Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ രണ്ടുമരണം; ഗതാഗത തടസ്സങ്ങൾ തുടരുന്നു; റോഡിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയവരെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്; പ്രാമിൽനിന്ന് പറന്ന് കുഞ്ഞുങ്ങൾ; ക്ലാര കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോൾ ബ്രിട്ടനിൽ സംഭവിച്ചത്

ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ രണ്ടുമരണം; ഗതാഗത തടസ്സങ്ങൾ തുടരുന്നു; റോഡിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയവരെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്; പ്രാമിൽനിന്ന് പറന്ന് കുഞ്ഞുങ്ങൾ; ക്ലാര കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോൾ ബ്രിട്ടനിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ

ലണ്ടൻ: ആഞ്ഞുവീശിയ സെന്റ് ക്ലാര കൊടുങ്കാറ്റിൽ ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മരം വീണ് 58-കാരനായ മെഴ്‌സിഡസ് ഡ്രൈവറും മഞ്ഞുകട്ടയിൽ തലയടിച്ചുവീണ് 77-കാരനുമാണ് മരിച്ചത്. രാജ്യത്തെങ്ങും കനത്ത നാശനഷ്ടമാണ് ക്ലാര കൊടുങ്കാറ്റിലുണ്ടായത്. മിക്കവാറും റോഡുകളിലൊക്കെ ഗതാഗത സ്തംഭനം തുടരുകയാണ്. വിമാന, ട്രെയിൻ സർവീസുകളെയും ബാധിച്ചു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മെഴ്‌സിഡസിനുമുകളിലേക്ക് മരണം വീണ് ഡ്രൈവർ മരിച്ചത്. വിഞ്ചസ്റ്ററിൽനിന്ന് മാഞ്ചസ്റ്ററിലേക്ക് വരികയായിരുന്ന വാഹനത്തിന് മുകളിലേക്ക് വൈകീട്ട് നാലുമണിയോടെ ഹാംഷയറിൽവച്ചാണ് മരം വീണത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലായിരുന്നു അപ്പോൾ കാറ്റ്. വാഹനത്തിനുമുകളിലേക്കു വീണ മരത്തിനടിയിൽപ്പെട്ട ഡ്രൈവർ തൽക്ഷണം മരിച്ചു. വെസ്റ്റ് ലണ്ടനിലും പാർക്ക് ചെയ്ത രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് മരം വീണെങ്കിലും വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി. വെസ്റ്റ് ഡംബാർട്ടൺഷയറിലെ ക്ലൈഡ്ബാങ്കിലാണ് 77-കാരൻ മഞ്ഞിൽത്തെന്നി വീണ് മരിച്ചത്. അടിയന്തര സേവനവിഭാഗം ഉടൻ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

റോഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനങ്ങളിൽപ്പെട്ടവരെ പലയിടത്തും രക്ഷാപ്രവർത്തകരെത്തിയാണ് രക്ഷിച്ചത്. എ്‌സ്സെക്‌സിലെ വെസ്റ്റ് മേർസീയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഒരു ബി.എം.ഡബ്ല്യുവിൽനിന്നും ഒരു സുബാരുവിൽനിന്നും യാത്രക്കാരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ എത്തേണ്ടിവന്നു. ഒരുമാസം പെയ്യേണ്ടതിന്റെ പാതി മഴയാണ് ക്ലാര കൊടുങ്കാറ്റിനെത്തുടർന്ന് 24 മണിക്കൂറിനിടെ പെയ്‌തൊഴിഞ്ഞത്. ഇതാണ് പലയിടത്തും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതും. കൊടുങ്കാറ്റിന് ശമനമുണ്ടെങ്കിലും അതിന്റെ പ്രതിഫലനമെന്നോണം കാലാവസ്ഥ ഏതാനും ദിവസംകൂടി പ്രതികൂലമായി നിൽക്കാനാണ് സാധ്യത.

കനത്ത കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകളും താൽക്കാലിക ഷെഡ്ഡുകളും മരങ്ങളുമൊക്കെ പറന്ന് റെയിൽവേ ട്രാക്കുകളിലും മറ്റും വീണത് ട്രെയിൻ ഗതാഗതത്തെ താറുമാറാക്കി. പല ട്രെയിനുകളും റദ്ദാക്കുകയും ചിലവ വൈകിയോടുകയും ചെയ്തു. പലയിടത്തും ട്രെയിനുപകരം ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നെങ്കിലും റോഡ് ഗതാഗതം താറുമാറായത് ആ സേവനത്തെയും ബാധിച്ചു.

ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. 20.000-ത്തോളം വീടുകളിലാണ് വൈദ്യുതി നഷ്ടമായത്. കോൺവാളിൽ ശക്തമായ ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്നവർക്ക് അഗ്നിശമനസേനയും പാരമെഡിക്കൽ വിഭാഗവും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. മേഖലയിലെ വൈദ്യുതിബന്ധവും ഇതേത്തുടർന്ന് നിശ്ചലമായി.

തേംസ് നദിക്ക് കുറുകെയുള്ള തേംസ് ബാരിയർ വെള്ളപ്പൊക്കത്തെത്തുടർന്ന് അടച്ചു. ലണ്ടൻ നഗരത്തെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കുന്നതിനുവേണ്ടിയാണിത്. 1982-ൽ പ്രവർത്തനം തുടങ്ങിയ തേംസ് ബാരിയർ 187-ാം തവണയാണ് അടയ്ക്കുന്നത്. ശക്തമായ തിരമാലകളിലും കൊടുങ്കാറ്റുപോലുള്ള സന്ദർഭങ്ങളിലും തേംസ് കരകവിഞ്ഞ് ലണ്ടൻ നഗരം മുങ്ങാതിരിക്കാനുള്ള താൽക്കാലിക ഗേറ്റാണ് തേംസ് ബാരിയർ. വെള്ളമിറങ്ങിയശേഷം ഇന്നുച്ചയോടെ ബാരിയർ വീണ്ടും തുറക്കാനാകുമെന്നാണ് കരുതുന്നത്.

പ്രാമിൽനിന്ന് കുഞ്ഞ് പറന്നു

ശക്തമായ കാറ്റിൽ പ്രാമിലിരിക്കുകയായിരുന്ന കുഞ്ഞ് പറന്ന് റോഡിലേക്കുവീണത് പരിഭ്രാന്തി പരത്തി. ലങ്കാഷയറിലെ ബ്ലാക്ക്പൂളിലാണ് സംഭവം. പാർക്ക് ചെയ്തിരുന്ന വാഹനമെടുത്ത് വീട്ടിലേക്കുപോകാൻ ശ്രമിക്കുകയായിരുന്നു കുടുംബം. കുഞ്ഞിനെ പ്രാമിലിരുത്തി വാഹനം എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രാം തെന്നിനീങ്ങുകയായിരുന്നു. ഇതിൽനിന്ന് കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു. മണിക്കൂറിൽ 80 മൈൽ വേഗത്തിലായിരുന്നു ആസമയത്ത് കാറ്റ് വീശിയിരുന്നത്.

കാ്റ്റിൽ റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞ് മലക്കംമറിഞ്ഞ് മുന്നോട്ടുനീങ്ങിയെങ്കിലും ഓടിയെത്തിയ രക്ഷിതാക്കൾ രക്ഷപ്പെടുത്തുകയായിരുന്നു. ആസമയം അധികം വാഹനങ്ങൾ അതുവഴിവരാതിരുന്നത് ദുരന്തമൊഴിവാക്കി. വീഴ്ചയയിൽ കുഞ്ഞിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ ദൃശ്യം വൈറലായപ്പോൾ, പലരും കുട്ടിയെ സുരക്ഷിതമായി ഇരുത്താതിരുന്നതിന് രക്ഷിതാക്കളെ വിമർശിക്കുകയും ചെയ്തു.

റോഡിൽ നീന്തിയവരെ കാത്ത് കോസ്റ്റ് ഗാർഡ്

കൊടുങ്കാറ്റിനൊപ്പം പെയ്ത മഴയിൽ റോഡ് പുഴയായി മാറിയതോടെ, കാറുകൾക്കുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ കോസ്റ്റ് ഗാർഡിന് തീവ്രശ്രമം നടത്തേണ്ടിവന്നു. വെള്ളത്തിൽ ഏതാണ് പൂർണമായി മുങ്ങിയ വാഹനങ്ങളിൽനിന്നാണ് ഇവരെ പുറത്തെടുത്തത്. വെസ്റ്റ് മെർസീയിലെ ദ് സ്ട്രൂഡിൽനിന്നാണ് ഈ കാഴ്ചകൾ. ലൈഫ്‌ബോട്ടുമായെത്തിയ രക്ഷാപ്രവർത്തകർ കാറുകൾക്കുള്ളിൽനിന്ന് യാത്രക്കാരെയും ഡ്രൈവർമാരെയും പുറത്തെടുക്കുകയായിരുന്നു.

ഒരു ബി.എം.ഡബ്ല്യു കാറും ഒരു സുബാരുവുമാണ് വെള്ളപ്പൊക്കത്തിൽപ്പെട്ടത്. റോഡിലെ ഓളത്തിൽ ഒഴുകിത്തുടങ്ങിയ കാറുകളിൽനിന്ന് യാത്രക്കാരെ തീരസേന ഒരുവിധത്തിൽ രക്ഷിച്ചെടുക്കുകയായിരിന്നു. ഗതാഗതം തീർത്തും അസാധ്യമായ ഈ മേഖല വെള്ളമിറങ്ങുന്നതുവരെ അടച്ചിടുകയാണെന്ന അധികൃതർ അറിയിച്ചു. കാറുകളുടെ വീലിന്റെ പാതിയിലേറെ വെള്ളമുണ്ടെങ്കിൽ ഡ്രൈവ് ചെയ്യരുതെന്ന് അഗ്നിശമനസേനാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഇന്നു മഞ്ഞുവീഴ്ചയും ഭീദിത തണുപ്പും

കൊടുങ്കാറ്റ് അടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ ഏതാനും ദിവസംകൂടി തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒരുമാസത്തിന്റെ പകുതികൊണ്ട് പെയ്യേണ്ട മഴയാണ് 24 മണിക്കൂറിനിടെ ബ്രിട്ടനിൽ പെയ്തത്. ഇതിന്റെ തുടർച്ചയായി ഇന്ന് കനത്ത മഞ്ഞുവീഴ്ചയും ഉയർന്ന സ്ഥലങ്ങളിൽ അതിശൈത്യവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും കനത്ത കൊടുങ്കാറ്റ് എന്ന വിശേഷണത്തോടെയെത്തിയ സെന്റ് ക്ലാര, അത് അന്വർഥമാക്കുംവിധത്തിലുള്ള പ്രതികൂല കാലാവസ്ഥയാണ് സൃഷ്ടിച്ചത്.

ഉയർന്ന പ്രദേശങ്ങളിൽ 20 സെന്റീമീറ്ററെങ്കിലും ഉയരത്തിൽ മഞ്ഞിവീഴുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിൽ എല്ലായിടത്തും മഞ്ഞുവീഴ്ചയുടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മിഡലാൻഡ്‌സ്, നോർത്തീസ്റ്റിന്റെ ചില ഭാഗങ്ങൾ, സ്‌കോട്ട്‌ലൻഡ്,, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ വലിയ തോതിലുള്ള തണുപ്പ് അനുഭവപ്പെടും. മഞ്ഞുവീഴ്ചയുള്ളതിനാൽ, ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്നും അപകടകരമായ സാഹചര്യങ്ങളിൽ ഡ്രൈവിങ് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP