Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നാം രണ്ട്, നമുക്ക് കുട്ടികൾ രണ്ട്' പോളിസിയിലേക്ക് നീങ്ങാൻ കേന്ദ്രസർക്കാർ; രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് ശിവസേന എംപി അനിൽ ദേശായി; പ്രതിപക്ഷത്തു നിന്നും ഉയർന്ന ആവശ്യം അമിത്ഷായും മോദിയും മുതലെടുത്തേക്കും; കർശന നടപടികളിലേക്ക് കടന്ന് രണ്ട് കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ

'നാം രണ്ട്, നമുക്ക് കുട്ടികൾ രണ്ട്' പോളിസിയിലേക്ക് നീങ്ങാൻ കേന്ദ്രസർക്കാർ; രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് ശിവസേന എംപി അനിൽ ദേശായി; പ്രതിപക്ഷത്തു നിന്നും ഉയർന്ന ആവശ്യം അമിത്ഷായും മോദിയും മുതലെടുത്തേക്കും; കർശന നടപടികളിലേക്ക് കടന്ന് രണ്ട് കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൂടുതൽ കർക്കശമാക്കുമെന്ന സൂചന കേന്ദ്രസർക്കാൻ നൽകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കഴിഞ്ഞ സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതിനിടെ ഇപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ നിന്നും ഇത്തരം ഒരു ആവശ്യം ഉയർന്നു. ഇതോടെ ഇക്കാര്യത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങൾ കൊണ്ടുവരാൻ വേണ്ടി പുതിയ ബിൽ അവതരിപ്പിച്ചത് ശിവസേന എംപി അനിൽ ദേശായി ആണ്. സ്വകാര്യ ബില്ലായി അനിൽ ദേശായി ഇക്കഴിഞ്ഞ ഏഴാം തീയ്യതി രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചു.

ആർട്ടിക്കിൾ 47എ പ്രകാരമാണ് പുതിയ ബിൽ. ശിവസേന എംപിയായ അനിൽ ദേശായിയാണ് സ്വകാര്യ ബില്ലായി ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആർട്ടിക്കിൾ 47എ ഭേദഗതി ചെയ്യണമെന്നാണ് ദേശായിയുടെ ആവശ്യം. 47എ ഭേദഗതി പ്രകാരം പ്രകാരം രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബില്ലിൽ പറയുന്നുണ്ട്.

രാജ്യത്തിന്റെ ജനസംഖ്യ 2050 ആകുമ്പോഴേയ്ക്കും ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബിൽ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ ഇന്ത്യയിലെ ജനസംഖ്യ 125 കോടി പിന്നിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനസംഖ്യ നിയന്ത്രിക്കാൻ ആവശ്യമായ നടപടികളിലേക്ക് കടക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. രണ്ടിലേറെ കുട്ടികൾ ഉള്ളവർക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കരുത്, അല്ലാത്ത പക്ഷം അധികം നികുതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബില്ലിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇതാദ്യമായല്ല ഇത്തരം ഒരു ആവശ്യം പാർലമെന്റിൽ എത്തുന്നത്. 2016ൽ ബിജെപി എംപി പ്രഹ്ലാദ് സിങ് പട്ടേൽ ഇത്തരമൊരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇത് പാർലമെന്റിൽ വോട്ടിംഗിന് അനുമതി ലഭിച്ചില്ല. 2019 ജൂലൈ മാസത്തിൽ ബിജെപിയുടെ തന്നെ രാകേഷ് സിംഹയും രാജ്യസഭയിൽ ജനസംഖ്യാ നിയന്ത്രണ ബിൽ സഭ മുമ്പാകെ കൊണ്ടുവന്നിരുന്നു. ഈ ബില്ലിൽ രണ്ടിലേറെ കുട്ടികൾ ഉള്ളവർക്ക് പിഴ ചുമത്തണമെന്ന ആവശ്യമാണ് ഉയർന്നിരുന്നത്. ഇപ്പോൾ അനിൽ ദേശായി കൊണ്ടു വന്ന ബിൽ പാർലമെന്റിൽ വോട്ടിന് ഇടുമോ എന്നതാണ് ഇനി അറിയേണ്ടത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനെ പിന്നാലെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് തുടർനടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

മുസ്ലിം സമൂദായമാണ് ജനസംഖ്യ വർധനവിന് കാരണമെന്ന് പ്രചാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ബിജെപി നേതാക്കൾ നടത്തുന്നതാണ്. മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട്, മതപരമായ ഇടപെടലുകളാണ് ജനസംഖ്യ വർധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല ഹിന്ദുത്വ സംഘടന നേതാക്കളും ജനസംഖ്യ വർധനവുമായി ബന്ധപ്പെട്ട വിഷയത്തെ ഒരു മുസ്ലിം പ്രശ്നമായാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്ന് അടിയന്തരാവസ്ഥക്കാലത്തെ നിർബന്ധിത ജനസംഖ്യ നിയന്ത്രണ പരിപാടികളായിരുന്നു എന്ന വിമർശനവും ശക്തമാണ്. ജനസംഖ്യാ വർധന തടയുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ രാജ്യത്ത് നിലനിൽക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടുമെന്ന ആശങ്കയും ഉടലെടുത്തിരുന്നു.

നേരത്തെ രണ്ട് കുട്ടികൾ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായ നിയമം നിലവിൽ വരണം. പാർലമെന്റിൽ ഈ വിഷയം ചർച്ചയ്ക്ക് കൊണ്ടു വരണം. ഇസ്ലാമിക രാജ്യങ്ങൾ പോലും ഇത്തരത്തിലുള്ള ജനസംഖ്യാ നിയന്ത്രണത്തിന് മുൻകൈ എടുക്കുന്നുണ്ട്. പക്ഷെ ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അത് അപ്പോൾ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എന്താണ് സ്വകാര്യബില്ല്?

നിയമനിർമ്മാണത്തിനുള്ള ആദ്യ പടിയാണ് ബില്ലുകൾ. നിയമത്തിന്റെ കരട് രേഖ ബില്ലുകളായാണ് ലോക്‌സഭയിലും രാജ്യസഭയിലും കൊണ്ടുവരിക. രണ്ടിടത്തും അവതരിപ്പിച്ച്, അംഗങ്ങൾ ഇതിൽ ചർച്ച നടത്തി അത് പാസ്സാക്കിയാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകും. രാഷ്ട്രപതി ഇതിൽ ഒപ്പുവച്ചാൽ അത് നിയമമായി. ബില്ലുകൾ രണ്ട് തരത്തിലുണ്ട്. ഒന്ന് സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ. കേന്ദ്രമന്ത്രിസഭയിലെ ഒരംഗമായിരിക്കും ഈ ബില്ലുകൾ കൊണ്ടുവരിക. രണ്ടാമത് സ്വകാര്യ ബിൽ. രാജ്യസഭയിലോ ലോക്‌സഭയിലോ ഉള്ള ഒരംഗത്തിന് ഈ ബില്ല് അവതരിപ്പിക്കാൻ അവകാശമുണ്ടായിരിക്കും.

സ്വകാര്യബില്ല് അവതരിപ്പിക്കുന്നതിന് ആദ്യം പാർലമെന്റിൽ നോട്ടീസ് നൽകണം. എന്തിനാണ് ബില്ല് കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കണം. ഈ ബില്ല് ചട്ടപ്രകാരം അവതരിപ്പിക്കാമോ എന്ന് രാജ്യസഭാ സെക്രട്ടേറിയറ്റോ ലോക്‌സഭാ സെക്രട്ടേറിയറ്റോ പരിശോധിക്കും. എന്തെങ്കിലും സംശയം ഇതിലുണ്ടെങ്കിൽ അതാത് സെക്രട്ടേറിയറ്റുകൾ നിയമമന്ത്രാലയത്തിന്റെ സഹായം തേടും.

നിയമമന്ത്രാലയം കൂടി അംഗീകരിച്ചാൽ ബില്ല് അവതരിപ്പിക്കാൻ അവസരം നൽകും. ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. പല എംപിമാരും പല വിഷയങ്ങളും സഭയ്ക്ക് മുന്നിൽ കൊണ്ടുവരുന്നുണ്ടാകാം. പക്ഷേ ഇതിൽ ഏതൊക്കെയാണ് അവതരിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. അതായത്, ഒരു ബില്ല് അവതരിപ്പിക്കാൻ, അതിൽ ചർച്ചയുണ്ടാകാൻ, അത് അംഗീകരിക്കപ്പെടാൻ ഒക്കെ ബുദ്ധിമുട്ടാണെന്നർത്ഥം. സാധാരണ വെള്ളിയാഴ്ചകളിലാണ് ഇത്തരം ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP