Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുങ്ങിമരണം ആണെങ്കിൽ മോബൈൽ ഫോണും മോതിരവും ഹാന്റ് ബാഗും നഷ്ടമാകുന്നത് എങ്ങനെ? മിഷേലിന്റെ മൂക്കിന്റെ ഇരുവശത്തും നഖം താഴ്‌ത്തിയ പാടും കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചപ്പോൾ വന്ന നീലിച്ച പാടും മുറിഞ്ഞ് പൊട്ടിയ ചുണ്ടും; ഇതെല്ലാം മരണത്തിന് മുൻപ് സംഭവിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറൻസിക് വിദഗ്ധൻ ഉമാദത്തനും; അടിച്ച് ബോധം കെടുത്തിയ ശേഷം വെള്ളത്തിൽ ഇട്ടതെന്നും സംശയം; കൊച്ചിയിൽ മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം തേടി മുഖ്യമന്ത്രിയെ കണ്ട് കുടുംബം

മുങ്ങിമരണം ആണെങ്കിൽ മോബൈൽ ഫോണും മോതിരവും ഹാന്റ് ബാഗും നഷ്ടമാകുന്നത് എങ്ങനെ? മിഷേലിന്റെ മൂക്കിന്റെ ഇരുവശത്തും നഖം താഴ്‌ത്തിയ പാടും കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചപ്പോൾ വന്ന നീലിച്ച പാടും മുറിഞ്ഞ് പൊട്ടിയ ചുണ്ടും; ഇതെല്ലാം മരണത്തിന് മുൻപ് സംഭവിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറൻസിക് വിദഗ്ധൻ ഉമാദത്തനും; അടിച്ച് ബോധം കെടുത്തിയ ശേഷം വെള്ളത്തിൽ ഇട്ടതെന്നും സംശയം; കൊച്ചിയിൽ മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം തേടി മുഖ്യമന്ത്രിയെ കണ്ട് കുടുംബം

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊച്ചിയിൽ സിഎ വിദ്യാർത്ഥിയായിരുന്ന മിഷേൽ ഷാജിയുടെ ദുരൂഹമരണം നടന്നിട്ട് മൂന്നു വർഷത്തോട് അടുക്കുന്നു. 2017 മാർച്ച് അഞ്ചിന് വൈകീട്ട് കൊച്ചി കലൂർ പള്ളിയിൽ പ്രാർത്ഥിച്ച് ഇറങ്ങിയ മിഷേലിന്റെ ജഡമാണ് പിറ്റേന്ന് കൊച്ചി കായലിൽ കണ്ടത്. അന്ന് മുതൽ മിഷേലിന്റെ കുടുംബം വാദിക്കുകയാണ്, മിഷേലിന്റെത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന്. പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആധാരമാക്കി ആദ്യം കേസ് അന്വേഷിച്ച കൊച്ചി ലോക്കൽ പൊലീസും പിന്നീട് അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ചും മുങ്ങിമരണം എന്ന രീതിയിൽ ഫയൽ ക്ലോസ് ചെയ്യാനാണ് താത്പര്യപ്പെട്ടത്. മിഷേലിന്റേത് മുങ്ങി മരണമല്ല കൊലപാതകമാണെന്ന് ശക്തിയുക്തം വാദങ്ങൾ നിരത്തി മുന്നോട്ടു നീങ്ങിയ കുടുംബത്തെ നിരാശരാക്കിയാണ് കേരള പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം നീങ്ങിയത്. അതുകൊണ്ട് തന്നെ മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം മിഷേലിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പരാതിയിൽ എന്തുകൊണ്ട് സിബിഐ അന്വേഷണം എന്ന് ബന്ധുക്കൾ വിശദമാക്കുന്നുണ്ട്. മിഷേലിന്റെ കാര്യത്തിൽ നീതി മരവിച്ച് നിൽക്കുമ്പോൾ ദീർഘമായ നിയമപോരാട്ടത്തിനാണ് കുടുംബം ഒരുങ്ങുന്നത്. അതിന്റെ ആദ്യപടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്നും സിബിഐ അന്വേഷണം മതിയെന്നും മുഖ്യമന്ത്രിയെ കണ്ട് കുടുംബം ആവശ്യപ്പെട്ടത്.

അത്യന്തം ദുരൂഹതയിലാണ് മരണത്തിനു ആധാരമായ കാര്യങ്ങൾ സംഭവിച്ചത്. വൈകിട്ട് കലൂർ പള്ളിയിൽ മിഷേൽ എത്തുന്നു. പിന്നെ മടങ്ങുന്നു. രണ്ടു യുവാക്കൾ ബൈക്കിൽ മിഷേലിനെ പിന്തുടർന്നു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 24 മണിക്കൂർ കായലിൽ മുങ്ങിക്കിടന്ന ഒരു യുവതിയുടെ മൃതദേഹമായിരുന്നില്ല മിഷേലിന്റെത്. ഇരുപത്തിനാല് മണിക്കൂർ കായലിൽ മൃതദേഹമായി കിടന്നിട്ടും കായലിലെ ജലജീവികൾ മിഷേലിനെ തൊട്ടില്ല എന്ന പൊലീസ് വാദം കൊച്ചിയിലെ മത്സ്യത്തൊഴിലാളികൾ പോലും വിശ്വസിക്കുന്നില്ല. നേരത്തോടു നേരം കായലിൽ കിടന്നാൽ കണ്ടു കിട്ടുന്ന ബോഡിയായിരുന്നില്ല മിഷേലിന്റെത്. രണ്ടു മണിക്കൂർ മാത്രം കിടന്ന രീതിയിലാണ് മൃതദേഹം കണ്ടു കിട്ടിയത്. നേരത്തോടു നേരം കായലിൽ കിടന്ന ബോഡി എന്ന രീതിയിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിരൽ ചൂണ്ടിയത്. മരണം മുങ്ങി മരണം തന്നെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്കും സംശയമില്ല. പക്ഷെ ബന്ധുക്കളും ഫോറൻസിക് വിദഗ്ധൻ ഉമാകാന്തൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ വെല്ലുവിളിച്ച് കൊണ്ട് നിലനിൽക്കുകയാണ്.

ആർക്കൊക്കെയോ മിഷേലിന്റെ മരണം മുങ്ങിമരണം എന്ന് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. കൊച്ചിയിലെ പൊലീസ് സംവിധാനവും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറും ഇതേ രീതിയിൽ തന്നെ നീങ്ങി. കൊലപാതകമാകേണ്ട മരണം അങ്ങിനെ ആത്മഹത്യയായി മാറി. പക്ഷെ ക്രൈംബ്രാഞ്ച് എന്തുകൊണ്ട് ആത്മഹത്യ എന്ന രീതിയിൽ കോടതിയിൽ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തില്ല? മിഷേലിന്റെ മരണം പോലെ തന്നെ ദുരൂഹമാണ് തിരോധാനം കഴിഞ്ഞ ശേഷമുള്ള കൊച്ചി പൊലീസിന്റെ നടപടികളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും. കൊലപാതകമാകാൻ സാധ്യതയുള്ള, ഉമാകാന്തൻ അങ്ങിനെ വിരൽ ചൂണ്ടിയിരുന്ന ഒരു മരണം ആത്മഹത്യയായി മാറുമ്പോൾ നീതി മരവിച്ച് നിൽക്കുകയാണ്. മിഷേലിന്റെ കുടുംബത്തിനു നീതി വൈകുകയാണ്. മിഷേലിന്റെ കാര്യത്തിൽ വിലപ്പെട്ട മണിക്കൂറുകൾ ആണ് കൊച്ചി പൊലീസ് പാഴാക്കിക്കളഞ്ഞത്. വൈകിട്ട് കാണാതെയായപ്പോൾ രാത്രി പരാതി നൽകിയിട്ടും പിറ്റേന്ന് വരെ കൊച്ചി പൊലീസ് അനങ്ങിയില്ല. അതിനർത്ഥം മിഷേലിന്റെ മരണം കഴിഞ്ഞു അന്വേഷണം ആകാം എന്ന രീതിയിലാണ് കൊച്ചി പൊലീസ് നീങ്ങിയത് എന്നാണ് വ്യക്തമാകുന്നത്. ഓരോ മണിക്കൂർ അന്ന് രാത്രി പിന്നിട്ടപ്പോഴും എല്ലാ മണിക്കൂറും മിഷേലിന്റെ മരണം ഉറപ്പിക്കുകയായിരുന്നു.

മൂന്നു പൊലീസ് സ്റ്റെഷനുകളാണ് മിഷേലിന്റെ അന്വേഷണം ആവശ്യമായി സമീപിച്ചപ്പോൾ കൈമലർത്തിയത്. കൊച്ചി വനിതാ പൊലീസ് സ്റ്റേഷൻ, കസബ പൊലീസ് സ്റ്റേഷൻ, കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ. മൂന്നു പൊലീസ് സ്റ്റെഷനുകളും ഒരുമിച്ച് കൈമലർത്തി. പെൺകുട്ടികളെ കാണാതാകുമ്പോൾ പരാതി വരുന്ന ആദ്യ സ്റ്റേഷനിൽ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിർദ്ദേശം. ആദ്യം പൊലീസ് കാറ്റിൽപ്പറത്തിയത് ഈ നിർദ്ദേശമാണ്. ഓരോ പൊലീസ് സ്റ്റെഷനിലും ബന്ധുക്കൾ മാറി മാറി കയറി ഇറങ്ങി. പൊലീസ് അന്വേഷണത്തിനു സഹായിച്ചില്ല. ഒടുവിൽ ബന്ധുക്കൾ തന്നെ രാത്രിയിൽ അന്വേഷണവുമായി ഇറങ്ങി. നാണിപ്പിക്കുന്ന, ക്രമസമാധാന നില ഭദ്രം എന്ന് പറയുന്ന കേരളത്തിൽ, അതും കൊച്ചിയിൽ നടന്ന സംഭവമാണിത്. കണ്ണീരിൽ കുതിർന്ന വിലാപങ്ങളാണ് മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടു കുടുംബത്തിൽ നിന്നും ഉയരുന്നത്. ഇവർ പറയുന്നത് എല്ലാം അധികാരകേന്ദ്രങ്ങൾ നോക്കുകുത്തിയായി മാറുകയാണ് എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പുകയാണ്. ഒടുവിൽ രാത്രി മുഴുവൻ ബന്ധുക്കൾ അന്വേഷണവുമായി നടന്നു അലഞ്ഞു. ഒടുവിൽ മിഷേൽ ഇല്ലാതെ വീട്ടിലേക്ക് മടങ്ങി. ഈ സമയം മിഷേൽ മരിക്കുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ആയിരുന്നു.

മാർച്ച് ഏഴിന് രാവിലെയാണ് കൊച്ചി പൊലീസ് അന്വേഷണം തുടങ്ങിയത്. പക്ഷെ ഒന്നും സംഭവിച്ചില്ല. പകരം മിഷേലിന്റെ ബോഡി മാത്രം കിട്ടുകയാണ് ഉണ്ടായത്. പൊലീസിന്റെ ലാഘവബുദ്ധിയോടെയുള്ള മനോഭാവമാണ് മിഷേലിന്റെ മരണത്തിനു ഇടവെച്ചത് എന്ന് ചൂണ്ടിക്കാണിക്കാവുന്നതാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് അന്വേഷണവും ഒരുപോലെ ചേർന്ന് പോവുകയാണ് ഉണ്ടായത്. മിഷേലിന്റെത് മുങ്ങി മരണം തന്നെ. മുങ്ങിമരണം ആണെങ്കിൽ ആത്മഹത്യയാണെങ്കിൽ മോബൈൽ ഫോൺ, മോതിരം, ഹാന്റ് ബാഗ് നഷ്ടമാകുന്നത് എങ്ങിനെ? ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മിഷേലിന്റെ മൂക്കിന്റെ ഇരുവശത്തും നഖം താഴ്‌ത്തിയ പാടുണ്ടായിരുന്നു. കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചപ്പോൾ വന്ന നീലിച്ച പാടുമുണ്ടായിരുന്നു. ചുണ്ട് മുറിഞ്ഞു പൊട്ടിയിരുന്നു. ഇതെല്ലാം മരിക്കുന്നതിനു മുൻപ് സംഭവിച്ചതാണെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറൻസിക് വിദഗ്ദൻ ഉമാദത്തനും. കലൂർ പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ടു യുവാക്കൾ ബൈക്കിൽ മിഷേലിനെ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ യുവാക്കൾ ആരെന്ന ചോദ്യത്തിനു ഉത്തരമില്ല.

മിഷേലിന്റെ മൃതദേഹം നേരത്തോടു നേരം വെള്ളത്തിൽ കിടന്നിട്ടും ചീർത്തില്ല. അതെങ്ങിനെ സംഭവിച്ചു. ജലജീവികൾ ഒന്നും ആക്രമിച്ചില്ല. ഇതെങ്ങിനെ സംഭവിച്ചു? മിഷേലിനെ അടിച്ച് ബോധം കെടുത്തിയ ശേഷം വെള്ളത്തിൽ ഇട്ടതാണ് എന്ന ഞങ്ങളുടെ ചോദ്യത്തിനു ഇതുവരെ ഉത്തരം വന്നിട്ടില്ല. പൊലീസിൽ ഞങ്ങൾ പരാതി പറഞ്ഞ തീയതിയും സമയവും കള്ളമായാണ് എഫ്‌ഐആറിൽ കാണിച്ചിരിക്കുന്നത്. ഇത് എന്തിന് വേണ്ടി? ഇങ്ങിനെ ഉത്തരം കിട്ടാത്ത ഒട്ടുവളരെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ കുടുംബം ചൂണ്ടിക്കാണിക്കുന്നത്.

ഇനി രക്ഷ സിബിഐ അന്വേഷണം മാത്രം: മിഷേലിന്റെ പിതാവ് ഷാജി വർഗീസ്

2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കൊച്ചിയിൽ വെച്ച് കാണാതാകുന്നത്. കലൂർ പള്ളിയിൽ അന്ന് വൈകീട്ട് പ്രാർത്ഥിച്ച് ഇറങ്ങിയ ശേഷം മിഷേലിനെ ദുരൂഹമായ സാഹചര്യത്തിൽ കാണാതാകുകയായിരുന്നു. അതേ ദിവസം വൈകീട്ട് വനിതാ സ്റ്റെഷനിലും കസബാ സ്റ്റെഷനിലും കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലും പരാതിയുമായി പോയി. മകളെ കാണാതായ അന്ന് രാത്രി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങൽ തന്നെയാണ് നടന്നത്. ഒരന്വേഷണവും രാത്രി പൊലീസ് നടത്താൻ തയ്യാറായില്ല. തെറ്റായ രീതിയിലാണ് പൊലീസ് ഇടപെട്ടത്. കസബാ സ്റ്റേഷനിൽ പോയി പരാതി നൽകണം എന്ന് പറഞ്ഞു. കസബാ സ്റ്റെഷനിൽ പോയപ്പോൾ സെൻട്രൽ സ്റ്റേഷനിൽ പോകണം എന്ന് പറഞ്ഞു. ഓരോ സ്റ്റെഷനിലും വിലപ്പെട്ട സമയം വെറുതെ കളഞ്ഞു. സെൻട്രൽ സ്റ്റേഷനിൽ പോയി പരാതി പറഞ്ഞപ്പോൾ മൊബൈൽ മകളുടെ കയ്യിലുണ്ട്. അതിനാൽ മൊബൈൽ വെച്ച് അന്വേഷണം നടത്താൻ ഞങ്ങൾ പറഞ്ഞിരുന്നു. രാത്രി മൊബൈൽ റേഞ്ച് വെച്ച് അന്വേഷണം നടത്താൻ കഴിയില്ലാ എന്നാണ് പൊലീസ് പറഞ്ഞത്. രാത്രിയിൽ അന്വേഷണത്തിനു കഴിയില്ല, രാവിലെ എട്ടരയ്ക്ക് വന്നു പരാതി നൽകാനാണ് സെൻട്രൽ സ്റ്റേഷനിൽ നിന്നും പറഞ്ഞത്. രാവിലെ വരെ അന്വേഷിക്കാതിരുന്നാൽ മകളെ എങ്ങിനെ രക്ഷപ്പെടുത്താൻ കഴിയും എന്നാണ് ഞങ്ങൾ ചോദിച്ചത്. മകൾ അപകടത്തിലാണെന്നും ഞങ്ങൾ സ്റ്റേഷനിൽ പറഞ്ഞിരുന്നു. ടവർ ലൊക്കേഷൻ നോക്കണമെങ്കിൽ എസ്‌ഐ വരണം. അതിനു നാളെയെ കഴിയൂ എന്നാണ് സെൻട്രൽ പൊലീസ് പറഞ്ഞത്.

കുറ്റവാളികളെ രക്ഷപ്പെടുത്താൻ ആസൂത്രിതമായ ശ്രമം പൊലീസിനുള്ളിൽ ആ സമയം നടന്നുവെന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസിലാക്കാൻ കഴിഞ്ഞത്. രാത്രിയിൽ പള്ളിയിൽ ചെന്നാൽ സിസിടിവി ദൃശ്യങ്ങൾ നോക്കി അത് വെച്ച് അന്വേഷണം നടത്താനും ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടു. അതിനു നിങ്ങൾ തന്നെ പോയാൽ മതി എന്നാണ് പൊലീസ് പറഞ്ഞത്. പൊലീസ് ഒന്നിനും തയ്യാറായില്ല. ഞങ്ങൾ കലൂർ പള്ളിയിൽ അന്വേഷണത്തിനു ചെന്നതും തനിച്ചാണ്. പൊലീസ് സഹായം ലഭ്യമായില്ല. വീഡിയോ ഞങ്ങൾ കലൂർ പള്ളിയിൽ വെച്ച് കണ്ടു. അതിനു ശേഷം ഞങ്ങൾ വീണ്ടും സെൻട്രൽ സ്റ്റെഷനിൽ എത്തി. ഇനിയെങ്കിലും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് പക്ഷെ അനങ്ങിയില്ല. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവെന്ന് പറയുന്ന കേരളത്തിലെ പൊലീസിലെ നടപടിയാണ് ഇത്. ആരൊക്കെയോ സംരക്ഷിക്കാൻ തയ്യാറായ മട്ടിലുള്ള പൊലീസ് അന്ന് രാത്രി ഒരന്വേഷണത്തിനും തയ്യാറായില്ല. പിറ്റേന്ന് രാവിലെയാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണം നടത്തി എന്ന് വരുത്തിതീർക്കാനാണ് പൊലീസ് പിന്നെ ശ്രമിച്ചത്.

മൊബൈൽ ഫോൺ എവിടെയാണെന്നോ അതിന്റെ ടവർ ലൊക്കേഷൻ എവിടെയാണെന്നോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. വാച്ച്, മോതിരം ഇതും എവിടെയാണെന്ന് അറിയില്ല. ആത്മഹത്യയാണെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ല. ഇത് ഒരു കൊലപാതകം തന്നെയാണ്. 24 മണിക്കൂർ നേരം വെള്ളത്തിൽ കിടന്ന രീതിയിലുള്ള ബോഡിയല്ല ഞങ്ങൾക്ക് ലഭിച്ചത്. രണ്ടു മണിക്കൂർ വെള്ളത്തിൽ കിടന്ന രീതിയിലുള്ള ബോഡിയായിരുന്നു അത്. ഗോശ്രീ പാലത്തിൽ നിന്നും വീണു മരിച്ചവരുടെ ബോഡികളുടെ പരിണാമം ഞങ്ങൾ പരിശോധിച്ചിരുന്നു. രണ്ടു സ്ത്രീകളുടെ ശവശരീരങ്ങൾ കാണാൻ കഴിയാത്ത വിധം വികൃതമായിരുന്നു. എന്നാൽ മിഷേലിന്റെ ബോഡി വെള്ളത്തിൽ കിടന്നിട്ടും വലിയ പോറലേറ്റില്ല. ബോഡി അഴുകുകയും ചെയ്തില്ല. മകൾക്ക് നേരെ ആക്രമണം നടന്ന പാടുകൾ ദേഹത്തുണ്ടായിരുന്നു. ചുണ്ടിലെ മുറിവ്, അമർത്തിപ്പിടിച്ച വിരൽ അടയാളങ്ങൾ, അതിൽ ബ്ലഡ് കട്ട പിടിച്ചിരുന്നു. കായലിൽ 24 മണിക്കൂർ കിടന്ന ബോഡിയായിരുന്നില്ല മിഷേലിന്റെത്. ജലജീവികളിൽ നിന്നുള്ള ആക്രമണവും മിഷേലിന്റെ ശരീരത്തിൽ കണ്ടിരുന്നില്ല.

ആത്മഹത്യയാക്കാനുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് സൃഷ്ടിക്കുകയായിരുന്നു. മനുഷ്യ മനസിന് ഊഹിക്കാൻ കഴിയാത്ത വിധത്തിലുള്ള നിഗമനങ്ങളാണ് ക്രൈംബ്രാഞ്ച് കൊണ്ടുവന്നത്. ഫോറൻസിക് വിദഗ്ദൻ ഉമാ കാന്തിനെക്കൊണ്ട് വീഡിയോയും ഫോട്ടോകളും ഞങ്ങൾ പരിശോധിപ്പിച്ചു. നാല് കൈവിരൽപ്പാടുകൾ ജീവൻ ഉള്ളപ്പോൾ പതിഞ്ഞതാണ് എന്നാണ് ഉമാകാന്തൻ പറഞ്ഞത്. അത് ഉമാകാന്തൻ പ്രൂവ് ചെയ്യുകയും ചെയ്തു. പല നിർണ്ണായകമായ കേസുകളും തെളിയിച്ച ഡോക്ടർ കൂടിയാണിത്. കയ്യിലെ പാടും മുഖത്തെ പാടും എല്ലാം അങ്ങിനെ സംഭവിച്ചതാണ് എന്നാണ് ഉമാകാന്തൻ പറഞ്ഞത്. ഇതേ ഫോട്ടോസാണ് ഞങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. മിഷേലിന്റെത് മുങ്ങിമരണമല്ല കൊലപാതകമാണ്. ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നം മോൾ നേരിട്ടിട്ടില്ല. അതുപോലെയുള്ള പ്രശ്‌നങ്ങളുമില്ല. പിന്നെ എന്തിന് മരിക്കണം? സിഎയ്ക്ക് പഠിക്കാൻ അവൾ തന്നെയാണ് മുന്നിട്ടിറങ്ങിയത്. എല്ലാം കൊണ്ടും ആത്മഹത്യയല്ല കൊലപാതകമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരെ ഇതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. മുങ്ങി മരണം എന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇത് മുങ്ങി മരണമല്ല കൊലപാതകമാണ്. അതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമില്ല. സിബിഐ അന്വേഷണം വേണം. അതിനാണ് ഞങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. മൂന്നു വര്ഷം അന്വേഷിച്ചിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. അതിനാൽ സിബിഐ വരട്ടെ. ഇതാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി ഹൈക്കോടതിയെ സമീപിക്കും-മിഷേലിന്റെ പിതാവ് ഷാജി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP