Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിഭ്രാന്തിയിൽ കരയുന്ന ശബ്ദത്തിൽ അടിയന്തര ലാൻഡിംഗിനുള്ള പൈലറ്റിന്റെ അനൗൺസ്‌മെന്റ് ; ഭീതിയിലായ യാത്രക്കാർ കണ്ടത് തീ അണയ്ക്കാനുള്ള ഉപകരണങ്ങളുമായി ഓടി നടക്കുന്ന ക്യാബിൻ ജീവനക്കാരെ; ഓക്സിജൻ തീരുകയും പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്തപ്പോൾ അലറി വിളിച്ചും പ്രാർത്ഥന ചൊല്ലിയും യാത്രക്കാരും; നിറയെ മലയാളികളുമായി പറന്ന ഒമാൻ എയർവെയ്‌സ് വിമാനത്തിലെ തകരാറുണ്ടാക്കിയത് വമ്പൻ ആശങ്ക; ഒഴിവായത് വൻ ദുരന്തം

പരിഭ്രാന്തിയിൽ കരയുന്ന ശബ്ദത്തിൽ അടിയന്തര ലാൻഡിംഗിനുള്ള പൈലറ്റിന്റെ അനൗൺസ്‌മെന്റ് ; ഭീതിയിലായ യാത്രക്കാർ കണ്ടത് തീ അണയ്ക്കാനുള്ള ഉപകരണങ്ങളുമായി ഓടി നടക്കുന്ന ക്യാബിൻ ജീവനക്കാരെ; ഓക്സിജൻ തീരുകയും പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്തപ്പോൾ അലറി വിളിച്ചും പ്രാർത്ഥന ചൊല്ലിയും യാത്രക്കാരും; നിറയെ മലയാളികളുമായി പറന്ന ഒമാൻ എയർവെയ്‌സ് വിമാനത്തിലെ തകരാറുണ്ടാക്കിയത് വമ്പൻ ആശങ്ക; ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

സൂറിക്: സൂറിക്കിൽ നിന്നും മസ്‌കത്തിലേക്ക് പോയ ഒമാൻ എയർവെയ്സിന് തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തിയതിന് പിന്നിൽ ഗുരുതര സാങ്കേതിക തകരാറ്. മലയാളികളായിരുന്നു വിമാനത്തിൽ ഏറെയും. ദുബായിൽ എമറൈറ്റ്‌സ് വിമാനം കത്തിയതിനെ ഓർമ്മപ്പെടുത്തുന്ന സംഭവങ്ങളാണ് ഒമാൻ എയർവെയ്‌സിൽ പിന്നലെ ഉണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് നാല് കൊല്ലം മുമ്പ് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത് പൈലറ്റുമാരുടെ ശ്രദ്ധക്കുറവിനെയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. എമിറേറ്റ്‌സ് ഇകെ 521 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ ഇടിച്ചിറക്കേണ്ടി വന്നത്.

യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 275 പേരിൽ നൂറോളം പേരും മലയാളികളായിരുന്നു. അന്ന് വിമാനത്തിൽ സംഭവിച്ചതിന് സമാനമായ കാര്യങ്ങളാണ് ഇന്നലേയും ഉണ്ടായത്. എമിറേറ്റ്‌സ് വിമാനം ലാൻഡിങ്ങിനിടെ ഇടിച്ചിറങ്ങിയ തിരുവനന്തപുരത്തു നിന്നുള്ള ഇകെ 521 വിമാനത്തിൽ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. 282 യാത്രക്കാരും 18 ജീവനക്കാരുമാണു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം രക്ഷപ്പെട്ടു. രക്ഷാദൗത്യത്തിനിടെ അഗ്നിശമനസേനാംഗം ജാസിം ഈസ അൽ ബലൂഷി മരിച്ചു.

അന്ന് ദുബായിൽ ഉണ്ടായ നാടകീയ സംഭവങ്ങളാണ് ഇന്നലെയും നടന്നത്. ക്യാബിനിലെ ഓക്സിജൻ തീരുകയും, പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്തു. ഇതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് ഡബ്യൂവൈ 0154 വിമാനത്തിലുണ്ടായിരുന്ന മലയാളി യാത്രികർ പറഞ്ഞു. അടിയന്തര ലാൻഡിങ്ങിന് തയാറായിരിക്കാൻ പരിഭ്രാന്തിയിൽ കരയുന്ന ശബ്ദത്തിലാണ് പൈലറ്റ് അനൗൺസ് ചെയ്തത്. ഇതോടെ എല്ലാവരും ഭീതിയിലായി. ക്യാബിൻ ജീവനക്കാർ തീ കെടുത്താനുള്ള ഉപകരണങ്ങളുമായി ഓടി നടന്നു. എല്ലാ യാത്രികർക്കും ഓക്‌സിജന്മാസ്‌ക് ഉപയോഗിക്കേണ്ടിയും വന്നു.

ശനിയാഴ്ച രാത്രി 9.30ന് സൂറിക്കിൽ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്‌കത്തിൽ എത്തേണ്ടിയിരുന്ന ഒമാൻ എയർവെയ്സാണ് അപകടത്തിൽ പെട്ടത്. ഇതേ തുടർന്ന് സിറിയൻ അതിർത്തിയോട് ചേർന്ന തുർക്കിയിലെ വിമാനത്താവളമായ ഡിയാർബാകിറിൽ വെളുപ്പിന് മൂന്നിന് എമർജൻസി അടിയന്തര നടത്തിയത്. ക്യാബിൻ പ്രഷർ സംവിധാനത്തിലുണ്ടായ കുഴപ്പംകാരണമാണ് പ്രശ്‌ന കാരണമെന്ന് ട്വിറ്ററിൽ ഒമാൻ എയർ വെയ്സ് നൽകുന്ന വിശദീകരണം. സംഭവം നടക്കുമ്പോൾ ഉറക്കത്തിലായിരുന്നു മിക്ക യാത്രികരും. അലറി വിളിക്കുകയും, ഉറക്കെ പ്രാർത്ഥന ചൊല്ലിയുമാണ് മിക്കവരും മുന്നിൽകണ്ട അപകടത്തെ നേരിട്ടത്. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണ്. ഇവരെ സമീപത്തുള്ള ഹോട്ടലുകളിലേക്കു മാറ്റുകയും ചെയ്തു.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച ഒമാൻ എയർ അധികൃതർ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുഖ്യപ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി. തുടർന്നുള്ള വിവരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും കോൺടാക്ട് സെന്ററിലൂടെയും അറിയിക്കുമെന്നും വാർത്താക്കുറിപ്പിൽ ഒമാൻ എയർ വ്യക്തമാക്കി. എമിറേറ്റ്‌സ് വിമാനത്തിൽ മലയാളികൾ അനുഭവിച്ച അതേ മാനസിക സംഘർഷമാണ് ഒമാനിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് ഉണ്ടായതും. എമിറേറ്റ്‌സ് വിമാനത്തിൽ ലാൻഡിങ് ഗിയറിലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ക്യാപ്ടൻ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. ഇതോടെ ആശങ്കയിലായ യാത്രക്കാരെ വിമാന ജീവനക്കാർ സമാധാനിപ്പിച്ചു.

എന്നാൽ, പലരും ക്രാഷ് ലാൻഡിംഗിനുള്ള തീരുമാനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ക്രാഷ് ലാൻഡിംഗിന് തയ്യാറെടുക്കാനായി വിമാനത്താവള അധികൃതരും മുൻകരുതലെടുത്തു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും അടിയന്തരമായി നിലത്തിറക്കുകയാണെന്നുമുള്ള സന്ദേശത്തെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ അഗ്‌നിശമനസേന ഉൾപ്പെടെയുള്ളവർ സർവ്വസജ്ജരായിരുന്നു. ലാൻഡിങ് ഗിയർ തകരാറിനെ തുടർന്ന് റൺവേയിലേക്ക് തൊട്ടപ്പോൾ വിമാനത്തിന്റെ ടയറും പൊട്ടി. ഇതോടെ വലിയ കുലുക്കവും വിമാനത്തിലുണ്ടായി. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ ചിറക് നിലത്തുരസി തീപിടിച്ചു. വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ യാത്രക്കാർക്ക് അപായ സന്ദേശം നൽകി. പലരും വിമാനം നിശ്ചലമാകുന്നതിന് മുമ്പ് തന്നെ എമർജൻസി വാതിലിലൂടെ ചാടിയിറങ്ങി. ഇതോടെ ചിലർക്ക് വീണ് പരിക്കേറ്റു. ഇറങ്ങിയവർ റൺവേയിലൂടെ വിമാനം കിടന്ന ഭാഗത്ത് നിന്ന് ഓടി. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു പലരും. കൂട്ടകരച്ചിലും നിലവിളികളും ഉയർന്നു.

ചിലർ മൗനമായി ഇരു കയ്യും നീട്ടി പ്രാർത്ഥിക്കുന്നണ്ടായിരുന്നു. റൺവേയിൽ ഇടിച്ചിറക്കിയ ഉടൻ തന്നെ തീപിടിച്ചെങ്കിലും യാത്രക്കാരെ എമർജൻസി വാതിലിലൂടെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. എല്ലാവരും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വിമാനം ഏറക്കുറേ പൂർണമായി കത്തിയമർന്നു. ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടങ്ങിയപ്പോൾ തന്നെ ചെറിയ പൊട്ടിത്തെറിയോടെയാണ് വിമാനം കത്തിയത്. ഈ സമയം വിമാനത്തിന്റെ ഒരു ചിറക് തെറിച്ചുപോയി. കോണി വഴി ഇറങ്ങാൻ യാത്രക്കാർ കാത്തുനിന്നിരുന്നെങ്കിൽ അത് വൻ ദുരന്തത്തിലേക്ക് നയിച്ചേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP