Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തൂറ്റ് ഫിനാൻസ് പേഴക്കാപ്പള്ളി ശാഖ കുത്തി തുറന്ന് മോഷണ ശ്രമം; ശാഖയ്‌ക്കെതിരായി സമരം ചെയ്ത ജീവനക്കാരുടെ തലയിൽ മോഷണം കെട്ടിവെയ്ക്കാൻ മാനേജ്‌മെന്റ് നീക്കം നടത്തുന്നതിനിടെ വിനയായി വനിതാ മാനേജറുടെ നാക്ക്പിഴ; രണ്ട് ഷട്ടറുകളും തകർത്തത് തന്റെ അറിവോടെയാണെന്ന് വനിതാ മാനേജർ പറഞ്ഞതോടെ സമരാനുകൂലികളും മാനേജറുമായി കയ്യാങ്കളി; പൊലീസ് ഇടപെട്ടതോടെ പൊളിഞ്ഞത് സമരം തകർക്കാനുള്ള മാനേജ്‌മെന്റിന്റെ തന്ത്രം; മൂവാറ്റുപുഴയിലെ മോഷണനാടകം സമരക്കാർ പൊളിച്ചത് ഇങ്ങനെ

ഗീവർഗീസ് എം തോമസ്

മൂവാറ്റുപുഴ: മുത്തൂറ്റ് ഫിനാൻസിന്റെ പേഴക്കാപ്പള്ളി ശാഖയിൽ നടന്ന മോഷണശ്രമത്തിന് പിന്നിൽ മാനേജ്‌മെന്റിന്റെ ഗൂഢാലോചനയെന്ന് പൊലീസ്. ശാഖയിലെ കവർച്ച ശ്രമവുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നാലെയാണ് മോഷണശ്രമം മാനേജ്‌മെന്റിന്റെ ആസുത്രിത നാടകമാണെന്ന് തിരിച്ചറിഞ്ഞത്. ശാഖയിൽ മേനേജ്‌മെന്റിനെതിരായ ദീർഘനാളായി സമരം നടക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മോഷണ നാടകവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്. ശാഖയിൽ ചൊവ്വാഴ്ച രാവിലെ സമരാനുകൂലികൾ എത്തിയപ്പോഴായിരുന്നു രണ്ടു ഷട്ടറുകളും പൊളിച്ചനിലയിൽ കണ്ടത്. മോഷണ ശ്രമാണെന്നു കരുതി ഇവർ പൊലീസിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞു ബ്രാഞ്ച് മാനേജരായ സ്ത്രീയും സംഭവസ്ഥലത്തു എത്തിച്ചേർന്നു. സമരാനുകൂലികളാണ് ഇതിനു പിന്നിലെന്ന് ഇവർ ആരോപിച്ചതോടെ സമരക്കാരും ബ്രാഞ്ച് മാനേജരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഈ തർക്കത്തിനൊടുവിലാണ് ഷട്ടറുകൾ പൊളിച്ചത് തന്റെ അറിവോടു കൂടി തന്നെയാണെന്ന് ഇവർ വ്യക്തമാക്കിയത്.

പൊലീസ് എത്തി രംഗം ശാന്തമാക്കി ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവം ചുരുളഴിഞ്ഞത്. സമരക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ കുറ്റവാളിയാക്കാൻ തൊഴിലാളികൾ ശ്രമിക്കുകയാണെന്നും പറഞ്ഞു ഇവർ തടിതപ്പാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ കാൾ ഡീറ്റെയിൽസ് അടക്കമുള്ള വിവരങ്ങളും താഴിലെ ഫിംഗർ പ്രിന്റ് ഉൾപ്പടെയുള്ളവ പരിശോധിക്കുമെന്നു പറഞ്ഞു പൊലീസ് ഇവരെ വിരട്ടിയതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനായി ഒരു സഹായിയെ കൂട്ടുപിടിച്ചാണ് മാനേജർ കൃത്യം നടത്തിയത്.

പുലർച്ചെ തന്നെ ശാഖയിൽ എത്തിയ മാനേജരും സഹായിയും ഷട്ടറുകൾ കുത്തിപൊളിക്കുകയും തുടർന്ന് തിരിച്ചു പോകുകയുമായിരുന്നു. സമരക്കാരാണ് ഷട്ടറുകൾ പൊളിച്ചത് എന്നു വരുത്തി തീർക്കാനായിരുന്നു ശ്രമം. ഇതാണ് തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിൽ പൊളിഞ്ഞത്.

മാനേജ്‌മെന്റ് തലത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ഇവർക്ക് മാത്രമായി ഇത് ചെയ്യാൻ കഴിയില്ലെന്നും ശക്തമായ കരങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും തൊഴിലാളികൾ ആരോപിച്ചു. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ മാനേജ്‌മെന്റിന് പരാതിയില്ലതിനാൽ പൊലീസ് ഇവരെ വിട്ടയച്ചു. സമരത്തെ അടിച്ചമർത്താനുള്ള മാനേജ്‌മെന്റിന്റെ എല്ലാ നീക്കങ്ങളും നഖശിഖാന്തം എതിർക്കുമെന്ന് സമരാനുകൂലികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതെ സമയം മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം തേടി മാനേജിങ് ഡയറക്ടറും ജോലിക്ക് കയറാൻ തയ്യാറുള്ള ജീവനക്കാരും നൽകിയ ഹർജികൾ ഫെബ്രുവരി 19-ന് പരിഗണിക്കും . മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ മുൻപ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ തൊഴിലാളികളുമായി ഇനി ചർച്ച വേണ്ടെന്ന നിലപാടിലേക്ക് മാനേജ്മെന്റ് എത്തിയത്.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്ത ശേഷം മതി ചർച്ചയെന്ന നിലപാടായിരുന്നു സിഐടിയുവിന്. എന്നാൽ തീരുമാനം പുനഃപരിശോധിക്കാനില്ലെന്ന് മാനേജ്മെന്റും വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി തീയതി നിശ്ചയിച്ചെങ്കിലും ഡയറക്ടർമാരുടെ യോഗം നടക്കുന്നതിനാൽ മാനേജ്മെന്റ് അസൗകര്യം അറിയിച്ചു. അതിനാൽ യോഗം നടന്നില്ല. തുടർന്ന് ഫെബ്രുവരി 17-ന് ഇരു കൂട്ടരും തമ്മിലുള്ള ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചുണ്ട്. ഇത് കണക്കിലെടുത്താണ് ഹർജി പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിയത്. ജീവനക്കാരുമായി ചർച്ച നടത്തുന്നതിന് മുത്തൂറ്റ് ഫിനാൻസ് മുതലാളിമാർക്ക് താൽപ്പര്യമില്ല.

43 ബ്രാഞ്ചുകൾ പൂട്ടുകയും 164 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് മുത്തൂറ്റ് ശാഖകളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. മാനേജ്മെന്റ് നടപടി ഒത്തു തീർപ്പ് ചർച്ചകളുടെ ലംഘനമാണെന്നാണ് സിഐടിയു ആരോപിക്കുന്നത് . സമരത്തിനിടയിൽ കൊച്ചിയിൽ വെച്ച് മുത്തൂറ്റ് എം.ഡിക്ക് നേരെ ആക്രമണവുമുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിലായിരുന്നു ഒത്തുതീർപ്പ് ചർച്ചകൾ. എന്നാൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ ചർച്ചക്കില്ലെന്ന് സിഐടിയു നിലപാടെടുത്തു. 43 ശാഖകൾ പൂട്ടിയത് ബോർഡ് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അത് സിഐടിയു പറഞ്ഞാൽ പുനഃപരിശോധിക്കാനാകില്ല എന്നായിരുന്നു മൂത്തൂറ്റ് മാനേജ്മെന്റിന്റെ നിലപാട് . ചർച്ചകൾ തുടരാനാണ് ഹൈക്കോടതി നിരീക്ഷകന്റെ നിർദ്ദേശം.

ഇതാണ് അട്ടിമറിക്കാൻ ശ്രമിച്ചത്. ഹൈക്കോടതി ഇടപെടലോടെ ചർച്ച തുടരേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.മുത്തൂറ്റ് ഫിനാൻസിനുമുന്നിൽ ജീവനക്കാർ നടത്തുന്ന സമരം അടിച്ചമർത്താനുള്ള മാനേജ്‌മെന്റ് നീക്കം വിലപ്പോകില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുൻപ് വ്യക്തമാക്കിയിരുന്നു.മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഒത്തുതീർപ്പിനു തയാറാകുന്നില്ലെങ്കിൽ പ്രശ്‌നപരിഹാരത്തിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി.

'ഈ വിഷയത്തിൽ മാനേജ്‌മെന്റ് സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. മാനേജ്‌മെന്റിന്റെ നിഷേധാത്മക സമീപനമാണു പ്രശ്‌ന പരിഹാരത്തിനു തടസം. മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കുന്നതിനു ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ഉണ്ടാക്കിയ നിർദ്ദേശങ്ങളും കരാറുകളും ലംഘിക്കുന്ന സമീപനമാണു മാനേജ്‌മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബർ പത്തിന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ഏകപക്ഷീയമായി ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുകയുമാണ് മാനേജ്‌മെന്റ് ചെയ്തത്.

ഇതിനെതിരേ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ (സിഐടിയു) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഇരു കക്ഷികളേയും ചർച്ചയ്ക്കു ക്ഷണിച്ചെങ്കിലും ബ്രാഞ്ചുകൾ പൂട്ടുന്ന കാര്യത്തിലും തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിലും പിന്നോട്ടില്ലെന്ന നിലപാടാണ് യോഗത്തിൽ മാനേജ്‌മെന്റ് സ്വീകരിച്ചത്. തുടർന്നു തൊഴിൽ മന്ത്രിയെന്ന നിലയിലും യോഗം ചേർന്നു.

ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ മാനേജ്‌മെന്റ് ലംഘിച്ചതായും ഇതു നീതിയുക്തമല്ലെന്നും യോഗം വിലയിരുത്തി. 166 തൊഴിലാളികളെ പിരിച്ചുവിട്ടതു സംബന്ധിച്ച് മുത്തൂറ്റ് മാനേജിങ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.സമരം തുടരുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മീഷണർ പ്രശ്‌ന പരിഹാരത്തിനു യോഗങ്ങൾ വിളിച്ചുചേർത്തു. പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP