Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയേയും രണ്ട് മക്കളേയും കൊന്ന് കെട്ടിതൂക്കിയ ശേഷം തൈപ്പറമ്പിൽ വിനോദ് ആത്മഹത്യ ചെയ്തുവെന്ന് സംശയിച്ച് പൊലീസ്; എല്ലാവർക്കും മാപ്പ്..... പക്ഷെ തെറ്റ് ചെയ്തവർക്ക് മാപ്പില്ലെന്ന ആത്മഹത്യാ കുറിപ്പില്ലെ കൈയക്ഷര പരിശോധന അതിനിർണ്ണായകമാകും; മുറിക്കുള്ളിൽ ബലപ്രയോഗത്തിന്റെ സൂചനയില്ലാത്തതും പൊലീസിനെ വെട്ടിലാക്കുന്നു; അമ്മയുടേയും മകളുടേയും കാലുകൾ നിലത്ത് മുട്ടിയത് വിരൽ ചൂണ്ടുന്നതുകൊലപാതകത്തിലേക്കും; കൊടുങ്ങല്ലൂരിലെ കൂട്ട മരണത്തിന്റെ കാരണം തേടി അന്വേഷണം

ഭാര്യയേയും രണ്ട് മക്കളേയും കൊന്ന് കെട്ടിതൂക്കിയ ശേഷം തൈപ്പറമ്പിൽ വിനോദ് ആത്മഹത്യ ചെയ്തുവെന്ന് സംശയിച്ച് പൊലീസ്; എല്ലാവർക്കും മാപ്പ്..... പക്ഷെ തെറ്റ് ചെയ്തവർക്ക് മാപ്പില്ലെന്ന ആത്മഹത്യാ കുറിപ്പില്ലെ കൈയക്ഷര പരിശോധന അതിനിർണ്ണായകമാകും; മുറിക്കുള്ളിൽ ബലപ്രയോഗത്തിന്റെ സൂചനയില്ലാത്തതും പൊലീസിനെ വെട്ടിലാക്കുന്നു; അമ്മയുടേയും മകളുടേയും കാലുകൾ നിലത്ത് മുട്ടിയത് വിരൽ ചൂണ്ടുന്നതുകൊലപാതകത്തിലേക്കും; കൊടുങ്ങല്ലൂരിലെ കൂട്ട മരണത്തിന്റെ കാരണം തേടി അന്വേഷണം

എം മനോജ് കുമാർ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബം കൂട്ടത്തോടെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവം ആത്മഹത്യ തന്നെയാകാം എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു നീക്കുന്നത്.  പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന നിഗമനത്തിലേക്ക് എത്താൻ കഴിയൂ.

അതുകൊണ്ട് തന്നെ കൂടുതലൊന്നും പ്രതികരിക്കാൻ കൊടുങ്ങല്ലൂർ പൊലീസ് തയ്യാറാകുന്നില്ല. ഇന്നലെ വൈകീട്ടാണ് തൈപറമ്പിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എല്ലാവർക്കും മാപ്പ്, പക്ഷെ തെറ്റ് ചെയ്തവർക്ക് മാപ്പില്ല. ഇതാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഈ ആത്മഹത്യാ കുറിപ്പ് കേന്ദ്രമാക്കിയാണ് അന്വേഷണം മുന്നോട്ടു നീക്കുന്നത്.

ഭാര്യ രമ്യ, നയന, നീരജ് എന്നിവരെ കൊലപ്പെടുത്തി ഗൃഹനാഥനായ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ പക്ഷെ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കാണാത്തതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹാളിലുള്ള ജനൽ കമ്പിയിൽ മകനും, മുറികളിലെ ജനൽ കമ്പികളിൽ അമ്മയും മകളും, ഹാളിലെ ഹുക്കിൽ അച്ഛനും തൂങ്ങിയ നിലയിലായിരുന്നു. അമ്മയുടെയും മക്കളുടെയും കാലുകൾ നിലത്ത് മുട്ടിയ നിലയിലായിരുന്നു.

മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മകൾ നയന പ്ലസ് ടു വിദ്യാർത്ഥിയാണ്. മകൻ നീരജ് നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ചെറിയ വീടാണെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ ഇവരെ അലട്ടിയിരുന്നില്ലാ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. താമസിക്കുന്ന വീട് ഇവരുടെ സ്വന്തവുമാണ്. വിനോദും ഭാര്യ രമ്യയും കൊടുങ്ങല്ലൂർ സ്വദേശികളാണ്. വിവാഹം കഴിഞ്ഞിട്ടും വർഷങ്ങളായി. പതിനേഴ് വർഷത്തോളമായി ഇവർ താമസിക്കുന്നത് ഈ വീട്ടിൽ തന്നെയാണ്. ഭാര്യ രമ്യ ജോലി ചെയ്യുന്നത് ഒരു സ്റ്റെഷനറി കടയിലാണ്. കടയുടമ ഇവരെ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. അയൽക്കാരുമായി ഇവർക്ക് ബന്ധം കുറവാണ്.

അതുകൊണ്ട് തന്നെയാണ് മരിച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ആരും വിവരമറിയാതെ പോയത്. ഇവരുടെ വീട്ടിനു തൊട്ടടുത്ത് തന്നെ മറ്റു വീടുകളുണ്ട്. പക്ഷെ ആരും വിവരം അറിയുകയോ, ഇവരെക്കുറിച്ച് തിരക്കുകയോ ചെയ്തിരുന്നില്ല. പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

പൊലീസെത്തി വീട് കുത്തിതുറന്ന് നോക്കിയപ്പോഴാണ് നാലു പേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. അച്ഛനും മകനും ഹാളിലും അമ്മയും മകളും രണ്ട് മുറികളിലുമായിട്ടായിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹങ്ങൾക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.പി.വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സിഐ പി.കെ.പത്മരാജൻ, എസ്ഐ ഇ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലതെത്തിയിരുന്നു.

ഞായറാഴ്ച രാവിലെ അഞ്ചിന് വിനോദിനെ തിരക്കിയെത്തിയ അയൽവാസി ഷൺമുഖൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വിനോദിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചു. വീടിനുള്ളിൽ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടെങ്കിലും ഫോൺ ആരും എടുത്തില്ല. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് അയൽവാസിയുടെ ഇടപടലുണ്ടായത്.

വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ മൊബൈൽ ഫോണിൽ വിളിച്ചു. അകത്ത് മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയൽവാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്നാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. ഇതോടെയാണ് ആത്മഹത്യാ വിവരം പുറത്തറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP