Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിവേഗ യാത്ര സംവിധാനവുമായി കുതിച്ചുപായാനൊരുങ്ങി സൗദി; വിമാനത്തെക്കാൾ വേഗത്തിൽ പറക്കുന്ന ഹൈപ്പർ ലൂപ്പ് സാങ്കേതിക വിദ്യയുമായി പറക്കാനൊരുങ്ങി സൗദി അറേബ്യ; 46 മിനിട്ട് കൊണ്ട് ജിദ്ദ-റിയാദ് യാത്ര; ഭീമൻ ടണലിലൂടെ ഇനി മിന്നൽ യാത്ര; ചരക്കുനീക്കത്തിനും ഹൈപ്പർ ലൂപ്പിന്റെ പങ്കാളിത്തം; ലോകത്തിലാദ്യമായി പരീക്ഷിക്കുന്നത് സൗദിയിൽ; കമ്പനിയുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഇന്ത്യയും

മറുനാടൻ ഡെസ്‌ക്‌

റിയാദ്: അതിവേഗ യാത്രാ സംവിധാനമുള്ള ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും നടപ്പിലാക്കാനൊരുങ്ങി സൗദി സർക്കാർ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയുമായി സൗദി ഗതാഗത മന്ത്രാലയം കരാർ ഒപ്പുവെച്ചു.സൗദി കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ മുൻകൈയെടുത്താണ് അത്യാധുനിക യാത്രാസംവിധാനമായ ഹൈപ്പർ ലൂപ്പ് നടപ്പാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ അമേരിക്കൻ സന്ദർശന വേളയിൽ മുഹമ്മദ് സൽമാൻ രാജകുമാരൻ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനി സന്ദർശിച്ചിരുന്നു.

സൗദിയിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. പുതിയ കരാർ പ്രകാരം സൗദിയിൽ ഗതാഗതമേഖലയിൽ നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച് ഉപദേഷ്ടാവായി വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയെ നിയമിച്ചിട്ടുണ്ട്.

ഹൈപ്പർ ലൂപ്പ് നടപ്പാകുന്നതോടെ ജിദ്ദയിൽ നിന്ന് റിയാദിൽ എത്താൻ വെറും 46 മിനിട്ട് മതി. അബുദാബി-റിയാദ് യാത്രയ്ക്കു വേണ്ടിവരുന്നത് വെറും 48 മിനിട്ട് മാത്രമായിരിക്കും. അതിവേഗ യാത്രയ്ക്കുപുറമെ ചരക്കുനീക്കത്തിനും ഹൈപ്പർ ലൂപ്പ് ഉപയോഗിക്കാനാകും. കുറഞ്ഞ മർദ്ദമുള്ള ടണലിലൂടെ വിമാനത്തോളമോ അതിലേറെയെ വേഗതയിൽ ഭൂമിയിലൂടെ യാത്ര ചെയ്യാനാകുന്ന സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1223.1(760 മൈൽ) കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ 288 മൈൽ വേഗതയിൽ വരെ സഞ്ചരിക്കാനാകുമെന്ന് ഹൈപ്പർ ലൂപ്പ് പരീക്ഷിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് ഇതേവരെ എവിടെയും ഹൈപ്പർ ലൂപ്പ് നടപ്പാക്കിയിട്ടില്ല. നേരത്തെ ഇന്ത്യയും യുഎഇയും പദ്ധതിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. 2024ഓടെ ലോകത്തെ ആദ്യ ഹൈപ്പർ ലൂപ്പ് ഗതാഗത സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്രയിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇപ്പോൾ അവർ അതിൽനിന്ന് പിന്മാറുന്നതായാണ് സൂചന.

അബുദാബി-ദുബായ് യാത്രാസമയം 15 മിനിറ്റായി ചുരുക്കിക്കൊണ്ട് ഹൈപ്പർ ലൂപ്പ് ശൃംഖല സ്ഥാപിക്കാനൊരുങ്ങുകയാണ്. പദ്ധതി രൂപരേഖ തയ്യാറാക്കുന്ന ബിയാർകേ ഇങ്കൽസ് ഗ്രൂപ്പ് (ബിഗ്) ഇതുസംബന്ധിച്ച വിവരങ്ങൾ 2016ലാണ് പുറത്തുവിട്ടത്. നാള രൂപരേഖയുടെ ഔദ്യോഗിക പ്രകാശനം നടക്കും. പദ്ധതിയുടെ വിശദവിവരങ്ങൾ അടങ്ങുന്ന വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.

ഇരുശാഖകളായി പിരിയുന്ന കൂറ്റൻ തൂണുകൾ താങ്ങി നിർത്തുന്ന നിലയിലാണ് വീഡിയോയിൽ ട്യൂബ് കാണിക്കുന്നത്. പ്രത്യേക രീതിയിൽ വായു സമ്മർദ്ദം ക്രമീകരിച്ചാണ് ട്യൂബുകളിൽ അതിവേഗ യാത്ര സാധ്യമാക്കുക. ട്യൂബിനകത്ത് പെട്ടികളുടെ മാതൃകയിലുള്ള ചെറുവാഹനങ്ങളായിരിക്കും യാത്രക്കാരെ വഹിക്കുന്നത്. ഇത്തരത്തിലൊരു വാഹനത്തിന്റെ മാതൃകയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈപ്പർലൂപ്പ് വൺ കമ്പനിയുടെ നേതൃത്വത്തിൽ കരമാർഗമുള്ള ട്യൂബ് ശൃംഖലയാണ് പദ്ധതിയിടുന്നത്. അബുദാബി നഗരത്തിൽ നിന്ന് തുടങ്ങി വിമാനത്താവളം, ദുബായ് സൗത്തിൽ അൽ മക്തൂം വിമാനത്താവളം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ട്യൂബ് കടന്നുപോവുക. ജബൽ അലി തുറമുഖം, ദുബായ് മറീന, ബുർജ് ഖലീഫ എന്നിവയും ശൃംഖലയിൽ ഉൾപ്പെടുന്നതായി രൂപരേഖ വ്യക്തമാക്കുന്നു.

നിലവിലുള്ള സാങ്കേതികത ഉപയോഗിച്ചുകൊണ്ടുതന്നെ ഹൈപ്പർലൂപ്പ് സർവീസ് സാധ്യമാക്കാനാകുമെന്ന് ബിഗ് ഉടമകളിലൊരാളായ ജേക്കബ് ലാഞ്ചെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. യുഎഇയിലാണ് ലോകത്ത് ആദ്യമായി ഹൈപ്പർലൂപ്പ് ട്രെയിനുകളുടെ സേവനം ആരംഭിക്കുക.

മിന്നൽവേഗം ഓർമ്മിപ്പിക്കുന്ന വിധം ലക്ഷ്യസ്ഥാനത്തെത്തുന്ന ഹൈപ്പർലൂപ്പ് ട്രെയിനുകൾ സേവനം ആരംഭിക്കുന്നത് മുതൽ എമിറേറ്റുകൾ തമ്മിലുള്ള ദൈർഘ്യം വെറും നിമിഷങ്ങൾ മാത്രം. അതായത് അബുദാബിയിൽ നിന്നും ദുബായിലേക്കെത്താൻ വെറും 12 മിനിട്ട് മാത്രം മതിയാകും. കാറിലാണെങ്കിൽ ഇത് ഒന്നര മണിക്കൂറായിരുന്നു. രാജ്യാന്തര സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ സുരക്ഷാ സൗകര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ഫ്രാൻസിലെ തുളൂസിൽ 320 മീറ്റർ നീളത്തിൽ സജ്ജമാക്കിയ ട്രാക്കിലാണ് പരിശീലനയോട്ടം നടത്തുക.

ഇന്ത്യയിലും പ്രതീക്ഷ കൈവിടുന്നില്ല

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ നിന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് 45 മിനിറ്റുകൊണ്ട് ട്രെയിനിൽ സഞ്ചരിക്കാൻ കഴിയുമോ? കേന്ദ്ര ഗതാഗത മന്ത്രിനായ നിതിൻ ഗഡ്കരിയുടെ സ്ഥലമായ നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് 35 മിനിറ്റുകൊണ്ട് എത്തിയാലോ? സൂപ്പർസോണിക്ക് (ശബ്ദാതിവേഗ) ട്രെയിൻ യാഥാർത്ഥ്യമായാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നടക്കാത്ത സ്വപ്നമല്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഈ ചിന്തയ്ക്ക് ബലമേകിക്കൊണ്ട് ഇത്തരമൊരു ട്രെയിനിന്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യുഎസിലെ ഹൈടെക് വ്യവസായ സംരംഭകരായ ഇലോൺ മസ്‌കും അവരുടെ ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന വൻകിട കമ്പനിയായ സ്പെയ്സ് എക്സും പ്രഖ്യാപിച്ച പട്ടികയിൽ ഇന്ത്യയിലെ മുംബൈ-ഡൽഹി റൂട്ടും ഇടംപടിച്ചിരുന്നു. ലോകത്തിലാദ്യമായി ഹൈപ്പർ ലൂസ് ഗതാഗത സംവിധാനം നടപ്പിൽ വരുന്നതോടെ ഇന്ത്യയും ഈ അത്യാധുനിക സാങ്കേതിക വിദ്യയയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

സൂപ്പർസോണിക്ക് റൂട്ടാകാൻ മുംബൈ-ഡൽഹി റൂട്ടും ലണ്ടൻ-എഡിൻബറോ റൂട്ടും ഇപ്പോൾ കനത്ത മത്സരത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം സിഡ്നിയിൽ നിന്നും മെൽബണിലേക്കുള്ള റൂട്ടും ഷാങ്ഹായ്-ഹാൻഗ്സു റൂട്ടും ഈ സൂപ്പർസോണിക് റെയില് നേടിയെടുക്കാനുള്ള മത്സരത്തിലുണ്ട്. ഇതിൽ ഏതിനാണ് ആദ്യം പച്ചക്കൊടി കാട്ടപ്പെടുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ബ്രിട്ടന് ഇതിന് ഭാഗ്യമുണ്ടായാൽ ലണ്ടനിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് വെറും 18 മിനുറ്റുകൾ കൊണ്ട് എത്തിച്ചേരാനാകും. ബോയിങ് 737 വിമാനത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളായിരിക്കും ഇത്തരം റൂട്ടുകളിൽ ഓടുക.

ഇംഗ്ലണ്ടിൽ നിന്നു സ്‌കോട്ട്ലൻഡ് തലസ്ഥാനത്തേക്കുള്ള റൂട്ടും ഇതിൽ ഉൾപ്പെടുന്നു. ഈ റൂട്ട് നേടിയെടുക്കാനുള്ള മത്സരത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങൾ കടുത്ത മത്സരത്തിലാണ്. ഹൈപ്പർലൂപ്പ് വൺ എന്നാണ് ഈ പ്രൊജക്ട് അറിയപ്പെടുന്നത്. ഇതിനായി 160 മില്യൺ ഡോളർ സമാഹരിച്ചിട്ടുമുണ്ട്. മില്യണയറായ ഇലോൺ മസ്‌കാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല, പ്രൈവറ്റ് സ്പേസ് എക്സ്പ്ലറേഷൻ എൻഡീവർ സ്പേസ് എക്സ് എന്നിവയുടെ സംരംഭകരാണ് ഇദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP