Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർഗ്ഗീയത വിളമ്പി ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയ എസ് ഡി പി ഐ്ക്ക് സമ്പൂർണ്ണ നിരാശ; മൂന്ന് വട്ടം ഭരിച്ച കോൺഗ്രസിന് 63 സീറ്റിലും കെട്ടിവച്ച കാശു പോയി; സിപിഎമ്മും സിപിഐയും ചേർന്ന് നേടിയത് 0.03 ശതമാനം വോട്ടുകൾ; ആം ആദ്മി പ്രഭയിൽ വോട്ടുകൾ രണ്ടായി തിരിഞ്ഞപ്പോൾ നാണം കെട്ട് മറ്റ് പാർട്ടികൾ

വർഗ്ഗീയത വിളമ്പി ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയ എസ് ഡി പി ഐ്ക്ക് സമ്പൂർണ്ണ നിരാശ; മൂന്ന് വട്ടം ഭരിച്ച കോൺഗ്രസിന് 63 സീറ്റിലും കെട്ടിവച്ച കാശു പോയി; സിപിഎമ്മും സിപിഐയും ചേർന്ന് നേടിയത് 0.03 ശതമാനം വോട്ടുകൾ; ആം ആദ്മി പ്രഭയിൽ വോട്ടുകൾ രണ്ടായി തിരിഞ്ഞപ്പോൾ നാണം കെട്ട് മറ്റ് പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ എഴുപതിൽ 62ഉം ആംആദ്മിക്ക്. ബിജെപിക്ക് വെറും എട്ടും. കോൺഗ്രസ് തകർന്ന് തരിപ്പണമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിൽ അധികം വോട്ട് കോൺഗ്രസിന് കിട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനത്തിൽ അധികം കിട്ടി. പക്ഷേ ഇത്തവണ കിട്ടിയത് വെറും 4.26 ശതമാനം വോട്ടാണ്. അതായത് പ്രാദേശിക രാഷ്ട്രീയ കക്ഷിക്ക് കിട്ടുന്ന വോട്ട് പോലും ഡൽഹിയിലെ പഴയ ഭരണ കക്ഷിക്ക് കിട്ടാതെ പോകുന്നു. ആംആദ്മിയും ബിജെപിയും നേർക്ക് നേർ പോരടിച്ചപ്പോൾ മറ്റ് പാർട്ടികളെല്ലാം ഡൽഹിയിൽ അപ്രസക്തരായി.

ആംആദ്മിക്ക് 53.57 ശതമാനം വോട്ട് കിട്ടി. ബിജെപിക്ക് 38.51 ശതമാനം. പിന്നെ കോൺഗ്രസിന് 4.26 ശതമാനവും. അതായത് കേരളത്തിൽ ബിജെപിക്ക് കിട്ടുന്ന വോട്ട് ശതമാനം പോലും ഡൽഹിയിൽ കോൺഗ്രസിന് ഇല്ല. ബിജെപിയും കോൺഗ്രസും ആംആദ്മിയും അല്ലാതെ ആർക്കും ഒരു ശതമാനത്തിന് മുകളിൽ വോട്ട് പിടിക്കാനുമായില്ല. സിപിഐയ്ക്ക് 0.02 ശതമാനം വോട്ടാണ് കിട്ടിയത്. 0.01 ശതമാനം വോട്ടാണ് സിപിഎമ്മിന്റെ സമ്പാദ്യം. ഏറെ പ്രതീക്ഷയുമായി വർഗ്ഗീയത പറഞ്ഞ് മത്സരത്തിന് ഇറങ്ങിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നിരാശയായിരുന്നു ഫലം. മറ്റുള്ളവരുടെ ശതമാനക്കണക്കിൽ പെടുത്താനുള്ള വോട്ടുകളേ ഇവർക്ക് കിട്ടിയുള്ളൂ. അങ്ങനെ എല്ലാ അർത്ഥത്തിലും കേരളത്തിൽ ചർച്ചയാകുന്ന കോൺഗ്രസിനും സിപിഎമ്മിനും സിപിഐയ്ക്കും എസ് ഡി പി ഐയ്ക്കും നാണക്കേടാണ് ഡൽഹി നൽകിയത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഒഖ്ല മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാർത്ഥി അമാനത്തുള്ള ഖാനും നിഷ്പ്രയാസം വിജയിച്ചപ്പോൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രമുഖ വനിതാ നേതാവ് അതിഷിയും കടുത്ത മൽസരത്തിനൊടുവിലാണ് നേരിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തിയത്. 1993 മുതൽ കോൺഗ്രസിനെയോ ബിജെപിയെയോ വിജയിപ്പിച്ച ചരിത്രമായിരുന്നു ചാന്ദ്‌നി ചൗക്കിന്. ഇതു കഴിഞ്ഞ വട്ടം അൽക്കയാണു തിരുത്തിയത്, എഎപി ടിക്കറ്റിൽ. 1993 മുതൽ 1998 വരെ ബിജെപിയെ വിജയിപ്പിച്ചു വിട്ടപ്പോൾ 1998 മുതൽ 2015 വരെ കോൺഗ്രസിനായിരുന്നു വിജയം. കോൺഗ്രസിൽ നിന്നു എഎപിയിലെത്തിയ അൽക്ക, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണു പാർട്ടി വിട്ടത്. പിന്നാലെ കോൺഗ്രസിൽ മടങ്ങിയെത്തി. പക്ഷേ ജയിച്ചില്ല. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനായ ആദർശ് ശാസ്ത്രിയും കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി ടിക്കറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചയാളാണ്. എന്നാൽ ഇത്തവണ സീറ്റു നിഷേധിക്കപ്പെട്ടതിനാൽ ആം ആദ്മിയോട് പിരിഞ്ഞ് കോൺഗ്രസിൽ ചേർന്ന് ദ്വാരക മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എഎപിയുടെ വിനയ് മിശ്രയാണ് ഇവിടെ വിജയിച്ചത്.

കോൺഗ്രസ് സംസ്ഥാനത്ത് 66 സീറ്റിലാണ് മത്സരിച്ചത്. ആപിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ അൽക്ക ലാംബക്ക് ചാന്ദ്‌നി ചൗക്കിൽ 3.45% വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റ് പ്രമുഖ നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലും ഇതോ നിലവാരത്തിൽ തന്നെയാണ് വോട്ടുകൾ ലഭിച്ചിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. ഒരു സീറ്റെങ്കിലും നേടി സാന്നിധ്യം അറിയിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. നില മെച്ചപ്പെടുത്തിയ ബിജെപിക്ക് 38.98% വോട്ടുവിഹിതമുണ്ട്. 2015 ലും കോൺഗ്രസിനു സീറ്റു നേടാനായില്ല. 2013 ൽ ഉണ്ടായിരുന്നത് എട്ടു സീറ്റുകൾ. ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസിന് ഇക്കുറി വിമത സ്ഥാനാർത്ഥികളില്ലായിരുന്നു. 15 സീറ്റുകളിൽ വ്യക്തമായ മുൻതൂക്കമുണ്ട് എന്നായിരുന്നു കണക്കുകൂട്ടൽ. കോൺഗ്രസ് അധ്യക്ഷ സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സംസ്ഥാന നേതാക്കളും പ്രചാരണത്തിനിറങ്ങി. ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കേരള എംപിമാരും പ്രചാരണത്തിൽ സജീവമായിരുന്നു. കോൺഗ്രസിന് ഡൽഹിയിൽ 63 സ്ഥാനാർത്ഥികളുടെയും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.

2013 ലായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച 70 ൽ 28 സീറ്റും സ്വന്തമാക്കി. എട്ടു സീറ്റ് നേടിയ കോൺഗ്രസുമായി ചേർന്ന് മന്ത്രിസഭ. ബിജെപി 31 സീറ്റാണ് നേടിയത്. എന്നാൽ, ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ കോൺഗ്രസ് പിന്തുണ നൽകാത്തതിനെത്തുടർന്ന് സഖ്യത്തിൽ വിള്ളൽ വീണിരുന്നു, കേജ്രിവാൾ രാജിവച്ചു. നിയമസഭ പിരിച്ചുവിട്ടതിനെത്തുടർന്ന് 2015ൽ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി എഎപി തിരിച്ചെത്തി. ബിജെപിക്കു ലഭിച്ചത് 3 സീറ്റ്. കോൺഗ്രസിനു വട്ട പൂജ്യവും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. ആ പ്രതീക്ഷയോടെയാണ് പാർട്ടി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഡൽഹി തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ പച്ചയ്ക്ക് ന്യൂനപക്ഷ വർഗീയത പറഞ്ഞ എസ്ഡിപിഐക്കും നേരിട്ടത് കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിൽ എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത് 47 വോട്ട് മാത്രമായിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്.ഡി.പി.ഐയ്ക്ക് വേണ്ടി തസ്ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്‌ലയിൽ മത്സരിച്ചത്. ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനാണ് ഓഖ്‌ലയിൽ നിന്നും വിജയിച്ചത്. ബിജെപിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയാണ് അമാനത്തുള്ള ഖാൻ വിജയം നേടിയത്. 63 ശതമാനം വോട്ട് ഷെയർ നേടിയാണ് അമാനത്തുള്ള ഖാൻ വിജയിച്ചത്.

സിപിഎം ദയനീയ പ്രകടനമായിരുന്നു ഡൽഹിയിലും കാഴ്‌ച്ചവെച്ചത്. പ്രധാനമത്സരം നോട്ടയുമായിട്ടായിരുന്നു. ഡൽഹിയിൽ സിപിഎം ഇക്കുറി മൂന്ന് സീറ്റുകളാണ് മത്സരിച്ചിരുന്നത്. ബദർപൂർ മണ്ഡലത്തിൽ നിന്ന് ജഗദീഷ് ചന്ദ്, കർവാൾ മണ്ഡലത്തിൽ നിന്ന് രഞ്ജിത്ത് തിവാരി, വാസിർപൂരിൽ നിന്ന് ഷഹ്ദാർ റാം എന്നിവരാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് മത്സര രംഗത്ത് ഇറങ്ങിയത്. നോട്ടയുമായാണ് സിപിഎമ്മിന്റെ മത്സരം. നോട്ടയ്ക്ക് ഡൽഹിയിൽ 0.46 ശതമാനം വോട്ട് കിട്ടിയപ്പോൾ സിപിഎമ്മിനുള്ള വോട്ട് ശതമാനം വെറും 0.01 മാത്രമാണ്. മറ്റൊരു ഇടത് പാർട്ടിയായ സിപിഐയുടെ സ്ഥിതി വ്യത്യസ്തമല്ല. 0.02 ശതമാനമാണ് ഡൽഹിയിൽ സിപിഐക്ക് കിട്ടിയ വോട്ട്.

ബദർപൂരിൽ സിപിഎം സ്ഥാനാർത്ഥി ജഗദീഷ് ചന്ദിന് ആകെ കിട്ടിയ വോട്ടുകളുടെ എണ്ണം വെറും 154 ആണ്. കർവാൾ നഗറിൽ സിപിഎമ്മിന്റെ രഞ്ജിത് തിവാരിക്ക് 247 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 0.3 ആണ് വോട്ടിങ് ശതമാനം. ഈ മണ്ഡലത്തിൽ നോട്ടയ്ക്ക് 172 വോട്ടുകൾ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP