Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെട്രോ വന്നാൽ ഗതാഗതകുരുക്കിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി; രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയാൽ വീർപ്പുമുട്ടി വൈറ്റില ജംഗ്ഷൻ; വീതി കുറഞ്ഞ റോഡിലെ കുഴികൾ താണ്ടിയുള്ള യാത്രയിൽ അപകടങ്ങളും; കൊച്ചിക്കാരുടെ ദുരിതത്തിന് പരിഹാരമായി വൈറ്റില മേൽപ്പാലം പണി അന്തിമഘട്ടത്തിലേക്ക്; 95 ശതമാനം പണി പൂർത്തിയായതോടെ പാലം മാർച്ചിൽ തുറക്കാനാകുമെന്ന് കരാറുകാർ; പാലാരിവട്ടം മോഡലിൽ പണി തരുമോയെന്ന ആശങ്കകൾ സോഷ്യൽ മീഡിയയിൽ മാത്രം!

മെട്രോ വന്നാൽ ഗതാഗതകുരുക്കിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി; രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയാൽ വീർപ്പുമുട്ടി വൈറ്റില ജംഗ്ഷൻ; വീതി കുറഞ്ഞ റോഡിലെ കുഴികൾ താണ്ടിയുള്ള യാത്രയിൽ അപകടങ്ങളും; കൊച്ചിക്കാരുടെ ദുരിതത്തിന് പരിഹാരമായി വൈറ്റില മേൽപ്പാലം പണി അന്തിമഘട്ടത്തിലേക്ക്; 95 ശതമാനം പണി പൂർത്തിയായതോടെ പാലം മാർച്ചിൽ തുറക്കാനാകുമെന്ന് കരാറുകാർ; പാലാരിവട്ടം മോഡലിൽ പണി തരുമോയെന്ന ആശങ്കകൾ സോഷ്യൽ മീഡിയയിൽ മാത്രം!

ആർ പീയൂഷ്

കൊച്ചി: ആശങ്കകൾതുടരുമ്പോഴും വൈറ്റില മേൽപ്പാല നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. തൊണ്ണൂറ്റി അഞ്ച് ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി നിർമ്മാണ പ്രവർത്തനം നടത്തുന്ന രാഹുൽ കൺസ്ട്രക്ഷൻസ് പ്രതിനിധികൾ അറിയിച്ചു. പ്രഖ്യാപിത സമയത്തിനുള്ളിൽ തന്നെ പാലം പൂർണ്ണ സജ്ജമാക്കി അടുത്ത മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താനാകുമെന്ന് നിർമ്മാണ കരാറുകാർ പറയുന്നു. പണിപൂർത്തിയായ ഭാഗങ്ങളിൽ പെയിന്റിങ് ജോലികൾ ആരംഭിച്ചിരിക്കുകയാണ്.

ഏപ്രിൽ മാസത്തിൽ പുത്തൻ പാലം തുറന്നു കഴിഞ്ഞാൽ ഇപ്പോൾ അനുഭവിക്കുന്ന ഗതാഗതകുരുക്കിൽ നിന്നും രക്ഷ നേടാനാകും എന്ന ആശ്വാസത്തിലാണ് യാത്രക്കാർ. വൈറ്റില ജങ്ഷനിൽ വൈറ്റില മേൽപ്പാലം, മെട്രോ റെയിൽ എന്നിവയുടെ നിർമ്മാണം ആരംഭിച്ചതോടെ തുടങ്ങിയ ഗതാഗതപ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും ഇവിടെ പതിവായി. മെട്രോ റെയിൽ നിർമ്മാണം പൂർത്തിയായതോടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിർമ്മാണ ജോലികൾ ആരംഭിച്ചത് മുതൽ വൈറ്റിലയിലും കുണ്ടന്നൂരിലും യാത്രക്കാർ അനുഭവിക്കുന്ന ഗതാഗതപ്രശ്നങ്ങൾ ചില്ലറയല്ല.

 

രണ്ട് ജംങ്ഷനുകളിലും രാവിലെ ഒൻപതര വരേയും വൈകീട്ട് അഞ്ചര മുതൽ ഏഴ് വരേയും നാല് ഭാഗങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ടനിര കാണാം. മേൽപ്പാലം നിർമ്മാണത്തിനായി ജങ്ഷനിൽ റോഡിന്റെ മധ്യഭാഗം ഷീറ്റുകൊണ്ട് മറച്ച് വച്ചിരിക്കുന്നതിനാൽ റോഡിന് വീതി വളരെ കുറവാണ്, കൂടാതെ, റോഡിൽ പലയിടങ്ങളിലായുള്ള കുഴികളും. കുഴി ഒഴിവാക്കി ഇടുങ്ങിയ റോഡിലൂടെയുള്ള വാഹനയാത്ര അപകടങ്ങൾക്കിടയാക്കുന്നുമുണ്ട്. തിങ്ങി നിരങ്ങിയുള്ള വാഹനങ്ങൾക്കിടയിലൂടെയുള്ള കാൽനടയാത്രക്കാരുടെ യാത്രയും ഏറെ അപകടം പിടിച്ചതാണ്. ഇതിനൊക്കെ ഒരു പരിധിവരെ വൈറ്റില മേൽപ്പാലം തുറക്കുന്നതോടെ പരിഹാരം കാണാൻ കഴിയും.

നിർമ്മാണം അരംഭിച്ചപ്പോൾ മുതൽ വൈറ്റില പാലത്തെപറ്റി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികൾക്കും കോൺക്രീറ്റിനും ഗുണനിലവാരമില്ലെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ മെട്രോ പാലത്തിൽ ലോറി തട്ടുമോ, പണിത് വന്നപ്പോൾ പൊക്കം കൂടിപ്പോയ പാലം പാലാരിവട്ടം മോഡൽ പണി തരുമോ തുടങ്ങിയ വലിയ ആശങ്കളും ഉയർന്നിരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാം ഏതാണ്ടൊരു അൻപത് ദിവസത്തിനകം ഉത്തരമാകും എന്നാണ് നിർമ്മാണ കമ്പനിയായ രാഹുൽ കൺസ്ട്രക്ഷൻസ് ഉറപ്പ് നൽകുന്നത്. ശ്രീധന്യാ കൺസ്ട്രക്ഷൻസാണ് കരാർ എടുത്തിരിക്കുന്നതെങ്കിലും സബ് കരാർ എടുത്തിരിക്കുന്നത് രാഹുൽ കൺസ്ട്രക്ഷൻസാണ്.

ഏതാനും ദിവസം മുൻപ് മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള തുണുകളുടെ ഉയരം തമ്മിൽ രണ്ടടി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. വൈറ്റിലയും മറ്റൊരു പാലാരിവട്ടമാകുമോ എന്നതാണ് സോഷ്യൽ മീഡിയയുടെ സംശയം. ഇതു മൂലം നിർമ്മാണം അവസാന ഘട്ടത്തിലെത്തുമ്പോൾ പാലം വീണ്ടും പൊളിച്ചു പണിയേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സാങ്കേതികതയെ കുറിച്ച് അറിയാത്തതാണ് ചർച്ചയ്ക്ക് കാരണമെന്നും പറയുന്നു.

എന്നാൽ ഇത് തെറ്റായ പ്രചരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. മധ്യഭാഗത്ത് 40 മീറ്റർ നീളമുള്ള വലിയ സ്പാൻ വയ്ക്കുന്നതിനായാണ് രണ്ടു നിര തൂണുകൾ പൊക്കം കുറച്ച് ചെയ്തിരിക്കുന്നത്. 40 മീറ്റർ നീളമുള്ള സ്പാനിന് വീതിയും കൂടുതലാണ്. മറ്റ് സ്പാനുകൾക്ക് 30 മീറ്റർ മാത്രം നീളമുള്ളതിനാൽ വീതിയും കുറവാണ്. അതിനാൽ രണ്ടു നിര തൂണുകൾ ഒഴികെ മറ്റെല്ലാ തൂണുകൾക്കും പൊക്കം കൂടുതലാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഉയര വ്യത്യാസം ഉണ്ടാകില്ല. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നത്.

വൈറ്റിലയ്ക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥിയുടെ പേരിൽ വാട്ട്സാപ്പ് സന്ദേശമാണ് ആദ്യം പ്രചരിച്ചത്. 10 ബിയിൽ പഠിക്കുകയാണ് വിദ്യാർത്ഥിയെന്നും പാലം നിർമ്മാണം പാലാരിവട്ടം പാലത്തിന് സമാനമായാണ് നടക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. തൂണുകൾ രണ്ടടി പൊങ്ങിയും താഴ്ന്നും നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടാകും അതിനാൽ എത്രയും വേഗം ഇതിനെതിരെ പ്രതികരിക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെടുന്നു. ഈ സന്ദേശം വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

പൊതുമരാമത്ത് വകുപ്പിനും നിർമ്മാണം നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രം കൂടി കണ്ടപ്പോൾ സത്യമാണെന്ന് വിശ്വസിച്ചാണ് എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തിയതും വീണ്ടും മറ്റുള്ളവരിലേക്ക് ഷെയർ ചെയതതും. ഇതോടെ പൊതുമരാമത്ത് വകുപ്പ് പൊലീസിൽ പരാതിയും നൽകി.

കഴിഞ്ഞ വർഷം ഒക്ടോബറിലും വൈറ്റില പാലം നിർമ്മാണത്തിൽ അപാകത എന്ന് ചൂണ്ടികാട്ടി വ്യാജ പ്രചരണം നടന്നിരുന്നു. വൈറ്റില മേൽപ്പാലം മുകളിലൂടെ പോകുന്ന മെട്രോ ഗാർഡറിൽ തട്ടിയെന്നും. അതുവഴി വാഹനം പോകുവാൻ കഴിയില്ലെന്നും അതിനാൽ പണി നിർത്തിയെന്നുമാണ് പ്രചരണം. ഇതിനായി ചില വശങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.

ഉയരമുള്ള കണ്ടെയ്നർ ലോറികൾക്ക് വരെ കടന്നുപോകുവാൻ സാധിക്കുന്ന രീതിയിലുള്ള ക്ലീയറൻസ് പാലത്തിനും മെട്രോ ഗാർഡറിനും ഇടയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അന്ന് വ്യക്തമാക്കി. ദേശീയ പാത അതോററ്ററിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റർ ക്ലിയറൻസാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് പാലം പണി പൂർത്തിയായി വരുന്നത്.

മാർച്ച് മാസത്തോടെ പണികൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മധ്യഭാഗത്തെ കോൺക്രീറ്റും ഇടപ്പള്ളി ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും കഴിഞ്ഞാൽ പാലം പണി പൂർത്തായാകും. ഇപ്പോൾ മധ്യഭാഗത്ത് 40മീറ്റർ സ്പാൻ വയ്ക്കുന്ന പണികളാണ് നടന്നു വരുന്നത്. ഒപ്പം തന്നെ അപ്രോച്ച് റോഡിന് വേണ്ടി പൈലിങ്ങും ആരംഭിച്ചു കഴിഞ്ഞു. ദ്രുത ഗതിയിലാണ് നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP