Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിന്റെ മണവും മമതയുമായി നവതിയുടെ നിറവിൽ ബോംബെ കേരളീയ സമാജം; മുത്തശ്ശി സമാജത്തിന്റെ നവതി ആഘോഷവേളയിൽ ഭാഷയുടെ മഹത്വം മനസിലാക്കുന്ന നാടിനെ വാഴ്‌ത്തി മഹാരാഷ്ട്ര ഗവർണർ; മാണി സാറിന് സ്മാരകം ഒരുക്കാൻ 5 കോടി അനുവദിച്ച വിവേചനത്തെ പരിഹസിച്ച് വിശിഷ്ടാതിഥി സുഭാഷ് ചന്ദ്രൻ; ഒരുവർഷം നീളുന്ന ആഘോഷത്തിൽ കേരളീയ സമാജത്തിന് വിപുലമായ പരിപാടികൾ

മലയാളത്തിന്റെ മണവും മമതയുമായി നവതിയുടെ നിറവിൽ ബോംബെ കേരളീയ സമാജം; മുത്തശ്ശി സമാജത്തിന്റെ നവതി ആഘോഷവേളയിൽ ഭാഷയുടെ മഹത്വം മനസിലാക്കുന്ന നാടിനെ വാഴ്‌ത്തി മഹാരാഷ്ട്ര ഗവർണർ; മാണി സാറിന് സ്മാരകം ഒരുക്കാൻ 5 കോടി അനുവദിച്ച വിവേചനത്തെ പരിഹസിച്ച് വിശിഷ്ടാതിഥി സുഭാഷ് ചന്ദ്രൻ; ഒരുവർഷം നീളുന്ന ആഘോഷത്തിൽ കേരളീയ സമാജത്തിന് വിപുലമായ പരിപാടികൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നാട്ടിലുള്ളവരെക്കാൾ മലയാള ഭാഷയെയും ആഘോഷങ്ങളെയും മാനിക്കുന്നതും കൊണ്ടാടുന്നതും പുറംനാട്ടിൽ വിയർപ്പൊഴുക്കുന്ന മലയാളികളാണെന്ന് പറയാറുണ്ട്. അതെ പ്രവാസി മലയാളികൾ. ബോംബെ കേരളീയ സമാജം നവതി ആഘോഷിക്കുമ്പോൾ വിശേഷമാകുന്നതും ഭാഷയോടും നാടിന്റെ സംസ്‌കാരത്തോടും പൈതൃകത്തോടും ഉള്ള ഈ കൂറ് തന്നെ. ദാദറിൽ ശനിയാഴ്ച നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി ഊന്നിപ്പറഞ്ഞതും അതുതന്നെ. 'നാടിന്റെ സംസ്‌കാരവും പൈതൃകവും നില നിർത്തുന്നതിൽ ഭാഷ വഹിക്കുന്ന പങ്ക് മഹത്തരമെന്നും ഭാഷയുടെ മഹത്വം മനസിലാക്കുന്ന നാടിനാണ് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും മാതൃഭാഷ പഠനത്തിന്റെ പ്രസക്തി വളരെ വലുതാണെന്നും ഗവർണർ പറഞ്ഞു. ഒപ്പം രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ശ്രീ ശങ്കരാചാര്യർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിന് പകരം ചടങ്ങുകൾ മലയാളത്തിൽ ചിട്ടപ്പെടുത്താനും അദ്ദേഹം ആവശ്യപെട്ടു. കൂടാതെ കേരള തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ച് എത്തിയവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ബോംബെ കേരളീയ സമാജത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക്ദാദർ ഈസ്റ്റ് ഹിന്ദു കോളനിയിലെ ബി.എൻ.വൈദ്യ സഭാഗൃഹ ഹാളിലാണ് (കിങ് ജോർജ് സ്‌കൂൾ ഓഡിറ്റോറിയം) തുടക്കമായത്.

പരിഹാസത്തിൽ ചാലിച്ച പൊട്ടിച്ചിരിയുമായി സുഭാഷ് ചന്ദ്രൻ

'കഴിഞ്ഞ ദിവസം ഒരുവാർത്ത കണ്ടു. മാണി സാറിന് 5 കോടി. 50 വർഷം മലയാളിയെ പാടി സന്തോഷിപ്പിച്ച യേശുദാസിന്റെ ഡിജിറ്റൽ െൈലബ്രറിക്ക് 75 ലക്ഷം. ഈ അനുപാതം നിങ്ങളെ ഒന്നുമനസ്സിലാക്കിക്കാണ്..പ്രത്യേകിച്ച് മാണി സാറിന്റെ മ്യൂസിയത്തിൽ നോട്ടുകൾ എണ്ണുന്ന ആ ഉപകരണം സ്ഥാനം പിടിക്കുമെന്നാണ് ഞാൻ കരുതുന്നത്. വരും തലമുറയ്ക്ക് കാണുവാനും, കണ്ടാസ്വദിക്കുവാനും അത്തരം മ്യൂസിയങ്ങൾ കൂടി നമുക്ക് ആവശ്യമുണ്ട്. മലയാളി എങ്ങനെയാണ് ആളുകളെ ബഹുമാനിക്കുന്നതെന്ന, ആരെയാണ് മലയാളി ആദരിക്കുന്നതെന്ന് തിരിച്ചറിയുവാൻ ഇത്തരം സന്ദർഭങ്ങൾ നമ്മളെ പ്രാപ്തരാക്കും'-മലയാളികൾ ബഹുമാനം നൽകുന്നതിൽ വിവേചനം കാട്ടുന്നതിനെ കുറിച്ചായിരുന്നു വിശിഷ്ട അതിഥിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ സംസാരിച്ചത്.

ജീവിച്ചിരിക്കുമ്പോൾനൽകേണ്ട ബഹുമാനവും ആദരവും മലയാളികൾ മരണാന്തരമായാണ് നല്കാറുള്ളതെന്നും ഒരാൾ ഭൂമിയിൽ ജീവിച്ചിരിക്കെ അയാൾ നൽകുന്ന സർഗാത്മകതയുടെ പ്രകാശം കണ്ടു വണങ്ങുവാൻ ഓരോ മുംബൈ നിവാസിക്കും കഴിയട്ടെയെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ആശംസിച്ചു. ബോംബെയിൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് ആത്മകഥ എഴുത്ത് താത്കാലികമായി നിർത്തേണ്ടിവന്ന ഗാന്ധിജിയുടെ പരാമർശത്തിലും തിരുവനന്തപുരത്ത് സ്റ്റുഡിയോ സ്ഥാപിക്കാൻ അനുവാദം ലഭിക്കാതെ വന്നപ്പോൾ രാജാ രവിവർമ ബോംബെയിലേക്ക് വന്നതുമൊക്കെയാണ് ബോംബെയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.

മുംബൈ കേരളീയ സമാജം തൊണ്ണൂറ് വർഷമായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ എല്ലാ മഹത്തരമാണെന്നു നവതി ആഘോഷം പ്രവാസികളായ മലയാളികൾക്ക് ഉണർവ് നൽകുന്നതാണെന്നും സമാജം കൂടുതൽ പ്രവർത്തനങ്ങളിൽ എത്തട്ടെയെന്നു ആദായ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.

നവതിയുടെ ഭാഗമായി തയ്യാറാക്കിയ സമാജഗീതത്തിന്റെ സമാരംഭം ഗവർണർ നിർവഹിച്ചു. വിശാലാകേരളം പത്രാധിപർ എ ആർ ദേവദാസിന്റെ വരികൾക്ക് പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനാണ് ഈണം നൽകിയത്. സമാജ ഗീതത്തിന്റെ ആലാപനം പണ്ഡിറ്റ് ജസ്‌രാജിന്റെ ശിഷ്യൻ കൂടിയായ രമേശ് നാരായണനും മകൾ മധുശ്രീ നാരായണനും ചേർന്നാണ് നിർവഹിച്ചത് . മികച്ച നവതി ലോഗോ ഡിസൈൻ ചെയ്ത പി.സുകേഷിനെയും ഈ അവസരത്തിൽ ആദരിച്ചു.

പിന്നണി ഗായകരായ സുധീപ് കുമാർ,സംഗീത ശ്രീകാന്ത് എന്നിവരോടൊപ്പം പ്രേം കുമാർ, വിജയ് കുമാർ,സെബാസ്റ്റ്യൻ, മധു നമ്പ്യാർ,ശ്രുതി സുധീർ എന്നിവരും ചേർന്ന് ഒരുക്കിയ സംഗീത സന്ധ്യയും ഡോക്ടർ സുനന്ദ നായർ അമേരിക്ക അവതരിപ്പിച്ച മോഹിനിയാട്ടം,ആഷിഷ് എബ്രഹാമിന്റെ കോമഡി എന്നിവ അരങ്ങേറി, സമാജത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അവതരണവും നടന്നു സമാജം പ്രസിഡന്റ് സുരേഷ് കുമാർ മധുസൂദനൻ അദ്ധ്യക്ഷ വഹിച്ച പൊതുസമ്മേളനത്തിൽ സ്വാഗതം സെക്രട്ടറി പ്രേമരാജൻ നമ്പ്യാരും കൃതജ്ഞത സംയുക്ത സെക്രട്ടറി കെ പത്മാസുന്ദരൻ നിർവഹിച്ചു നവതി കമ്മിറ്റി ചെയർമാൻ പി.ജെ.അപ്രേം തുടർന്നുള്ള പരിപാടികളെ കുറിച്ച് സംസാരിച്ചു. ഈ അവസരത്തിൽ സമാജം വൈസ് പ്രസിഡന്റ് ജയരാമൻ ,ട്രെഷറർ പി.സുരേഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു. പ്രിയ വർഗീസ്,ആഷിഷ് എബ്രഹാം എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.

കലാ,കായിക,സാമൂഹ്യ,സാംസ്‌കാരിക,രാഷ്ട്രീയ,വ്യവസായ രംഗത്തെ പ്രമുഖരും മലയാള തനിമ വിളിച്ചോതുന്ന വസ്ത്രധാരണവുമായി നൂറുകണക്കിന് കലാസ്‌നേഹികളും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 16 ഞായറാഴ്‌ച്ച രാവിലെ ശിവാജിപാർക്കിൽ നിന്ന് വാക്കത്തോൺ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. നവതി ആഘോഷങ്ങളുടെ സമാപനം കേരള പിറവി ദിനമായ നവംബർ ഒന്നിന് മാട്ടൂംഗയിലെ ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഹാളിൽ നടക്കും.

മലയാളത്തിലെ നിരവധി മഹാരഥന്മാർക്ക് ആതിഥേയത്വം നൽകിയിട്ടുള്ള മുത്തശ്ശി സമാജത്തിന്റെ നവതിയെ ആഘോഷമാക്കി പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഭൂരിഭാഗം പേരും പങ്കെടുത്തത്. മലയാളിയെന്ന സ്വത്വബോധം മനസ്സിൽ പേറിയാണ് നഗരത്തിലെ ആദ്യ കൂട്ടായ്മയായ ബോംബെ കേരളീയ സമാജത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമാകാൻ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയത്.

നവതി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. പി ജെ അപ്രേൻ, ബോംബെ കേരളീയ സമാജം ഭാരവാഹികളായ പ്രസിഡന്റ് ഡോ സുരേഷ്‌കുമാർ മധുസൂദനൻ, സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ, പത്മ സുന്ദരൻ, സുരേഷ് ബാബു കൂടാതെ ഈവന്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ബിജുകുമാർ എം കെ എന്നിവരടങ്ങുന്ന പാനലാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പ്രിയ വർഗീസ്, ആശിഷ് എബ്രഹാം എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

മുംബൈ മലയാളിയുടെ ചരിത്രത്തിൽ ഇടം പിടിച്ച കേരളീയ സമാജം

കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഘടനയാണ് ബോംബെ കേരളീയ സമാജം.  1930 ൽ രൂപം കൊണ്ട അന്നത്തെ ബോംബെ മലയാളികളുടെ കൂട്ടായ്മക്ക് അനുയോജ്യമായ പുനർ നാമകരണം ചെയ്തത് മഹാകവി വള്ളത്തോൾ നാരായണ മേനോനാണ്. കേരള സമാജം എന്നതിന് പകരം കുറെ കൂടി ഭംഗി കേരളീയം എന്നാണെന്ന വള്ളത്തോളിന്റെ അഭിപ്രായത്തെ മാനിച്ചാണ് ബോംബെ കേരളീയ സമാജം എന്ന പേരിൽ 1934 ൽ സംഘടന രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് മുംബൈ മലയാളികളുടെ കലാ സാഹിത്യ സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ഒൻപത് ദശാബ്ദകാലമായി മുംബൈ മലയാളികളെ കേരളത്തിന്റെ പൈതൃകം മറക്കാതെ കരുതലോടെ കൊണ്ട് നടന്ന സംഘടനയായി മാറുകയായിരുന്നു മുംബൈയിലെ ഏറ്റവും പുരാതന മലയാളി സംഘടനയായ ബോംബെ കേരളീയ സമാജം

കലാ-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെല്ലാം കേരള സമാജത്തിലൂടെയാണ് മുന്നോട്ട് വന്നിട്ടുള്ളത്. 70 വർഷമായി വിശാല കേരളം എന്ന മാഗസിനും പുറത്തിറക്കുന്നുണ്ട്. ഈ മാഗസിനിലൂടെ പല സാഹിത്യകാരന്മാർക്കും അവരുടെ കൃതികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആയുർവേദം മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്നത് കേരള സമാജം പ്രവർത്തകരാണ്. അഞ്ച് ഡിസ്പൻസറികൾ ബോംബെയിൽ ഉണ്ട്. പഞ്ചകർമ ചികിത്സയും സൗജന്യ പരിശോധനാ സൗകര്യവും നൽകി വരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും കേരള സമാജം ഏർപ്പെട്ടുവരുന്നു. ലത്തൂർ, ഗുജറാത്ത് ഭൂകമ്പങ്ങളിൽ ദുരിതബാധിതർക്ക് വളരെയധികം സഹായം നൽകി. കേരളത്തിലുണ്ടായ പ്രളയത്തിൽ 18 ട്രക്ക് സാധനങ്ങൾ അയച്ചതിനൊപ്പം നേരിട്ട് വിതരണവും ചെയ്തു. 68 ലക്ഷം രൂപ മുടക്കി കോഴിക്കോട്ടെ രണ്ടു സ്‌കൂളുകളും തൃശൂരിലെ ഒരുസ്‌കൂളും കേരള സമാജം ഏറ്റെടുത്ത് പുനർനിർമ്മിച്ചു. ടാറ്റാ മെമോറിയലിൽ ചികിത്സയ്ക്കായി വരുന്ന മലയാളികളായ കാൻസർ രോഗികൾക്ക് മാട്ടുങ്കയിൽ സൗജന്യ താമസവും നൽകി വരുന്നു. ഇതുകൂടാതെ ഒരുമുൻസിപ്പാലിറ്റി സ്‌കൂൾ ഏറ്റെടുക്കാനും നടപടികൾ സ്വീകരിച്ച് വരുന്നു.

ഒരുവർഷം നീളുന്ന നവതിയാഘോഷം

ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുംബൈ മാരത്തോൺ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അവയവ ദാന ക്യാമ്പെയിൻ, നാടകോത്സവം, സാഹിത്യ സമ്മേളനം, ജോബ് ഫെയർ, ബോംബെയിലെ മലയാളികളെ എല്ലാം പങ്കെടുപ്പിച്ച് കൊണ്ട് സേവ് ദ ലൈഫ്, ഫോളോ ദി ട്രാഫിക് റൂൾ എന്ന സ്ലോഗനും, അവയവ ദാന പ്രചരണത്തിനായി ഒരു മാരത്തോണും ഒക്ടോബറിൽ സംഘടിപ്പിക്കുന്നുണ്ട്. നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് സമാപന സമ്മേളനം. ഷൺമുഗാനന്ദ ഹാളിലാണ് സമാപന സമ്മേളനം നടക്കുക. ഉപരാഷ്ട്രപതി അടക്കമുള്ള വിശിഷ്ടവ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

60 വർഷമായി വാക്കിങ് റേസ് നടത്തുന്നു. ഫെബ്രുവി 16 നാണ് വാക്കിങ് റേസ് സംഘടിപ്പിക്കുന്നത്. മാർച്ചിൽ പാചക മത്സരം, ഫുഡ് ഫെസ്റ്റിവൽ, എന്നിവയും നവതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP