Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിപ്പ് നടത്തുന്നത് കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്‌കൂളിൽനിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന മാനേജ്‌മെന്റുകളോ? പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിൽ; വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാരും; കുട്ടികളുടെ കള്ളക്കണക്കുകൾ ചർച്ചയാകുമ്പോൾ

തട്ടിപ്പ് നടത്തുന്നത് കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്‌കൂളിൽനിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന മാനേജ്‌മെന്റുകളോ? പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിൽ; വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാരും; കുട്ടികളുടെ കള്ളക്കണക്കുകൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിലെന്നു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തുമ്പോൾ വെട്ടിലാകുന്നത് സ്‌കൂൾ മാനേജ്‌മെന്റുകൾ. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നതായി രേഖയിലുള്ള ഈ വിദ്യാർത്ഥികളെല്ലാം നിലവിലുണ്ടോയെന്നു വിശദപരിശോധനയിലേ വ്യക്തമാകൂ. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂട്ടി എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപകതസ്തിക സൃഷ്ടിച്ച് കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണിതെന്നാണ് സൂചന. അദ്ധ്യാപകതസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനെതിരേ മാനേജ്മെന്റുകൾ കടുത്ത പ്രതിഷേധം ഉയർത്തിവരുകയാണ്. ഇതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.

ഈ അധ്യയന വർഷം വിദ്യാർത്ഥികളുടെ കണക്കെടുപ്പിന്റെ ഭാഗമായി ആധാർ വിശദാംശങ്ങളും വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആകെ 37,53,059 വിദ്യാർത്ഥികളിൽ 5,15,435 പേരുടെ ആധാർ നമ്പർ നൽകാതിരിക്കുകയോ തെറ്റായി രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തി. കണക്കുകൾ അപ്‌ലോഡ് ചെയ്തപ്പോൾ പിഴവു സംഭവിച്ചതാണെന്നു സ്‌കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്നു തിരുത്താൻ എല്ലാവർക്കും സർക്കാർ ഒരു അവസരം കൂടി നൽകി. പിഴവു തിരുത്തിയതോടെ ആകെ വിദ്യാർത്ഥികളുടെ എണ്ണം 37,17,403 ആയി. ഇപ്പോഴും 2,51,544 വിദ്യാർത്ഥികളുടെ കാര്യത്തിൽ വ്യക്തതയില്ല. ആവർത്തിച്ച് ആവശ്യപ്പെട്ട ശേഷവും 1,13,537 കുട്ടികളുടെ ആധാർ നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഐടി മിഷനിൽ നിന്നും യുഐഡി അഥോറിറ്റിയിൽ നിന്നും ലഭിച്ച കണക്കുകൾ അനുസരിച്ചു സംസ്ഥാനത്ത് 100% പേരും ആധാർ എടുത്തിട്ടുണ്ട്. 46,147 കുട്ടികളുടെ ആധാർ നമ്പർ നിശ്ചിത മാതൃകയിൽ നിന്നു വ്യത്യസ്തമായി തെറ്റായി രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തി. വിശദാംശങ്ങളിലെ വൈരുധ്യം മൂലം 91,860 വിദ്യാർത്ഥികളുടെ നമ്പരുകൾ അസാധുവെന്നു കണ്ടു. ഈ വിദ്യാർത്ഥികളുടെ സ്‌കൂളുകളിൽനിന്നു നൽകിയ വിവരവും യുഐഡി അഥോറിറ്റി നൽകിയ വിവരവും വ്യത്യസ്തമാണ്.

ഇക്കാര്യം പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തുകയും എഇഒ ഓഫിസ് അടിസ്ഥാനത്തിലുള്ള കണക്കു തയാറാക്കാൻ കൈറ്റിനെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതു പൂർത്തിയാകുമ്പോൾ എല്ലാം വ്യക്തമാകും. അതിന് ശേഷം 4 കാര്യങ്ങൾ സ്‌കൂളുകളിൽ നിന്ന് ആവശ്യപ്പെടണമെന്നാണു നിർദ്ദേശം. തെറ്റായ ആധാർ നമ്പർ ചേർക്കാനുണ്ടായ സാഹചര്യവും തിരുത്താൻ അവസരം നൽകിയിട്ടും ശരിയാക്കാതിരുന്നതിന്റെ കാരണവും, തെറ്റായ ആധാർ നമ്പരുള്ള കുട്ടികൾ സ്‌കൂളിൽ ഇപ്പോഴും പഠിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരുടെ ആധാറിന്റെ പകർപ്പ് അവിടെ സൂക്ഷിച്ചിട്ടുണ്ടോ? ആധാർ അസാധുവെന്നു പറയപ്പെടുന്ന വിദ്യാർത്ഥികളിൽ എത്ര പേരുടെ ആധാർ പകർപ്പ് സ്‌കൂളിലുണ്ട്. അതിൽ കുട്ടിയുടെ പേര്, ജനനത്തീയതി തുടങ്ങിയവയിൽ വൈരുധ്യം കണ്ടെത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു ശരിയാക്കാൻ എടുത്ത നടപടി, 4 ആധാർ ഇല്ലെന്നു രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്കു യഥാർഥത്തിൽ അതു ലഭിച്ചിട്ടില്ലെന്ന് ഉറപ്പാണോ? എന്നിവയിലാകും വിശദീകരണം തേടുക.

കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്‌കൂളിൽനിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന രീതി ചില സ്‌കൂളുകൾ അവലംബിക്കുന്നുണ്ട്.വ്യാജ അഡ്‌മിഷൻ നടത്തി തസ്തിക സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൈറ്റിനെ കുട്ടികളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ചുമതലപ്പെടുത്തിയത്. എയ്ഡഡ് സ്‌കൂളുകളിൽ 1:30, 1:35 എന്നിങ്ങനെയാണ് എൽ.പി., യു.പി. ക്ലാസുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം. നേരത്തേ 1:45 ആയിരുന്നപ്പോൾ രണ്ടാമത്തെ തസ്തികയ്ക്ക് 51 കുട്ടികൾ വേണമായിരുന്നു. വിദ്യാഭ്യാസാവകാശ നിയമപ്രകാരം അനുപാതം കുറച്ചപ്പോൾ രണ്ടാമത്തെ തസ്തികയ്ക്കുവേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചില്ല. ഇതിനിടെ 31 കുട്ടികളുണ്ടെങ്കിൽ രണ്ടാംതസ്തിക അനുവദിക്കാമെന്ന നിലയിൽ ഉത്തരവും ഇറങ്ങി. ഒരു കുട്ടി കൂടിയാൽ ഒരധ്യാപക തസ്തികയെന്ന വ്യാഖ്യാനത്തിലേക്ക് കാര്യങ്ങൾ മാറിയത് ഇതുമൂലമാണ്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു സ്‌കൂളിൽ 60 കുട്ടികൾക്ക് രണ്ട് അദ്ധ്യാപകരെന്നത് കേരളത്തിൽ ക്ലാസ് അടിസ്ഥാനത്തിലേക്കു മാറ്റുകയായിരുന്നു. ബജറ്റ് പ്രസംഗത്തിൽ ഒരു കുട്ടി കൂടിയാൽ ഒരു അദ്ധ്യാപക തസ്തികയെന്നത് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ തസ്തികയ്ക്ക് എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ടിവരും. ഇതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നതെന്നതും നിർണ്ണായകമാണ്. നൽകിയ യു.ഐ.ഡി. നമ്പർ ശരിയാണോയെന്നു കണ്ടെത്താനാകാത്ത 91,000-ൽപ്പരം കുട്ടികളാണുള്ളത്. ആധാറിലും സ്‌കൂൾരേഖയിലുമുള്ള പേര്, ജനനത്തീയതി, ലിംഗം എന്നിവയിൽ ഏതെങ്കിലും വ്യത്യാസപ്പെട്ടാൽ പരിശോധിക്കാനാകാതെ വരും. ഇത്തരം കേസുകളിൽ കൂടുതൽ വിശദമായ പരിശോധന വേണമെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ആധാർ, ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ കണ്ണ്, വിരലടയാളം തുടങ്ങിയവ കൂടി പരിശോധിച്ച് ഉറപ്പാക്കാനാണു നിർദ്ദേശം. ആറാം പ്രവൃത്തി ദിവസം ഹെഡ്‌മാസ്റ്റർമാർ നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ അധിക തസ്തിക സൃഷ്ടിക്കുന്നതിനു പകരം ഡിസംബർ വരെയോ വിദ്യാഭ്യാസ വർഷം അവസാനിക്കുന്നതു വരെയോ എത്ര വിദ്യാർത്ഥികളുണ്ടെന്നു വിലയിരുത്തി തസ്തിക അനുവദിക്കുന്ന നിർദ്ദേശവും പരിഗണനയിലുണ്ട്.

തസ്തിക വർധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അവിടെ യോഗ്യതയുള്ള ദിവസക്കൂലിക്കാരെ നിയമിക്കാം. പരിശോധനയ്ക്കുശേഷം അധിക തസ്തിക അനുവദിച്ചാൽ ഇവരുടെ നിയമനം മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കും. ഇല്ലെങ്കിൽ താൽക്കാലിക അദ്ധ്യാപകർ പുറത്താകും. എഇഒ, ഡിഇഒ എന്നിവർക്കു പകരം തസ്തിക അനുവദിക്കുന്നതും അംഗീകരിക്കുന്നതും സർക്കാരായിരിക്കും. വിദ്യാലയങ്ങളിൽ നിന്നു കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളുടെ കണക്കെടുപ്പ് എല്ലാ മാസവും എടുക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 വരെ കൊഴിഞ്ഞു പോയവരുടെ കണക്ക് നൽകേണ്ട അവസാന തീയതി ഇന്നലെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP