Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്ഡിപിഐ എന്നത് ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണെന്ന് 'പറയാതെ വയ്യ'യിൽ തുറന്നു പറഞ്ഞ് ഷാനി പ്രഭാകർ; എന്തുകൊണ്ട് സംഘടന എതിർക്കപ്പെടണം എന്ന് എണ്ണിപ്പറഞ്ഞു അവതരണം; പൗരത്വ സമരത്തിൽ നുഴഞ്ഞു കയറിയവർ സംഘപരിവാറിന് ദേശീയ തലത്തിൽ വടി കൊടുക്കുന്നെന്നും ആക്ഷേപം; പുതിയ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ സൈബർ ആക്രമണവുമായി എസ്ഡിപിഐക്കാരും; എസ്ഡിപിഐയെ വിമർശിച്ചത് നിലപാട് മാറ്റത്തിന്റെ തന്ത്രമെന്ന് ആരോപിച്ചു സംഘപരിവാറും

എസ്ഡിപിഐ എന്നത് ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണെന്ന് 'പറയാതെ വയ്യ'യിൽ തുറന്നു പറഞ്ഞ് ഷാനി പ്രഭാകർ; എന്തുകൊണ്ട് സംഘടന എതിർക്കപ്പെടണം എന്ന് എണ്ണിപ്പറഞ്ഞു അവതരണം; പൗരത്വ സമരത്തിൽ നുഴഞ്ഞു കയറിയവർ സംഘപരിവാറിന് ദേശീയ തലത്തിൽ വടി കൊടുക്കുന്നെന്നും ആക്ഷേപം; പുതിയ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ സൈബർ ആക്രമണവുമായി എസ്ഡിപിഐക്കാരും; എസ്ഡിപിഐയെ വിമർശിച്ചത് നിലപാട് മാറ്റത്തിന്റെ തന്ത്രമെന്ന് ആരോപിച്ചു സംഘപരിവാറും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളം ടെലിവിഷൻ മാധ്യമ രംഗത്ത് ദ്വീർഘകാല പാരമ്പര്യമുള്ള വ്യക്തിയാണ് ഷാനി പ്രഭാകർ. പലപ്പോഴും രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞ് പലരുടെയും കണ്ണിൽ കരടായവർ. എന്നാൽ, തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും തുറന്നു പറയുന്നതും അവരുടെ പതിവാണ്. നേരത്തെ സംഘപരിവാറിനെ വിമർശിച്ചതിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ഷാനി പ്രഭാകർ ഇപ്പോൾ വീണ്ടും വിവാദത്തിൽ ചാടിയിരിക്കയാണ്.

ഇക്കുറി എസ്ഡിപിഐ എന്ന സംഘട കേരള സമൂഹത്തെ എത്രത്തോളം അപകടത്തിലാക്കുന്നു എന്നു തുറന്നു പറഞ്ഞതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുകയാണ് അവർ. പ്രതിവാര പരിപാടിയായ പറയാതെ വയ്യയിൽ പൗരത്വ ഭേദഗതി സമരങ്ങളിൽ എസ്ഡിപിഐ നുഴഞ്ഞു കയറി നടത്തുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഷാനി രംഗത്തുവന്നത്. എസ്ഡിപിഐ ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രസ്്ഥാനമാണെന്ന് തുറന്നു പറയുകയായിരുന്നു ഷാനി. എന്തുകൊണ്ടാണ് കേരള സമൂഹം ഈ സംഘടനെ എതിർക്കണം എന്ന് എണ്ണിപ്പറഞ്ഞു കൊണ്ടു രംഗരംഗത്തെത്തിയത്.

സമൂഹത്തിൽ അടിമുടി വർഗീയ പറഞ്ഞു കൊണ്ടു വിഭജിക്കുകയും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമാണ് എസ്ഡിപിഐയുടെ ലക്ഷ്യമെന്നും ഷാനി വ്യക്തമാക്കി. കേരളത്തില് ഹൈന്ദവ വർഗീയ വളർത്തുന്നതിന് വളമാകുന്നത് എസ്ഡിപിഐ ആണെന്നും അവർ അടിവരയിട്ടു വ്യക്തമാക്കി. എല്ലാത്തിലും മതം കുത്തികയറ്റുകയും ജനാധിപത്യം എന്ന് സ്വയമേ അവകാശം ഉന്നയിക്കുകയും ചെയ്യു. മുസ്ലിം സംരക്ഷകർ എന്ന നടിക്കുന്നവർക്ക് ഇന്ത്യയിലെ മുസ്ലിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല... പകരം ദ്രോഹമാണ് ഇവരുടെ കോണ്ട്രിബൂഷനെന്നും ഷാനി തുറന്നു പറഞ്ഞു. പരിപാടിയിലെ നിശിദ വിമർശനങ്ങൾ കാരണം ഇപ്പോൾ എസ്ഡിപിഐക്കാരുടെ കണ്ണിലെ കരടായിരിക്കയാണ് ഷാനി.

ഷാനി പരിപാടിയിൽ തുറന്നു പറഞ്ഞത് ഇങ്ങനെയാണ്: ''എസ്.ഡി.പി.ഐ എന്ന ഏറ്റവും പുതിയ പേരിലും ഒളിച്ചിരിക്കുന്നത് വിഭാഗീയ, വർഗീയ രാഷ്ട്രീയമാണെന്നതിനും ഔദ്യോഗികസാക്ഷ്യങ്ങൾ പോലും ആവശ്യമില്ല. ജനാധിപത്യവിരുദ്ധമാണ്, മനുഷ്യത്വവിരുദ്ധമാണ് രാഷ്ട്രീയമെന്ന പേരിൽ നടത്തുന്ന വിഭാഗീയപ്രവർത്തനങ്ങൾ. കൈവെട്ടിയും കൊന്നൊടുക്കിയും സൃഷ്ടിച്ചുവച്ചിരിക്കുന്ന ഭീതിയുടെ അടയാളങ്ങളും വ്യക്തമാണ്. മനുഷ്യാവകാശസംരക്ഷകരെന്നും സമുദായസംരക്ഷകരെന്നും അവകാശപ്പെട്ടെത്തുന്ന എസ്.ഡി.പി.ഐ ആണ് സമുദായത്തിനും സമൂഹത്തിനും ഏറ്റവും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദം സമൂഹം വ്യക്തമായി തിരിച്ചറിഞ്ഞതോടെ രൂപീകരിക്കപ്പെട്ട ജനാധിപത്യമറയാണ് എസ്.ഡി.പി.ഐ എന്ന പേര്. ജനാധിപത്യത്തെയും മാനിക്കുന്നുവെന്ന കാപട്യത്തിന് തെളിവുണ്ടാക്കൽ മാത്രമാണ് തിരഞ്ഞെടുപ്പിലും ജനകീയ പ്രക്ഷോഭങ്ങളിലുമുള്ള പങ്കാളിത്തം. പൗരത്വനിയമഭേദഗതിയുടെ പേരിൽ മതേതര ഇന്ത്യക്കാരന്റെ വേവലാതികളൊന്നുമല്ല അവരുടെ മനസിലെന്നറിഞ്ഞും കൂടെക്കൂട്ടുന്നവരുണ്ടെങ്കിൽ അവർ ഈ പ്രക്ഷോഭത്തെയാകെ ഒറ്റുകൊടുക്കുകയാണ്. കാരണം പൗരത്വപ്രക്ഷോഭത്തിൽ എസ്.ഡി.പിഐയുടെ സാന്നിധ്യം ഗുണം ചെയ്യുന്ന ഒരേയൊരു വിഭാഗമേയുള്ളൂ. സംഘപരിവാർ!

പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ജനാധിപത്യ വിശ്വാസികൾക്കെല്ലാം ഒരു പൊതുതാൽപര്യമേയുള്ളൂ. മതേതരഇന്ത്യയുടെ ഭാവി. അവിടെ ഞങ്ങൾക്ക് മുതലെടുക്കാനൊരു സുവർണാവസരം എന്ന എസ്.ഡി.പി.ഐയുടെ ആവേശം വളരെ പ്രകടവും അപായകരവുമാണ്. ദേശീയതലത്തിൽ സമരമുഖമായി മാറിയ ചന്ദ്രശേഖർ ആസാദിനെ വരെ വേദിയിലെത്തിച്ച് എങ്ങനെയെങ്കിലും പൊതുസ്വീകാര്യത ഉറപ്പിക്കാൻ എസ്.ഡി.പി.ഐ കിണഞ്ഞു പണിയെടുക്കുന്നുണ്ട്. സമാന്തരമായി വിഭാഗീയ പ്രചാരണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. പല ഭാവങ്ങളിൽ വേഷപ്രച്ഛന്നരായി കടന്നു കൂടാൻ അവർ ആവതു ശ്രമിക്കുന്നുണ്ട്. എസ്.ഡി.പി.ഐയ്‌ക്കെതിരെ അതിജാഗ്രത പുലർത്തേണ്ട രാഷ്ട്രീയ സന്ദർഭത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. പൗരത്വ പ്രക്ഷോഭത്തിൽ പങ്കാളികളാകുന്ന ഓരോരുത്തർക്കും രാഷ്ട്രീയപാർട്ടികൾക്കു വിശേഷിച്ചും ആ ഉത്തരവാദിത്തമുണ്ട്. മതേതരത്വം സംരക്ഷിക്കാൻ മതവർഗീയവാദികളുടെ പങ്കാളിത്തം കേരളത്തിനാവശ്യമില്ല. ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരോട് ജനാധിപത്യമര്യാദയുടെ ന്യായം സ്വീകാര്യവുമല്ല''

എന്തുകൊണ്ട് എസ്.ഡി.പി.ഐയെ കേരളം പ്രതിരോധിക്കണം? ഇന്ത്യൻ ജനാധിപത്യത്തിന് ആർഎസ്എസ്. ഉയർത്തുന്ന ഭീഷണിയെന്താണോ അതു തന്നെയാണ് എസ്.ഡി.പി.ഐയും ചെയ്യുന്നത്. മതധ്രുവീകരണമാണ് ആത്യന്തികലക്ഷ്യം. പക്ഷേ വിഘാതമായി വന്നാൽ അതേ മതവിശ്വാസികളെയും കൊന്നു തള്ളും. ന്യൂനപക്ഷത്തെയാകെ പ്രതിരോധത്തിൽ നിർത്തുന്ന തീവ്രനിലപാടുകൾ സ്വീകരിക്കും. എന്നിട്ട് സ്വയം ന്യൂനപക്ഷസംരക്ഷകർ എന്നവകാശപ്പെടും. എസ്.ഡി.പി.ഐയിൽ നിന്നാണ് ന്യൂനപക്ഷരാഷ്ട്രീയത്തിന് സംരക്ഷണം വേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതും അതേസമയം നരേന്ദ്ര മോദി ഈ വാദം ഏറ്റുപിടിച്ചു തിരിച്ചടിച്ച കാര്യവും അടക്കം ഷാനിപ്രഭാകർ എടുത്തു പറഞ്ഞു. മുഖ്യധാരയിലേക്ക് എത്താൻ വെമ്പൽ കൊള്ളുന്ന സംഘടനയുടെ യാഥാർത്ഥ മുഖം തുറന്നു കാണിച്ചു. ഷോ ടെലികാസ്റ്റ് ചെയ്തതിന് പിന്നാലെ കടുത്ത വിമർശനമാണ് ഷാനിക്കെതിരെ സൈബർ ലോകത്ത ഉയർന്നത് എസ്ഡിപിഐക്കാർ തന്നെയാണ് ഈ വിമർനം ഉന്നയിച്ചത്. എസ്ഡിപിഐ നേതാവ് എം കെ മനോജ് കുമാറിനെ അടക്കം രംഗത്തിറങ്ങിയാണ് ഷാനിക്ക് സംഘടന മറുപടി നൽകിയത്. ഇസ്ലാമോ ഫോബിയ കൊണ്ടാണ് ഷാനി വിമർശനം ഉന്നയിച്ചതെന്നായി ഇവരുടെ വാദം.

ഷാനിയെ വിമർശിച്ച് എം കെ മനോജ് കുമാർ എഴുതിയത് ഇങ്ങനെ:

പറയാതെ വയ്യ 'എങ്കിൽ ഷാനി പറഞ്ഞോളൂ. പക്ഷേ, പറയുന്നതിൽ കാമ്പും കഴമ്പും ഉണ്ടാകണം. 'വായിൽ വരുന്നത് കോതയ്ക്ക് പാട്ട് ' എന്നൊരു പഴമൊഴിയുണ്ട്. അങ്ങനെയാകുതെന്നൊരപേക്ഷയും താങ്കളോടുണ്ട്. 8. 2. 2020ൽ ഷാനി ഛർദ്ദിച്ചതെല്ലാം അങ്ങനായിരുന്നു. മാധ്യമ പ്രവർത്തനം കേവലമൊരു ശമ്പളം പറ്റുന്ന ജോലി മാത്രമല്ല, മറിച്ച് ഭാരിച്ച ഉത്തരവാദിത്വം കൂടിയാണത്. കാഴ്ചയില്ലാത്തവൻ മാവിലെറിയും പോലാകരുത് ആ ജോലി.
ഷാനി, ഒരു കാര്യം അറിഞ്ഞിരിക്കണം.ഇന്ത്യൻ രാഷ്ട്രീയം ഒരു ബ്രാഹ്മണിക്കൽ 'സബോട്ടേജ് ' ആണെന്ന യാഥാർഥ്യം. കോൺഗ്രസും, ജനതാ പാർട്ടികളും, ബിജെപിയും എന്തിന് ഷാനിയുടെ പാർട്ടിയായ സി പി എം ഉൾപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പോലും ബ്രാഹ്മണിക്കൽ ഹിന്ദൂ യിസത്തിന്റെ വലയത്തിനകത്താണി പ്പോഴും.,മീഡിയകളും അങ്ങനെ തന്നെ.ഈ ബ്രാഹ്മണിക്കൽ സംഘത്തിനെതിരെ ചിന്തയിലും വരയിലും എഴുത്തിലും എപ്പോഴൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെയും 'തീവ്രവാദം' ഒരു തുറുപ്പു ചീട്ടായി പെരിശിനിറങ്ങിയിട്ടുണ്ട്.

ഇത് ബ്രിട്ടീഷുകാർ എക്കാലവും ഇന്ത്യൻ പൊതുബോധത്തിലേക്ക് എറിഞ്ഞിട്ട വിത്താണ്. ആ വിഷവിത്ത് പടർന്നു പന്തലിച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരുടെ ചിന്തകളെയും സ്വാധീനിച്ചിട്ടുണ്ട്. സവർണ്ണ ഹിന്ദുത്വ പരിപ്രേഷ്യത്തിന്റെ കുഴലൂത്തുകാരും പ്രചാരകരുമായി മാധ്യമ പ്രവർത്തകർ തെയ്യം കെട്ടിയാടരുത്. ഇന്ത്യൻ ജനതയെ, ജാതികളും ഉപജാതികളുമായി വേർതിരിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് CAA, NPR തുടങ്ങിയ ഉഡായിപ്പുകൾ.
SDPI ആവശ്യപ്പെട്ടത് ഭരണഘടന സംരക്ഷിക്കണമെന്നാണ്. രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ശാക്തീകരണത്തിന് എന്നും 'തീവ്രവാദ മുദ്ര' പതിച്ചു കിട്ടിയിട്ടുണ്ട്. 1930കൾ മുതൽ ഡോ.അംബേദ്കറും, മി.മുഹമ്മദലി ജിന്നയും തുടങ്ങി വച്ച ദലിത്-മുസ്ലിം - പിന്നാക്ക ശാക്തീകരണത്തെ തുടർനാളുകളിൽ തുരങ്കം വച്ചതിൽ ബ്രാഹ്മണിക്ക് - മനു വാദികൾക്കൊപ്പം കമ്മൂണിസ്റ്റുകളെന്ന ലേബൽ പതിച്ച കമ്മ്യൂണലിസ്റ്റുകൾക്കും വ്യക്തമായ പങ്കുണ്ടായിരുന്നു. ഷാനി ഇന്ത്യൻ രാഷ്ട്രീയത്തെയും ഇന്ത്യൻ ജാതീയതയെക്കുറിച്ചും ഗൗരവമായി പഠിക്കണം.ഇന്ത്യൻ സവർണ്ണതയുടെ രാഷ്ട്രീയാധിപത്യത്തിന്റെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാകണം. ഡോ.അംബേദ്കർ രചനകൾ വായിച്ചാൽ യഥാർഥ ഇന്ത്യൻ രാഷ്ട്രീയമെന്തെന്ന് കൃത്യമായ അറിവ് ലഭിക്കും. കൈവെട്ട് കേസും, അഭിമന്യു വിഷയമൊക്കെ പറഞ്ഞ് പറഞ്ഞ് തേഞ്ഞു പോയതതാണ്. അതിനു ശേഷം നാം എത്ര പ്രളയത്തെ അതിജീവിച്ചു.ഇനിയും അത് ചർവ്വിത ചർവ്വണം നടത്തി പരിഹാസ്യമാകരുത്.

ഷാനി ,കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഒരു വിവരാവകാശം കൊടുക്കണം. കേരളത്തിലെ ജയിലുകളിൽ രാഷ്ട്രീയ കൊലപാതകക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരുടെ പാർട്ടി തിരിച്ചുള്ള കണക്ക്. ആ ലിസ്റ്റ് വച്ച് ആരോഗ്യകരമായ ഒരു ചർച്ച സംഘടിപ്പിക്കാൻ നിങ്ങൾ ധൈര്യം കാണിക്കണം. അല്ലാതെ വായ പോയ കോടാലി കണക്കെ ചുമ്മാ വളവളാന്ന് ചിലയ്ക്കരുത്. അത് അസഹനീയമാണ്! അത് അരോചകവുമാണ്! 'ഇസ്ലാമോഫോബിയ ഒരു അന്താരാഷ്ട്ര പ്രൊഡക്ടാണ് ' വൻ ഡിമാന്റുള്ള ഉൽപ്പന്നം.

അതേസമയം സംഘപരിവാറിന്റെ കണ്ണിലും ഒരുപോലെ കരടായതിനാൽ ഷാനിക്കെതിരെ മറുവശത്തും ആക്രമണം നടക്കുന്നുണ്ട്. ഷാനിയുടെ സംഘപരിവാർ വിരുദ്ധ നിലപാടുകൾ ശക്തമായതോടെ നിഷ്പക്ഷതയ്ക്ക് വേണ്ടായാണ് പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്നാണ് ഇവരുടെ വാദം. മനോരമ ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യം , ബിജെപി അനുഭാവിയായ മുൻ ഡി ജി പി ടി പി സെൻ കുമാർ ഫേസ്‌ബുക്ക് വഴി മുന്നോട്ട് വച്ചിരുന്നു. മിസോറാം ഗവർണ്ണർ ആയിരിക്കെ കുമ്മനം രാജശേഖരനെ അധിക്ഷേപിച്ചതും മനോരമയുടെ സംഘപരിവാർ വിരുദ്ധത മൂലമായിരുന്നുവെന്നു എന്നാണ് പരിവാറുകാരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP