Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദേഹം പൊതിഞ്ഞ വരയൻ പുതപ്പ് വാങ്ങാൻ സ്ത്രീയും പുരുഷനും യാത്ര ചെയ്തത് വെളുത്ത പോളോ കാറിൽ; പുതപ്പും പ്ലാസ്റ്റിക് കയറും വാങ്ങിയത് കളമശേരിയിലെ രണ്ടുകടകളിൽ നിന്ന്; കാറിന്റെ സിസി ടിവി ദൃശ്യങ്ങളിൽ നമ്പർ തിരിച്ചറിയാൻ കഴിയാത്തത് തിരിച്ചടിയായി; ശാരീരിക പ്രത്യേകതകൾ വച്ച് കൊല്ലപ്പെട്ടത് വടക്ക്-കിഴക്കൻ സംസ്ഥാനക്കാരിയെന്ന് നിഗമനം; യുവതിയെ പെരിയാറിൽ കെട്ടിത്താഴ്‌ത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

മൃതദേഹം പൊതിഞ്ഞ വരയൻ പുതപ്പ് വാങ്ങാൻ സ്ത്രീയും പുരുഷനും യാത്ര ചെയ്തത് വെളുത്ത പോളോ കാറിൽ; പുതപ്പും പ്ലാസ്റ്റിക് കയറും വാങ്ങിയത് കളമശേരിയിലെ രണ്ടുകടകളിൽ നിന്ന്; കാറിന്റെ സിസി ടിവി ദൃശ്യങ്ങളിൽ നമ്പർ തിരിച്ചറിയാൻ കഴിയാത്തത് തിരിച്ചടിയായി; ശാരീരിക പ്രത്യേകതകൾ വച്ച് കൊല്ലപ്പെട്ടത് വടക്ക്-കിഴക്കൻ സംസ്ഥാനക്കാരിയെന്ന് നിഗമനം; യുവതിയെ പെരിയാറിൽ കെട്ടിത്താഴ്‌ത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

ആർ പീയൂഷ്

കൊച്ചി: ശ്വാസംമുട്ടിച്ചു യുവതിയെ കൊലപ്പെടുത്തി പെരിയാറിൽ കെട്ടിത്താഴ്‌ത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലോക്കൽ പൊലീസിന്റെ 20 അംഗ സ്‌ക്വാഡ് ഒരു വർഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിയാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ റൂറൽ എസ്‌പി ശുപാർശ ചെയ്തത്.

യൂണിവേഴ്സിറ്റി കോളജിനു താഴെ കടൂപ്പാടം വിൻസൻഷ്യൻ വിദ്യാഭവൻ കടവിൽ, 2019 ഫെബ്രുവരി 11നാണ് പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയർ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്‌ത്തിയ നിലയിൽ യുവതിയുടെ 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വൈകിട്ടു പുഴയിൽ കുളിക്കാനെത്തിയ വൈദിക വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയിൽ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളിൽ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. ഇളംപച്ച ത്രീഫോർത്ത് ലോവറും കരിനീല ടോപ്പുമായിരുന്നു വേഷം. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാർ ബോട്ടം വായിൽ തിരുകിവച്ചിരുന്നു. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് മൃതദേഹത്തിൽ കെട്ടിത്തൂക്കിയിരുന്നത്. ഉള്ളിൽ വായു രൂപപ്പെട്ടതിനാൽ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോയില്ല. വെള്ളത്തിൽ പൊങ്ങിക്കിടന്നു. അതുകൊണ്ടു മാത്രമാണ് അരുംകൊല പുറംലോകം അറിഞ്ഞത്.

മധ്യവയസ്‌കരായ സ്ത്രീയും പുരുഷനുമാണ് സംഭവത്തിനു പിന്നിലെന്നു 2 ദിവസത്തിനുള്ളിൽ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയൻ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ 2 കടകളിൽ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാർ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നൽകിയ വിവരങ്ങളുമാണ് കട കണ്ടെത്താൻ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല. പുതപ്പു വാങ്ങാൻ സ്ത്രീയും പുരുഷനും യാത്ര ചെയ്ത വാഹനം വെളുത്ത പോളോ കാർ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. അതേസമയം വെളുത്ത പോളോ കാർ ഉപയോഗിക്കുന്നവർ കുറവാണെന്നും ഇത് അന്വേഷണം കുറെക്കൂടി സുഗമമാക്കും എന്നുമുള്ള പ്രതീക്ഷയിലായിരുന്നു പൊലീസ്. സംസ്ഥാനത്ത് വെളുത്ത പോളോ കാർ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും ഒന്നും നടന്നില്ല.

യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലേക്ക് എത്താവുന്ന സൂചനകൾ ലഭിച്ചെങ്കിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നെടുമ്പാശേരിക്കടുത്തുണ്ടായ മോഷണത്തിലേക്ക് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ മാറിയതും പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും അന്വേഷണത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. മരിച്ച യുവതിയെ കണ്ടെത്താനോ പ്രതികളെക്കുറിച്ചോ പുതിയ സൂചനകളിലേക്കു നയിക്കുന്ന വിവരങ്ങളോ പൊലീസിനു ലഭിച്ചിട്ടില്ലെന്നതും അന്വേഷണത്തെ ബാധിച്ചു.

മൃതദേഹം എങ്ങനെ നശിപ്പിക്കണമെന്നു തീരുമാനമെടുത്താണ് പ്രതികൾ പുറപ്പെട്ടതെന്ന കാര്യം പൊലീസ് ഉറപ്പിച്ചു. ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ സ്ത്രീകളുടെ പട്ടിക ശേഖരിച്ചെങ്കിലും മൃതദേഹത്തിന്റെ ബാഹ്യലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നവ ശ്രദ്ധയിൽപെട്ടില്ല. കൊല യാദൃച്ഛികമായി സംഭവിച്ചതാണെന്ന സൂചനയാണ് ഇതു നൽകുന്നതെന്നു പൊലീസ് കരുതുന്നു യുവതിയുടെ ഇരുകമ്മലുകളും ഊരിയെടുത്തിരുന്നു. തെളിവുകൾ ഒന്നും അവശേഷിക്കരുതെന്ന ഉദ്ദേശ്യത്തോടെയാവാം ഇതു ചെയ്തത്.

കൊല്ലപ്പെട്ടതു വടക്കുകിഴക്കൻ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പ്രത്യേകതകൾ, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം ചിത്രങ്ങൾ വച്ച് യുവതിയുടെ രേഖാചിത്രം തയാറാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. അതുകണ്ട് ആരെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP