Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസും എൻസിപിയും ഒരുമിച്ചത് പ്രതിപക്ഷത്തിന് കരുത്താകും; ഝാർഖണ്ഡിലേയും മധ്യപ്രദേശിലേയും തോൽവിയും ബിജെപിക്ക് രാജ്യസഭയിൽ തിരിച്ചടിയാകും; ഗുജറാത്തിൽ അട്ടിമറിക്ക് സർവ്വ അടവും പയറ്റാൻ അമിത് ഷാ നേരിട്ടിറങ്ങും; ഏപ്രിലിൽ ഒഴിവു വരുന്നത് 55 രാജ്യസഭാ സീറ്റുകൾ; ഏപ്രിലോടെ രാജ്യസഭയിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു

മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസും എൻസിപിയും ഒരുമിച്ചത് പ്രതിപക്ഷത്തിന് കരുത്താകും; ഝാർഖണ്ഡിലേയും മധ്യപ്രദേശിലേയും തോൽവിയും ബിജെപിക്ക് രാജ്യസഭയിൽ തിരിച്ചടിയാകും; ഗുജറാത്തിൽ അട്ടിമറിക്ക് സർവ്വ അടവും പയറ്റാൻ അമിത് ഷാ നേരിട്ടിറങ്ങും; ഏപ്രിലിൽ ഒഴിവു വരുന്നത് 55 രാജ്യസഭാ സീറ്റുകൾ; ഏപ്രിലോടെ രാജ്യസഭയിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപിയുടെ അംഗ ബലം ഇനിയും കുറയും. ഏപ്രിലോടെ ഒഴിവു വരുന്ന 55 സീറ്റുകളിൽ ബിജെപിക്ക് കുറച്ച് സീറ്റുകൾ നഷ്ടമാകും. മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും തിരിച്ചടികളാണ് ഇതിന് കാരണം. സഭയുടെ ആകെ ആൾബലത്തിന്റെ 20% സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്. നിലവിൽ രാജ്യസഭയിൽ 82 പേരാണ് ബിജെപി പക്ഷത്തുള്ളത്. കോൺഗ്രസിനൊപ്പം 46 പേരും. ഒഴിവു വരുന്ന സീറ്റുകളിൽ 18 എണ്ണം ബിജെപിയുടെയും 11 എണ്ണം കോൺഗ്രസിന്റെയുമാണ്.

ഏറ്റവും കൂടുതൽ സീറ്റുകളിൽ ഒഴിവുകൾ മഹാരാഷ്ട്രയിലാണ്7. നിലവിൽ 2 വീതം ബിജെപിയുടെയും എൻസിപിയുടെയുമാണ്. ഓരോ സീറ്റ് വീതം കോൺഗ്രസും ശിവസേനയും സ്വതന്ത്രനും. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സഖ്യമുണ്ടാക്കി അധികാരം നേടിയ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം രാജ്യസഭയിലേക്കും ഒരുമിച്ചു മത്സരിക്കുന്നത് ബിജെപിക്ക് വിനയാകും. ഇവിടെ ബിജെപിക്ക് അതുകൊണ്ട് തന്നെ സീറ്റ് നഷ്ടം ഉണ്ടാകും. കോൺഗ്രസും എൻസിപിയും ശിവസേനയും തമ്മിലടിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇത്തരത്തിൽ രാജ്യസഭാ സീറ്റിൽ തർക്കം ഉണ്ടാക്കിയെടുക്കാനാകും ബിജെപിയുടെ ശ്രമം.

തമിഴ്‌നാട്ടിൽ ഒഴിവുവരുന്ന 6 സീറ്റുകളിൽ 4 എണ്ണം അണ്ണാ ഡിഎംകെയുടെയും ഓരോന്നുവീതം ഡിഎംകെ, സിപിഎം എന്നിവരുടേതാണ്. ഇതിൽ അണ്ണാ ഡിഎംകെയുടെ ഉൾപാർട്ടി പ്രശ്‌നങ്ങൾ പ്രതിഫലിക്കും. അങ്ങനെ വന്നാൽ യുപിഎയ്ക്ക് കൂടുതൽ അംഗങ്ങളെ കിട്ടും. ബംഗാളിലെ 5 സീറ്റുകളും തൃണമൂൽ ഉറപ്പിച്ചേക്കും. ഇവിടെ ബിജെപിക്ക് നിലവിൽ കാര്യമായ അട്ടിമറിയൊന്നും നടത്താനാകില്ല. ബിഹാറിലെ 5 സീറ്റുകളിലും മത്സരം വാശിയേറിയതാവും. മൂന്നെണ്ണം ജെഡിയുവിനും രണ്ടെണ്ണം ബിജെപിക്കുമെന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഇതിന് മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിപക്ഷത്തിനും ചില സീറ്റുകൾ കിട്ടും. രണ്ട് സീറ്റുകളാകും എൻഡിഎയ്ക്ക് കുറയുക.

ബിജെപിക്കും ജെഡിയുവിനും നഷ്ടമാകുന്ന ഓരോ സീറ്റിന്റെ ആനുകൂല്യം യുപിഎ കക്ഷികൾക്കു നേട്ടമാകും. ആർജെഡി നേതാവും മുന്മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി ഇക്കുറി രാജ്യസഭയിലെത്തും. ആന്ധ്രയിൽ ഒഴിവു വരുന്ന 4 സീറ്റുകളും സംസ്ഥാനം ഭരിക്കുന്ന വൈഎസ്ആർ കോൺഗ്രസ് തൂത്തുവാരും. നിർണ്ണായ ഘട്ടത്തിൽ ഇവർ ബിജെപിക്കൊപ്പം നിലയറുപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇത് ആശ്വാസമാകും.

ഝാർഖണ്ഡിലെ ഒരു സീറ്റിൽ ജെഎംഎം വിജയമുറപ്പിക്കും. നിയമസഭയിലെ തോൽവിയാണ് ബിജെപിക്ക് സീറ്റ് നഷ്ടമാക്കുന്നത്. 4 സീറ്റുകളിൽ ഒഴിവു വരുന്ന ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ മത്സരം കടുക്കും. നേരിയ മുൻതൂക്കം ഇവിടെ ബിജെപിക്ക് കിട്ടും. കോൺഗ്രസിനെ പിളർത്തി കൂടുതൽ സീറ്റ് നേടാൻ ഗുജറാത്തിൽ ബിജെപി ശ്രമിക്കും. മധ്യപ്രദേശിൽ ദിഗ്‌വിജയ് സിങ്ങിനു കോൺഗ്രസ് ഒരവസരം കൂടി നൽകുമ്പോൾ രണ്ടാമത്തെ സീറ്റ് ജ്യോതിരാദിത്യ സിന്ധ്യക്കാവും ലഭിക്കുക.

കാശ്മീരിലെ ഇടപെടലും മുത്തലാഖ് ബില്ലും സിഎഎയുമെല്ലാം പാസാക്കിയത് രാജ്യസഭയിലെ ചില പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണെന്ന യാഥാർത്ഥ്യം ബിജെപിക്ക് മുമ്പിലുണ്ട്. വൈഎസ് ആർ കോൺഗ്രസും ഒഡീഷയിലെ ബിജു ജനാതാദള്ളും ബിജെപിയെ പിന്തുണച്ചിരുന്നു. സിഎഎ പ്രതിഷേധങ്ങൾ ഇനി ഇത്തരം പിന്തുണ കുറയ്ക്കുമെന്ന് ബിജെപി തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ രാജ്യസഭയിലെ ഓരോ വോട്ടും നിർണ്ണായകമാണ്. അതുകൊണ്ട് കൂടി എങ്ങനേയും സീറ്റ് കൂട്ടാൻ ബിജെപി ശ്രമിക്കുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP