Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞം തീരം മുതൽ കണ്ണൂർ വരെ നീണ്ടുകിടക്കുന്ന നിയമലംഘകരെ കണ്ടെത്തുക സർക്കാരിന് വൻവെല്ലുവിളി; 1800 ൽ അധികം അനധികൃത കെട്ടിടങ്ങളുടെ പട്ടികയിൽ പെടുന്നത് കാപികോ അടക്കമുള്ള റിസോർട്ടുകളും വാണിജ്യസമുച്ചയങ്ങളും ഫ്‌ളാറ്റുകളും; മരടിൽ 350 കുടുംബങ്ങളെങ്കിൽ പട്ടികയിലെ ഫ്‌ളാറ്റുകളിൽ ഉൾപ്പെട്ടത് പലമടങ്ങ് കുടുംബങ്ങൾ; ആറാഴ്ചക്കകം ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടതോടെ ജാഗരൂകരായി സർക്കാരും

വിഴിഞ്ഞം തീരം മുതൽ കണ്ണൂർ വരെ നീണ്ടുകിടക്കുന്ന നിയമലംഘകരെ കണ്ടെത്തുക സർക്കാരിന് വൻവെല്ലുവിളി; 1800 ൽ അധികം അനധികൃത കെട്ടിടങ്ങളുടെ പട്ടികയിൽ  പെടുന്നത് കാപികോ അടക്കമുള്ള റിസോർട്ടുകളും വാണിജ്യസമുച്ചയങ്ങളും ഫ്‌ളാറ്റുകളും; മരടിൽ 350 കുടുംബങ്ങളെങ്കിൽ പട്ടികയിലെ ഫ്‌ളാറ്റുകളിൽ ഉൾപ്പെട്ടത് പലമടങ്ങ് കുടുംബങ്ങൾ; ആറാഴ്ചക്കകം ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടതോടെ ജാഗരൂകരായി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നു സുപ്രീംകോടതി ഉത്തരവ് വന്നതോടെ സംസ്ഥാന സർക്കാരിന്റെ മുന്നിലുള്ളത് വലിയ വെല്ലുവിളി. അതീവഗൗരവമുള്ള വിഷയമെന്നാണ്് മേജർ രവിയുടെ ഹർജിയിൽ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മുഴുവൻ അനധികൃത കെട്ടിടങ്ങളുടെ പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്നാണ് ഹർജിയിൽ മേജർ രവി ഉന്നയിച്ചത്.

മരടിലെ അനധികൃത ഫ്‌ളാറ്റുകളുടെ നിയമനടപടിയുമായി ബന്ധപ്പെട്ടാണ് തീരദേശ പരിപാലന നിയമം ലംഘിച്ച മുഴുവൻ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറണമെവ്വ് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നത്. നാല് മാസത്തെ സമയവും ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി അനുവദിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കാലതാമസം വരുത്തി. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറുന്നില്ലെന്ന് കാട്ടി മേജർ രവി കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചത്. മരടിൽ പൊളിക്കപ്പെട്ട ഫ്ളാറ്റുകളിലൊന്നിന്റെ ഉടമയാണ് മേജർ രവി. കഴിഞ്ഞ രണ്ടുതവണയും ഇദ്ദേഹത്തിന്റെ ഹർജി പരിഗണനയിൽ വന്നപ്പോഴും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തയ്യാറായിരുന്നില്ല. മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതിന് ശേഷം ഹർജികൾ പരിഗണിക്കാമെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്. മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നതിനൊപ്പമാണ് മേജർ രവിയുടെ ഹർജിയും തിങ്കളാഴ്ച കോടതി പരിഗണിച്ചത്. മാർച്ച് അവസാനം ഹർജി വീണ്ടും ബെഞ്ച് പരിഗണിക്കും. ആറാഴ്ചയ്ക്കകം കേരളത്തിലെ മുഴുവൻ അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ഹാജരാക്കുക സർക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.

.വിഷയം അതീവ ഗൗരവം ഉള്ളതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി ഒഴിവ്കഴിവ് പറയുക സർക്കാരിന് ബുദ്ധിമുട്ടായിരിക്കും. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി ഫ്‌ളാറ്റുകൾ പൊളിച്ച് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരട് പ്രദേശത്ത് തന്നെ 291 നിയമലംഘനങ്ങൾ ഉണ്ടെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ അതിന്റെ വിശദാംശങ്ങൾ നൽകിയിട്ടില്ല. മരടിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്ര കേരളത്തിലെ എല്ലാ തീരദ്ദേശ നിയമലംഘനങ്ങളും പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

തീരദേശപരിപാലന നിയമം ലംഘിച്ച് സംസ്ഥാനത്ത് എഴുനൂറോളം കെട്ടിടങ്ങളും ഫ്്‌ളാറ്റ് സമുച്ചയങ്ങളുമുണ്ടെന്നും 66 എണ്ണം വലിയ നിയമലംഘനം നടത്തിയതായി തീരദേശ പരിപാലന അഥോറിറ്റി കണ്ടെത്തിയിരുന്നു, സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി വകുപ്പ് മാസ്റ്റർപ്ലാൻതയ്യാറാക്കിയ ശേഷമെ ഇനിമുതൽ ഇത്തരം നിർമ്മാണങ്ങൾക്ക് അനുമതിയോ ക്രമപ്പെടുത്തലോ നൽകിയാൽമതിയെന്നാണ് സർക്കാർ തീരുമാനം.

കായൽ, പുഴ, കടൽ എന്നിവക്ക് സമീപമുള്ള അനധികൃത നിർമ്മാണങ്ങളുടെ എണ്ണം എഴുനൂറോളമാണ്. തീരദേശപരിപാലന അഥോറിറ്റിയുടെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. റിസോർട്ടുകൾ, ഫ്്‌ളാറ്റുകൾ, ആയുർവേദ സെന്ററുകൾ തുടങ്ങി രാഷ്ട്രീയ പാർട്ടിയുടെ പഠന ഗവേഷണ കേന്ദ്രം വരെ ഈ പട്ടികയിലുണ്ട്. തീരദേശ പരിപാലന നിയമം, പരിസ്ഥിതി നിയമം, മലിനീകരണ നിയന്ത്രണ നിയമം എന്നിവയുടെ ലംഘനം കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ അറുപത്തിയാറെണ്ണം വൻനിയമലംഘകരാണ്. വിഴിഞ്ഞം തീരം മുതൽ കണ്ണൂർവരെ നീണ്ടുകിടക്കുന്നതാണ് നിയമലംഘകരുടെ പട്ടിക. വൻകിട നിർമ്മാണ കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ , വാണിജ്യസമുച്ചയങ്ങൾ എന്നിവയെല്ലാം ഇതിൽപെടുന്നു.

എറണാകുളം ജില്ലയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതായി സംശയിക്കുന്ന 4,239 കെട്ടിടങ്ങളുടെ പട്ടിക ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു.തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെയായിരുന്നു പരിശോധന. നിയമം ലംഘിച്ചെന്ന് സംശയിക്കുന്ന 4239 കെടങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ ചെല്ലാനം പഞ്ചായത്തിലാണ്. 1653 കെട്ടിടങ്ങളാണ് നിയമലംഘനം നടത്തിയതായി പട്ടികയിൽ ഉള്ളത്. പള്ളിപ്പുറം പഞ്ചായത്തിൽ 677 കെട്ടിടങ്ങളാണ് നിയമം ലംഘിച്ചതായി കണ്ടെത്തിയത്.

തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് അനധികൃതമായി ആയിരത്തിയെണ്ണൂറിലധികം കെട്ടിടങ്ങളുണ്ടെന്ന് കണക്കുകൾ. അനധികൃത നിർമ്മാണങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കാൻ ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് . അനധികൃത നിർമ്മാണത്തിനു കൂട്ടുനിന്നവർക്ക് മേലും അന്വേഷണം ഉണ്ടാകും. മരടിൽ നിയമം ലംഘിച്ച ഫ്‌ളാറ്റുകളിൽ 350 കുടുംബങ്ങളാണു താമസമെങ്കിൽ, പട്ടികയിൽ ഉൾപ്പെടുന്ന ഫ്‌ളാറ്റുകളിൽ ഇതിന്റെ പലമടങ്ങ് കുടുംബങ്ങളുണ്ട്. ഇത് മാറി വന്ന സർക്കാരുകൾ അനുമതി നൽകി കെട്ടിപ്പൊക്കിയവയാണ് .

2013 ൽ സുപ്രീം കോടതിയിലെ മറ്റൊരു കേസിൽ വേമ്പനാട് കായൽതീരത്തെ നിയമലംഘനങ്ങളുടെ പട്ടിക തയാറാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അയ്യായിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയെങ്കിലും ഇതു പരിശോധിച്ചു റിപ്പോർട്ട് തയാറാക്കാൻ സെസ് നൽകിയ നിർദ്ദേശം നടപ്പായിട്ടില്ല.

വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോർട്ടും പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തീരദേശ നിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയന്തുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആർഎഫ് നരിമാനും വി രാമസുബ്രഹ്മണ്യവും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.

മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ടിലാണ് കാപികോ, വാമികോ റിസോർട്ടുകളുടെ അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള റിപ്പോർട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമർശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർനടപടിയായാണ് 2018ൽ കേരള ഹൈക്കോടതി കാപികോ വാമികോ റിസോർട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

കാപികോ റിസോർട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരും സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയും സ്വീകരിച്ച നിലപാട്. വേമ്പനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയന്തുരുത്തിൽ പരാതിക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP