Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്ഭവന് മുമ്പിൽ അമിത വേഗതയിൽ എത്തി ഡിവൈഡർ ഇടിച്ചു തകർത്തത് ശ്രീപത്മനാഭ ബിൽഡേഴ്‌സ് ആൻഡ് ഡെവലപേഴ്‌സ് ഉടമയുടെ ബിഎംഡബ്ല്യൂ; ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് ചുരണ്ടി മാറ്റിയത് പിവൈ-1-സിടി-9311 എന്ന നമ്പർ; തിരുവനന്തപുരത്തെ രാജവീഥിയിൽ ഇന്നലെയുണ്ടായത് അമിത വേഗതയുടെ അപകടം; മുൻ ടയർ പൊട്ടി നിയന്ത്രണം വിട്ടപ്പോൾ ഡിവൈഡറിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി; ബിൽഡർ സുനിൽകുമാറിനെതിരെ കേസെടുത്ത് പൊലീസ്

രാജ്ഭവന് മുമ്പിൽ അമിത വേഗതയിൽ എത്തി ഡിവൈഡർ ഇടിച്ചു തകർത്തത് ശ്രീപത്മനാഭ ബിൽഡേഴ്‌സ് ആൻഡ് ഡെവലപേഴ്‌സ് ഉടമയുടെ ബിഎംഡബ്ല്യൂ; ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് ചുരണ്ടി മാറ്റിയത് പിവൈ-1-സിടി-9311 എന്ന നമ്പർ; തിരുവനന്തപുരത്തെ രാജവീഥിയിൽ ഇന്നലെയുണ്ടായത് അമിത വേഗതയുടെ അപകടം; മുൻ ടയർ പൊട്ടി നിയന്ത്രണം വിട്ടപ്പോൾ ഡിവൈഡറിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി; ബിൽഡർ സുനിൽകുമാറിനെതിരെ കേസെടുത്ത് പൊലീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്നലെ രാജ്ഭവന് മുന്നിൽ അപകടത്തിൽപ്പെട്ട ബിഎംഡബ്ല്യുകാർ ശ്രീപത്മനാഭ ബിൽഡേഴ്‌സ് ആൻഡ് ഡെവലപേഴ്‌സ് ഉടമ എം.സുനിൽകുമാറിന്റെത്. ഇന്നലെ രാത്രി 11.30 നാണ് രാജ്ഭവന് മുന്നിൽ സുനിൽകുമാറിന്റെ പിവൈ-1-സിടി-9311 ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽപ്പെട്ടയുടൻ തന്നെ കാറിന്റെ നമ്പർ പ്ലേറ്റ് സുനിൽകുമാർ മാറ്റിയിരുന്നു. നമ്പർ ആരും കണ്ടു പിടിക്കാതിരിക്കാൻ വേണ്ടി സുനിൽകുമാർ ചെയ്ത മുൻകരുതലായിരുന്നു ഇത്. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.

അപകടം നടന്നയുടൻ തന്നെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അപകടകരമായ ഡ്രൈവിങ് നടത്തി അപകടം വരുത്തിവെച്ചതിന്റെ പേരിൽ സുനിൽകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നാണ് സൂചന. അതുകൊണ്ട് തന്നെ അമിതവേഗത്തിൽ ഓടിച്ച് അപകടം വരുത്തിവെച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്.

വാഹനം അമിതവേഗത്തിലായിരുന്നതുകാരണം മുൻ ടയർ പൊട്ടിയ ശേഷം കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതേ രാജപാതയിൽ തന്നെയാണ് തലസ്ഥാനത്തിനു പ്രിയംകരനായ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ജീവൻ തന്റെ ആഡംബരകാറിൽ ശ്രീറാം വെങ്കിട്ടരാമൻ കോർത്തെടുത്തത്. മദ്യപാർട്ടി കഴിഞ്ഞു അർദ്ധ രാത്രി പെൺസുഹൃത്ത് വഫയെയും കൂട്ടിയുള്ള ശ്രീറാമിന്റെ അതിവേഗതയിലുള്ള വരവാണ് ബഷീറിനു ജീവൻ നഷ്ടമാക്കിയത്. കിംസ് ആശുപത്രിയിൽ പോയി ബ്ലഡ് പ്യൂരിഫൈ ചെയ്ത ശേഷം മാത്രമാണ് പൊലീസ് ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയത്.

അതുകൊണ്ട് തന്നെ അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തി എന്ന കുറ്റത്തിൽ നിന്നും ശ്രീറാമിന് രക്ഷപ്പെടാൻ കഴിഞ്ഞു. അതിനു ശേഷവും മദ്യപിച്ച് വാഹനം ഓടിച്ച് ഈ രാജപാതയിൽ പലരും അപകടം വരുത്തിവെച്ചിട്ടുണ്ട്. ശ്രീറാം അപകടം മുന്നിൽ നിൽക്കുന്നതിനാൽ പൊലീസ് കാര്യക്ഷമമായി സുനിൽ കുമാർ അപകടത്തിൽ ഇടപെട്ടിട്ടുണ്ട്. നമ്പറിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതിനാൽ നമ്പർ പ്ലേറ്റ് പ്രശ്‌നത്തിൽ സുനിൽകുമാറിനെതിരെ കേസ് ചാർജ് ചെയ്യേണ്ട ആവശ്യമില്ലെന്നും പക്ഷെ അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നും സിഐ സന്തോഷ് കുമാർ മറുനാടനോട് പറഞ്ഞു.

വെള്ളയമ്പലം-രാജ്ഭവൻ-കവടിയാർ രാജ പാത അപകടക്കെണിയോരുക്കുകയാണ്. പരന്നു കിടക്കുന്ന ഈ റോഡ് തന്നെയാണ് എത്രയോ ആളുകളുടെ ജീവൻ അപഹരിച്ചത്. തലസ്ഥാന നഗരിയിലെ സമ്പന്നരുടെ മക്കൾക്ക് ബൈക്ക് റെയ്‌സിനും കാർ റെയ്‌സിനുമുള്ള ഇടമാണ് ഈ രാജപാത. രാജ് ഭവൻ ഉള്ളതിനാൽ അതീവ സുരക്ഷാ മേഖലകൂടിയാണിത്. പക്ഷെ വാഹനങ്ങൾ കുതിച്ചു പായുകയാണ് ഈ റോഡിൽ. ഈ രാജവീഥിയിൽ എത്രയോ ക്യാമറകളുണ്ട്.

അപകടം നടക്കുമ്പോൾ എന്തുകൊണ്ട് ആ സ്ഥലത്തെ ക്യാമറകൾ കണ്ണടയ്ക്കുന്നു എന്നതും കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ട ആവശ്യം വരുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ ബഷീറിന്റെ ജീവൻ എടുത്തുകൊണ്ട് കുതിച്ചു പാഞ്ഞതും അമിതവേഗതയിലായിരുന്നു. പല ക്യാമറകളും ഈ അപകട സമയത്ത് കണ്ണടച്ചിരുന്നു. പക്ഷെ മോട്ടോർ വാഹനവകുപ്പ് ശ്രീറാമിന്റെ കാർ അമിതവേഗതയിലായിരുന്നു എന്ന് കണ്ടെത്തുക തന്നെ ചെയ്തിരുന്നു. ഇതോടെയാണ് നിയമക്കുരുക്കിലേക്ക് ശ്രീറാം അകപ്പെട്ടത് തന്നെ.

ഈയിടെയാണ് വെള്ളയമ്പലം റോഡിൽ രണ്ടു ജീവനുകൾ പൊലിഞ്ഞത്. ബൈക്ക്-കാർ ഉൾപ്പെട്ട ഈ അപകടത്തിൽ ക്യാമറകൾ ഉണ്ടായിരുന്നിട്ടു കൂടി എങ്ങിനെ അപകടം സംഭവിച്ചു എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ശാസ്തമംഗലത്ത് രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിനു കാരണമായെന്ന് കരുതുന്ന കാർ മ്യൂസിയം പൊലീസ് കണ്ടെത്തി. എന്നാൽ, വാഹനം തട്ടിയിട്ടില്ലെന്നതിൽ ഉടമ ഉറച്ചുനിൽക്കുന്നതിനാൽ ഇതിന്റെ ശാസ്ത്രീയ പരിശോധനകൂടി നടത്തിയതിനുശേഷം തുടർ നടപടികളിലേക്കു കടക്കാനാണ് പൊലീസ് തീരുമാനം.

രാജ്ഭവൻ ക്ലറിക്കൽ അസിസ്റ്റന്റ് സനാതനന്റേതാണ് ചാരനിറത്തിലുള്ള സെൻ എസ്റ്റിലോ കാറെന്ന് പൊലീസ് അറിയിച്ചു. ആർ.ടി. ഓഫിസിൽനിന്നു ലഭിച്ച കാറുകളുടെ വിവരങ്ങളും സി.സി.ടി.വി. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലുമാണ് വാഹനം കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിൽ ഒതുക്കിയിട്ടിരുന്ന കാർ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ വാഹനം തട്ടിയതിന്റെ അടയാളങ്ങളില്ല. കാർ അപകടത്തിൽപ്പെട്ടിട്ടില്ലെന്നും ബൈക്ക് യാത്രക്കാരനെയോ, കാൽനടയാത്രക്കാരനെയോ തട്ടിയിട്ടില്ലെന്നും ഉടമ അറിയിച്ചതായി പൊലീസ് പറഞ്ഞു.

വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ ഡിസംബർ 29-ന് രാത്രി ഒൻപതിനു നടന്ന അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയസ് കോളേജിലെ നാലാംവർഷ നിയമവിദ്യാർത്ഥി ആദിത്യ ബി.മനോജ് (22), ഊബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) എന്നിവരാണ് മരിച്ചത്. ആദിത്യ ബൈക്കിൽനിന്നു തെറിച്ചുവീണും അബ്ദുൽറഹീം റോഡ് മുറിച്ചുകടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട സ്പോർട്സ് ബൈക്ക് രണ്ടുതവണ ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പൊലീസ് പരിശോധിപ്പിച്ചിരുന്നു.

എന്നിട്ടും എങ്ങിനെ രണ്ടു ജീവനുകൾ പൊലിഞ്ഞു എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഈ അപകടം മുന്നിൽ നിൽക്കെയാണ് സുനിൽകുമാറിന്റെ ബിഎംഡബ്ല്യു കാർ കൂടി രാജ് ഭവന് മുന്നിൽ അമിതവേഗത്തിൽ വന്നു അപകടം സൃഷ്ടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP