Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്കാരും കോൺഗ്രസുകാരും ഒന്നോർത്തോളൂ.....അവരുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്..അവർ ഒരുരജപുത്ര വനിതയാണ്..ക്ഷത്രിയ വനിത..ഝാൻസി റാണി..അവർ ജയിക്കും, ചരിത്രം സൃഷ്ടിക്കും: മനീഷ് സിസോദിയയുടെ പഴയ തീപ്പൊരി വാക്കുകൾ ഓർമിപ്പിച്ചാൽ വികാസ് മാർഗിലെ പാർട്ടി ഓഫീസിൽ ഇരുന്ന് അതിഷി ചിരിക്കും; 'മർലേന' എന്ന സർനെയിമിന്റെ പേരിൽ എതിരാളികൾ യഹൂദയും ക്രിസ്ത്യാനിയും ആക്കിയ കാലത്തും വെറുപ്പിന്റെ ഒരുവാക്കും ഉച്ചരിച്ചില്ല; ഇന്ദ്രപ്രസ്ഥം കാതോർക്കുന്നു അതിഷി സിങ് വിദ്യാഭ്യാസ മന്ത്രിയാകുമോ?

ബിജെപിക്കാരും കോൺഗ്രസുകാരും ഒന്നോർത്തോളൂ.....അവരുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്..അവർ ഒരുരജപുത്ര വനിതയാണ്..ക്ഷത്രിയ വനിത..ഝാൻസി റാണി..അവർ ജയിക്കും, ചരിത്രം സൃഷ്ടിക്കും: മനീഷ് സിസോദിയയുടെ പഴയ തീപ്പൊരി വാക്കുകൾ ഓർമിപ്പിച്ചാൽ വികാസ് മാർഗിലെ പാർട്ടി ഓഫീസിൽ ഇരുന്ന് അതിഷി ചിരിക്കും; 'മർലേന' എന്ന സർനെയിമിന്റെ പേരിൽ എതിരാളികൾ യഹൂദയും ക്രിസ്ത്യാനിയും ആക്കിയ കാലത്തും വെറുപ്പിന്റെ ഒരുവാക്കും ഉച്ചരിച്ചില്ല; ഇന്ദ്രപ്രസ്ഥം കാതോർക്കുന്നു അതിഷി സിങ് വിദ്യാഭ്യാസ മന്ത്രിയാകുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിങ്ങൾ എഎപിക്ക് വേണമെങ്കിൽ വോട്ട് ചെയ്‌തോളൂ....ചൂലിന് വോട്ട് ചെയ്‌തോളൂ..എന്നാൽ, ഒരുയഹൂദ വനിതയ്ക്ക് നിങ്ങൾ വോട്ട് ചെയ്താൽ അത് എനിക്ക് പ്രശ്‌നമാണ്. ഓഖ്‌ലയിലെ മുൻ കോൺഗ്രസ് എംഎൽഎ ആസിഫ് ഖാൻ തട്ടിവിടുകയാണ്. ഈസ്റ്റ് ഡൽഹി ലോക്‌സഭാമണ്ഡലം സ്ഥാനാർത്ഥിയെ എഎപി പ്രഖ്യാപിച്ച സമയത്തായിരുന്നു ആ ആക്രമണം. യഹൂദന്മാർക്ക് ഇന്ത്യയിൽ ഒരുസ്ഥാനവുമില്ലെന്നും ഈ സന്ദേശം ഓരോ വീട്ടിലും എത്തിക്കണമെന്നും പറഞ്ഞുകളഞ്ഞു ആസിഫ് ഖാൻ. ഹിന്ദു-മുസ്ലിം -സിഖ്-ഈസായി ഭായി ഭായി.. എന്നാൽ യഹൂദന്മാരോട് കൂട്ടുകൂടരുത്...മുസ്ലീങ്ങൾക്കുള്ള വീഡിയോ സന്ദേശത്തിലായിരുന്നു ആസിഫ് ഖാന്റെ ആഹ്വാനം. ലാക്കാക്കിയത് മറ്റാരെയുമല്ല അതിഷി സിങ്ങിനെ. എഎപിയുടെ സ്റ്റാർ കാൻഡിഡേറ്റ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജിയിൽ ജയിച്ചുകയറിയ അതിഷി സിങ്. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവർത്തകയായ അതിഷിക്കെതിരെ ആക്രമണം രൂക്ഷമായപ്പോൾ, അന്ന് രക്ഷയ്‌ക്കെത്തിയത് മനീഷ് സിസോദിയ. 'കഷ്ടമാണ് കേട്ടോ...ബിജെപിയും കോൺഗ്രസും ഒന്നിച്ച് കിഴക്കൻ ഡൽഹി സ്ഥാനാർത്ഥിയെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണ്. ബിജെപിക്കാരും കോൺഗ്രസുകാരും ഒന്നോർത്തോളൂ.....അവരുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്, അവർ ഒരുരജപുത്ര വനിതയാണ്. ക്ഷത്രിയ വനിത. ഝാൻസി റാണി. അവർ ജയിക്കും, ചരിത്രം സൃഷ്ടിക്കും, സിസോദിയ പറഞ്ഞു'.

പേരിനെ ചൊല്ലി പോര്

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഇടക്കാലത്ത് ഉപേക്ഷിച്ച 'മർലേന' എന്ന സർനെയിം ഉൾപ്പെടുത്തിയതോടൊണ് അതിഷിക്കെതിരെ ആക്രമണം തുടങ്ങിയത്. രാഷ്ട്രീയ എതിരാളികൾ തന്റെ പേര് ദുരുപയോഗിച്ച് വ്യക്തിപരമായ അധിക്ഷേപം നടത്തിയതോടെയാണ് അതിഷി മർലേന എന്ന സർനെയിം ഉപേക്ഷിച്ചത്. ഡൽഹി സർവകലാശാലയിലെ അദ്ധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളാണ് ആതിഷി. മിശ്രവിവാഹിതരായിരുന്നു അവർ. മകളുടെ പേരിന്റെ കൂടെ ജാതിപ്പേരോ കുടുംബത്തിന്റെ പേരോ ചേർക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. പകരം അവർ മാർക്‌സിന്റെയും ലെനിന്റേയും പേര് കൂട്ടിച്ചേർത്ത് അതിഷി മർലേന എന്ന് വിളിച്ചു. എന്നാൽ, മർലേന കടന്നുകൂടിയതോടെ, അവർ ക്രിസ്ത്യാനിയാണെന്നും യഹൂദയാണെന്നും ബിജെപിയും കോൺഗ്രസും പ്രചാരണം തുടങ്ങി. ഇതോടെ തന്റെ പേര് ദുരുപയോഗിച്ച് ധ്രുവീകരണത്തിന് കോപ്പുകൂട്ടാതിരിക്കാൻ വേണ്ടിയാണ് അതിഷി, മർലേന എന്ന ഉപനാമം ഉപേക്ഷിച്ചത്.

തന്റെ രജപുത്ര വംശത്തെ സൂചിപ്പിക്കുന്ന സിങ് എന് സർനെയിം താൻ നേരത്തെ ഉപേക്ഷിച്ചതാണെന്നും അവർ പറഞ്ഞ് നോക്കി. ഏതായാലും കിഴക്കൻ ഡൽഹിയിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായപ്പോൾ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം മർലേന ചേർത്തതാണ് ആസിഫ് ഖാനെ പോലുള്ളവർക്ക് വളമായത്. പേരിൽ എന്തിരിക്കുന്നുവെന്നും ജാതി നോക്കിയല്ല തന്റെ പ്രവർത്തനമാണ് വിലയിരുത്തേണ്ടതെന്നും അതിഷി പറഞ്ഞുനോക്കിയെങ്കിലും ആരു കേൾക്കാൻ. രാഹുൽ ഗാന്ധി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഫലമൊന്നുമുണ്ടായില്ല. താൻ പഞ്ചാബി രജപുത്ര കുടുംബത്തിൽ പെട്ടതാണെന്ന് അറിയാമെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനായി യഹൂദയെന്ന് മുദ്രകുത്തുകയാണെന്നാണ് അതിഷി രാഹുലിനോട് പരാതി പറഞ്ഞത്.

കൽക്കാജിയിൽ മാറ്റുരച്ചപ്പോൾ അതിഷി 'സിങ്ങി'നെ കൂട്ടി

കൽക്കാജി മണ്ഡലത്തിൽ നിന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ അതിഷി വീണ്ടും അതിഷി സിങ്ങായി. തന്റെ വോട്ടർമാർക്ക് അയച്ച സന്ദേശങ്ങളിലെല്ലാം അതിഷി സിങ്ങെന്നാണ് ഒപ്പുവച്ചത്. 2018 ഓഗസ്റ്റിൽ മർലേന എന്ന സർനാമം ഉപേക്ഷിച്ച ശേഷം വീണ്ടും ഒരു മാറ്റം. അവരുടെ പിതാവും ഭർത്താവും സിങ് ആയതുകൊണ്ടാണ് അതിഷി സിങ് പേരിനോട് ചേർത്ത് ഉപയോഗിച്ച് തുടങ്ങിയതെന്നായിരുന്നു പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ വാർത്താകുറിപ്പുകളിൽ അതിഷി എന്ന മാത്രമേ ഉണ്ടായിരുന്നുള്ളു. കൽക്കാജി മണ്ഡലത്തിൽ പഞ്ചാബി ജനസംഖ്യ ഏറെയുള്ളതുകൊണ്ടാണ് അതിഷി, സിങ് കൂട്ടിച്ചേർത്തതെന്നായിരുന്നു പ്രചാരണകാലത്തെ സംസാരം.

സയലന്റ് ന്യൂസ് മേക്കർ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആപ് തൂത്തുവരിയപ്പോൾ പിന്നണി പോരാളിയായി പ്രവർത്തിച്ച പാർട്ടിയിലെ മുഖ്യവനിത അതിഷി തന്നെ. കൽക്കാജി മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ ഏഴ വോട്ടിന് മാത്രം എതിർ സ്ഥാനാർത്ഥിയായ ബിജെപിയിലെ ധരംബീർ സിങ്ങിനെക്കാൾ പിന്നിലായിരുന്നെങ്കിലും പിന്നീട് ജനം മനസ് നിറഞ്ഞ് സ്വീകരിച്ചത് ഈ 38 കാരിയെ. അതിഷിക്ക് വോട്ട് ചെയ്യാൻ ഡൽഹിക്കാരെ പ്രേരിപ്പിച്ചത് എന്താവണം? സംശയമില്ല അതിഷിയുടെ ആരാധകർ മാനിക്കുന്നത് ഡൽഹിയിലെ പൊതുവിദ്യാലയങ്ങളെ കരകയറ്റിയ അവരുടെ ഹാർഡ് വർക്ക് തന്നെ. ചില സർക്കാർ സ്‌കൂളുകൾ ഇപ്പോൾ സ്വകാര്യ മേഖലയോട് കിടപിടിക്കുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ ഒരുരാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടം.

ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ മുൻ ഉപദേഷ്ടാവാണ് അതിഷി. പൊതുനയ രൂപവത്കരണത്തിൽ അതീവതത്പര. 2001 -ൽ ആതിഷി ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടുമ്പോൾ സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തത് ഓക്‌സ്ഫഡ് സർവകലാശാലയിൽനിന്നാണ്. 2003 -ൽ സ്‌കോളർഷിപ്പോടെയായിരുന്നു ആതിഷി ഓക്‌സ്ഫഡിൽ തന്റെ പഠനം പൂർത്തിയാക്കിയത്. പിന്നീട് ഓക്‌സ്ഫഡിൽതന്നെ ഗവേഷകയായും പ്രവർത്തിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ പാർട്ടി നടത്തിയ സമഗ്ര പ്രവർത്തനം എല്ലാ സമുദായത്തിൽ പെട്ടവരും അംഗീകരിച്ചതിന്റെ ഫലമാണ് തിരഞ്ഞെടുപ്പ് നേട്ടമെന്ന് അതിഷി വിശ്വസിക്കുന്നു. പാർട്ടി താഴെത്തട്ടിൽ നടത്തിയ പ്രവർത്തനമാണ് വീണ്ടും ജയത്തിലേക്ക് നയിച്ചത്.

ഒരു ആഡംബരത്തിലും വിശ്വസിക്കുന്നില്ല അതിഷി. ലളിതമായ വേഷം. പക്ഷേ ഇച്ഛാശക്തിയും ആത്മവിശ്വാസവും നിറഞ്ഞ് തുളുമ്പും. ഒരു രൂപ മാത്രമാണ് ശമ്പളം കൈപ്പറ്റിയിരുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനോട് തോറ്റപ്പോൾ പലരും അതിഷിയെ പഴിച്ചു. എന്നാൽ, ഇപ്പോഴത്തെ തകർപ്പൻ ജയം തീർച്ചയായും അവരുടെ പ്രവർത്തനങ്ങൾക്കുള്ള ട്രോഫിയാണ്. കൽക്കാജിയിൽ 55897 വോട്ട് വിഹിതത്തോടെയാണ് ജയിച്ചത്.

പല റോളുകളിൽ തിളങ്ങി

ജൂലായ് 2015 മുതൽ 2018 ഏപ്രിൽ 17 വരെ മനീഷ് സിസോദിയയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവ്. എന്നാൽ, അതിഷിയുടെ നിയമനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരമില്ല എന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം അവരെ ആ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. വലിയ തോതിൽ വിമർശനം ക്ഷണിച്ചുവരുത്തിയ സംഭവം. 2015 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു അതിഷി. ലക്ഷ്മി നഗർ മെട്രോ സ്‌റ്റേഷന് അടുത്തുള്ള വികാസ് മാർഗിലെ പാർട്ടി ഓഫീസിൽ നിന്നാണ് പ്രവർത്തനം. 2013 ൽ പാർട്ടി വക്താവായി. ടെലിവിഷൻ സംവാദങ്ങളിലെ പാർട്ടി പ്രതിനിധി. ആന്ധ്രയിലെ റിഷിവാലി സ്‌കൂളിൽ കുറച്ചുനാൾ അദ്ധ്യാപികയായിരുന്നു.സമഭാവന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി പോലെയുള്ള ചില സർക്കാരിതര സ്ഥാപനങ്ങളിലും പ്രവർത്തിച്ചു.

2013 ജനുവരി മുതൽ പാർട്ടിയുടെ നയരൂപവത്കരണത്തിൽ പങ്കാളിയാണ്, പാർട്ടി രാഷ്ട്രീയ കാര്യസമിതി അംഗം. ഡൽഹി സർക്കാരിന്റെ മൊഹല്ല സഭ പദ്ധതിയുടെ നേതൃത്വം. 2018 ഏപ്രിലിൽ കേന്ദ്ര സർക്കാർ മാറ്റും വരെ ഒരു രൂപ ഓണറേറിയം കൈപ്പറ്റി ഡൽഹി സർക്കാരിന് വേണ്ടി പ്രവർത്തനം. തലസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള അതിഷിയുടെ ഏറ്റവും വലിയ സംഭവാന മിഷൻ ബുനിയാദാണ്. മൂന്നുമാസത്തെ മിഷൻ ബുനിയാദ് മൂന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വായിക്കാനും എഴുതാനും കണക്കുകൂട്ടാനും ഉള്ള അടിസ്ഥാന വൈദഗ്ധ്യം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു.

ഏതായാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്യാഭ്യാസം ഒരുവിഷയമായേ ഉയർന്നുവന്നില്ല. ഷഹീൻബാഗും മറ്റും വിവാദവിഷയങ്ങളായി നിറഞ്ഞുനിന്നു. ആരൊക്കെ എന്തൊക്ക പറഞ്ഞാലും, ഡൽഹിയിലെ ജനങ്ങൾ നേരത്തെ തന്നെ മനസിൽ ഉറപ്പിച്ചിരുന്നു..ഇത്തവണത്തെ വോട്ട്, വികസനത്തിനാണ്. കൽക്കാജിയെ ഡൽഹിയിലെ ഏറ്റവും മികച്ച് മണ്ഡലമാക്കുകയാണ് അതിഷിയുടെ അടുത്ത ലക്ഷ്യം. അതിഷി വിദ്യാഭ്യാസ മന്ത്രിയാകണേ എന്നാവും ഡൽഹിയിലെ വോട്ടർമാർ ഇപ്പോൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത്. പാർട്ടി എന്തുപറഞ്ഞാലും ആ ജോലി ചെയ്യും എന്നാണ് അതിഷിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP