Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രോ ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാർക്കിടയിൽ വളർത്താൻ പറ്റുമോ എന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തിൽ പോയത്! സ്വയം സേവകർ എന്നും രാജ്യത്തോടും സംഘത്തോടും ലോയൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് സിപി സുഗതൻ; നിങ്ങളെ ഖലീഫാ ഉമറാക്കിയ മന്ത്രിക്കൊച്ചാപ്പയും നവോത്ഥാന നായകനെന്ന് പാടിപ്പുകഴ്‌ത്തിയ സഖാക്കളും ഇതൊക്കെ കാണുമോ ആവോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; വീണ്ടും മലക്കം മറിഞ്ഞ് സിപി സുഗതൻ; ഇത് ശബരിമലയിൽ യുവതികളെ കയറ്റി വഞ്ചിച്ചതിനുള്ള പാരയോ?

പ്രോ ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാർക്കിടയിൽ വളർത്താൻ പറ്റുമോ എന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തിൽ പോയത്! സ്വയം സേവകർ എന്നും രാജ്യത്തോടും സംഘത്തോടും ലോയൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് സിപി സുഗതൻ; നിങ്ങളെ ഖലീഫാ ഉമറാക്കിയ മന്ത്രിക്കൊച്ചാപ്പയും നവോത്ഥാന നായകനെന്ന് പാടിപ്പുകഴ്‌ത്തിയ സഖാക്കളും ഇതൊക്കെ കാണുമോ ആവോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; വീണ്ടും മലക്കം മറിഞ്ഞ് സിപി സുഗതൻ; ഇത് ശബരിമലയിൽ യുവതികളെ കയറ്റി വഞ്ചിച്ചതിനുള്ള പാരയോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിണറായി വിജയന്റെ നവോത്ഥാന സമിതിയിലെ പഴയ നേതാവിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സൈബർ സഖാക്കൾ. സുഗതന്റെ തങ്ങളെ ചതിച്ചെന്ന തിരിച്ചറിവ് ഒടുവിൽ അവർക്ക് വരികയാണ്. രാഹുൽ ഈശ്വറിനെ വിമർശിക്കാൻ സിപി സുഗതന്റെ ഇട്ട പോസ്റ്റിലെ ചർച്ചയാണ് ഇതിന് കാരണം. രാഹുൽ പൗരത്വ ബില്ലിനെതിരെ രാജ്യദ്രോഹികളോടൊപ്പം നിൽക്കുന്നത് പകുതി വിട്ടുള്ള കളിയാണ് . ബഹുസ്വരതയും രാജ്യദ്രോഹവും തമ്മിൽ വ്യത്യാസം ഉണ്ട് എന്നു രാഹുൽ മനസ്സിലാക്കും എന്നു ഞാൻ കരുതുന്നു . എല്ലാവർക്കും നല്ലവനാകാൻ ശ്രമിക്കുന്നവർ ആർക്കും വേണ്ടാത്തവൻ ആകും എന്ന ആപ്ത വാക്യം ഞാൻ രാഹുലിനെ ഓർമ്മിപ്പിക്കുന്നു .തിരിച്ചറിവില്ലാത്ത കൈക്കുട്ടികൾ മീശയുള്ളവരെ എല്ലാം അച്ഛാ എന്നുവിളിക്കുന്നപോലെ യാണു നമ്മുടെ മതേതരത്വം . തന്ത ഒന്നേയുള്ളു രാഹുൽ . അതു നമ്മുടെ രാഷ്ട്രമാണ് . അതിനെതിരെയുള്ള ഏതു പ്രവർത്തിയും ........അംഗീകരിക്കാൻ ആവില്ല-ഇങ്ങനെ സുഗതൻ എഴുതിയ പോസ്റ്റിൽ സംഘമെന്ന വാക്കുണ്ട്. ഈ സംഘമേത് എന്ന ചോദ്യവുമായി ഒരാൾ കമന്റിടുന്നു. ഇവിടെയാണ് സുഗതൻ നിലപാട് വ്യക്തമാക്കുന്നത്.

എന്റെ മദർ ഓർഗനൈസേഷൻ സംഘം (RSS) ആകുന്നു .ഞാൻ ബിജെപി ക്കാരെയും അവരുടെ ആൾക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും .മോദിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമർശിച്ചിട്ടുണ്ട് .പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമർശിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ല . അതാണ് സ്വയംസേവകർ .രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും .പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റ് ക്കാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തിൽ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞതു-ഇങ്ങനെയാണ് സുഗതൻ കമന്റിൽ മറുപടി നൽകുന്നത്. അതായത് ആർ എസ് എസിന് വേണ്ടി കമ്യൂണിസ്റ്റുകളെ ആകർഷിക്കാനുള്ള ശ്രമമാണ് സുഗതൻ നടത്തിയത്. ഇതിനെത്തിയ നേതാവിനെ പിണറായി തെറ്റിധരിച്ച് നവോത്ഥാന സമിതിയുടെ നേതാവുമാക്കി.

ഒരു കമന്റിൽ പ്രകോപിതനായാണ് സുഗതൻ മനസ്സ് തുറക്കുന്നത്. നിങ്ങളെ ഖലീഫാ ഉമറാക്കിയ എന്റെ നാട്ടുകാരൻ മന്ത്രിക്കൊച്ചാപ്പയും നവോത്ഥാന നായകനെന്ന് നിങ്ങളെ പാടിപ്പുകഴ്‌ത്തിയ സഖാക്കളും ഇതൊക്കെ കാണുമോ ആവോ .... പിന്നെ ഈ നാടകങ്ങളൊക്കെ നന്നായി മനസ്സിലാക്കാൻ കഴിയുന്നവരാണ് നിങ്ങൾ വിളിച്ച ഈ രാജ്യദ്രോഹികൾ. രാഹുൽ ഈശ്വരിന്റെ ഈ ഇരയുടെ പക്ഷം ചേർന്നുള്ള ആട്ടിൻതോലണിയൽ ആറെസ്സെസ്സിന്റെ ആലയിലെ പരീക്ഷണമാണെന്ന് നല്ല ബോധ്യമുള്ളവർ തന്നെയാ ഞാനടക്കമുള്ളവർ.കാരണം ഞങ്ങളിപ്പാഴും തിന്നുന്നത് ചോറ് തന്നെയാണ്. ചാണകത്തിലേക്കെത്തിയിട്ടില്ല എന്ന് സാരമെന്ന കമന്റാണ് സുഗതന്റെ പോസ്റ്റിന് താഴെ ചർച്ചകൾ സജീവമാക്കുന്നത്. ഏത് സംഘം? എന്ന ചോദ്യവുമായി മറ്റൊരാളുമെത്തി. ഇതിലാണ് താൻ ഉദ്ദേശിക്കുന്നത് രാഷ്ട്രീയ സ്വയം സേവക സംഘത്തെയെന്ന മറുപടി എത്തുന്നത്. അങ്ങനെ ഈ വിഷയത്തിൽ ചർച്ച പുരോഗമിക്കുന്നു.

നവോത്ഥാന പ്രസ്ഥാനത്തിൽ താങ്കൾ പ്രവർത്തിക്കുകയും ഇസ്രയേലിന്റെ മൊസാദിന്റെ ചാരപണി എടുക്കുകയും ചെയ്ത താങ്കളുടെ പ്രവർത്തനത്തെ ഞാൻ മനസ്സിലാക്കുന്നത് താങ്കളുടെ പൂർവ്വികർ സ്വാതന്ത്യ സമരത്തിൽ ബ്രിട്ടിഷ്‌കാരെ സഹായിച്ചത് ഓർമ്മ വരുന്നുവെന്ന് സൈബർ സഖാവിന്റെ കമന്റും എത്തുന്നു. ഇതിനേയും പരിവാർ പക്ഷത്ത് നിന്ന് എതിർത്ത് തന്റെ സംഘ മനസ്സ് ചർച്ചയാക്കുകയാണ് സുഗതൻ. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതു കമ്മ്യൂണിസ്‌റ്കാരാണ് . അവരുടെ ചരിത്രവും പ്രവർത്തിയും രാജ്യവിരുദ്ധ്മായിട്ടും കേരളത്തെ പിന്നോട്ടടിക്കാതിരിക്കാൻ നവോധാനമൂല്യങ്ങൾ സംരക്ഷിക്കാൻ അവർക്കൊപ്പം ചേർന്നു . എന്നാൽ ശബരിമല യുവതികളെ കയറ്റി ഞങ്ങളെ വഞ്ചിച്ചു . അതുകൊണ്ടു തിരിച്ചു പാര പണിതു അത്രയും മനസ്സിലാക്കിയാൽ മതി-എന്നും സുഗതൻ എഴുതുന്നു. അങ്ങനെ ചർച്ചകൾ പുതുമാനത്തിലെത്തുകയാണ്.

വലതു നിന്നും ഇടതു മാറി വീണ്ടും വലത്തേക്ക്... ഒടുവിൽ വീണ്ടും ഇടതിൽ നിലയുറപ്പിക്കുകയാണ് സിപി സുഗതൻ. ആർ എസ് എസിന് വീര്യം പോരെന്ന് പ്രഖ്യാപിച്ച് ഹിന്ദു പാർലമെന്റിലൂടെ പുത്തൻ നവോത്ഥാനം ലക്ഷ്യമിട്ട ഏജീസ് ഓഫീസിലെ മുൻ ജീവനക്കാരൻ. തീവ്ര ഹൈന്ദവ ആശയങ്ങൾക്ക് വേണ്ടി പടപൊരുതാൻ ഉദ്യോഗം രാജിവച്ച് കോട്ടയത്ത് എത്തിയ നേതാവ്. ആർ എസ് എസിനോട് അടുപ്പമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവ പ്രവർത്തകനിൽ നിന്ന് പുതിയ തലത്തിലെത്തിയ സുഗതൻ വീണ്ടും പരിവാറുകാരനാകുന്നു. എല്ലാം മാറ്റിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഒറ്റ വേദിയിൽ ഇരുന്ന അനുഭവമാണ്. വനിതാ മതിലിന്റെ സംഘാടനത്തോടെ സുഗൻ ആളാകെ മാറി. ഇതെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് സുഗതൻ ഇപ്പോൾ വിശദീകരിക്കുന്നത്.

സംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവർഷദിനത്തിൽ വനിതാമതിൽ രൂപീകരിക്കാനുള്ള ദൗത്യം പിണറായി ഏൽപ്പിച്ചത് ഈ നേതാവിനെയായിരുന്നു. അഖില-ഹാദിയ വിവാദം കത്തി നിന്ന സമയത്ത് സി.പി.സുഗതൻ സ്വീകരിച്ച നിലപാട് കുപ്രസിദ്ദമാണ്. അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെയെന്നും മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നുമാണ് സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതെല്ലാം മറന്നാണ് ശബരിമലയിൽ ഇടതുപക്ഷത്ത് എത്തിയത്.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിൽ രഹസ്യ അജണ്ടയുടെ ഭാഗമായാണ് വനിതാമതിലിന്റെ ജോയിന്റ് കൺവീനറായി സുഗതനെ പ്രഖ്യാപിച്ചത്. അതുവരെ യുവതീപ്രവേശനത്തെ എതിർത്ത സുഗതൻ ചുവടു മാറ്റിയത് പലരെയും അമ്പരപ്പിച്ചിരുന്നു. ഇനി താൻ നവോത്ഥാന പക്ഷത്താണെന്ന് പറഞ്ഞ് സുഗതൻ അതിനെ പ്രതിരോധിച്ചു. എന്നാൽ ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ അതിനെ വിമർശിക്കുകയും ചെയ്തു. സർക്കാരിനൊപ്പം എൻഎസ്എസിനെയും ശബരിമല തന്ത്രിയെയുമാണ് സുഗുതൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവർ. അതുപോലെ യുവതികൾ കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല- സുഗതൻ ചോദിച്ചിരുന്നു.

'സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തർ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റ് യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു! ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ!'-ഇതായിരുന്നു സുഗതന്റെ പിന്നീടുള്ള നിലപാട്. എന്നാൽ വീണ്ടും മലക്കം മറിഞ്ഞ് നവോത്ഥാനം പറയുകയും ചെയ്തു. പിന്നെ കൂറേ കാലം നിശബ്ദൻ. അതിന് ശേഷം വീണ്ടും പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റ് ക്കാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തിൽ പോയതെന്ന നിലപാട് വിശദീകരണവുമായി സുഗതൻ എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP