Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിയുണ്ടയും തോക്കുകളും കാണാതായത് അടക്കം ഗുരുതര ആരോപണങ്ങൾ നിലനിൽക്കവേ ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്; യുകെയിൽ നടക്കുന്ന സുരക്ഷാ സെമിനാറിൽ പങ്കെടുക്കാനുള്ള യാത്രാച്ചെലവ് വഹിക്കുന്നത് സംസ്ഥാന ഖജനാവിൽ നിന്ന്; ഡിജിപിയെ മാറ്റണമെന്ന ആവശ്യം സിഎജിയിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി; സിഎജി റിപ്പോർട്ടിനെ കുറിച്ച് നമുക്കുവേറെ പരിശോധിക്കാം; ബെഹ്റയെ മാറ്റണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി

വെടിയുണ്ടയും തോക്കുകളും കാണാതായത് അടക്കം ഗുരുതര ആരോപണങ്ങൾ നിലനിൽക്കവേ ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്; യുകെയിൽ നടക്കുന്ന സുരക്ഷാ സെമിനാറിൽ പങ്കെടുക്കാനുള്ള യാത്രാച്ചെലവ് വഹിക്കുന്നത് സംസ്ഥാന ഖജനാവിൽ നിന്ന്; ഡിജിപിയെ മാറ്റണമെന്ന ആവശ്യം സിഎജിയിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി; സിഎജി റിപ്പോർട്ടിനെ കുറിച്ച് നമുക്കുവേറെ പരിശോധിക്കാം; ബെഹ്റയെ മാറ്റണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾക്കിടെ ഡിജിപി ലോകനാഥ് ബെഹ്‌റ വിദേശത്തേക്ക് യാത്രപോകുന്നു. ഇതിനായി ബ്‌ഹെറയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത മാസം 3 മുതൽ 5 വരെ ബ്രിട്ടൻ സന്ദർശനത്തിനാണ് ഡിജിപി അനുമതി നൽകിയത്. ഖജനാവിൽ നിന്നാണ് പൊലീസ് മേധാവിയുടെ യാത്രയ്ക്കുള്ള ചെലവ്. യുകെയിൽ നടക്കുന്ന യാത്ര സുരക്ഷാ സെമിനാറിൽ പങ്കെടുക്കാനാണ് ഡിജിപി പോകുന്നതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച അതീവ വീഴ്ചയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഒരു സുരക്ഷ സെമിനാറിൽ പങ്കെടുക്കാൻ സംസ്ഥാന ഡിജിപിക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഡിജിപി പ്രതിരോധത്തിലായത്. ഇതിന് പിന്നാലെ സിഎജി വാർത്താസമ്മേളനമടക്കം നടത്തി. ഡിജിപിയുടെ തന്നെ പേരെടുത്ത് പറഞ്ഞ് ആദ്യമായാണ് സിഎജി വാർത്താസമ്മേളനമടക്കം നടത്തുന്നത്. ഗുരുതരമായ വീഴ്ചയാണ് ഡിജിപിക്കെതിരെ ആരോപിക്കുന്നത്. അതേസമയം ഡിജിപിക്കെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും രംഗത്തുവന്നു.

ആയുധങ്ങൾ കാണാതായത് ഉൾപ്പെടെ പൊലീസിനെതിരായ സിഎജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ല. അതിന് അതിന്റേതായ നടപടിക്രമം ഉണ്ട്. ഞാൻ അസംബ്ലിയിൽ തന്നെ ഇക്കാര്യം പറഞ്ഞതല്ലേ. അവിടെ കാര്യങ്ങൾ പറയാം. അതാണ് നല്ലത്.'- പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡിജിപി കൂടിക്കാഴ്ച നടത്തിിരുന്നു.

സിഎജിയുടെ ഗൗരവമായ കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകിയോ എന്ന ചോദ്യത്തിന് തന്റെ കയ്യിൽ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് പിണറായി ചിരിച്ച് തള്ളി. സിഎജി റിപ്പോർട്ടിനെ കുറിച്ച് നമുക്കുവേറെ പരിശോധിക്കാമെന്നാണ് ഇന്നലെ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ, മുഖ്യമന്ത്രി മറുപടി നൽകിയത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ മുഖ്യമന്ത്രി ഇത് ആവർത്തിക്കുകയാണ് ചെയ്തത്. 'സിഎജി റിപ്പോർട്ടിനെ കുറിച്ച് നമുക്ക് വേറെ പരിശോധിക്കാം. അതുപരിശോധിക്കാൻ അതിന്റേതായ രീതികളുണ്ട്. അതിനെ ആ വഴിക്ക് വിടാം.'- പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇന്നലെ സഭയിൽ നൽകിയ മറുപടി ഇങ്ങനെയാണ്.

അതേസമയം സിഎജിയുടെ റിപ്പോർട്ടിൽ തനിക്കും പൊലീസ് സേനയ്ക്കും നേരെ ഉണ്ടായ പരാമർശങ്ങളിൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹറയുടെ പ്രതികരണം. ഇപ്പോൾ പ്രതികരിക്കുന്നത് ഉചിതമാവില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. 'ഇക്കാര്യങ്ങളിൽ ഞാൻ ഒന്നും പറയാൻ പോവുന്നില്ല. അത് ഉചിതമല്ല'- പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ഡിജിപി പറഞ്ഞു. അതേസമയം, 'സിംസ്' പദ്ധതിയിൽ സ്വകാര്യ കമ്പനിക്ക് പല രീതിയിൽ പങ്കാളിത്തമുണ്ടെന്ന് കെൽട്രോൺ സമ്മതിച്ചു. സാങ്കേതികസംവിധാനം, ഉപകരണങ്ങൾ, സഹായം എന്നിവ കമ്പനി നൽകുന്നുണ്ട്. എന്നാൽ നിയന്ത്രണം സ്വകാര്യ കമ്പനിക്കല്ലെന്നും കെൽട്രോൺ മാർക്കറ്റിങ് വിഭാഗം മേധാവി കെ.ഗോപകുമാർ പറഞ്ഞു. എന്നാൽ സാങ്കേതിക കാര്യങ്ങളുടെ ചുമതല ഗാലക്‌സണിനെന്ന് സമ്മതിച്ച് ഉടമ ബർണാർഡ് രാജ് രംഗത്തെത്തി.

കെൽട്രോൺ പണം വാങ്ങി വിഹിതം ഗാലക്‌സണിനു നൽകുകയാണ് ചെയ്യുന്നത്. കൺട്രോൾ പാനൽ ഗാലക്‌സോണിൽ നിന്നു വാങ്ങണം. 40000 രൂപ മുതൽ കൺട്രോൾ പാനലിന് വിലവരുമെന്നും കൂടുതൽ വിശദീകരിക്കേണ്ടത് പൊലീസെന്നും ബർണാർഡ് വ്യക്തമാക്കി. കെൽട്രോണുമായി ചേർന്ന് നടപ്പാക്കുന്ന സിംസ് പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. പൊലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിലും പാളിച്ചകൾ ഉണ്ടെന്ന് വ്യക്തമായത്. കേരള പൊലീസ് പുതുതായി നടപ്പാക്കിയ വ്യവസായ സ്ഥാപനങ്ങൾക്കും വീടുകൾക്കുമുള്ള സുരക്ഷാ സംവിധാനമായ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം ആണ് സിംസ് പദ്ധതി. ഇതിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് പൊലീസ് ആസ്ഥാനത്താണ്. പൂർണമായും കെൽട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഇക്കാര്യം നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ നടത്തിപ്പ് ഗാലക്സോ എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാൽ ഈ വിവരം പുറത്തുവിട്ടിട്ടുമില്ല. ഇതാണ് സിഎജി റിപ്പോർട്ടു പുറത്തുവന്നപ്പോൾ വ്യക്തമായത്.

എല്ലാ സ്വകാര്യ കമ്പനികളോടും വ്യക്തികളോടും സിംസിൽ പങ്കാളികളാകണമെന്ന് പൊലീസ് ആവശ്യപ്പെടുകയും കെൽട്രോൺ ആണ് ഇത് നടപ്പാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനിക്ക് നേട്ട മുണ്ടാക്കിക്കൊടുക്കുന്ന നിലപാട് പൊലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടാകുന്നു എന്ന ആരോപണമാണ് ഉയരുന്നത്. സിംസ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനിയുടെ പ്രതിനിധികൾ കൂടി പൊലീസ് തലസ്ഥാനത്ത് തുടരുന്നുണ്ട്. പൊലീസിലെ തന്നെ ചിലർ കമ്പനിയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പിടി തോമസ് എംഎൽഎ പൊലീസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ച കൂട്ടത്തിൽ സിംസ് പദ്ധതിയെക്കുറിച്ചും ചോദിച്ചിരുന്നു. ഈ പദ്ധതിയിൽ ഒരുവിധത്തിലുള്ള അഴിമതിയുമില്ലെന്നും പൊലീസ് ഇതിനായി തുകയൊന്നും ചിലവഴിക്കില്ലെന്നും പോതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

നേരത്തെ പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമക്കേടുകൾ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. കാണാതായവയിൽ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാൻ ഡമ്മി വെടിയുണ്ടകൾ വച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സിഎജി റിപ്പോർട്ട്.

സെൽഫ് ലോഡിങ് റൈഫിളുകൾക്കായുള്ള 7.62 എം. എം. എം. 80 വെടിയുണ്ടകൾ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. കൂടാതെ, വിഐപി, വിവിഐപി സുരക്ഷയ്ക്ക് വാഹനങ്ങൾ വാങ്ങിയതിന് ഒരു വ്യവസ്ഥയും സംസ്ഥാന പൊലീസ് മേധാവി ബെഹ്റ പാലിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയുള്ള വിവിഐപികൾക്ക് സുരക്ഷയൊരുക്കാൻ സ്റ്റോർ പർച്ചേഴ്സ് മാന്വൽ പാലിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ വാങ്ങിയെന്നും പൊലീസ് സേനയുടെ നവീകരണത്തിനുനൽകിയ പണം ഉപയോഗിച്ച് ആഡംബര കാറുകൾ വാങ്ങിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്നപേരിൽ 269 ലൈറ്റ് മോട്ടാർവാഹനങ്ങൾ അനുമതിയില്ലാതെ വാങ്ങി. ഇതിൽ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥർക്കായുള്ള ആഡംബര കാറുകളാണ്. എസ്ഐ, എഎസ്ഐമാർക്ക് ക്വാർട്ടേഴ്സ് പണിയാനുള്ള തുക സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പൊലീസ് മേധാവി വകമാറ്റി. ഈ ഇനത്തിൽ 2.81 കോടി രൂപ ചെലവിട്ടത് പൊലീസ് മേധാവിക്കും എഡിജിപിക്കും വില്ലകൾ പണിയാനാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP