Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞത് സ്വന്തം സുഹൃത്ത്; പൊലീസും കോടതിയും ഇടപെട്ടിട്ടും കാറിന്റെ പൊടിപോലും കണ്ടെത്താനായില്ല; സ്വന്തം കാർ ഉടമയുടെ കൺമുന്നിൽ എത്തിയത് മൂന്ന് വർഷത്തിന് ശേഷം; തന്റെ വാഹനം കണ്ടെത്തിയെങ്കിലും സ്വന്തമാക്കാൻ മുസ്തഫ ഇനിയും കാത്തിരിക്കേണ്ടി വരുന്നത് ഇങ്ങനെ

ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞത് സ്വന്തം സുഹൃത്ത്; പൊലീസും കോടതിയും ഇടപെട്ടിട്ടും കാറിന്റെ പൊടിപോലും കണ്ടെത്താനായില്ല; സ്വന്തം കാർ ഉടമയുടെ കൺമുന്നിൽ എത്തിയത് മൂന്ന് വർഷത്തിന് ശേഷം; തന്റെ വാഹനം കണ്ടെത്തിയെങ്കിലും സ്വന്തമാക്കാൻ മുസ്തഫ ഇനിയും കാത്തിരിക്കേണ്ടി വരുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: മോഷണം പോയ കാർ മൂന്ന് വർഷങ്ങൾക്ക് ശേഷം കൺമുന്നിൽ എത്തിയിട്ടും സ്വന്തമാക്കാനാകാതെ നിസ്സഹായനായി ഉടമ. പള്ളിക്കര ഹദ്ദാദ് നഗർ സ്വദേശി മുസ്തഫക്ക് സ്വന്തം കാർ കയ്യിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. പൊലീസിന്റെ അനാസ്ഥയുടെയും മോട്ടോർ വാഹന വകുപ്പിന്റെ പിടിപ്പുകേടിന്റെയും ഉദാഹരണമായി മാറുകയാണ് മുസ്തഫയുടെ കഥ. രണ്ടു ദിവസം മുമ്പാണ് ഇരിക്കൂറിൽ വെച്ച് ബസിൽ യാത്ര ചെയ്യവേ തന്റെ കാർ മറ്റാരോ ഓടിച്ച് പോകുന്നത് മുസ്തഫ കണ്ടത്. എന്നാൽ കാറിനടുത്തെത്താനോ ഓടിച്ചിരുന്ന ആളിനെ കാണാനോ കഴിഞ്ഞില്ല. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസിനു കൈമാറി. എന്നാൽ, ആർസി ബുക്കിൽ ഉടമയുടെ പേര് മറ്റിയതിനാൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ മാത്രമേ മുസ്തഫക്ക് കാർ തിരികെ കിട്ടു.

2017 ജനുവരിയിലാണ് മുസ്തഫക്ക് തന്റെ കാർ നഷ്ടമാകുന്നത്. സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി വിട്ടുനസൽകിയ കാറുമായി സുഹൃത്ത് കടന്നുകളഞ്ഞു. കെഎൽ 60 5227 റജിസ്‌ട്രേഷനുള്ള കാറുമായി സുഹൃത്ത് സ്ഥലംവിട്ടതായി കാട്ടി മുസ്തഫ പൊലീസിൽ പരാതി നൽകി. മുസ്തഫയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിലെടുത്തു റിമാൻഡ് ചെയ്‌തെങ്കിലും വാഹനം കണ്ടെത്താനായില്ല. ആർടി ഓഫിസിൽ തിരക്കിയെങ്കിലും തന്റെ പേരിലെ റജിസ്‌ട്രേഷൻ മാറ്റിയിട്ടില്ലെന്നു കണ്ടു.

വണ്ടി കിട്ടാതായതോടെ മുസ്തഫ ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോടതി ബേക്കൽ പൊലീസിനു നോട്ടിസ് അയച്ചു. കാർ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് കോടതിയിൽ മറുപടി നൽകിയതോടെ കോടതി നടപടിയും അവസാനിച്ചു.

ഇതിനിടെ, മോഷ്ടിച്ചയാൾ വണ്ടി ആദ്യം കണ്ണൂർ സ്വദേശിക്കും പിന്നീട് ഇരിക്കൂർ ബ്ലാത്തൂർ സ്വദേശിക്കും വിറ്റിരുന്നു. ഇരിക്കൂർ സ്വദേശിയുടെ പേരിലാണ് ഇപ്പോൾ വണ്ടി. മുസ്തഫയുടെ കാർ സുഹൃത്തിനു കൈമാറുമ്പോൾ ആർസി ബുക്കിന്റെ ഒറിജിനലും വാഹനത്തിലുണ്ടായിരുന്നു. ഇതും മുസ്തഫയുടെ വ്യാജ ഒപ്പും ഉപയോഗിച്ച് മോട്ടർ വാഹന വകുപ്പിൽ വ്യാജ അപേക്ഷ നൽകിയാണ് മോഷ്ടാവ് കാറിന്റെ ആർസി ബുക്കിലെ വിലാസം മാറ്റിയത്.

കഴിഞ്ഞ മാസം കാഞ്ഞങ്ങാട്ടെ കാർ സർവീസ് സെന്ററിൽ നിന്ന് മുസ്തഫയെത്തേടി ഒരു ഫോൺകോൾ എത്തി. താങ്കളുടെ കാർ സർവീസ് ചെയ്യാൻ സമയമായി, കൊണ്ടുവരുന്നില്ലേ എന്നതായിരുന്നു ചോദ്യം. തന്റെ കാർ മോഷ്ടിക്കപ്പെട്ടതാണെന്നു മുസ്തഫ മറുപടി നൽകി. അതോടെ സർവീസ് സെന്ററുകാർ, കാർ എവിടെയെങ്കിലും സർവീസിനെത്തിച്ചിരുന്നോ എന്നു പരിശോധിച്ചു. ഒന്നര വർഷം മുൻപ് സർവീസിനായി കണ്ണൂരിൽ എത്തിച്ചിരുന്നതായി വിവരം ലഭിച്ചു. എങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാഞ്ഞതോടെ നിരാശനായി.

എന്നാൽ, ഈ സംഭവത്തിനു രണ്ടു ദിവസങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി കാർ മുസ്തഫയുടെ മുന്നിലെത്തി. പരിയാരത്തേക്കു പോകാൻ ബസിൽ യാത്ര ചെയ്യവേ ഇരിക്കൂറിൽ വച്ച് തന്റെ മോഷ്ടിക്കപ്പെട്ട കാർ ആരോ ഓടിച്ചുകൊണ്ടു പോകുന്നതായി കാണുകയായിരുന്നു. ഉടൻ തന്നെ ബസിൽ നിന്നു മുസ്തഫ ഇറങ്ങിയെങ്കിലും കാറിനടുത്തെത്താൻ സാധിച്ചില്ല. തുടർന്നു കാഞ്ഞങ്ങാട് ആർടി ഓഫിസിൽ ചെന്ന് വിവരം അറിയിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ വണ്ടിയുടെ ആർസി ബുക്ക് ഒരു വർഷത്തിനിടെ 2 തവണ മാറിയതായി കണ്ടു. പിന്നീട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

ഇപ്പോൾ മോട്ടർ വാഹന വകുപ്പിന്റെ 'വാഹൻ' ആപ്ലിക്കേഷൻ ഉള്ളതിനാൽ ഉടമസ്ഥൻ അറിയാതെ ആർസി ബുക്ക് വിലാസം മാറ്റാനാവില്ല. ഉടമസ്ഥന്റെ മൊബൈലിലേക്കു വരുന്ന വൺ ടൈം പാസ്വേഡ് ഇതിനായി നൽകേണ്ടതുണ്ട്. എങ്കിലും വിദഗ്ധരായ തട്ടിപ്പുകാരാണെങ്കിൽ ഇതും സാധിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP