Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയിൽ കൂടുതൽ അടങ്കൽ തുക ലഭിക്കും; പൊലീസ് കൈയിൽ ഇല്ലാത്തതിനാൽ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഖജനാവിന് നേട്ടം ശതകോടികൾ; സാമ്പത്തിക അച്ചടക്കവും സമയബന്ധിത പദ്ധതികളും ലാഭിക്കുന്നത് കോടികൾ; മഹാനഗരം എന്ന നിലയിൽ നികുതി വരുമാനത്തിന്റെ കുതിപ്പും ഗുണകരം; സമ്പന്നരിൽ നിന്നും പണം ഈടാക്കി പാവങ്ങൾക്ക് നൽകുന്ന സിമ്പിൾ എക്കണോമിക്‌സ്; വോട്ട് നേടാൻ സൗജന്യങ്ങൾ വാരി വിതറുന്ന കെജ്രിവാളിന്റെ തെറ്റായ മോഡലിനെ കുറിച്ച് വിലപിക്കുന്നവർ അറിയാൻ

പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയിൽ കൂടുതൽ അടങ്കൽ തുക ലഭിക്കും; പൊലീസ് കൈയിൽ ഇല്ലാത്തതിനാൽ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഖജനാവിന് നേട്ടം ശതകോടികൾ; സാമ്പത്തിക അച്ചടക്കവും സമയബന്ധിത പദ്ധതികളും ലാഭിക്കുന്നത് കോടികൾ; മഹാനഗരം എന്ന നിലയിൽ നികുതി വരുമാനത്തിന്റെ കുതിപ്പും ഗുണകരം; സമ്പന്നരിൽ നിന്നും പണം ഈടാക്കി പാവങ്ങൾക്ക് നൽകുന്ന സിമ്പിൾ എക്കണോമിക്‌സ്; വോട്ട് നേടാൻ സൗജന്യങ്ങൾ വാരി വിതറുന്ന കെജ്രിവാളിന്റെ തെറ്റായ മോഡലിനെ കുറിച്ച് വിലപിക്കുന്നവർ അറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി.), ഡൽഹി കന്റോൺമെന്റ്, സാമൂഹികക്ഷേമവകുപ്പ് എന്നിവയ്ക്കുകീഴിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷാഫീസ് കൂടി വഹിക്കാൻ എ.എ.പി. സർക്കാർ തീരുമാനിച്ചത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെ സൗജന്യങ്ങൾ വാരിക്കൊടുക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞവർ പോലുമുണ്ട്. ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷാഫീസ് വഹിക്കാൻ സർക്കാർ മുമ്പ് നിശ്ചയിച്ചിരുന്നു. സി.ബി.എസ്.ഇ. അവരുടെ പരീക്ഷാനിരക്ക് ഉയർത്തിയതിനെത്തുടർന്നായിരുന്നു ഇത്. കേരളത്തിൽ പോലും സിബിഎസ് ഇ കുട്ടികളുടെ ഫീസ് ഉയർത്തൽ ഏറെ ചർച്ചകൾക്ക് ഇട നൽകി. സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയതു പോലുമില്ല. കാരണം അവരെ ബാധിക്കുന്ന വിഷയമായിരുന്നില്ല അത്. എന്നാൽ കേരളത്തെ പോലെയായിരുന്നില്ല ഡൽഹി. അവിടെ കെജ്രിവാൾ ഇടെപട്ടു.

പരീക്ഷാഫീസ് വഹിക്കാൻ 61 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പുറമേ ഓപ്പൺ സ്‌കൂളുകളിൽ പഠിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അറിയിച്ചു. പദ്ധതിപ്രകാരം ആകെ 3.6 ലക്ഷത്തോളം വിദ്യാർത്ഥികളുടെ പരീക്ഷാഫീസ് സർക്കാർ ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രികൂടിയായ സിസോദിയ വ്യക്തമാക്കി. ജോലി തേടുന്നവർ മാത്രമാകുന്നതിനുപകരം സംരംഭകരാവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനും പദ്ധതിയെത്തി. ഇതിനായി സംരംഭകതാത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ 1,000 രൂപ സഹായധനം നൽകും. ഒറ്റയ്‌ക്കോ സഹപാഠികൾക്കൊപ്പമോ ചേർന്ന് വിദ്യാർത്ഥികൾക്ക് സംരംഭകത്വപദ്ധതികൾ നടപ്പാക്കാമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. ഇതെല്ലാം കൊച്ചു കാര്യങ്ങളായിരുന്നു. എന്നാൽ ഇവയിലൂടെ ഡൽഹിക്കാരുടെ മനസ്സിലേക്കാണ് കെജ്രിവാൾ നടന്നു കയറിയത്. സാധാരണക്കാർക്കും ഇടത്തരക്കാർക്കും നന്മയും ആശ്വസാവുമെത്തിക്കുന്ന ഭരണം.

പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങൾക്കുള്ളതിനേക്കാൾ അടങ്കൽ തുക കേന്ദ്ര സർക്കാരിൽ നിന്ന് ഡൽഹിക്ക് കഴിയും. ഇതിന്റെ കൃത്യമായ വിനിയോഗം കെജ്രിവാൾ ഉറപ്പാക്കി. സാധാരണക്കാർക്ക് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. പഴയ കേരളാ മോഡലിന്റെ ഡൽഹി പതിപ്പ്. വിദ്യാഭ്യാസവും ആരോഗ്യത്തിനും കൂടുതൽ ശ്രദ്ധ നൽകി. പൊലീസിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ് അതുകൊണ്ട് തന്നെ. പ്രശ്‌നങ്ങൾക്കൊന്നും കെജ്രിവാളിന് മറുപടി പറയേണ്ടി വന്നില്ല. പൊലീസ് കൈയിൽ ഇല്ലാത്തതിനാൽ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഖജനാവിന് ലാഭം ശതകോടികളായിരുന്നു. പേരു ദോഷവും ഇല്ല. സാമ്പത്തിക അച്ചടക്കവും സമയ ബന്ധിത പദ്ധതികളും നടപ്പാക്കി. ഇതിലൂടെ ലാഭിക്കുന്നത് കോടികളായിരുന്നു. മഹാനഗരം എന്ന നിലയിൽ നികുതി വരുമാനത്തിന്റെ കുതിപ്പും ഗുണകരമായി. സമ്പന്നരിൽ നിന്നും പണം ഈടാക്കി പാവങ്ങൾക്ക് നൽകുന്ന സിമ്പിൾ എക്കണോമിക്‌സാണ് ഇവയുടെ ബലത്തിൽ കെജ്രിവാൾ നടപ്പാക്കിയത്. വോട്ട് നേടാൻ സൗജന്യങ്ങൾ വാരി വിതറുന്ന കെജ്രിവാളിന്റെ തെറ്റായ മോഡലിനെ കുറിച്ച് വിലപിച്ചവർക്ക് തെറ്റി. എല്ലാം ജനങ്ങളെ ഒപ്പം നിർത്താനായിരുന്നുവെന്ന് കെജ്രിവാൾ തെളിയിച്ചു.

രാജ്യത്ത് ധനക്കമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. പ്രത്യേകപദവിയുള്ള സംസ്ഥാനമെന്നതിന്റെ ആനുകൂല്യങ്ങൾ വേറെയും. ക്രമസമാധാനമുൾപ്പെടെ പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിന്റെ കൈയിലായതിനാലുള്ള സാമ്പത്തികലാഭം വേറെ. ഇത്രയേറെ സൗജന്യങ്ങളും സബ്സിഡികളും നൽകിത്തുടങ്ങിയത് ഏഴുവർഷംമുമ്പ് അധികാരത്തിൽ വന്ന എ.എ.പി. സർക്കാരാണ്. എങ്ങനെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെജ്‌രിവാൾ മുമ്പ് പലതവണ മറുപടി പറഞ്ഞിട്ടുണ്ട്: ''ഡൽഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാൽമാത്രം മതി.'' സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതുവഴി പണംലാഭിക്കാമെന്ന് എ.എ.പി. സർക്കാർ പറയുന്നു. മുൻ സർക്കാർ തുടങ്ങിവെച്ച് നീണ്ടുപോയ സിഗ്‌നേച്ചർ പാലം ഉൾപ്പെടെയുള്ള വൻ പദ്ധതികൾ നേരത്തേ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് പണിതീർത്തു.

അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റാണ് കഴിഞ്ഞവർഷം എ.എ.പി. സർക്കാർ അവതരിപ്പിച്ചത്. ആകെ വരുമാനമായ 60,000 കോടിയിൽ 42,500 കോടിയും നികുതിവരുമാനം. അതിൽത്തന്നെ 29,000 കോടിയും (68 ശതമാനം) ജി.എസ്.ടി./വാറ്റ് നികുതിയിൽനിന്നാണ്. എക്സൈസ് (6000 കോടി), സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് (5000 കോടി), മോട്ടോർവാഹന നികുതി (2500 കോടി) എന്നിവയുമുണ്ട്. നികുതി റെയ്ഡുകളുടെപേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന 'പണപ്പിരിവ്' കുറച്ചുകൊണ്ട് സ്വമേധയാ നികുതി നൽകാൻ വ്യാപാരികളെ പ്രേരിപ്പിച്ച മോഡലും വിജയകരമായി. എ.എ.പി. സർക്കാർ കൂടുതൽ പണം ചെലവിടുന്നത് വിദ്യാഭ്യാസത്തിനാണ്. ബജറ്റിന്റെ 29 ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നു.

പുതിയ സ്‌കൂളുകൾ നിർമ്മിക്കൽ, അവയുടെ അറ്റകുറ്റപ്പണികൾ, ആധുനികീകരണം, അദ്ധ്യാപകരെ വിദേശത്തയച്ച് പരിശീലിപ്പിക്കൽ തുടങ്ങിയവയ്ക്ക് പ്രയാസമുണ്ടാകില്ല. അടുത്തത് ആരോഗ്യവും നഗരവികസനവും ഗതാഗതവുമാണ്. ഇവ മൂന്നിനും 14 ശതമാനംവീതം വകയിരുത്തി. സാമൂഹികക്ഷേമത്തിന് 13 ശതമാനം, കുടിവെള്ളം, ജലസേചനം എന്നിവയ്ക്ക് ഒൻപത് ശതമാനവും നീക്കിവെക്കുന്നു. സൗജന്യങ്ങൾ വാരിവിതറി സാമ്പത്തിക അച്ചടക്കം തകർക്കുന്നുവെന്നാണ് കേജ്രിവാളിനെതിരെ എതിരാളികളുടെ ആരോപണം. സർക്കാരിൽ പണത്തിനു കുറവില്ല, നിശ്ചയദാർഢ്യത്തിനാണ് കുറവ് എന്നാണ് അദ്ദേഹത്തിന്റെ മറുപടി.

ഡൽഹി പൂർണ സംസ്ഥാനമല്ലാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനല്ല, ലഫ്. ഗവർണർക്കാണു പൂർണ അധികാരമെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. കേജ്രിവാൾ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നും ആ സർക്കാരിന്റെ ഉപദേശമനുസരിച്ചു വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും സുപ്രീം കോടതി വിധിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും എക്കാലവും നിർണായകമായ വിധിയാണു കേജ്രിവാൾ നേടിയത്. അതീവ തന്ത്രശാലി കൂടിയാണു കേജ്രിവാളെന്ന് ഈ തിരഞ്ഞെടുപ്പു പ്രചാരണം തെളിയിച്ചു. ഹനുമാൻ ചാലീസ ആലപിച്ചും ക്ഷേത്രദർശനം നടത്തിയും ബിജെപിക്കു മറുപടി നൽകി. സ്‌കൂളുകളിൽ ദേശഭക്തി പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അവരെ നിശ്ശബ്ദരാക്കി. പ്രചാരണത്തിനിടെ പൊതു ടാപ്പിൽ നിന്നു വെള്ളം കുടിച്ച് സർക്കാരിന്റെ കുടിവെള്ള വിതരണ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് അടിവരയിട്ടു. ഡൽഹിയിൽ വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി മേഖലകളിൽ കേജ്രിവാൾ നടപ്പാക്കിയ ഭരണ പരിഷ്‌കാരങ്ങൾ തന്നെയാണ് ഇപ്പോഴത്തെ വിജയത്തിന് അടിസ്ഥാനവും.

കെജ്രിവാളിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. നിലവിലെ നിയമസഭ ലെഫ്. ഗവർണർ അനിൽ ബൈജാൽ ചൊവ്വാഴ്ച വൈകീട്ട് പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പുഫലം രാജ്യത്തിന് പുതിയ സന്ദേശമാണ് നൽകിയിരിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. കാം കി രാജനീതി(പ്രവർത്തനങ്ങളുടെ രാഷ്ട്രീയം)ക്ക് രൂപം നൽകിയിരിക്കുകയാണ് ഈ ജയമെന്നും ദീൻദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരുടെ ആഹ്ലാദത്തിൽ പങ്കുചേർന്ന് അദ്ദേഹം പറഞ്ഞു. ഷഹീൻബാഗിൽ ഉൾപ്പെടെ പൗരത്വ നിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങൾ, അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം, ജമ്മുകശ്മീരിലെ നടപടികൾ തുടങ്ങിയവ ഉന്നയിച്ച് ബിജെപി. അതിശക്തമായ പ്രചാരണം നടത്തിയെങ്കിലും വോട്ടർമാരെ സ്വാധീനിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ബിജെപി.ക്കായി ദിവസങ്ങളോളം പ്രചാരണം നടത്തിയിരുന്നു.

2015-ൽ മൂന്നുസീറ്റിലൊതുങ്ങിയ ബിജെപി. പിന്നീടുനടന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് എ.എ.പി.യിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഇതവർക്ക് പ്രതീക്ഷയും നൽകി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴുസീറ്റും വിജയിക്കാനായതും പ്രതീക്ഷ വാനോളമുയർത്തി. ഇതെല്ലാം മനസ്സിലാക്കി കെജ്രിവാൾ തന്ത്രങ്ങൾ മാറ്റി പിടിച്ചു. വികസനം ബോധ്യപ്പെട്ടെങ്കിൽമാത്രം വോട്ടുചെയ്താൽ മതിയെന്നായിരുന്നു കെജ്രിവാളിന്റെയും എ.എ.പി.യുടെയും പ്രചാരണം. വൈദ്യുതി-വെള്ളം നിരക്കുകളിലെ സൗജന്യങ്ങൾ, മൊഹല്ല ക്ലിനിക്കുകൾ, സ്മാർട്ട് സ്‌കൂളുകൾ, അഴിമതിരഹിത ഭരണം, ഇടത്തട്ടുകാരെ ഒഴിവാക്കിയ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയവ വോട്ടായി മാറി. സ്ത്രീസുരക്ഷയ്ക്കായി നഗരകേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കിയതും സർക്കാരിനുള്ള വനിതാപിന്തുണ വർധിപ്പിച്ചു. അങ്ങനെ സൗജന്യങ്ങളിലൂടെ ആംആദ്മി വീണ്ടും അധികാരത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP