Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവനക്കാരുടെ പ്രതിനിധിയോട് ചോദിക്കാതെ സ്ഥലം മാറ്റം നടപ്പാക്കുന്ന ചെയർമാൻ; അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുറിക്ക് മുന്നിൽ കുത്തിയിരിക്കുന്ന മെമ്പർ; കളി കൈവിട്ടു പോകുമ്പോൾ എല്ലാം പറഞ്ഞ് സെറ്റിലാക്കുന്ന ചെയർമാനും; ഗുരുവായൂരിൽ ഇപ്പോൾ നടക്കുന്നതെല്ലാം പ്രിയൻ സിനിമയായ 'അദ്വൈതത്തെ' ഓർമ്മിപ്പിക്കും രംഗങ്ങൾ; വെള്ളാപ്പള്ളിക്ക് മുൻപിൽ തുറന്ന വാതിൽ മുല്ലപ്പള്ളിക്ക് നേരെ കൊട്ടിയടച്ചതിന് പിന്നാലെ ഗുരുവായൂരിൽ പുതിയ വിവാദവും; ഇനി നിർണ്ണായകം പാർട്ടി നിലപാട്

ജീവനക്കാരുടെ പ്രതിനിധിയോട് ചോദിക്കാതെ സ്ഥലം മാറ്റം നടപ്പാക്കുന്ന ചെയർമാൻ; അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുറിക്ക് മുന്നിൽ കുത്തിയിരിക്കുന്ന മെമ്പർ; കളി കൈവിട്ടു പോകുമ്പോൾ എല്ലാം പറഞ്ഞ് സെറ്റിലാക്കുന്ന ചെയർമാനും; ഗുരുവായൂരിൽ ഇപ്പോൾ നടക്കുന്നതെല്ലാം പ്രിയൻ സിനിമയായ 'അദ്വൈതത്തെ' ഓർമ്മിപ്പിക്കും രംഗങ്ങൾ; വെള്ളാപ്പള്ളിക്ക് മുൻപിൽ തുറന്ന വാതിൽ മുല്ലപ്പള്ളിക്ക് നേരെ കൊട്ടിയടച്ചതിന് പിന്നാലെ ഗുരുവായൂരിൽ പുതിയ വിവാദവും; ഇനി നിർണ്ണായകം പാർട്ടി നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: പ്രിയദർശന്റെ അദ്വൈതം.... ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലെ അമ്പലവും അവിടെ ചെയർമാൻ നടത്തുന്ന അഴിമതിയും അതിനെതിരെ പോരടിക്കുന്ന ജീവനക്കാരുടെ പ്രതിനിധിയും... സൂപ്പർഹിറ്റ് സിനിമ പറഞ്ഞത് ഈ കഥയാണ്. ഇപ്പോൾ ഗുരുവായൂർ അമ്പലത്തിലെ പ്രതിഷേധവും ഈ സിനിമയെ അനുസ്മരിക്കും വിധമാണ്. അദ്വൈതത്തിൽ സംഭവിച്ചത് ഇപ്പോൾ ഗുരുവായൂരിൽ നടക്കുന്നു.

ഗുരുവായൂർ ദേവസ്വം ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ചെയർമാനെതിരെ വീണ്ടും പോരിനിറങ്ങി ജീവനക്കാരുടെ പ്രതിനിധി . ഭരണസമിതിയിലോ, ജീവനക്കാരുടെ പ്രതിനിധിയുമായോ കൂടിയാലോചനകളില്ലാതെ ചെയർമാൻ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നുവെന്നാരോപിച്ചാണ് ജീവനക്കാരുടെ പ്രതിനിധിയും, സിപിഎമ്മുകാരനുമായ എ.വി. പ്രശാന്ത്,അഡ്‌മിനിസ്‌റ്റ്രേറ്ററുടെ ഓഫീസ് ഉപരോധിച്ചത്. ഏതാണ്ട് ഇതിന് സമാനമായിരുന്നു പ്രിയൻ ചിത്രത്തിന്റെ കഥയും. പാർട്ടി നിയമിക്കുന്ന ചെയർമാനും ചെയർമാൻ കണ്ടെത്തുന്ന ജീവനക്കാരുടെ പ്രതിനിധിയും. രണ്ടു പേരും ഒരേ മനസോടെ പോകുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ചെയർമാന്റെ കള്ളക്കളികൾ കണ്ടില്ലെന്ന് നടിക്കാൻ ജീവനക്കാരുടെ പ്രതിനിധിയായെത്തുന്ന 'ജയറാമിന്റെ' കഥാപാത്രത്തിന് കഴിയുന്നില്ല. അങ്ങനെയാണ് അദ്വൈതത്തിൽ കഥ മുമ്പോട്ട് പോയത്.

ഇന്നലെ ഗുരുവായൂരിൽ നടക്കുന്നതും ഇതിന് സമാനമായ കാര്യങ്ങളാണ്. അകാരണമായി ജീവനക്കാരെ സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചെയർമാനെതിരെ എ.വി. പ്രശാന്ത് രംഗത്തെത്തിയത്. 14-ഓളം ജീവനക്കാരെ സ്ഥലംമാറ്റം നടത്തിയത് പുനപരിശോധിച്ച് കൂടിയാലോചനയിലൂടെ തിരുത്തൽ വരുത്തണമെന്ന പ്രശാന്തിന്റെയും, യൂണിയൻ നേതാക്കളുടേയും അഭിപ്രായത്തെ മുഖവിലയ്ക്കെടുക്കാതെ, എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു, ദേവസ്വം ചെയർമാൻ. ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുമായി അഡ്‌മിനിസ്‌റ്റ്രേറ്ററുടെ ഓഫീസിലേയ്ക്ക് ഫയൽ ഒപ്പിടാനെത്തിയപ്പോഴാണ് അഡ്‌മിനിസ്‌റ്റ്രേറ്ററുടെ ഓഫീസ് പ്രശാന്ത് ഉപരോധിച്ച് പ്രതിഷേധിച്ചത്.

ജീവനക്കാരുടെ സ്ഥലംമാറ്റവുമായ പ്രശ്നങ്ങൾ ഭരണസമിതിയിലോ, ജീവനക്കാരുടെ പ്രതിനിധിയുമായോ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും, അത് ചെയർമാന്റെ വിവേചനാധികാരത്തിലുള്ളതാണെന്നുമാണ് ചെയർമാന്റെ നിലപാട്. എന്നാൽ, ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌റ്റ്രേറ്ററും, ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തും രണ്ട് വഴിക്ക് പോകുമ്പോൾ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടും നിർണ്ണായകമാകും. ഗുരുവായൂരിലെ പ്രാദേശിക സിപിഎം നേതാക്കളുമായി നല്ല ബന്ധത്തിലല്ലാത്ത ചെയർമാനെതിരെ വാളോങ്ങാൻ പ്രശാന്തിനെ പ്രേരിപ്പിക്കുന്നത് ഗുരുവായൂരിലെ സിപിഎം നേതൃത്വമാണെന്ന അഭ്യൂഹവും സജീവമാണ്. അതുകൊണ്ട് തന്നെ ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകും.

കഴിഞ്ഞ ഭരണസമിതിയിലും ചെയർമാനും, ഭരണസമിതി അംഗവും തമ്മിൽ സ്വരചേർച്ചയില്ലാതേയാണ് ഭരണസമിതി മുന്നോട്ടുപോയിരുന്നത്. എന്നാൽ സിപിഎം ഭരിക്കുന്ന ദേവസ്വത്തിലെ ഭരണകക്ഷി യൂണിയനിലെ ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷനും, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷനും ചേർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ഒടുവിൽ ജീവനക്കാരുടെ ആവശ്യങ്ങൾക്കുമുമ്പിൽ ചെയർമാൻ മട്ടുമടക്കി. ഭരണസമിതിയോഗത്തിൽ പ്രശാന്ത് ഉൾപ്പടേയുള്ള അംഗങ്ങളുടെ കയ്യൊപ്പുവാങ്ങി അംഗങ്ങളുടെ നിർദ്ദേശവും കൂടി പരിഗണിച്ച് സ്ഥലംമാറ്റ ഉത്തരവിൽ തീരുമാനമെടുക്കാമെന്ന വ്യവസ്ഥയോടെ നിലവിലെ ഉത്തരവുകളെല്ലാം മരവിപ്പിച്ച് പ്രശ്നം തീർത്തു.

ഗുരുവായൂർ ദേവസ്വത്തിൽ, സിപിഎമ്മിന്റെ പ്രതിനിധികളായ ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി. മോഹൻദാസും, ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തും തമ്മിലുള്ള പോര് കഴിഞ്ഞ ഭരണ സമിതിയുടെ ആദ്യ കാലത്ത് തന്നെ തുടങ്ങിയതായിരുന്നു.ഈ ഭരണ സമിതിയിലും പോരിനിറങ്ങിയ പ്രശാന്ത് താൻ പിന്നോട്ടില്ല എന്ന സൂചനയാണ് നൽകുന്നത്. പ്രാദേശിക നേതൃത്വ ത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് അഡ്വ കെ ബി മോഹൻദാസ് വീണ്ടും ചെയർമാൻ ആയി വന്നത്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഗസ്റ്റ് ഹൗസിൽ നിന്ന് ഇറക്കി വിട്ടത് വലിയ വിവാദമായിരുന്നു. വെള്ളപ്പാള്ളി നടേശന് നൽകിയ സ്യൂട്ട് നമ്പർ 1 മുല്ലപ്പള്ളിക്ക് നൽകാത്തതാണ് വിവാദമായത്. ഇത് ഗുരുവായൂരിലെ കോൺഗ്രസ് സംഘടന ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംഘടനയും ഭരണ സമിതിക്കെതിരെ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP