Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ

കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: മുസ്ലിം ഇല്ലാത്ത കേരളത്തിലെ ഒരു ഗ്രാമത്തിന്റെ കഥ പ്രേക്ഷക സമക്ഷം അവതരിപ്പിക്കാൻ ശ്രമിച്ച സൂര്യ ടിവിക്ക് നേരിടേണ്ടി വന്നത് അതിന്റെ ചരിത്രത്തിലില്ലാത്ത തിരിച്ചടി. ചവറ തെക്കും ഭാഗം ഗ്രാമത്തെയും ഹിന്ദു വിഭാഗത്തെയും മോശമായി ചിത്രീകരിക്കപ്പെടും എന്ന ഭീതി ഗ്രാമവാസികൾക്കും സംഘപരിവാറിനും വന്നു ഭവിച്ചതോടെയാണ് ജനപ്രിയ പ്രോഗ്രാമായ 'കഥകൾക്കപ്പുറ'ത്തിന്റെ പുതിയ എപ്പിസോഡിന്റെ സംപ്രേഷണം മുടങ്ങിയത്. സൂര്യ ടിവിയിലെ ജനപ്രിയ പ്രോഗ്രാമായ 'കഥകൾക്കപ്പുറ'ത്തിന്റെ പുതിയ എപ്പിസോഡ് ആയ 'മുസ്ലിം ഇല്ലാത്ത ഗ്രാമം' ഈ തിങ്കളാഴ്ച സംപ്രേഷണം ചെയ്യാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രി സംപ്രേഷണത്തിന് ഒരുങ്ങിയ 'മുസ്ലിം ഇല്ലാത്ത ഗ്രാമ'ത്തിന്റെ ടെലകാസ്റ്റിങ് ആണ് മുടങ്ങിയത്. സംഘപരിവാറിന്റെയും ഗ്രാമവാസികളുടെയും കടുത്ത എതിർപ്പിനെ തുടർന്നാണ് പ്രോഗ്രാം സംപ്രേഷണം മുടങ്ങിയത്. കഥകൾക്കപ്പുറം പ്രശ്‌നത്തിൽ വൻ സൈബർ ആക്രമണമാണ് സൂര്യ ടിവിക്കും അതിന്റെ ഫെയ്‌സ് ബുക്ക് പേജിനു നേർക്കും നടന്നതും. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് ഫെയ്‌സ് ബുക്ക് പേജ് നഷ്ടമാകും എന്ന അവസ്ഥ വന്നതോടെ ചാനൽ വിചിന്തനം നടത്തുകയും കഥകൾക്കപ്പുറം വിവാദ എപ്പിസോഡിന്റെ സംപ്രേഷണം മരവിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി സംപ്രേഷണം ചെയ്യേണ്ട 'മുസ്ലിം ഇല്ലാത്ത ഗ്രാമ'ത്തിന്റെ സംപ്രേഷണം ഒഴിവാക്കി പകരം എപ്പിസോഡാണ് ചാനൽ തിങ്കൾ രാത്രി നൽകിയത്. 

ചവറ തെക്കുംഭാഗം ഗ്രാമത്തെ കേന്ദ്രീകരിച്ച് 'മുസ്ലിം ഇല്ലാത്ത ഗ്രാമ' ത്തിന്റെ കാണക്കഥകൾ എപ്പിസോഡിനു വിഷയമാകും എന്നറിഞ്ഞതോടെ കത്തിപ്പടർന്ന എതിർപ്പ് ആണ് സംപ്രേഷണം മുടക്കിയത്. പൗരത്വനിയമ പ്രശ്‌നങ്ങൾ കത്തിപ്പിടിച്ചു കൊണ്ടിരിക്കെ ചവറ തെക്കുംഭാഗം ഗ്രാമത്തെ കേന്ദ്രീകരിച്ച് 'മുസ്ലിം ഇല്ലാത്ത ഗ്രാമ' ത്തിന്റെ കാണക്കഥകൾ എപ്പിസോഡിനു വിഷയമാകും എന്നറിഞ്ഞതോടെ കത്തിപ്പടർന്ന എതിർപ്പ് ആണ് സംപ്രേഷണം മുടക്കിയത്. മുസ്ലിം ഇല്ലാത്ത ഗ്രാമത്തിന്റെ സംപ്രേഷണം മുടങ്ങിയതോടെ അനുകൂലിച്ചും എതിർത്തും വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആയിരക്കണക്കിന് എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു കഴിഞ്ഞ കഥകൾക്കപ്പുറത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എപ്പിസോഡ് പുറത്ത് നിന്നുള്ള എതിർപ്പ് കാരണം മുടങ്ങുന്നത്. ഒരു മുസ്ലിം വ്യക്തിയെ ഒപ്പം കൂട്ടി ഗ്രാമത്തിൽ താമസിച്ച ചാനൽ പ്രോഗ്രാം സംഘത്തിന്റെ നടപടി ഒരു വെല്ലുവിളിയായി സംഘപരിവാറുമായി ബന്ധപ്പെട്ടവർ എടുത്തതോടെയാണ് എപ്പിസോഡ് സംപ്രേഷണത്തിനു ഭീഷണി ഉയർന്നത്.

ഒരു മുസ്ലിം വ്യക്തിയെ ചാനൽ സംഘം ഒപ്പം കൂട്ടുകയും ദിവസം അവിടെ താമസിപ്പിക്കുകയും ചെയ്തു. ഇത് ആളുകൾ വെല്ലുവിളിയായി എടുത്തു. ഇതോടെയാണ് ചാനൽ പ്രോഗ്രാമിനെതിരെ എതിർപ്പുയർന്നത്. മുസ്ലിം ഇല്ലാത്ത ഗ്രാമം എന്നൊരു വിളിപ്പേര് വരുന്നത് ഗ്രാമത്തിനും ഗ്രാമവാസികൾക്കും മോശം ഇമേജ് വരും എന്നും നാട്ടുകാർക്കിടയിൽ അഭിപ്രായവും വന്നു. ഇതോടെ എതിർപ്പിനു ശക്തി കൂടി. ചാനൽ സംഘം വന്നു ഷൂട്ട് ചെയ്ത് മടങ്ങിയപ്പോൾ വലിയ എതിർപ്പ് വന്നില്ല. പക്ഷെ പ്രോഗ്രാം പ്രോമോ വന്നതോടെ എതിർപ്പിനു ശക്തി കൂടി. ഇതോടെയാണ് ചാനൽ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന്നെതിരെ സംഘപരിവാർ സൈബർ പോരാളികൾ രംഗത്ത് വന്നത്. ഫെയ്‌സ് ബുക്ക് പേജ് പൂട്ടും എന്ന ഘട്ടം വന്നതോടെ എപ്പിസോഡിന്റെ സംപ്രേഷണം മാറ്റി വെച്ചു. പ്രമോയിൽ പറയുന്നത് ഇങ്ങനെ:

കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്, ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ നൂറ്റാണ്ടുകളായി ഒരു മതത്തെ മാത്രം അകറ്റി നിർത്തിയിരുന്ന അപരിഷ്‌കൃത നാട്....കച്ചവട ആവശ്യങ്ങൾക്ക് മാത്രം ഈ നാട്ടിൽ എത്തി അന്തിയുറങ്ങാൻ മറ്റു ദേശം തേടി എത്തുന്ന ഈ നാട്ടിലേക്ക് ഞങ്ങൾ ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ താമസിപ്പിക്കാൻ കൊണ്ട് വന്നു... എന്തും സംഭവിക്കാം....കേരളത്തിൽ മനുഷ്യരായി ജീവിക്കുന്നവർ കാണുക... വിപ്ലവകരമായ ഈ നിമിഷങ്ങൾ... കഥകൾക്കപ്പുറം തിങ്കളാഴ്ച രാത്രി പത്ത് മണിക്ക്....സൂര്യ ടിവിയിൽ മാത്രം. ഈ വാക്കുകളാണ് നാട്ടുകാരെയും സംഘപരിവാർ സൈബർ പോരാളികളെയും പ്രകോപിപ്പിച്ചത്. ക്ഷേത്ര ഐതീഹ്യം മനസിലാക്കിയാണ് ഇവർ പ്രോമോയിലെ വരികൾക്ക് രൂപം നൽകിയത്.

തെക്കുംഭാഗത്തെ പനയ്ക്കാച്ചോട്ടിൽ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഐതീഹ്യം:

നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്രത്തിൽ നിന്നും ദേവിയുടെ ആഭരണങ്ങൾ മോഷണം പോയി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നു ആഭരണങ്ങൾ മോഷ്ടിച്ചത്. മോഷണം പക്ഷെ പിടിക്കപ്പെട്ടു. ഇതോടെ മുസ്ലിം വിഭാഗക്കാരോട് ദേവിക്ക് അകൽച്ചയായി. ഈ സംഭവത്തോടെ മുസ്ലിം വിഭാഗക്കാർക്ക് കൊല്ലം ചവറ തെക്കുംഭാഗം ഗ്രാമത്തിൽ താമസിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതോടെ മുസ്ലിം വിഭാഗക്കാർ ഗ്രാമത്തിൽ നിന്ന് കൂടൊഴിഞ്ഞുപോയി.

മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ തെക്കും ഭാഗം ഗ്രാമത്തിലുണ്ടെങ്കിലും അന്തിയുറങ്ങാറില്ല. ഈ ഗ്രാമത്തിൽ സ്ഥിര താമസത്തിനു വന്നാൽ മുസ്ലിംങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ വരും. സമാധാനം പോകും. ദുരന്തങ്ങൾ വിരുന്നു വരും. ഇത് മനസിലാക്കി മുസ്ലിം വിഭാഗക്കാർ ഇവിടെ സ്ഥലം വാങ്ങി വീട് വയ്ക്കാൻ തയ്യാറായില്ല. ഐതീഹ്യം ഇങ്ങിനെയായിരിക്കെ മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ ഗ്രാമത്തെ ഒഴിവാക്കി. മാർക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും മുസ്ലിം സാന്നിധ്യമുണ്ട്. പക്ഷെ അന്തിയുറങ്ങാനോ അവിടെ വീട് വെച്ച് താമസം പക്ഷെ മുസ്ലിംങ്ങൾ തയ്യാറാകുന്നില്ല. ഇതാണ് ഐതീഹ്യം.

ഗ്രാമവാസികൾ പറയുന്നത്:

ഐതീഹ്യങ്ങൾ കാറ്റിൽപ്പറത്തി ഡോക്ടറായ ഒരു മുസ്ലിം കുടുംബം ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നു. താമസം തുടങ്ങിയപ്പോൾ കുടുംബത്തിനു പ്രശ്‌നങ്ങൾ നേരിട്ടു. ഡോക്ടറും കുടുംബവും ദുരിതങ്ങൾ നേരിട്ടാണ് ഇവിടെ നിന്ന് ഒടുവിൽ വീടൊഴിഞ്ഞു പോയത്. ഡോക്ടറും കുടുംബവും പിന്നെ അപകടത്തിൽപ്പെട്ടു. കുടുംബം മുഴുവൻ പിന്നീട് കാർ അപകടത്തിൽ മരിച്ചു. തെക്കുംഭാഗം അതിർത്തിയിൽ ഒരു മുസ്ലിം കുടുംബം താമസിക്കുന്നുണ്ട്. ഇവർ ഈ ക്ഷേത്രത്തിൽ പോയി പൂജകൾ ചെയ്യാറുണ്ട്. ഇവിടെ പോയി പൂജകൾ ചെയ്യുമ്പോൾ അവർക്ക് ആശ്വാസം ലഭിക്കാറുണ്ട്. ഈ വിശ്വാസം നിലനിർത്തിയാണ് ഇവർ ജീവിച്ച് പോരുന്നത്-ഗ്രാമവാസികൾ പറയുന്നു. ഇതാണ് ചാനൽ സംഘം മുസ്ലിം ഇല്ലാത്ത ഗ്രാമത്തിനു വിഷയമാക്കിയത്.

ചാനൽ സംഘം വന്നപ്പോൾ ഒരെതിർപ്പും നേരിടേണ്ടി വന്നിരുന്നില്ല എന്നാണ് പ്രോഗ്രാം പ്രൊഡ്യുസർ പ്രസാദ് നൂറനാട് മറുനാടൻ മലയാളിയോട് പറഞ്ഞത്. പക്ഷെ എപ്പിസോഡ് സംപ്രേഷണവുമായി ബന്ധപ്പെട്ടു പ്രോമോ വന്നതോടെ പ്രശ്‌നം തുടങ്ങി. തെക്കുംഭാഗത്തെ പനയ്ക്കാച്ചോട്ടിൽ ദേവിക്ഷേത്രത്തിന്റെ ഐതീഹ്യവും അവിടെ നിലനിന്ന പ്രശ്‌നങ്ങളുമാണ് ഞങ്ങൾ വിഷയമാക്കിയത്. പക്ഷെ സൈബർ ആക്രമണം വന്നതോടെ സംപ്രേഷണം ചെയ്യാനുള്ള തീരുമാനം ചാനൽ പിൻവലിക്കുകയായിരുന്നു. പ്രസാദ് പറയുന്നു. ഞങ്ങൾ അവിടെ പോയപ്പോൾ ആളുകളുടെ പ്രതികരണം എടുത്തു. മുസ്ലിംങ്ങളെ ആരും തടഞ്ഞിട്ടില്ല. മുസ്ലിംങ്ങളാണ് തെക്കും ഭാഗത്ത് വരാതിരിക്കുന്നത്. അവർ വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് നടത്തുന്നവരെ വരെ ഇവിടെയുണ്ട്. പക്ഷെ അവരെല്ലാം അതിർത്തി വിട്ടു വീട്ടിൽ പോകും. താമസിക്കുന്നില്ല. ക്ഷേത്രത്തിൽ കഴിഞ്ഞ വര്ഷം തീപ്പിടുത്തം വന്നു. തീ പിടിക്കുന്നത് കണ്ടത് മുസ്ലിം ആണ്. ബംഗാളി തൊഴിലാളിയാണ് വിളിച്ച് ആളെ കൂട്ടിയത്. ഇങ്ങിനെയാണ് നാട്ടുകാർ ഉണർന്നു തീപ്പിടുത്തം തടഞ്ഞത്. ഇങ്ങിനെയുള്ള കഥകൾ ആണ് നാട്ടുകാർ ഞങ്ങളോടു പറഞ്ഞത്. ഇതൊക്കെ തന്നെയാണ് പ്രോഗ്രാമിൽ അവതരിപ്പിക്കുന്നത് -പ്രസാദ് പറയുന്നു.

പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നൽകുന്ന വിശദീകരണം:

ഒരു പ്രമുഖ ചാനലിൽ ഇന്നലെ സംപ്രേഷണം ചെയ്യണ്ട പരിപാടി മാറ്റിവെക്കാൻ സംഘപരിപാറിന്റെ സൈബർ അറ്റാക്കിനു സാധിച്ചു..
സൂര്യ ഠ് യുടെ കഥകൾക്കപ്പുറം എന്ന പരിപാടിയിൽ ഇന്നലെ സംപ്രേഷണം ചെയ്യണ്ട ഭാഗം കൊല്ലം ചവറ തെക്കുംഭാഗം ഗ്രാമത്തെ കുറിച്ചാണ്..
കാലങ്ങളായി ഇവിടെ മുസ്ലിം താമസിക്കുകയോ സ്ഥലം വാങ്ങി വീടുവെക്കുകയോ ചെയ്യില്ല..പണ്ടു താമസിക്കാൻ വന്ന നാട്ടിലെ ഡോക്റ്റടക്കം പലർക്കും കടുത്ത ശിക്ഷയാണ് ദേശത്തെ പനക്കാറ്റോടിൽ ദേവി നൽകിയതു...നൂറ്റാണ്ടുകൾക്ക് മുന്നേ ഉള്ള വിശ്വാസത്തെ ഇപ്പോഴും ചില വിഭാഗം ആൾക്കാർ ഭയത്തോടെ യും ഭീതിയോടെയും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുന്ന നേർകാഴ്ച ഇന്നും ഇവിടെ അനുഭവസാക്ഷ്യം പറയുന്നവരുണ്ട്... ഇതു ചിത്രീകരിച്ച പ്രസാദ് നൂറനാടിന്റെ ഫെയ്‌സ് ബുക്ക് വാട്ട്‌സാപ്പ് മെസേജായ അപരിഷ്‌ക്യതനാടെന്ന വാക്കിനോടും, ഞങ്ങൾ ചങ്കൂറ്റത്തോടെ ഒരു മുസൽമാനെ ഇവിടെ ഒരു ദിവസത്തെ വാടക കരാറിൽ താമസിപ്പിച്ചു എന്ന വെല്ലുവിളിയുമാണ് ഒരു വിഭാഗം നാട്ടുകാരെയും സംഘപരിവാറിനെയും ചൊടിപ്പിച്ചതു.. ഈ പരിപാടി സംപ്രേഷണം ചെയ്താൽ ചാനൽ കത്തിക്കുമെന്നുള്ള വെല്ലുവിളിയും ചാനലിന്റെ പേജ് ബ്ലോക്ക് ചെയ്യുന്ന തരത്തിലേക്കുള്ള ആക്രമണവും അഴിച്ചുവിട്ടതോടെ പ്രോ ഗ്രാം തത്ക്കാലം കാണിക്കണ്ട എന്ന തീരുമാനത്തിലേക്ക് മാറി...

മുസ്ലിം ഇല്ലാത്ത ഗ്രാമം എന്ന പരിപാടിക്ക് പകരം ഇന്നലെ കോട്ടയം കിളിരൂർ എന്ന ഗ്രാമത്തിൽ കാർത്ത്യായണി എന്ന പേരു വിളിക്കാത്ത കഥയാണ് കാണിച്ചതു...തെക്കുംഭാഗത്തേ മോശമായോ അവിടുത്തെവിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയിലോ അല്ല പരിപാടി ചെയ്തതു... നാട്ടിലെ വിശ്വാസം നിലനിൽക്കുന്നെങ്കിലും മുസ്ലിം സഹോദരന്മാർ ഇവിടേക്കു താമസിക്കാൻ എത്താത്ത കാരണമാണ് ഞങ്ങൾ തേടിയതു.. ഒപ്പം ഒരു സഹോദരനെ ഞങ്ങൾ അവിടെ താമസിപ്പിച്ചു..പരിപാടിയുടെ അവസാനം അവിടുത്തെവിശ്വാസം ഉയർത്തി കാട്ടി ദേവിയുടെ ശക്തി വിളിച്ചോതുന്ന തരത്തിലാണ് പരിപാടി അവസാനിപ്പിക്കുന്നതു..പരിപാടിയുടെ പ്രമോ കണ്ട് അതിന്റെ ഉള്ളടക്കം മനസിലാക്കാതെ പ്രതികരിച്ചതു മോശമായ ഒരു കാര്യമാണ് ഒരാളുടെ അഭിപ്രായ സ്വാതന്ത്യത്തെ ഒരു വിഭാഗം ആൾക്കാർ അടിച്ചമർത്തുകയാണ് ചെയ്തതു...അപരിഷ്‌കൃതനാടെന്ന പഥം തെറ്റായി പോയെന്നു മനസിലാക്കി ഫെയ്‌സ് ബുക്ക് പോസ്റ്റ് ഞായറാഴ്ച രാത്രിയിൽ തന്നെ പിൻവലിച്ചിരുന്നു...

സോഷ്യൽ മീഡിയയിൽ വൻ കോളിളക്കമാണ് സംഘപരിവാർ സൈബർ പോരാളികളും തെക്കുംഭാഗത്തെ നാട്ടുകാരും അഴിച്ചു വിട്ടത്. അതിൽ സുരേഷ് നായരുടെ പോസ്റ്റ് ഇങ്ങനെ:

സുരേഷ് നായരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഇതെന്തു മീഡിയ ആക്ടിവിസം....

ഇതെഴുതുന്നത് ഇന്ന് എനിക്ക് വന്ന ഒരു വാട്‌സ്ആപ് മെസേജ് വയിച്ചിട്ടാണ്.. ആ മെസ്സേജ് ആണ് ഞാൻ ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി സൂര്യ ടിവിയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച മെസ്സേജ് ആണിത്. മീഡിയ ആക്ടിവിസവും ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസവും കൊടികുത്തി വാഴുന്ന ഈ കാലത്ത്, ഒരാൾക്ക് ഒരു പരിപാടി സ്വന്തമായി ചെയ്യുകയും ചാനലുകളിൽ കൂടി പ്രക്ഷേപണം ചെയ്യുന്നതിനും സ്വാതന്ത്ര്യമുണ്ട്. അതിന്റെ വരുംവരായ്കകൾ ആ വ്യക്തിയിൽ നിക്ഷിപ്തമാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട വാട്‌സപ്പിൽ വന്ന മെസ്സേജിൽ ഒരു അപരിഷ്‌കൃത നാട് എന്നൊക്കെ അഭിസംബോധന ചെയ്തുകൊണ്ട് തെക്കുംഭാഗം എന്ന ഈ കൊച്ചു ഗ്രാമത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ആമുഖത്തോടെ കൂടി ലഭിച്ച സന്ദേശം മലയാളികൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കും എന്നുള്ള കാര്യം തീർച്ച.

കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ഉള്ളതും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരെ ഉന്നതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വലിയ ജനസമൂഹം താമസിക്കുന്ന ഈ ഗ്രാമം ഈ കാലത്തിനിടയിൽ ഒരു പ്രത്യേക ജാതിയെയോ മതത്തെയോ മാറ്റിനിർത്തുകയോ അല്ലെങ്കിൽ അവരെ എതിർക്കുകയോ ചെയ്യുന്നതുമായ ഒരു അനുഭവങ്ങളും ഉണ്ടാവാത്ത സ്ഥിതിക്ക് 'ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ടുവന്നു ഒരുദിവസം താമസിപ്പിച്ചു എന്നൊക്കെയുള്ള രീതിയിൽ ' എന്തോ വെല്ലുവിളിയുടെ സ്വരത്തിൽ കാര്യങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള സംഗത്യം എനിക്ക് മനസ്സിലാവുന്നില്ല.

എന്റെ കുഞ്ഞുനാൾ മുതലേ എന്റെ വീട്ടിലും മറ്റും മുട്ട വിൽപ്പന നടത്തിയിരുന്ന മുസൽമാൻ ആയ മനുഷ്യനുൾപ്പെടെ നൂറുകണക്കിന് മുസ്ലിം സഹോദരന്മാർ ഇവിടെ വരികയും വ്യാപാരം നടത്തുകയും, തിരികെ പോകുകയും, ചിലപ്പോൾ ഇവിടെ പല ദിവസങ്ങളിലും താമസിച്ചിട്ടുമുണ്ട്.അവരെ ആരും പ്രബുദ്ധരായ തെക്കുഭാഗത്തെ ജനങ്ങൾ തള്ളിപ്പറയുകയോ പുറത്താക്കുകയോ ചെയ്തതായി ഇതുവരെ ഒരറിവും ലഭിച്ചിട്ടില്ല. പനയ്ക്കറ്റോടിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു മിത്ത് നിലവിലുണ്ട് എന്നുള്ളത് സത്യമാണ്. ഒരുപക്ഷേ അതായിരിക്കാം മുസ്ലിം മതവിഭാഗത്തിൽ ഉള്ളവർ ഇവിടെ കൂടുതൽ നാൾ താമസിക്കാൻ വിമുഖരാക്കുന്നത്. അല്ലാതെ ഈ പറയും പോലെ 'അപരിഷ്‌കൃതമായ ഒരു ജനത' എന്നൊക്കെ പറയുമ്പോൾ അത് ഒരു നാടിന്റെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.. അങ്ങനെ ഈ നാട്ടിലെ ജനവിഭാഗം മുസ്ലീങ്ങളെ മാറ്റിനിർത്തുന്നു എങ്കിൽ അവർ എന്തുകൊണ്ട് നടക്കാവിലെ ഒരു മുസ്ലിം സഹോദരൻ നടത്തുന്ന സൂപ്പർമാർക്കറ്റിൽ നിന്നും സാധനം വാങ്ങുന്നു, നടക്കാവ് മത്സ്യ മാർക്കറ്റിൽ നിന്നും മത്സ്യം വിൽക്കുന്ന മുസൽമാന്മാരിൽ നിന്നും മത്സ്യം വാങ്ങുന്നൂ,.. ഒരേമനസ്സോടെയും സാഹോദര്യത്തോടെ കൂടിയും ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തെ ഏറ്റവും തരംതാണ മീഡിയ ആക്ടിവിസത്തിലൂടെ, അത് എന്ത് പബ്ലിസിറ്റിക്ക് വേണ്ടി ആണെങ്കിൽ കൂടിയും താറടിച്ചു കാണിക്കുന്ന ഇത്തരം പ്രവർത്തികളെ അർഹിക്കുന്ന പുച്ഛത്തോടെയും അവജ്ഞയോടെയും തള്ളിക്കളയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP