ ഇവരുടെ ശ്രമം വിഫലമായി.

മാലിന്യ ലോറിക്ക് പിന്നാലെ ഫ്‌ളാറ്റ് ഉടമയും സംഘവും ഷെവർലെ കാറിൽ ലോറിക്ക് ഒപ്പമുണ്ടായിരുന്നു. പക്ഷെ രംഗം വഷളാകുമെന്ന് കണ്ടതോടെ ഇവർ കാറുമായി തടിയൂരി. ഇതു കണ്ടതോടെ ലോറിയും ഡ്രൈവർ അടക്കമുള്ളവരെയും നാട്ടുകാർ തടഞ്ഞു വെച്ചു. അതിനു ശേഷം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി ലോറിയിലുള്ളവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെയാണ് സംഭവത്തിൽ പൊലീസ് കേസ് ചാർജ് ചെയ്തത്. ഐപിസി 269, 120 (ഇ) , പൊലുഷൻ ആക്റ്റ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തതെന്ന് മംഗലപുരം പൊലീസ് മറുനാടനോട് പറഞ്ഞു. വണ്ടിയിലുണ്ടായിരുന്ന എറണാകുളം സ്വദേശി ശരത് തൃശൂർ സ്വദേശി സൂരജ് എന്നിവർക്കെതിരെയാണ് കേസ് ചാർജ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കഠിനംകുളം കായലിൽ കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ ജാഗ്രത കൊണ്ടാണ് ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത്. പക്ഷെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ ചിലർ കക്കൂസ് മാലിന്യം തള്ളിയതായും നാട്ടുകാർ മറുനാടനോട് പറഞ്ഞു. കായൽ ദിവസങ്ങളോളം മലിനമായി. ആളുകൾക്ക് കായലിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥ വരുകയും രൂക്ഷമായ ഗന്ധം വരുകയും ചെയ്തു. അതിനു ശേഷമാണ് കക്കൂസ് മാലിന്യം കായലിൽ തള്ളുന്നതിന്നെതിരെ നാട്ടുകാർ ജാഗ്രത കാണിച്ചു തുടങ്ങിയത്. ഇതേ ജാഗ്രത കാരണമാണ് ഇന്നലത്തെ ശ്രമം പരാജയപ്പെട്ടതും. പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാത്തത് കാരണമാണ് മാലിന്യം തള്ളുന്ന പ്രവണത വ്യാപകമാകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

എത്ര ജാഗ്രത കാട്ടിയാലും കണ്ണ് വെട്ടിച്ച് മാലിന്യം തള്ളുന്നതാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. കണ്ണീരു പോലെ തെളിഞ്ഞു ഒഴുകുന്ന നദിയെ എന്തിന് മലിനപ്പെടുത്തുന്നു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ചരിത്രപരമായ പ്രാധാന്യം പേറുന്ന ജലമാർഗമായിരുന്നു കഠിനംകുളം കായൽ. രാജഭരണ കാലത്ത് കഠിനംകുളം കായൽ ഒരു മുഖ്യ ഗതാഗത മാർഗമായിരുന്നു. തിരുവിതാംകൂറിലെ രാജാക്കന്മാർ കണിയാപുരം പുത്തൻകടവു വരെ കരമാർഗവും അവിടെ നിന്നു ജലമാർഗവും സഞ്ചരിച്ചിരുന്നതായാണ് ചരിത്രം പറയുന്നത്. കായൽ ഭംഗി ആസ്വദിക്കാൻ കഠിനംകുളം മുതൽ അകത്തുമുറി ബോട്ട് സർവീസ് തുടങ്ങുമെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പക്ഷെ ഈ പ്രഖ്യാപനം എങ്ങുമെത്തിയില്ല. ജില്ലയിലെ തീരദേശ കായലുകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഉൾനാടൻ കായൽ വിനോദസഞ്ചാര പദ്ധതി ആരംഭിക്കുമെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. 2018ലെ ബഡ്ജറ്റിൽ പദ്ധതിക്ക് തുക വകയിരുത്താത്തതോടെ പദ്ധതിക്ക് തിരിച്ചടി നേരിട്ടു.

കഠിനംകുളം കായൽ മലിനമാകുന്നു: വാർഡ് കൗൺസിലർ പ്രഭ

കഠിനംകുളം കായൽ മലിനമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ആണ് നടക്കുന്നതെന്ന് കഠിനംകുളം വാർഡ് കൗൺസിലറായ പ്രഭ മറുനാടനോട് പറഞ്ഞു. നാട്ടുകാരുടെ ജാഗ്രത കൊണ്ടാണ് ഇന്നലത്തെ ശ്രമം പരാജയപ്പെട്ടത്. പലപ്പോഴും തടയാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ വണ്ടി ഓടിച്ച് പോവുകയാണ് ലോറി ഡ്രൈവർമാർ ചെയുന്നത്. ഈയിടെ ഇങ്ങിനെ ലോറി വന്നപ്പോൾ രണ്ടു യുവാക്കൾ ലോറിക്ക് കുറുകെ കയറി നിന്നു. ഇതോടെ ലോറി ഇവർ യുവാക്കളുടെ നേരെ ഓടിച്ചു.

ഭാഗ്യംകൊണ്ടാണ് അന്ന് യുവാക്കൾ രക്ഷപ്പെട്ടത്. ഇതിനു മുൻപ് ലോറിക്കാർ കക്കൂസ് മാലിന്യം തള്ളി. അത് കായലിൽ മുഴുവൻ വ്യാപിച്ചിരുന്നു. വാടെമുക്കിലാണ് ഇവർ അന്ന് തള്ളിയത്. ഇപ്പോൾ മാലിന്യം തള്ളാൻ ശ്രമം നടന്നത് കരിച്ചാറയും. നിയമത്തിന്റെ ലൂപ്പ് ഹോൾസ് വഴി ഇവർ രക്ഷപ്പെടാനുള്ള സാധ്യത വളരെയധികമാണ് എന്നാണു പൊലീസ് പറഞ്ഞത്. ജനപ്രതിനിധികൾ ഒറ്റക്കെട്ടായി സംഭവത്തിൽ രംഗത്ത് വന്നപ്പോഴാണ് ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചത്. ലോറി അവർ കൊണ്ടുപോവുകയും ചെയ്തു-പ്രഭ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP