Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്മ അവാർഡിനായി കേരളം നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത് മമ്മൂട്ടി, സുഗതകുമാരി, എം ടി വാസുദേവൻ നായർ, നാനായി കുഞ്ഞിരാമൻ അടക്കമുള്ള പ്രഗത്ഭരെ; പട്ടിക പൂർണമായും തള്ളി കേന്ദ്രസർക്കാറും; 'പ്രാഞ്ചിയേട്ടൻ' പട്ടിക അല്ലാതിരുന്നിട്ടും കേരളത്തോട് കടുത്ത അവഗണന കാട്ടി കേന്ദ്രസർക്കാർ

പത്മ അവാർഡിനായി കേരളം നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത് മമ്മൂട്ടി, സുഗതകുമാരി, എം ടി വാസുദേവൻ നായർ, നാനായി കുഞ്ഞിരാമൻ അടക്കമുള്ള പ്രഗത്ഭരെ; പട്ടിക പൂർണമായും തള്ളി കേന്ദ്രസർക്കാറും; 'പ്രാഞ്ചിയേട്ടൻ' പട്ടിക അല്ലാതിരുന്നിട്ടും കേരളത്തോട് കടുത്ത അവഗണന കാട്ടി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ വർഷത്തെ പത്മ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരള സംസ്ഥാനം ശുപാർശ ചെയ്ത ലിസ്റ്റിൽ ഉള്ളവരെയെല്ലാം കേന്ദ്രസർക്കാർ പൂർണമായും തള്ളി. അതിപ്രഗത്ഭരായ വ്യക്തികളെയാണ് കേരളം ശുപാർശ ചെയ്തതെങ്കിലും അതെല്ലാം അമ്പേ തള്ളുകയായിരുന്നു കേന്ദ്രം. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാർ 56 പേരുടെ പട്ടികയാണ് അയച്ചത്. പത്മവിഭൂഷണു വേണ്ടി എം ടി. വാസുദേവൻ നായരെയാണ് ശുപാർശ ചെയ്തത്. എന്നാൽ എംടി തഴയപ്പെട്ടത് അടുത്തകാലത്തെ കേന്ദ്രസർക്കാർ വിമർശനങ്ങളുടെ പേരിലാണെന്നാണ് സൂചന.

പത്മഭൂഷണുവേണ്ടി എട്ടു പേരെയും കേരളം ശുപാർശ ചെയ്തു. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിങ്ങനെ ആയിരുന്നു ഈ ലിസ്റ്റ്. പത്മശ്രീക്കായി സൂര്യകൃഷ്ണമൂർത്തി (കല), കാനായി കുഞ്ഞിരാമൻ (ശിൽപി), ആർട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എൻ. കാരശ്ശേരി (വിദ്യാഭ്യാസം, സംസ്‌കാരം), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവർത്തനം), ഡോ. വി.പി.ഗംഗാധരൻ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രൻ (സംഗീതം), ഐ.എം.വിജയൻ (കായികം), ബിഷപ് മാത്യു അറയ്ക്കൽ (സാമൂഹിക പ്രവർത്തനം), എം.കെ.സാനു (സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ ശുപാർശ ചെയ്തു.

ഈ പട്ടിക പൂർണമായും തള്ളിയ കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ.മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. സാമൂഹിക പ്രവർത്തകൻ എം.കെ.കുഞ്ഞോൾ, ശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ, എഴുത്തുകാരൻ എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും സമ്മാനിക്കുകയാണ് ഉണ്ടായത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ അവാർഡുകൾ 1954 മുതലാണ് നൽകിത്തുടങ്ങിയത്. ഭാരതരത്‌ന കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. ഇതിനുതാഴെയാണ് പത്മഭൂഷണും പത്മശ്രീയും. സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP