Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്! ഇനി പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് പ്രഖ്യാപിച്ച തോമസ് ഐസക്ക് ഉപധനാഭ്യർത്ഥനയിൽ അനുവദിച്ചത് പുതിയ എട്ട് വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുക; ഒരു വാഹനം കേന്ദ്രസഹായം ഉറപ്പിക്കാൻ എത്തിയ ഡൽഹി കേരള ഹൗസിലെ 'സമ്പത്ത് മന്ത്രി'ക്ക് വേണ്ടിയെന്നും സൂചന; ബജറ്റിലെ കാർ വാടകയ്ക്ക് എടുക്കൽ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ; മുണ്ടു മുറുക്കി ഉടുക്കുമെന്ന് പറയുമ്പോഴും ധൂർത്ത് തുടർന്ന് സർക്കാർ

പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്! ഇനി പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് പ്രഖ്യാപിച്ച തോമസ് ഐസക്ക് ഉപധനാഭ്യർത്ഥനയിൽ അനുവദിച്ചത് പുതിയ എട്ട് വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുക; ഒരു വാഹനം കേന്ദ്രസഹായം ഉറപ്പിക്കാൻ എത്തിയ ഡൽഹി കേരള ഹൗസിലെ 'സമ്പത്ത് മന്ത്രി'ക്ക് വേണ്ടിയെന്നും സൂചന; ബജറ്റിലെ കാർ വാടകയ്ക്ക് എടുക്കൽ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ; മുണ്ടു മുറുക്കി ഉടുക്കുമെന്ന് പറയുമ്പോഴും ധൂർത്ത് തുടർന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ഉടനെ നടത്തിയ പ്രഖ്യാപനം അനാവശ്യമായി ധൂർത്തുകൾ ഉണ്ടാകില്ല എന്നതായിരുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ആളുകളെ കുറയ്ക്കുമെന്നും മന്ത്രി മന്ദിരങ്ങൾ അനാവശ്യമായി മോടി പിടിപ്പിക്കില്ലെന്നുമൊക്കെ ആയിരുന്നു ഈ പ്രഖ്യാപനങ്ങൾ. ഇതുകേട്ട് എല്ലാവരും കൈയടിക്കുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ പിണറായി സർക്കാറിന്റെ ഓരോ ധൂർത്തിനെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നു. അനാവശ്യമായി വാഹനങ്ങൾ വാങ്ങലും ഇല്ലാത്ത തസ്തിക ഉണ്ടാക്കി ആളെ തിരുകി കയറ്റലുമെല്ലാമായി ധൂർത്തു പൊടിപൊടിച്ചു. സർക്കാർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾക്ക് ഇടയിലൂടെ കടന്നു പോകുമ്പോഴായിരുന്നു ഇത്. ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചതും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. കേന്ദ്രത്തിൽ നിന്നും ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കാനാണ് ഈ നിയമനം എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇത് വെറും വാക്കായിരുന്നു എന്ന് കേന്ദ്ര ബജറ്റിൽ കേരളത്തിനുണ്ടായ അവഗണനയിൽ നിന്നും വ്യക്തമായി.

കേന്ദ്രത്തിന്റെ കുറവു നികത്താൻ എന്ന പേരിലാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് കേരളാ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക അച്ചടക്കം പാലിക്കും എന്നതായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാനപ്പെട്ട ഒരു കാര്യം. കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതിന്റെ ഭാഗമായി ഐസക്ക് കൈക്കൊണ്ടത് പുതുതായി വാഹനങ്ങൾ വാങ്ങില്ലെന്നും പകരം കാറുകൾ വാടകയ്ക്ക് എടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം. എന്നാൽ, ഐസക്ക് പറഞ്ഞത് എത്രത്തോളം ആത്മാർത്ഥമായിട്ടാണ് എന്ന ചോദ്യം ഉയർത്തുന്നതാണ് അദ്ദേഹം സഭയിൽ വെച്ച ഉപധനാഭ്യർത്ഥനയിൽ ഉൾപ്പെട്ട ഭാഗം.

ഇനി പുതിയ വാഹനങ്ങൾ വാങ്ങില്ലെന്നും പകരം കരാർ വാഹനങ്ങൾ വാങ്ങുമെന്നുമുള്ള ബജറ്റിനോടൊപ്പം തന്നയാണ് അദ്ദേഹം നിയമസഭയിൽ ഉപധനാഭ്യർത്ഥന നടത്തിയത്. ഇതിൽ എട്ട് പുതിയ വാഹനം വാങ്ങാനുള്ള അനുമതിയാണ് നടക്കുന്നത്. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സമ്പത്തിന് വേണ്ടിയാണ് ഒരു വാഹനം എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇത് വാങ്ങുന്നത് കേരളാ ഹൗസിന്റെ പേരിലാണെന്ന് മാത്രം. ഐസക്കിന്റെ അഭ്യാർത്ഥന പ്രകാരം പുതിയ എട്ട് വാഹനങ്ങൾ വാങ്ങുന്നതിന് തുകയും അനുവദിച്ചു.

വാഹനങ്ങൾക്കെല്ലാം ടോക്കൺ തുകയാണ് അനുവദിച്ചത്. ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ലാത്തതിനാൽ ഇതിന് എത്ര തുക വരുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കെ പുതിയ വാഹനങ്ങൾക്ക് തുക അനുവദിച്ചതിൽ പരക്കെ ആക്ഷേപമുണ്ട്. അതും പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് പ്രഖ്യാപിച്ച ബജറ്റിൽ തന്നെയെന്നതുമാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

സെയിൽ ടാക്സ് കമ്മീഷണർക്ക് വേണ്ടായാണ് എട്ട് വാഹനങ്ങളിൽ ഒരെണ്ണം. ജോയിന്റ് കമ്മീഷണർ ലാന്റ് റവന്യു, എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ളു. റോഡ്സ് കോട്ടയം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവെയർമെന്റ് വകുപ്പ്, അർബൻ അഫേയ്ഴ്സ് ഡയറക്ടർ,
ഇൻഡസ്ട്രിയൽ ട്രൈബൂണൽ, ആലപ്പുഴ, എൽ.എസ്.ജി.ഡ് ഓബുഡ്സ്മാൻ എന്നിവർക്ക് വേണ്ടിയുമാണ് മറ്റ് വാഹനങ്ങൾ വാങ്ങുന്നത്. ഇതിൽ ഒരു ന്യൂഡൽഹിയിലെ കേരളാ ഹൗസിന് വേണ്ടിയാണ്. ഈ വാഹനം ആർക്കുവേണ്ടിയാണെന്ന് പറയുന്നില്ല. എന്നാൽ പുതിയതായി ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ സമ്പത്തിന് വേണ്ടിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി ഡൽഹിയിൽ എത്തുമ്പോൾ അദ്ദേഹത്തിന് സഞ്ചരിക്കാനാണോ ഈ വാഹനം വാങ്ങുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തുതന്നെ ആയാലും പുതയ വാഹനം വാങ്ങില്ലെന്ന് ബജറ്റിൽ പറഞ്ഞതിന് പിന്നാലെ ബജറ്റിൽ വായിക്കേണ്ടാത്ത ഉപധനാഭ്യർത്ഥന കൊണ്ടുവന്ന ഐസക്കിന്റെ ബുദ്ധിയും നമിച്ചിരിക്കുന്നു എന്നാണ് വിമർശകരുടെ പക്ഷം. കഴിഞ്ഞ വർഷത്തേക്കാൾ ചെലവ് 15 ശതമാനം കൂടുതലാണ് ഇത്തവണ, അധിക ചെലവ് നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളതെന്നാണ് ഐസക്ക് പറഞ്ഞിരുന്നത്. ക്ഷേമ പെൻഷനുകളിൽ നിന്ന് അനർഹരെ ഒഴിവാക്കി 700 കോടി രൂപയുടെ വാർഷിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ അധിക തസ്തികയിൽ പുനർ വിന്യാസ നടപടികൾ നടപ്പാക്കും.സർക്കാർ അറിയാതെ അധ്യപകരുടെ അനാവശ്യ തസ്തിക ഉണ്ടാക്കിയാൽ അത് അനുവദിക്കില്ല. എയ്ഡഡ് സ്‌കൂളുകളിൽ സർക്കാർ അറിയാതെ അദ്ധ്യാപക നിയമനം നടത്താൻ കഴിയാത്ത വിധം കെഇആർ പരിഷ്‌കരിക്കും.

17614 തസ്തികകൾ സർക്കാർ നികത്തി. ചരക്ക് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ പുനർ വിന്യസിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിപ്പിക്കുന്നവർക്ക് സ്വദേശത്തേക്ക് ഓപ്ഷൻ നൽകാം. പുതിയ കാറുകൾ വാങ്ങില്ല . പകരം മാസവാടകക്ക് കാറുകൾ എടുക്കും. ആയിരം കാറുകൾ വാടകക്ക് എടുത്താൽ ഏഴര കോടി എന്ന നിലക്കാണ് ലാഭം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറയുകയുണ്ടായി. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. കേരളാ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ്. പെട്രോളും ഡീസലും നൽകിയ പമ്പുകൾക്ക് ഒന്നരക്കോടിയിലേറെ രൂപയാണ് കുടിശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്.

അതു കൂടാതെ ബജറ്റിൽ തിരുവനന്തപുരം ജില്ലയെ തഴഞ്ഞത് പരാതികൾക്കിടയാക്കിയിട്ടുണ്ട് . തലസ്ഥാന നഗരിയായിട്ടുകൂടി ജില്ലക്കായി പ്രത്യേക പാക്കേജുകളോ പദ്ധതികളോ പ്രഖ്യാപിച്ചില്ല. തീരദേശ വികസനത്തിന് അടിസ്ഥാന വികസന പദ്ധതികൾ പ്രതീക്ഷച്ചെങ്കിലും നിരാശയായിരുന്നു തലസ്ഥാനത്തിന് ഫലം. ഗതാഗത കുരുക്ക് കുറക്കാൻ ലൈറ്റ് മെട്രോ, ജഗതിയിലും വഴുതക്കാടും മേൽപ്പാലം എന്നീ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടില്ല. വലിയതുറ, പൂന്തുറ മത്സ്യ ബന്ധന തുറമുഖ പദ്ധതികളെയും ബജറ്റിൽ അവഗണിച്ചുവെന്ന വികാരവും ശക്തമാണ്. ഇതിനെല്ലാം ഇടയിലാണ് മുണ്ടു മുറുക്കി ഉടുക്കാൻ പറയുമ്പോൾ തന്നെ മറുവശത്തു കൂടി സർക്കാർ കാറു വാങ്ങുന്നതിനും മറ്റുമായി ധൂർത്തു തുടരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP