Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പക്വവും ശാന്തവും വാർത്തയുടെ മർമ്മം അറിഞ്ഞുള്ള അവതരണത്തിന് മാതൃഭൂമിയിലെ ശ്രീജ മികച്ച ന്യൂസ് റീഡർ; അഭിമുഖത്തിനുള്ള അവാർഡ് വി എസ് രാജേഷിനും ജിമ്മി ജെയിംസിനും; അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ അവാർഡ് കേരള കൗമുദിയിലെ വിമൽകുമാറിന്; സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ അവാർഡുകൾ ഇങ്ങനെ

പക്വവും ശാന്തവും വാർത്തയുടെ മർമ്മം അറിഞ്ഞുള്ള അവതരണത്തിന് മാതൃഭൂമിയിലെ ശ്രീജ മികച്ച ന്യൂസ് റീഡർ; അഭിമുഖത്തിനുള്ള അവാർഡ് വി എസ് രാജേഷിനും ജിമ്മി ജെയിംസിനും; അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ അവാർഡ് കേരള കൗമുദിയിലെ വിമൽകുമാറിന്; സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ അവാർഡുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിങ്, ന്യൂസ് റീഡിങ് എന്നിവയിലുമാണ് അവാർഡ്.

അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിനാണ് അവാർഡ്. അവയവദാനത്തിന് എന്ത് സംഭവിച്ചു എന്ന പരമ്പരയ്ക്കാണ് അവാർഡ്. ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫിനാണ് വികസനോന്മുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ്. പുഴകൾ പുനർജനിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ്. മാതൃഭൂമിയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർക്കാണ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. നിപയുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫിന് ന്യൂസ് ഫോട്ടോഗ്രഫി പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാർഡ്. മാധ്യമത്തിലെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് വി. ആർ. രാഗേഷിനാണ് കാർട്ടൂൺ പുരസ്‌കാരം. ഗാന്ധി @ 150 എന്ന കാർട്ടൂണിനാണ് അവാർഡ് ലഭിച്ചത്.

ടിവി ന്യൂസ് റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ കെ. അരുൺകുമാറിനാണ് അവാർഡ്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർപ്പിഷ് തുക സൈബർ തട്ടിപ്പിലൂടെ ചിലർ കൈക്കലാക്കുന്ന വാർത്ത പുറത്തു കൊണ്ടുവന്നതിനാണ് അവാർഡ്. മീഡിയ വണിലെ റിപ്പോർട്ടർ ഷിദ ജഗത്തിനും ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഭിന്നശേഷിക്കാരി നൂർ ജലീലയെക്കുറിച്ചുള്ള വാർത്തയ്ക്കാണ് ഷിദ ജഗത്തിന് പുരസ്‌കാരം. ആൾക്കൂട്ടാക്രമണ കേസുകളെയും അതിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയെയും പിന്തുടർന്ന് ചെയ്ത വാർത്തയാണ് ജോഷി കുര്യനെ പുരസ്‌കാരത്തിനർഹനാക്കിയത്.

ടിവി അഭിമുഖത്തിനുള്ള അവാർഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി. എസ്. രാജേഷും ഏഷ്യാനെറ്റ് ന്യൂസിലെ കോഓർഡിനേറ്റിങ് എഡിറ്റർ ജിമ്മി ജെയിംസും അർഹരായി. ട്രാൻസ്ജെൻഡർ ദമ്പതികളായ ഇഷാൻ - സൂര്യ എന്നിവരുമായി കൗമുദി ചാനലിനായി നടത്തിയ അഭിമുഖത്തിനാണ് വി. എസ്. രാജേഷിന് പുരസ്‌കാരം. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുമായി നടത്തിയ അഭിമുഖത്തിനാണ് ജിമ്മി ജെയിംസിന് അവാർഡ്. ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാൻ വിജേഷ് ജി. കെ. പിക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാർഡ്. കെ. എസ്. ആർ. ടി. സി ജീവനക്കാരനായ ഗോവിന്ദന്റെ ജീവിതം ചിത്രീകരിച്ചതിനാണ് അവാർഡ്. മാതൃഭൂമി ന്യൂസിലെ ക്യാമറാമാൻ വേണു പി. എസിന് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്കാണ് ടിവി ന്യൂസ് റീഡർക്കുള്ള അവാർഡ്. പക്വവും ശാന്തവും വാർത്തയുടെ മർമ്മം അറിഞ്ഞുള്ള അവതരണവും പരിഗണിച്ചാണ് അവാർഡ്. മനോരമ ന്യൂസിലെ ചീഫ് വീഡിയോ എഡിറ്റർ അശോകൻ പി. ടിക്കാണ് ടിവി ന്യൂസ് എഡിറ്റിംഗിനുള്ള അവാർഡ്. പടയണിക്കോലങ്ങളുടെ നിർമ്മാണവും പടയണിയുടെ സൗന്ദര്യാത്മകതയും അന്വേഷിക്കുന്ന ദൃശ്യങ്ങൾ ഫലപ്രദമായി സന്നിവേശിപ്പിച്ചതിനാണ് അവാർഡ്.

ബൈജു ചന്ദ്രൻ, എസ്. ആർ. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. പി. വി. മുരുകൻ, കെ. ആർ. ബീന, കെ. രവികുമാർ, അഡ്വ. എം. എം. മോനായി, കാസിം ഇരിക്കൂർ, ലാലു ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അച്ചടി മാധ്യമ അവാർഡുകൾ നിർണയിച്ചത്. പുരസ്‌കാരങ്ങൾ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP